Image

കൈരളിയും ജോസ് തയ്യിലും: കാല്‍ നൂറ്റാണ്ടും കടന്നെത്തുന്ന കറയറ്റ പത്ര പ്രവര്‍ത്തനം (ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 01 August, 2017
കൈരളിയും  ജോസ് തയ്യിലും: കാല്‍ നൂറ്റാണ്ടും കടന്നെത്തുന്ന കറയറ്റ പത്ര പ്രവര്‍ത്തനം  (ജയന്‍ വര്‍ഗീസ്)
അമേരിക്കയിലെ മലയാള പ്രസിദ്ധീകരണമായ കൈരളി പ്രസിദ്ധീകരണത്തിന്റെ മൂന്നു ദശകങ്ങള്‍ പിന്നിടുമ്പോള്‍, പ്രതികൂലങ്ങളുടെ കൊടുങ്കാറ്റുകളെ അതിജീവിച്ചും, പ്രയാസങ്ങളുടെ കോളിളക്കങ്ങളെ അവഗണിച്ചും, ഒരൊറ്റയാള്‍ പട്ടാളത്തിന്റെ വീറോടെയും, വാശിയോടെയും ശ്രീ ജോസ് തയ്യില്‍ നേടിയെടുത്ത ചരിത്ര വിജയത്തിന്റെ സമ്മോഹന മുഹൂര്‍ത്തത്തിനാണ് ഇവിടെ തിരശീലയുയരുന്നത്!

ആഗോള സന്പല്‍ സമൃദ്ധിയുടെ തറവാടായ അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ഒരു യുവാവ്, ജീവിതായോധനത്തിനുള്ള അനേകം എളുപ്പ വഴികള്‍ അവഗണിച്ചുകൊണ്ട് അനാകര്‍ഷകമായ പത്ര പ്രവര്‍ത്തന രംഗത്തേക്ക് ചാടിപ്പുറപ്പെട്ടത് യാദൃശ്ചികമാവാനിടയില്ല.

അദമ്യവും, അജയ്യവുമായ ആല്‍മ തൃഷ്ണയുടെ ഉള്‍വിളിയില്‍ ആകൃഷ്ടനായി, അനിഷേധ്യവും, അപ്രതിരോധ്യവുമായ പ്രതികരണ ശേഷിയുടെ പ്രചോദനങ്ങളില്‍ പുളഞ്ഞു, പ്രയാണവീഥികളിലെ നിയോഗനിമിത്തമായി അദ്ദേഹം ഇവിടെ എത്തിപ്പെടുകയാവും ഉണ്ടായത്!

എന്തുകൊണ്ട് കൈരളി ഒരു മഹല്‍ പ്രസ്ഥാനമാവുന്നു?കൊട്ടിയും, ഘോഷിച്ചും , അടിച്ചും, പൊളിച്ചും അരങ്ങു തകര്‍ക്കുന്ന മറ്റ് പത്രങ്ങള്‍ എങ്ങിനെ കൈരളിയുടെ പിന്നിലാവുന്നു? വസ്തു നിഷ്ഠമായ ഒരു വിശകലനത്തിലൂടെ മാത്രമേ സത്യസന്ധമായ ഈ പ്രസ്താവനയുടെ അന്തഃസത്ത അനായാസം ആര്‍ക്കും മനസിലാവുകയുള്ളു.

ഒന്ന്:  ഒരു സെന്റ് പോലും വരിസംഖ്യ ഈടാക്കാതെ ഇക്കാലമത്രയും വായനക്കാരന്റെ മുന്നിലെത്തിയ ഇത്തരരമൊരു പത്രം ലോകത്തെവിടെയും ഉണ്ടായിരിക്കാനിടയില്ല.
രണ്ടു:  മിക്ക പ്രസിദ്ധീകരണങ്ങളും ഏതെങ്കിലും ഒരു എസ്‌റാബ്‌ളിഷ്‌മെന്റിന്റെ രഹസ്യ ജിഹ്വകളായിരിക്കും.മതമോ, രാഷ്ട്രീയമോ, സമുദായമോ, സഭയോ ഇവകളിലെ വരികള്‍ക്കിടയില്‍ അപകടകരമായി പതുങ്ങി കിടക്കുന്നുണ്ടാവും. യാതൊരു എസ്‌റാബ്‌ളിഷ്‌മെന്റിന്റെയും കഴുതച്ചുമട് പേറാത്ത പത്രമാണ് കൈരളി എന്ന് ഏതൊരു നിഷ്പക്ഷമതിക്കും നിസംശയം പ്രഖ്യാപിക്കാവുന്നതാണ്.

മൂന്ന് : സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ അതിശക്തമായി എന്നും പ്രതികരിച്ചിട്ടുള്ള പത്രമാണ് കൈരളി. മതത്തിലെയും, രാഷ്ട്രീയത്തിലെയും പല വന്പന്മാരും കൈരളിയില്‍ നിന്നുള്ള തൂലികാ ശരങ്ങളേറ്റു പിടഞ്ഞിട്ടുണ്ട്.നേര്‍വഴി തെരഞ്ഞെടുക്കുവാന്‍ ഇത്തരക്കാര്‍ക്ക് ഇവ പ്രേരകമായി ഭവിച്ചിട്ടുണ്ടാവണം, പില്‍ക്കാലങ്ങളില്‍?.
നാല് : സാഹിത്യ പോഷണം കൈരളിയുടെ മുഖമുദ്രയാണ്.സാഹിത്യ സംവാദത്തിന്റെ പച്ചപ്പട്ടണിഞ്ഞ മേച്ചില്‍പ്പുറങ്ങളാണ് കൈരളിത്താളുകള്‍. നാട്ടു സാഹിത്യകാരന്മാരുടെ പുറം ചൊറിഞ്ഞു കൊണ്ട് മറ്റു പത്രങ്ങള്‍ ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍, മാറ്റത്തിന്റെ മഹത്തായ മാറ്റൊലിയുയര്‍ത്തുന്ന രചനാ വിസ്‌പോടനങ്ങള്‍ കൊണ്ട് കൈരളിത്താളുകള്‍ സന്പന്നമായിരുന്നിട്ടുണ്ട്!. ചെക്ക് ലീഫിലെ അക്ഷരങ്ങള്‍ മാത്രം പതിവായി വായിക്കുന്ന അമേരിക്കന്‍ മലയാളികളില്‍ പലരും ഇതൊന്നും അറിഞ്ഞിരിക്കാനിടയില്ല. അമേരിക്കയിലേ മലയാളികളില്‍ യഥാര്‍ത്ഥ വായനക്കാര്‍ ഏഴു പേര്‍ മാത്രമാണ് എന്ന ഒരു പ്രതിഭാശാലിയുടെ വിലയിരുത്തല്‍ കടുത്ത വിയോജിപ്പുകളില്ലാതെ അനുസ്മരിക്കുന്നു?

ഒരു പ്രസിദ്ധീകരണം എന്ന നിലയില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൈരളിയെ സംബന്ധിച്ചിടത്തോളം മഹത്തരങ്ങളാണ്. ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഭൗതികവും, ആല്മീകവുമായ പരിമിതികളും കൈരളിക്കുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ലാ എന്നത് കൊണ്ട് തന്നെ വളര്‍ച്ചയുടെ കൊടുമുടികള്‍ കീഴടക്കുവാനും അതിനു സാധിച്ചില്ല.

ഒരു വ്യക്തി എന്ന നിലയില്‍ ശ്രീ ജോസ് തയ്യിലിന്റെ ത്യാഗമാണ് കൈരളി. പക്ഷെ, ഇവിടെ നമ്മള്‍ പരാമര്‍ശിക്കുന്നത്, കാല്‍ നൂറ്റാണ്ടിന്റെ കരുത്തുറ്റ പാരമ്പര്യം പേറുന്ന, കക്ഷി രാഷ്ട്രീയത്തിനും, മത മൗലിക വാദത്തിനും അതീതമായി തലയുയര്‍ത്തി നിന്ന, സാഹിത്യ സപര്യകളിലൂടെ പുത്തന്‍ ലോകത്തിന്റെ നവ ദര്‍ശനങ്ങള്‍ വിരിയിച്ചെടുത്ത കൈരളി എന്ന മഹാ പ്രസ്ഥാനത്തെക്കുറിച്ചാണ്. പത്രാധിപര്‍ വ്യക്തി മാത്രമാണ്. പ്രസ്ഥാനം ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല കൊടിക്കൂറയും!

പ്രയാണം തുടരുകയാണ് നമ്മള്‍. മനുഷ്യാവസ്ഥയുടെ മഹത്തായ സാധ്യതകള്‍ ആരായുന്ന നാളെയുടെ നക്ഷത്ര വീഥികളില്‍, പകല്‍ വിളക്കുമായി ഏതന്‍സിലെ തെരുവീഥികളില്‍ മനുഷ്യനെ അന്വേഷിച്ച ഡയോജനീസിനെപ്പോലെ, കൈരളിത്താളുകളിലൂടെ നമ്മളും തിരയുകയാണ് മനുഷ്യനെ!യഥാര്‍ത്ഥ മനുഷ്യനെ?

കൈരളിയും  ജോസ് തയ്യിലും: കാല്‍ നൂറ്റാണ്ടും കടന്നെത്തുന്ന കറയറ്റ പത്ര പ്രവര്‍ത്തനം  (ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക