Image

അറിവിന്റെ ലോകത്തേക്ക് ഒരു പ്രയാണം (പ്രൊഫ. ചെറുവേലി സാറുമൊത്തോരു സായാഹ്നം!) സുധീര്‍ പണിക്കവീട്ടില്‍ (ഭാഗം 1)

സുധീര്‍ പണിക്കവീട്ടില്‍ Published on 29 July, 2017
അറിവിന്റെ ലോകത്തേക്ക് ഒരു പ്രയാണം (പ്രൊഫ. ചെറുവേലി സാറുമൊത്തോരു സായാഹ്നം!) സുധീര്‍ പണിക്കവീട്ടില്‍ (ഭാഗം 1)
ഓസ്‌കര്‍ വൈല്‍ഡിന്റെ ഒരു ഉദ്ധരണിയോടെ ഈ കുറിപ്പ് ആരംഭിക്കാം. അദ്ധേഹം പറഞ്ഞു: 'അതെ, ഞാനൊരു സ്വപ്‌നജീവിയാണ്. സ്വപ്‌നജീവിക്ക് നിലാവിലൂടെ മാത്രമേ അദ്ധേഹത്തിന്റെ വഴി കണ്ടുപിടിക്കാനാകു അതുകൊണ്ട് അദ്ധേഹത്തില്‍ പതിയുന്ന കുറ്റം എല്ലാവരേയും മുമ്പ് അദ്ധേഹം ഉദയം കാണുന്നുവെന്നാണ്.' വായന നമ്മെ അറിവിന്റെ ലോകത്തേക്ക് നയിക്കുമ്പോള്‍തന്നെ കലയുടേയും സാഹിത്യത്തിന്റേയും ഭംഗി ആസ്വദിക്കാനും സഹായിക്കുന്നു. സാഹിത്യാഭിരുചിയുള്ള ഒരാള്‍ക്ക് വായിക്കുമ്പോഴും എഴുതുമ്പോഴും ഈ ലോകവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു. ആ സര്‍ഗ്ഗ നിമിഷങ്ങളില്‍ അദ്ധേഹം ഏകനല്ല. അതുപോലെ തന്നെയാണ് എല്ലാവര്‍ക്കും എല്ലാം അറിയണമെന്നില്ല. അതുകൊണ്ട് മറ്റൊരാള്‍ അദ്ധേഹത്തിന്റെ അറിവുകള്‍ പകരുമ്പോള്‍ നമുക്കത് ആനന്ദദായകമായി തീരുന്നു. 'കല നമ്മളെ കണ്ടെത്താനും അതില്‍ തന്നെ മതിമറന്നു പോകാനും സഹായിക്കുന്നു.'

മുപ്പതിലേറെ വര്‍ഷങ്ങള്‍ അമേരിക്കയില്‍ ആംഗലഭാഷ പഠിപ്പിച്ച ബഹുമാനപ്പെട്ട പ്രൊഫസ്സര്‍ ചെറുവേലി സാറുമായി ചിലപ്പോള്‍ സംസാരിക്കാന്‍ അവസരം കിട്ടാറുണ്ട്. ചങ്ങമ്പുഴയുടെ ഭാഷയില്‍സ്വര്‍ഗത്തില്‍ നിന്നും പറന്നെത്തുന്ന നിമിഷങ്ങളാണവ. അറിവിന്റെ ലോകത്തിലൂടെ ഒരു പ്രയാണം അത് സാദ്ധ്യമാകുന്നു. അദ്ധേഹം വിവരിക്കുന്നതില്‍ ചിലതെല്ലാം വിദ്യാര്‍ത്ഥി ജീവിതത്തില്ഡ പഠിച്ചതെങ്കിലും അവയുടെ ഓര്‍മ്മ പുതുക്കല്‍ അനിര്‍വചനീയമായ ഒരു അനുഭൂതി പകരുന്ന, അതേ സമയം പുതിയ അറിവുകള്‍ അത് നേടി തരുന്നു. അറിന് അനന്തമാണ്. അത് കഴിയുന്നിടത്തേളം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പ്രൊഫസ്സര്‍ സാറുമായുള്ള സംഭാഷണം അനുഗ്രഹപ്രദമാണ്.

അനര്‍ഗ്ഗളം നിര്‍ഗളിക്കുത എന്ന ശൈലിയുണ്ടായത് സാറിന്റെ സംഭാഷണമോ പ്രസംഗമോ കേട്ടിട്ടാണോ എന്ന് സംശയം തോന്നാം. പുതുമഴ പോലെ വാക്കുകള്‍ ഉതിര്‍ന്ന്ു വീഴുന്നു. കാവ്യസൗകുമാര്യമുള്ള ഭാഷയില്‍ വര്‍ണ്ണനകളുടെ നിറപ്പകിട്ടോടെ അറിവിന്റെ സൂര്യോദയത്തിലേക്ക് അദ്ധേഹം നമ്മെനയിക്കുന്നു. വിദ്യ അര്‍ത്ഥിക്കുന്നവന്റെ ശുഭദിനം. അവനിലും അറിവിന്റെ രശ്മികള്‍ സ്വര്‍ണ്ണം പൂശുന്നു. അദ്ധേഹവുമായി ഫോണില്‍ കൂടിയും നേരിട്ടും ബന്ധപ്പെടുമ്പോള്‍ ഒരു സാഹിത്യ ചര്‍ച്ച ഉണ്ടാകുക സാവാഭാവികമാണ്. ഇയ്യിടെ അദ്ധേഹം സംസാരിച്ചത് 'അമേരിക്കന്‍ സാഹിത്യത്തെ കുറിച്ചാണ്'.

അദ്ധേഹം പറഞ്ഞ് തുടങ്ങിയത് നവലിസ്റ്റ് കഥാകൃത്ത് അങ്ങനെ സാഹിത്യത്തിലെ വിവിധ മേഖലകളില്‍ പ്രമുഖ സ്ഥാനം നേടിയവരില്‍ ഒരാളായ സ്റ്റീഫന്‍ ക്രെയിന്‍ എന്ന എഴുത്തുകാരനെ കുറിച്ചാണ്. ഇദ്ധേഹത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ധേഹത്തിന്റെ ജീവചരിത്രമോ, അല്ലെങ്കില്‍ ഏതെങ്കിലും പ്രധാനപ്പട്ട കൃതിയേയൊപ്പറ്റി വിവരിക്കുന്നതിന് മുമ്പ് ശ്രോതാവിന്റെ ജിജ്ഞാസയെ സ്പര്‍ശിച്ച് അവരെ തന്നില്‍ ശ്രദ്ധയുള്ളവരാക്കുക എന്ന തന്ത്രത്തില്‍ അദ്ദേഹം ആരംഭിക്കുന്നു. സ്റ്റീഫന്‍ ക്രെയിനെകുറിച്ച് പറയാന്‍ തുടങ്ങിയത് ഇങ്ങനെ: അമേരിക്കന്‍ സിവില്‍ വാര്‍ കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച സ്റ്റീഫന്‍ ക്രെയിന്‍ അമേരിക്കന്‍ സിവില്‍ വാറിനെ കുറിച്ച് എഴുതി. കേള്‍വിക്കാരുടെ മനസ്സില്‍ അപ്പോള്‍ ആ എഴുത്തുകാരനെ കുറിച്ച് ഒരു രൂപം തെളിയുന്നു. യുദ്ധം കാണാത്ത ഒരാളുടെ യുദ്ധ വിശേഷങ്ങള്‍. ആ പുസ്തകത്തിന്റെ പേരാണ് 'The Red Badge of Courage'. സംസ്ഥാനങ്ങള്‍ തമ്മിലുണ്ടായ യുദ്ധമാണ് സിവില്‍ വാര്‍ എന്നറിയപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളും അമേരിക്കയില്‍ സഖ്യകക്ഷികളുടെ നാടും തമ്മിലുണ്ടായ അടിമത്വത്തെക്കുറിച്ചുള്ള തര്‍ക്കം യുദ്ധത്തില്‍ കലാശിച്ചു. പതിനൊന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ അടിമത്വ സമ്പ്രദായം നില നിറുത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നിന്നു. ഇത് പറയുമ്പോള്‍ സാര്‍ ഒരു പുഞ്ചിരിയോടെ അറിയിക്കുന്നു. സിവില്‍ വാറില്‍ ഒരു നഴ്‌സായി കവി വാള്‍ട് വിറ്റ്മാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ യുദ്ധത്തോടുകൂടി അങ്കിള്‍ സാം പൗരന്മാര്‍ക്ക് മേല്‍ ടാക്‌സ് ചുമത്തി. അതിപ്പോഴും പൗരന്മാര്‍ ചുമക്കുന്നു. ക്രെയിനിന്റെ ഈ പുസ്തകത്തില്‍ യുദ്ധഭൂമിയില്‍ നിന്നും പേടിച്ചോടിയ ഭീരുവായ ഒരു ഭടന്റെ മാനസിക സംഘര്‍ഷങ്ങളെ വിവരിക്കുന്നു. തന്റെ ഭീരുത്വം മറയ്ക്കാന്‍ അദ്ദേഹം സ്വന്തം ശരീരത്തില്‍ ഒരു മുറിവിനായി ആശിക്കുന്നു. ധൈര്യത്തിന്റെ ഒരു ചുവന്ന ചിഹ്നം. പ്രൊഫസ്സര്‍ സാര്‍ ക്ഥയുടെ ഒരു രത്‌ന ചുരുക്കം നല്‍കി നമ്മെ ആ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നു. അറിവിന്റെ ലോകത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുക, മുന്നില്‍ ദീപശിഖയും പിടിച്ച് കൊണ്ട്, അവര്‍ക്ക് വെളിച്ചം പകര്‍ന്നുകൊണ്ട്. അദ്ധ്യാപനത്തിന്റെ ഒരു ഉല്‍കൃഷ്ട മാതൃക എന്ന് വേണമെങ്കില്‍ പറയാം.

പിന്നീട് സ്റ്റീഫന്‍ ക്രെയ്‌നിന്റെ ആദ്യത്തെ രചന, അത് അമേരിക്കന്‍ സാഹിത്യത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആദ്യത്തെ നോവലായി പരിണമിച്ചതിനെക്കുറിച്ച് വിവരിക്കുന്നു. അന്ന് വരെ എഴുത്തുകാര്‍ എഴുത്തില്‍ ഒരു തരം ഹിപോക്രസി അതായത് യാഥാര്‍ത്ഥ്യങ്ങളെ മറച്ച് വയ്ക്കുന്ന ഒരു പ്രവണത കാണിച്ചിരുന്നു വെറും 60 പേജുകളില്‍ ക്രെയ്ന്‍ എഴുതിയ Maggi A Girl of the Strete നിരൂപകര്‍ക്കും വായനക്കാര്‍ക്കും എഴുത്തിലൂടെ ഒരു പുതിയ സാങ്കേതിക വെളിപ്പെടുത്തി (literary naturalism) ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ അമേരിക്കന്‍ നോവലായി ഇത് അറിയപ്പെടുന്നു. സമൂഹനീതിയുടെ പരുക്കന്‍ വശങ്ങള്‍ മാഗിയുടെ ജീവിതത്തെ മാറ്റിമറിച്ചെങ്കിലും അവള്‍ക്ക് ജീവിതത്തോടുണ്ടായിരുന്ന വൈകാരികമായ ഒരു കാഴ്ചപ്പാടാണ് അവളുടെ പതനത്തിന് കാരണമെന്ന് നോവലിസ്റ്റ് വ്യക്തമാക്കുമ്പോഴും അവളോട് ഒരു സഹാനുഭൂതി വായനക്കാരില്‍ ഉളവാക്കുന്നുവെന്നത് നോവലിന്റെ വിജയമായി കാണാവുന്നതാണ്.

സിവില്‍ വാറിനെ ആസ്പദമാക്കി ധാരാളം പുസ്തകങ്ങള്‍ പിന്നീട് വന്നിട്ടുണ്ട്. അവയില്‍ മികച്ചതെല്ലാം യുദ്ധ്ം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതിലൊന്നാണ് 'Gone with the Wind' ഇതെഴുതിയത് 'Margaret Mitchell' ഈ നോവലിലെ മുഖ്യ കഥാപാത്രത്തിനോട് സാമ്യമുള്ള ജീവിതമായിരുന്നത്രെ ഇതെഴുതിയ മാര്‍ഗ്രറ്റിന് ഈ പുസ്തകം അവര്‍ എഴുതിയത് യുദ്ധം കഴിഞ്ഞ് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഈ പുസ്തകം ഇറങ്ങി ആറ് മാസത്തിനുള്ളില്‍ ഒരു മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞു. വലുപ്പത്തില്‍ യുദ്ധവും സമാധാനവും എന്ന പുസ്തകത്തിനോളം ഉണ്ടായിരുന്നു ഈ പുസ്തകം. സിവില്‍ വാറിനോടനുബന്ധിച്ച് അറ്റ്‌ലാന്റ നഗരം കത്തിച്ച് കളഞ്ഞതും, കുക്ലസ് ക്ലാന്‍ (Ku Klux Klan) എടുക്കുന്ന പ്രതികാരവും അറ്റ്‌ലാന്റയിലെ മരക്കച്ചവടവും നോവലിന്റെ കഥയിലൂടെ സ്പര്‍ശിക്കുന്നുണ്ട്. യുദ്ധ സമയത്തെ ജീവിതവും സ്വപ്‌നങ്ങള്‍ക്ക് പഞ്ഞമില്ലാത്ത യുവത്വത്തിന്റെ മായാ മോഹങ്ങളും ഇയാം പാറ്റകളെപ്പോലെ വിളക്കില്‍ എരിഞ്ഞ് പോകുന്ന അവരുടെ മോഹ കൊട്ടാരങ്ങളും ഭംഗിയായി എഴുത്തുകാരി വര്‍ണ്ണിക്കുന്നു. അറ്റലാന്റയിലെ പീച്ച്ട്രീ സ്ട്രീറ്റ് മുറിച്ച് കടക്കുമ്പോള്‍ വേഗത്തില്‍ വന്ന ഒരു ടാക്‌സി കാര്‍ ഇടിച്ച് അവര്‍ ആശുപത്രിയിലായി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ഈലോകത്തോട് വിട പറഞ്ഞു. അവര്‍ക്ക് നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു അപ്പോള്‍. ജീവിച്ചിരുന്നെങ്കില്‍ അനേകം നല്ല നോവലുകള്‍ അവര്‍ എഴുതാമായിരുന്നു എന്നൂഹിക്കാം.

അമേരിക്കന സാഹിത്യത്തിലെ പ്രമുഖ എഴുത്ത്കാരേയും അവരുടെ കൃതികളേയും കുറിച്ച് സാര്‍ പറഞ്ഞ് പോകുമ്പോള്‍ സമയം നിശ്ചലമായി നില്‍ക്കുന്നോ അതോ ചലിക്കുന്നോ എന്ന സംശയമാണ് തോന്നുക. കേട്ടാലും കേട്ടാലും മതിയാകാത്ത സാഹിത്യ വിശേഷങ്ങള്‍. അമേരിക്കന്‍ സാഹിത്യം ആരംഭിച്ചത് പതിനേഴാം നൂറ്റാണ്ടിലാണ്. അന്ന് കുടിയേറിയവരില്‍ ഭൂരിപക്ഷവും ഇംഗ്ലണ്ടില്‍ നിന്നുള്ളവര്‍. അവരില്‍ തന്നെ മുന്നില്‍ രണ്ട് ഭാഗം പേര്‍ ദൈവ വിശ്വാസത്തിലും ദൈവത്തിന്റെ വചനങ്ങള്‍ക്കൊപ്പം ജീവിക്കണമെന്നാഗ്രഹിക്കുന്നവരും ആയിരുന്നു. മതത്തിന് ഇക്കൂട്ടര്‍ വളരെ പ്രാധാന്യം നല്‍കി. ഇവരുടെ രചനകളില്‍ വളരെ കണിഷമായ ധാര്‍മ്മിക മതാചാരങ്ങളുടെ (Puritan theology) അതിപ്രസരമുണ്ടായിരുന്നു. ബൈബിളിനെ ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമായി അവര്‍ കരുതി. ദൈവം എല്ലാം പറഞ്ഞില്ലെങ്കിലും മനുഷ്യന് ആവശ്യമുള്ളതെല്ലാം അതിലുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഒരു കൂട്ടം മതമൗലികള്‍ മസ്സാചുസെറ്റ്‌സ് ഹാര്‍വാര്‍ഡ് കോളേജ് ആരംഭിച്ചു. അവരുടെ ഉദ്ദേശ്യം ദൈവ ശാസ്ത്രം പഠിപ്പിക്കുക, പുരോഹിതന്മാരെ സൃഷ്ടിക്കുക എന്നതായിരുന്നു. ഇവിടെ മത വിശ്വാസികളുടെ കാഴ്ചപ്പാടുകളും മതേതരത്തില്‍ വിശ്വസിക്കുന്നവരുടെ കാഴ്ചപ്പാടുകളും തമ്മില്‍ തുലനം ചെയ്യുന്ന പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.

(തുടരും)

അറിവിന്റെ ലോകത്തേക്ക് ഒരു പ്രയാണം (പ്രൊഫ. ചെറുവേലി സാറുമൊത്തോരു സായാഹ്നം!) സുധീര്‍ പണിക്കവീട്ടില്‍ (ഭാഗം 1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക