Image

ശരിയായാലും തെറ്റായാലും രാമന് രണ്ടു വാക്കില്ല; അതാണ് യഥാര്‍ത്ഥ മനുഷ്യന്റെ ഗുണവും

അനില്‍ കെ പെണ്ണുക്കര Published on 26 July, 2017
ശരിയായാലും തെറ്റായാലും രാമന് രണ്ടു വാക്കില്ല; അതാണ് യഥാര്‍ത്ഥ മനുഷ്യന്റെ ഗുണവും
ഒരു മാതൃക അന്വേഷിച്ചുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പലപ്പോളും നാം വിഷമിച്ചു നില്‍ക്കാറുണ്ട്.മികച്ച ഒരു മാതൃക എവിടെ ഉണ്ടാകും എന്ന്.
മനുഷ്യന്‍ മാതൃകയാക്കേണ്ടത് ആരെ എന്ന അന്വേഷണമാണ് ആദികാവ്യം മുന്നോട്ടു വയ്ക്കുന്നത് .സുഖപ്രദവും ദുഃഖപ്രദവുമായ സമസ്ത ജീവിത സന്ദര്‍ഭങ്ങളെയും തൊട്ടുകാണിച്ചുകൊണ്ട് അറുപത്തിനാല് ഗുണങ്ങള്‍ ഉപേക്ഷിക്കാതെ നിലനിര്‍ത്തിയതിന്റെ ഉദാഹരണമായി രാമന്റെ ജീവിതം കാണിച്ചു തരികയാണ് ആദി കവി ചെയ്തത്.ശരിയായാലും തെറ്റായാലും രാമന് രണ്ടു വാക്കില്ല .ഏതു കാര്യത്തിലും ഒരു വാക്കേയുള്ളു . അതാണ് യഥാര്‍ത്ഥ മനുഷ്യന്റെ ഗുണവും.

രാമനെ സീത വിലയിരുത്തിയതും അങ്ങനെ തന്നെ .ഇക്കാര്യം വ്യക്തമായി മനസിലാക്കുവാന്‍ അധ്യാത്മരാമായണത്തിലെ ബാലകാണ്ഡത്തില്‍ ശ്രീരാമാജ്ഞയാല്‍ സീതാദേവി ഹനുമാന് നല്‍കുന്നതായി അവതരിപ്പിച്ചിരിക്കുന്ന തത്ത്വോപദേശം വായിച്ചാല്‍ മതിയാകും. ‘നിശ്ചയിച്ചറിഞ്ഞു കൂടാതൊരു വസ്തുവെന്നു നിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ ” എന്നതാണ് സീത ഹനുമാന് നല്‍കുന്ന തത്വോപദേശത്തിലെ മര്‍മവാക്യം. ‘നിശ്ചയിച്ചറിഞ്ഞുകൂടാനാകാത്ത വസ്തുവാണ് രാമന്‍; വ്യക്തിയല്ല” എന്ന സീതാവാക്യം തന്നെ വലിയ ഉദാഹരണം.“ഞാനൊരു മെറ്റീരിയലിസ്റ്റാണ്” എന്ന് പറയുന്നവര്‍ ധാരാളം ഉണ്ടാകാം. പക്ഷേ അവരോട് “വാട്ട് യു മീന്‍ മാറ്റര്‍” അഥവാ ‘നിങ്ങളെന്താണ് വസ്തു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്’ ചോദിച്ചാല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര പ്രതിഭകള്‍ക്ക് പോലും എന്താണ് മാറ്റര്‍ (വസ്തു) എന്ന് നിശ്ചയിച്ചറിയാന്‍ ആയിട്ടില്ലെന്നേ മറുപടി പറയാനാകൂ. ഖരം, ദ്രാവകം, വാതകം, ഇലക്ട്രോണ്‍, പോട്രോണ്‍, ന്യൂട്രോണ്‍, ഊര്‍ജ്ജം, പ്രകാശം, ബോധം എന്നിങ്ങനെ വിവിധ വിധാനങ്ങളില്‍ ആവിഷ്ക്കാര വൈഭവം കൊള്ളുന്ന അഥവാ മാറ്റങ്ങളുടെ മറിമായം കളിക്കുന്ന വസ്തു എന്തെന്ന് നിശ്ചയിച്ചറിയുവാന്‍ വയ്യ. അതിനാല്‍ ‘നിശ്ചയിച്ചറിഞ്ഞു കൂടാതൊരു വസ്തു’ എന്നു ശ്രീരാമനെ നിശ്ചയിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന സീതാവാക്യം വസ്തുനിഷ്ഠ പരമാര്‍ഥവാദികള്‍ക്കും അഥവാ മെറ്റീരിയലിസ്റ്റുകള്‍ക്കും ആലോചനാമൃതമായേക്കാവുന്ന രാമായണവാക്യമാണ്. എന്തുകൊണ്ടെന്നാല്‍ സീതാവാക്യപ്രകാരം ഈശ്വരന്‍ എന്നാല്‍ ‘നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവാണ്. നിശ്ചയിച്ചറിഞ്ഞുകൂടാതൊരു ബോധം’ എന്നോ ‘ശക്തി എന്നോ അല്ല സീത പറയുന്നതെന്ന് പ്രത്യേകം ഓര്‍മിക്കണം.
‘നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്ന് നിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ’ എന്ന സീതാവാക്യം ഈശ്വരഭക്തര്‍ക്കും പ്രധാനം തന്നെ. കാരണം യഥാര്‍ഥ ഈശ്വര ഭക്തരാരും തന്നെ ഈശ്വരന് ഇന്നതാണ് ഇഷ്ടം ഇന്നത് ഇഷ്ടമല്ല എന്നൊന്നും തറപ്പിച്ചും ഉറപ്പിച്ചും നിശ്ചയിക്കാറില്ല. തപസ്സു,ശൗചം,ദയ,സത്യം ഇവയാണ് ധര്‍മ്മപാഠങ്ങള്‍ ഇവ നാലും തികഞ്ഞ ധര്‍മ്മവിഗ്രഹമാണ് രാമന്‍ എന്നാണ് വാല്മീകി പറയുന്നത് .നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തു എന്ന് സീത രാമനെ വിലയിരുത്തുന്നതും ഈ ധര്‍മ്മ പാഠങ്ങളുടെ അടിസ്ഥാനത്തിലല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക