Image

ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഏത് ഉന്നതനേയും പിടികൂടാം; ആരാണ് മാഡം?

Published on 26 July, 2017
ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഏത് ഉന്നതനേയും പിടികൂടാം; ആരാണ് മാഡം?
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഏത് ഉന്നതനേയും പിടികൂടാം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ മുന്നോട്ടു നീങ്ങുന്ന അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള നീക്കം വളരെ ശ്രദ്ധാ പൂര്‍വം ആയിരുന്നു . ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തതെന്നു വരെയുള്ള കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്താണ് സംഘത്തിന്റെ നീക്കം.
കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ചാനല്‍ അവതാരക കുടിയായ ഗായികയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നറിയുന്നു. നടന്‍ ദിലീപുമായി ഗായികയ്ക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്നുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചതായാണ് വിവരം .

അടുത്തിടെ ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ ഗായികയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും കണക്കിലെ ക്രമക്കേടുകളും കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നത്രെ. ആക്രമിക്കപ്പെട്ട നടിയും ഗായികയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിയുമായി ഗായിക അകലുകയായിരുന്നു. ഈ ഒരു കാരണവും പോലീസ് ഗായികയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ ഉണ്ട്. ഗായികയോട് വിദേശ യാത്രകള്‍ റദ്ദാക്കണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ ഷായ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിക്കഴിഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണ്‍ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണ്ണായകമാണ്. നേരത്തെ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അറസ്റ്റ് നടന്നില്ല.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായഗായികയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍തുക എത്തിയതായി കണ്ടെത്തിയിരുന്നു.ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളില്‍ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവര്‍ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച പി.സി. ജോര്‍ജ് എംഎല്‍എയെ ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും നിര്‍ണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖര്‍ ചരടു വലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പൊലീസിനെതിരേ രൂക്ഷവിമര്‍ശനമാണ് പി.സി. ജോര്‍ജ് ഉയര്‍ത്തിയത്.

പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളെ നിര്‍ണ്ണായകമായാണ് പൊലീസ് കാണുന്നത്. ദിലീപിന് പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് നീക്കം.

സംഭവത്തില്‍ മൂന്ന് എംഎല്‍എമാരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് പി.സി. ജോര്‍ജിനെ ചോദ്യംചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി: എ.വി. ജോര്‍ജ് വ്യക്തമാക്കിയത്. ദിലീപിനെ കുടുക്കിയത് കാക്കനാട് ജയില്‍ സൂപ്രണ്ടാണെന്നു പി.സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍നിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമ ്രപവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചതോടെ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ദിലീപ്. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത് നിരാശപ്പെടുത്തിയതിനപ്പുറം, കോടതി നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ ദിലീപിനെ തളര്‍ത്തുകയും ചെയ്തു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 11 പേജുള്ള വിധിന്യായം കേസില്‍ ദിലീപിന്റെ തുടര്‍ന്നുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസില്‍ മാഡത്തേയും വമ്പന്‍ സ്രാവിനേയും തേടിയുള്ള യാത്ര തുടരാന്‍ അന്വേഷണ സംഘത്തിന്മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതോടെ കൊച്ചിയിലെ മാഫിയാ തലവന്‍ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നു.

ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവു വരും. അതുവരെ പൊലീസ് കാത്തിരിക്കുകയാണ്.

ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിന് ശേഷം മാഡത്തെ പൊക്കും. കാവ്യാ മാധവനും അമ്മയും നടിയായ ഗായികയും പൊലീസിന്റെ സംശയ നിഴിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക