Image

ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് മലയാളി യുവതി നാട്ടിലേയ്ക്ക് മടങ്ങി

Published on 25 July, 2017
ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് മലയാളി യുവതി  നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം വനിതാ അഭയകേന്ദ്രത്തില്‍ അഭയം തേടിയ സിന്ധു ജോണ്‍സണ്‍, നവയുഗം സാംസ്‌കാരികവേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാടണഞ്ഞു.

കോട്ടയം പട്ടാമ്പി സ്വദേശിനിയായ സിന്ധു ജോണ്‍സണ്‍ ആറു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. ദുബായില്‍ ജോലിയ്ക്ക് എന്ന് പറഞ്ഞു കൊണ്ടുവന്ന് ഏജന്റ് തന്നെ ചതിയ്ക്കുകയായിരുന്നു എന്നാണ് സിന്ധു പറയുന്നത്. മോശം ജോലിസാഹചര്യങ്ങള്‍ ആണ് ആ വീട്ടില്‍ അവര്‍ക്കു നേരിടേണ്ടി വന്നത്. വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കാതെ രാപ്പകല്‍ ജോലി ചെയ്യിച്ചത് പോരാഞ്ഞിട്ട്, മതിയായ ആഹാരമോ, പറഞ്ഞ ശമ്പളമോ നല്‍കിയില്ല. മാത്രമല്ല മൂന്നു മാസത്തെ ശമ്പളം കിട്ടാതെയുമായപ്പോള്‍ സിന്ധു ശക്തമായി പ്രതിഷേധിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.

തുടര്‍ന്നു വീട്ടിലാരുമില്ലാത്ത സമയത്ത് ആ വീട് വിട്ടിറങ്ങിയ സിന്ധു, ദമ്മാമിലെ സഫ്വായില്‍ എത്തി. ഒരു കടയുടെ മുന്നില്‍ എങ്ങോട്ട് പോണമെന്നറിയാതെ നില്‍ക്കുകയായിരുന്ന ഇവരെ കണ്ട അപ്പന്‍ മേനോന്‍ എന്ന പ്രവാസി അവരോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും സൗദി പോലീസിന്റെ സഹായത്തോടെ സിന്ധുവിനെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും, ഇന്ത്യന്‍ എംബസ്സിയില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

വനിതാ അഭയകേന്ദ്രത്തില്‍ പിറ്റേന്ന് സിന്ധുവിന്റെ സ്‌പോണ്‍സറെ വിളിച്ചു വരുത്തി. അഭയകേന്ദ്രം അധികാരികളും മഞ്ജുവും സ്‌പോണ്‍സറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍, കുടിശ്ശിക ശമ്പളം തരില്ലെന്നും, എന്നാല്‍ ഫൈനല്‍ എക്‌സിറ്റും, ടിക്കറ്റും നല്‍കാമെന്നും സ്‌പോണ്‍സര്‍ സമ്മതിച്ചു. അന്ന് തന്നെ എക്‌സിറ്റ് അടിച്ചു കിട്ടി. അപ്പന്‍ മേനോന്റെ ശ്രമഫലമായി ചില പ്രവാസികള്‍ ചേര്‍ന്ന് 15000 രൂപ സിന്ധുവിന് നല്‍കി. സാമൂഹ്യപ്രവര്‍ത്തകനായ മാത്യു ജോസഫ് നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള ബാഗും, മറ്റു സാധനങ്ങളും നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സിന്ധു ജോണ്‍സണ്‍ പിറ്റേന്ന് തന്നെ നാട്ടിലേയ്ക്ക് മടങ്ങി.

ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് മലയാളി യുവതി  നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക