Image

രാമായണം :ആത്മജ്ഞാനം തേടിയുള്ള മനസ്സിന്റെ യാത്ര

അനില്‍ കെ. പെണ്ണുക്കര Published on 27 July, 2017
രാമായണം :ആത്മജ്ഞാനം തേടിയുള്ള മനസ്സിന്റെ യാത്ര
സംഘര്‍ഷനിര്‍ഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തുമകറ്റാമെന്നു രാമായണം പറയുന്നു. ധര്‍മ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന രാമായണ മഹത്വം ഒരിക്കലും അവസാനിക്കുന്നില്ല.

സര്‍വ യുദ്ധസന്നാഹങ്ങളുമായി പോരിനെത്തുന്ന രാവണനെ നിരായുധനായാണ് രാമന്‍ നേരിടാനൊരുങ്ങുന്നത്. 'ബാഹ്യമായ യുദ്ധ ഉപകരണങ്ങളെകൊണ്ടല്ല രാമന്‍ രാവാവണനോട് യുദ്ധം ചെയ്യാന്‍ പോകുന്നത്. വിശിഷ്ടമായ മൂല്യങ്ങളെയാണ് ശ്രീരാമന്‍ തന്റെ ആയുധങ്ങളായി അവതരിപ്പിക്കുന്നത്. ആ മൂല്യങ്ങളെയാണ് രാമായണം മുന്നോട്ട് വയ്ക്കുന്നത്. അതിന് അതിര്‍ വരമ്പുകളിടരുത്. രാമായണവുംഅതു നല്‍കുന്ന മൂല്യ ബോധവും നമുക്ക് വഴികാട്ടിയാകട്ടെ.

ആത്മജ്ഞാനം തേടിയുള്ള മനസ്സിന്റെ യാത്രയായാണ് രാമായണത്തെ മഹത്തുക്കള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഹൈന്ദവസംസ്കൃതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാക്രമത്തിന്റെയും ആകെത്തുകയായാണ് രാമായണത്തെ കണക്കാക്കുന്നത്. .രാമയാണം മുന്നോട്ടു വയ്ക്കുന്ന സാര്‍വലൗകികമായ ധര്‍മ്മചിന്തയുടെ പ്രസക്തി തന്നെയാണ് ആദികാവ്യത്തെ മഹത്തരമാക്കുനന്ത്. മനുഷ്യ മനസ്സില്‍ ഉറവയെടുക്കുന്ന എല്ലാത്തിന്റെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണം വ്യക്തമാക്കുന്നു.

ന്യായവും നിഷ്കല്മഷവുമായ എതുകാര്യത്തെയും തനിക്ക് എത്രകണ്ട് പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന ആ നീതിയാണ് ശ്രീരാമധര്‍മ്മം. അത് തന്നെയാണ് രാമായണ സന്ദേശവും. മൂല്യബോധവും ലക്ഷ്യബോധവും ധര്‍മ്മബോധവും നന്മയും ഒരുപോലെ പ്രദാനം ചെയ്യാന്‍ രാമായണത്തിന് മാത്രമേ കഴിയു. കര്‍മ്മം കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല എന്നു വ്യക്തമാക്കുന്ന ദിവ്യസന്ദേശമാണ് രാമായണം പകരുന്നത്.

'രാ' ഇരുട്ടെങ്കില്‍ 'മാ' മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്. സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനു വേണ്ട കരുത്തും രാമായണം കാട്ടിത്തരുന്നു. അസുരപ്രഭാവത്തെ ദേവമഹിമകൊണ്ട് അതിജീവിച്ച ധര്‍മ്മത്തിന്റെ കഥയായി രാമായണത്തെ വിലയിരുത്താം. അധികാരഗര്‍വില്‍ മതിമറക്കുമ്പോള്‍ ധര്‍മ്മച്യുതിയാണ് ഫലമെന്ന് അനുശാസിക്കുന്ന രാമായണം ഉദാത്തമായ പ്രജാഹിത പരിപാലനം നടത്തുന്ന ധര്‍മ്മിഷ്ഠന്റെ കഥയാണ്. ഒന്നില്‍ എതെല്ലാം മഹത്വങ്ങള്‍ ഉണ്ടായിരിക്കണമോ അതെല്ലാം ഉള്‍ക്കൊള്ളുന്നതാണ് രാമായണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക