Image

ജര്‍മനിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം കുറയുന്നു

Published on 27 July, 2017
ജര്‍മനിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം കുറയുന്നു
ബര്‍ലിന്‍: ജര്‍മനിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം കൂടി വരുന്ന പ്രവണത അവസാനിച്ചതായി ഏറ്റവും പുതിയ കണക്കുകളില്‍ വ്യക്തമാകുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവരും ഉയര്‍ന്ന ജോലികള്‍ ഉള്ളവരും കുട്ടികള്‍ വേണ്ടെന്നുവയ്ക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി മുന്‍ വര്‍ഷങ്ങള്‍ വ്യക്തമായിട്ടുള്ളതാണ്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളും കുട്ടികളാകാമെന്ന നിലപാടിലേക്കു മാറുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1937ല്‍ രാജ്യത്തെ 11 ശതമാനം സ്ത്രീകള്‍ക്കാണ് കുട്ടികളില്ലാതിരുന്നതെങ്കില്‍, 1967ല്‍ ഇവര്‍ 21 ശതമാനത്തിലെത്തിയിരുന്നു. അറുപതുകളിലും എഴുപതുകളിലും ഈ നിരക്ക് വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവര്‍ ഈ പ്രവണത തുടരുമോ എന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ. അതിനു മുന്‍പു വരെയുള്ളവരുടെ കണക്കാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്.

4044 പ്രായ വിഭാഗത്തിലുള്ള, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയ സ്ത്രീകളില്‍ 25 ശതമാനം പേര്‍ക്കാണ് ഇപ്പോള്‍ കുട്ടികളില്ലാത്തത്. 2012ല്‍ ഇവര്‍ 28 ശതമാനമായിരുന്നു. 2016ലെ കണക്ക് പ്രകാരം, ഒരു വയസുള്ള കുട്ടികളുടെ അമ്മമാരില്‍ 44 ശതമാനം പേരും മറ്റേണിറ്റി ലീവെടുക്കാതെ സജീവമായി ജോലി ചെയ്തിരുന്നു. 2008ല്‍ ഇവര്‍ 36 ശതമാനം മാത്രമായിരുന്നു. എട്ടു വര്‍ഷം മുന്‍പത്തെ അവസ്ഥയെ അപേക്ഷിച്ച്, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കുട്ടി ജനിച്ച ശേഷം കൂടുതല്‍ വേഗത്തില്‍ കരിയറിലേക്ക് മടങ്ങുന്നതായും കാണുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക