Image

കര്‍ക്കിടകമാസവും ദശപുഷ്പങ്ങളും (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ Published on 29 July, 2017
കര്‍ക്കിടകമാസവും ദശപുഷ്പങ്ങളും (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
വാല്‍ക്കണ്ണാടി, അഷ്ടമംഗല്യം, ദശപുഷ്പം എന്നീ വാക്കുകള്‍ മലയാളത്തില്‍ കവികളും, കലാകാരന്മാരും, ചിത്രകാരന്മാരും പല അവസരങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ഒന്നാണ്. അതായത് ഈ പദങ്ങള്‍ ഐശ്വര്യത്തിന്റെ, നന്മയുടെ, സ്വച്ഛതയുടെ, ശുഭമുഹൂര്‍ത്തങ്ങളുടെ അനുഭൂതി നല്‍കുന്നു എന്നതുകൊണ്ട് തന്നെയാണ് ഇവ മലയാളികള്‍ക്ക് സുപരിചിതമായത്. വിവാഹം തുടങ്ങിയ, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്  കൂടുതല്‍ പ്രാധാന്യം. കൊടുക്കുന്ന ഏതു ഹൈന്ദവ വിശേഷങ്ങളിലും ഇവയുടെ  സാന്നിധ്യം പ്രാധാന്യമുള്ളതായി കാണാം. എന്നാല്‍ കര്‍ക്കിടകമാസത്തില്‍ ഇവയ്ക്കെന്താണ് പ്രാധാന്യം? 

മലയാള മാസത്തിലെ അവസാന മാസമായ കര്‍ക്കിടകമാസത്തെ മലയാളികള്‍ രാമായണ മാസമായാണ് കണക്കാക്കുന്നത്. കര്‍ക്കിടകമാസത്തില്‍ 'ശ്രീവോദിയെ' (ശ്രീ ഭഗവതി) വയ്ക്കുക (ഇന്ന് വളരെ അപൂര്‍വ്വമായി മാത്രമേ കുടുംബങ്ങളില്‍ കൊണ്ടാടുന്നുള്ളുവെങ്കിലും) എന്ന് മലയാളികള്‍ കേട്ടിരിയ്ക്കും.  കുടുംബത്തില്‍ ഐശ്വര്യവും, സ്വച്ഛതയും എന്ന ആശയം വളര്‍ത്തുക എന്നതാണ് പ്രധാനമായും ഇതുകൊണ്ടു ഉദ്ദേശിയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ കുടുംബത്തില്‍ പതിവായി രാമായണ പാരായണം നടത്തുകയും,  സ്ത്രീകള്‍ ദശപുഷ്പം ചുടുകയും ചെയ്യുന്നു. കര്‍ക്കിടകമാസത്തില്‍ ഈ ദശപുഷ്പങ്ങള്‍ സ്ത്രീകള്‍ തലമുടിയില്‍ അണിഞ്ഞാല്‍ ദൈവങ്ങളുടെ  പലതരത്തിലുള്ള അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ദശപുഷ്പമെന്നാല്‍ അതില്‍ ഉള്‍പ്പെടുന്ന പത്ത് ഔഷധികള്‍ ഏതെല്ലാമാണെന്നു അറിയുന്നവര്‍ വളരെ വിരളമാണ്. മുക്കുറ്റി, നിലപ്പന, കറുക, കയ്യോന്നി, വിഷ്ണുക്രാന്തി, ചെറുള പൂവ്വാംകുറുന്നില്ല, ഉഴിഞ്ഞ, മുയലന്‍ചെവി,  തിരുതാളി എന്നി ഔഷധങ്ങള്‍ ചേര്‍ന്നതാണ് ദശപുഷ്പം എന്ന് പറയുന്നത്.  ഇതില്‍ കറുക ബ്രഹ്മാവിനെയും, ചെറുള ദേവന്മാരെയും,  വിഷ്ണുക്രാന്തി മഹാവിഷ്ണുവിനേയും, പൂവ്വാംകുറുന്നില ശ്രീ പാര്‍വ്വതിയെയും മുയലന്‍ചെവി   ശിവനെയും, മുക്കുറ്റി പര്‍വ്വതിദേവിയെയും, കയ്യോന്നി വരുണദേവനെയും, നിലപ്പന കാമദേവനെയും, ഉഴിഞ്ഞ ഇന്ദ്രദേവനെയും, തിരുതാളി ഉണ്ണിക്കണ്ണനെയും പ്രതിനിധാനം ചെയ്യുന്നു.
  
ദശപുഷ്പങ്ങളെക്കുറിച്ച് ഇത്തരം പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുവെങ്കിലും ഇതിന്റെ ശാസ്ത്രീയ വശം എന്താണ്?

എല്ലാ കാര്യങ്ങളും നെറ്റില്‍ സെര്‍ച്ച് നടത്താന്‍ ശീലിച്ച നമ്മള്‍ ഒരുപക്ഷെ ദശപുഷ്പങ്ങള്‍ എന്തെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും മനസ്സിലാക്കാന്‍ സമയം കണ്ടെത്തി കാണില്ല. എന്നാല്‍ ദശപുഷ്പങ്ങളില്‍ ഓരോന്നിനും തനതായ ഔഷധഗുണങ്ങളുണ്ട് എന്ന് നമ്മള്‍ അറിഞ്ഞിരിയ്‌ക്കേണ്ടതാണ്.
 
മുക്കുറ്റി സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ക്കും, കഫകെട്ടിനും ഉപയോഗിയ്ക്കാവുന്ന ഔഷധമാണ്. ലൈംഗികപരമായ പ്രശ്‌നങ്ങള്‍ക്കും, മൂത്രതടസ്സത്തിനുമുള്ള ഔഷധമായി നിലപ്പന ഉപയോഗിയ്ക്കുന്നു. കറുക രക്തസ്രാവത്തെ പെട്ടെന്ന് നിര്‍ത്തുന്നതിനും അപസ്മാരം പോലുള്ള മാനസികരോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിയ്ക്കുന്നു. കയ്യോന്നി, മഞ്ഞപിത്തം പോലുള്ള അസുഖത്തിന്   കഴിയ്ക്കാവുന്നതാണ്,. കൂടാതെ അതിന്റെ നീരെടുത്ത് എണ്ണ കാച്ചി ഉപയോഗിയ്ക്കുന്നതിലൂടെ തലയ്ക്ക് നല്ല തണുപ്പും, സുലഭമായ മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഔഷധമാണ്.  വിഷ്ണുക്രാന്തി പനിയ്ക്കുള്ള ഒറ്റമൂലിയായും, ബുദ്ധിമാന്ത്യം, ഓര്‍മ്മക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള   ഔഷധമായും ഉപയോഗിയ്ക്കാം. ചെറുള പ്രമേഹരോഗത്തിനു പറ്റിയ ഔഷധമാണ്. പൂവ്വാം കുരുന്നിലയും, മുയല്‍ ചെവിയനും പ്രധാനമായും നേത്ര സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ഔഷധമായാണ്.  അതിനാല്‍ പണ്ടുകാലങ്ങളില്‍ കണ്മഷിയുണ്ടാകാന്‍ ഇവയുടെ നീര് ഉപയോഗിയ്ക്കാറുണ്ട്. വയറുവേദന, വയറുകടി തുടങ്ങിയ അസ്വാസ്ഥ്യങ്ങള്‍ക്ക് ഉഴിഞ്ഞ ഒരു ഔഷധമായി ഉപയോഗിയ്ക്കാം . രാസപദാര്‍ത്ഥങ്ങള്‍  ചേരാത്ത പ്രകൃതിദത്തമായ ഒരു ഷാംപൂവാണ് തിരുതാളി. ഇങ്ങനെ ദശപുഷ്പത്തിലെ ഓരോ അംഗങ്ങള്‍ക്കും ഓരോ   പ്രാധാന്യമുണ്ട്. ഈ ദശപുഷ്പങ്ങള്‍ കൂടാതെ  മറ്റു  പല ഔഷധങ്ങളും ഒറ്റമൂലികളും നമ്മുടെ തൊടിയില്‍ തന്നെ വളരുന്നു. പക്ഷെ അതിന്റെ ഗുണങ്ങളെ പറ്റി അജ്ഞരായതിനാലും, എളുപ്പമാര്‍ഗ്ഗങ്ങളെ പിന്തുടരുന്ന പ്രവണതയുള്ളതുകൊണ്ടും യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ ഔഷധങ്ങള്‍ തഴഞ്ഞു, ഉടനടി ആശ്വാസത്തിനായി ആന്റിബയോട്ടിക്കുകളെയും, മറ്റു  മരുന്നുകളെയും ആശ്രയിയ്ക്കുന്നു.  അതുമാത്രമല്ല പണ്ട് കാലങ്ങളില്‍ നമ്മുടെ തൊടികളില്‍ കണ്ടിരുന്ന പല ഒറ്റമൂലികളും ഇന്ന് അപ്രത്യക്ഷമായതായി കാണാം.  
 
ആരോഗ്യകരമായി വളരെ ശ്രദ്ധിയ്ക്കപ്പെടേണ്ട മാസമാണ് കര്‍ക്കിടകമാസം. കാരണം തോരാതെ പെയ്യുന്ന മഴയും, അതില്‌നിന്നുണ്ടാകുന്ന ജീര്‍ണ്ണതയും ഒരുപാട് പകര്‍ച്ചവ്യാധികള്‍ക്കു വഴിയൊരുക്കുന്നു.  മതിയായ ചികിത്സാ സംവിധാനമൊന്നുമില്ലായിരുന്ന പഴയ കാലഘട്ടത്തില്‍ ഇത്തരം ഔഷധങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുക എന്നത് അനിവാര്യമായിരുന്നു. അതുമാത്രമല്ല മതവിശ്വാസങ്ങളിലൂടെ ജനങ്ങളില്‍ ഒരു വിഷയം പറഞ്ഞു മനസ്സിലാക്കുന്നതാണ് തലമുറകളിലൂടെ അത് കൈമാറാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമെന്നുള്ള  ഗുണത്തെ മുതലാക്കികൊണ്ടാണ് കര്‍ക്കിടകമാസത്തില്‍ ദശപുഷപത്തിനു പ്രാധാന്യം നല്കിയിരിയ്ക്കുന്നത്. ഇത്തരം ഔഷധച്ചെടികള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് മഴക്കാലത്താണ്. കര്‍ക്കിടകമാസത്തില്‍ ദശപുഷപമെന്ന വിശ്വാസത്തോടെ ജനങ്ങളെ ഈ ഔഷധങ്ങളുടെ പ്രാധാന്യത്തെകുറിച്ച് മനസ്സിലാക്കാന്‍ കഴിയും. ദൈവീകമായി ഇത്തരം ഔഷധച്ചെടികള്‍ കാണുന്നതിലൂടെ ഇവ നമ്മുടെ തൊടികളില്‍ നിന്നും അപ്രത്യക്ഷമാകാതിരിയ്ക്കുന്നു എന്ന ഒരു ഉദ്ദേശവും ഇതിനുണ്ട്.
   
നാട്ടിന്പുറത്തുനിന്നും പട്ടണങ്ങളിലേയ്ക്ക് ചേക്കേറുകയും, പട്ടണ സംസ്‌കാരത്തെ സ്വീകാര്യമാക്കുകയും ചെയ്ത തലമുറയ്ക്ക് ഈ ദശപുഷ്പങ്ങളെ കുറിച്ചറിഞ്ഞിട്ടെന്താണ്? 

ആയുര്‍വ്വേദം എന്ന് കേള്‍ക്കുമ്പോള്‍ അറിഞ്ഞും അറിയാതെയും കേരളത്തെക്കുറിച്ചോര്‍ക്കുന്നു. എണ്ണമറ്റ ഔഷധച്ചെടികളുടെ കലവറയാണ് കേരളം. ഇന്ന് കമ്പോളത്തില്‍ കാണുന്ന മിക്കവാറും എല്ലാ അലോപതി, ഹോമിയോപ്പതി മരുന്നുകളും ചെടികളില്‍ നിന്നും അതിന്റെ ഔഷധ ഗുണത്തെ ഉരുത്തിരിച്ച് ഉണ്ടാക്കിയവയാണ്.   മാത്രമല്ല പാര്‍ശ്വഫലങ്ങളുള്ള അലോപതി മരുന്നുകളില്‍ നിന്നും പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വ്വേദ മരുന്നുകളെ ആശ്രയിയ്ക്കുന്നതിന്റെ ഗുണത്തെപ്പറ്റി പുതിയ തലമുറ ചിന്തിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. കേരളീയര്‍ എന്നും ചെടികള്‍ വച്ചുപിടിപ്പിയ്ക്കുന്നതിലും  കൊച്ചു അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിലും തല്പരരാണല്ലോ. അതിനാല്‍ കര്‍ക്കിടമാസത്തില്‍ മാത്രം പ്രാധാന്യം നല്‍കാതെ ഇത്തരം ഔഷധച്ചെടികളെക്കൂടി നമ്മുടെ അടുക്കളത്തോട്ടത്തിന്റെ ഭാഗമാക്കുന്നതിലൂടെ ദൈനംദിന ജീവിതത്തിലെ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആന്റി ബയോട്ടിക്കുകളെ ആശ്രയിയ്ക്കാതെതന്നെ പരിഹാരം കാണാന്‍ കഴിയുമെന്ന് മാത്രമല്ല ഇത്തരം ഔഷധച്ചെടികള്‍ ദൈനംദിന ജീവിതത്തില്‍ ഏതുതരത്തിലെങ്കിലും ഉപയോഗപ്രദമാക്കുന്നതിലൂടെ രോഗങ്ങക്ക് പ്രതിരോധമെന്ന തരത്തിലും ഇവ വര്‍ത്തിയ്ക്കുന്നു.   ഇതിലൂടെ മലയാളിയ്ക്ക് ആയുര്‍വ്വേദത്തോടുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചുകൂടെ?  


കര്‍ക്കിടകമാസവും ദശപുഷ്പങ്ങളും (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
James Mathews, Chicago 2017-07-29 13:08:50
ഞങ്ങൾ കൃസ്ത്യാനികൾക്ക് ഇതേകുറിച്ചോന്നും അറിയില്ല. പൊതുവെ പറഞ്ഞതാണ്.   ഇതൊക്കെ വിവരിച്ചതിനു നന്ദി. നിങ്ങൾ ഇവിടത്തെ ഹിന്ദു സംഘടനാ പ്രവർത്തകയാണോ, എങ്കിൽ ഓണവും വിഷുവുമല്ലാതെ ഇത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതൽ എഴുതുക. എല്ലാ മതക്കാർക്കും ഇതൊക്കെ വായിക്കാൻ താല്പര്യമുണ്ടാകും.
Prg 2017-07-29 20:33:40
According to the Malayalam calendar the month of makaram to midhunam marks the uttarayanam and karkidakam to dhanu is dakshinayanam. The month of Karkidakam is supposed to be a period in which diseases are more prominent and the body has little resistance against diseases. Hence the use of these herbs with huge curative properties during the month of Karkidakam has its own significance. A detailed description of  the herbs are given in this article by Jyothilakshmy. A good article about dashapushpam and there importance in Ayurvedam.
J G Nair 2017-07-29 20:45:31
കർക്കിടമാസവും ദശപുഷ്പങ്ങളും ലേഖനം നന്നായിരുന്നു.
കർക്കിടക  മാസത്തിൽ ആയുർവേദത്തിനുള്ള പ്രാധാന്യം എടുത്ത് കാട്ടിയിരിക്കുന്നു.
ദശപുഷ്പം ഇന്ന് നാട്ടിൻപുറത്തു കുടി കാണാതായിരിക്കുന്നു.
കർക്കിടക കഞ്ഞിയുടെ പ്രാധാന്യം കൂടി ആകാമായിരുന്നു.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക