Image

ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2017
ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ലോസ്ആഞ്ചലസ്: ദൈവ തിരുഹിതം നിറവേറ്റി, ആദ്യ ഭാരത വിശുദ്ധയായി ഉയര്‍ത്തപ്പെട്ട സഹനദാസിയായ അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന തിരുനാള്‍ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീല്‍ ജൂലൈ 21-നു വൈകിട്ട് 7.15-നു കൊടിയേറ്റ് നടത്തി പൂര്‍വ്വാധികം ഭക്തിയോടെ ആരംഭിച്ചു.

വിശുദ്ധയുടെ നവനാള്‍ നൊവേനയ്ക്കും ദിവ്യബലിക്കും മലയാളികളായ ഫാ. ജയിംസ് നിരപ്പേല്‍ (ഫൊറോനാ വികാരി), ഫാ. പോള്‍ കോട്ടയ്ക്കല്‍, ഫാ. കുര്യാക്കോസ് വാടാന, ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട്, ഫാ. ആംബ്രോസ്, ഫാ. ബെന്നി ആയത്തുപാടം, ഫാ. ജിജോ വാഴപ്പള്ളി, ഫാ. മനോജ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ഷിന്റോ, പാ. ടെന്നി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഭൗതീക അവകാശമായ മാതൃസാമീപ്യവും, പരിലാളനയും ലഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുശേഷം നഷ്ടപ്പെട്ടവള്‍, പിതൃഭവനവും സംരക്ഷണവും ഇല്ലാതായി പേരമ്മയുടെ ഭവനത്തില്‍ വളരേണ്ടി വന്നവള്‍, തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് അത് പ്രാവര്‍ത്തികമാക്കുവാന്‍ ഏറെ പ്രതിസന്ധികള്‍ തരണംചെയ്യേണ്ടി വന്നവള്‍, നന്നേ ചെറുപ്പത്തിലേ മാറാവ്യാധിക്കിരയായവള്‍, ജനനം മുതല്‍ മരണം വരെ സഹനം മാത്രം. എന്നാല്‍ അതിലൊന്നും പരാതിപ്പെടാതെ ദൈവേഷ്ടത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു എന്നതിലെ മഹത്വം മനസ്സിലാക്കി തിരുസഭാമാതാവ് അമ്മയെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി ഉയര്‍ത്തുക വഴി സഹനത്തെ മഹത്വവത്കരിക്കുകയാണ് ചെയ്തത്. സഹനത്തെ എന്തുവിലകൊടുത്തും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആധുനിക ലോകത്തിനു ദൈവം നല്‍കുന്ന മറുപടി കൂടിയാണ് സഹനപുത്രിയായ അല്‍ഫോന്‍സാമ്മ എന്നു ദിവ്യബലി മധ്യേ നല്‍കിയ വചനസന്ദേശത്തില്‍ ബഹുമാനപ്പെട്ട വൈദീകര്‍ ഉത്‌ബോധിപ്പിച്ചു. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ലത്തീന്‍, മലങ്കര റീത്തുകളില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലികള്‍ വിശ്വാസ സമൂഹത്തിനു മറ്റു റീത്തുകളിലെ ആരാധനക്രമവുമായി അടുത്തറിയാനുള്ള അവസരമൊരുക്കി.

നവനാള്‍ നൊവേനയുടെ സമാപന ദിവമായ 29-നു ശനിയാഴ്ച മുന്‍ ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് വാടാന, മൂന്നു വൈദീകര്‍ ചേര്‍ന്നു അര്‍പ്പിച്ച സമൂഹബലിക്ക് നേതൃത്വം നല്‍കി. ബലി മധ്യേ സെയിന്റ് ജയിന്‍ ഫ്രാന്‍സീസ് ഡി ചന്റല്‍ കത്തോലിക്കാ ദേവാലയത്തിലെ സഹ വികാരിയും പ്രസിദ്ധ വാഗ്മിയും ആയ റവ.ഫാ. ഷിന്റോ സെബാസ്റ്റ്യന്‍ വചന സന്ദേശം നല്‍കി. നമ്മുടെ ഇടവകയുടെ മധ്യസ്ഥയും തിരുനാള്‍ ആചരണത്തിന് കാരണഭൂതയും ആയ വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം മുഴുവന്‍ സഹനവുമായി ബന്ധപ്പെട്ടതാണെന്നു അച്ചന്‍ വിവരിച്ചു. എന്നെ ഉരുവാക്കി. ദൈവസ്‌നേഹം കൊണ്ട് നിറച്ചു, രൂപാന്തരപ്പെടുത്തി, ദൈവകരങ്ങളിലെ ഒരു ഉപകരണമാക്കി മാറ്റണമേ എന്ന വിശുദ്ധയുടെ നിരന്തരമായ പ്രാര്‍ത്ഥനയിലേക്കു വെളിച്ചംവീശികൊണ്ടുള്ള ബഹുമാനപ്പെട്ട ഷിന്റോ അച്ചന്റെ തിരുനാല്‍ സന്ദേശം വിശ്വാസികള്‍ ഏവര്‍ക്കും ഏറെ പ്രചോദനപ്രദമായിരുന്നു.

പ്രധാന തിരുനാള്‍ ദിനമായ 30-നു ഞായറാഴ്ച ഭക്തിനിര്‍ഭരമായ തിരുനാള്‍ സമൂഹബലി അര്‍പ്പണത്തിനു മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കിയത് ഫാ. ടെന്നി ജോസഫ് ആയിരുന്നു. വിശുദ്ധിയിലേക്കുള്ള ചൂണ്ടുപലകയായി സഹനത്തെ മുറുകെപ്പിടിച്ച് ദേശാടന പക്ഷിയെ പോലെ പിതൃസന്നിധിയില്‍ നമുക്കായി സുരക്ഷിത സ്ഥാനം ഒരുക്കി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരണ വേളയില്‍ "എന്തിനെന്റെ ജീവിതത്തില്‍ സഹനം' എന്നു ചോദിക്കാതെ സഹനങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്തും, സഹിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള മനോഭാവവും നല്കണമേയെന്നാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്നു സന്ദേശം നല്‍കിയ ബഹു. ടെന്നി അച്ചന്‍ വെളിപ്പെടുത്തി.

ബലിയര്‍പ്പണത്തിനുശേഷം വിശുദ്ധയുടെ തിരുസ്വരൂപവും തിരുശേഷിപ്പുകളും വഹിച്ചുകൊണ്ട് പൊതു നടപ്പാതയിലൂടെ നടത്തിയ പ്രദക്ഷിണം അനേകര്‍ക്ക് അത്ഭുതവും അനുഗ്രഹവും ലഭിക്കുന്ന വലിയൊരു ആത്മീയ അനുഭവം ആയിരുന്നു. വിവിധ സന്യാസിനീ സമൂഹത്തില്‍പ്പെട്ട ധാരാളം സിസ്റ്റര്‍മാരും തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധയുടെ അനുഗ്രഹം പ്രാപിക്കാന്‍ എത്തിയിരുന്നു എന്നത് ഇടവക ജനത്തിന് ഏറെ സന്തോഷം നല്‍കി. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നു കടന്നുവന്ന സമീപസ്ഥരും വിദൂരസ്ഥരും ആയ വിശ്വാസികളും ഇടവക സമൂഹവും ഒരുമിച്ച് സ്‌നേഹവിരുന്നില്‍ സംബന്ധിച്ച് ആദിമ ക്രൈസ്തവ ചൈതന്യം പങ്കുവച്ചു.

16 വര്‍ഷങ്ങള്‍ക്കു മുമ്പ് പരസ്പരം അറിയാതെ ചിതറിക്കിടന്നിരുന്ന ക്രൈസ്തവ വിശ്വാസികളെ കോര്‍ത്തിണക്കി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തില്‍ ഒരു മിഷന്‍ സമൂഹവും, പിന്നീട് ഇടവക സമൂഹവും രൂപപ്പെടുത്തിയ മുന്‍ വികാരി ഫാ. പോള്‍ കോട്ടയ്ക്കലിന്റേയും, തുടര്‍ന്ന് 6 വര്‍ഷം നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്ന മുന്‍ വികാരി റവ.ഫാ. കുര്യാക്കോസ് വാടാനയുടേയും സാന്നിധ്യം തിരുനാള്‍ ദിനങ്ങളില്‍ ഇടവക ജനത്തിന് ഏറെ സന്തോഷകരമായിരുന്നു. ലാളിത്യത്തിന്റെ നിറകുടങ്ങളായി നിന്ന പ്രസുദേന്തിമാരായ സെബി & ശാലിനി പെരേപ്പാടന്‍ കുടുംബത്തിന്റേയും, അര്‍പ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്യുന്ന ട്രസ്റ്റീസുമാരായ ജോര്‍ജ് ചാക്കോയുടേയും, ആന്റണി അറയ്ക്കലിന്റേയും, ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ എല്ലാം ആത്മാര്‍ത്ഥമായി നിറവേറ്റിയ വ്യത്യസ്ത കമ്മിറ്റികളുടേയും പരിശ്രമങ്ങള്‍ തിരുനാള്‍ ആഘോഷങ്ങളെ അനുഗ്രഹപ്രദമായി വിജയിപ്പിച്ചതിനു ദൈവ പിതാവിന് ഏവരും നിറഞ്ഞ മനസോടെ നന്ദി അര്‍പ്പിച്ചു. കാലിഫോര്‍ണിയയിലെ ഭരണങ്ങാനം എന്നു അറിയപ്പെടുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ആചരിച്ചുവരുന്ന വിശുദ്ധയുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ കടന്നുവരുന്നവരുടെ എണ്ണവും ഭക്തിയും വിശ്വാസവും ആണ്ടുതോറും ഏറെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥ ശക്തിയുടെ തെളിവായി ഇടവക സമൂഹം മുഴുവന്‍ വിശ്വസിക്കുന്ന പുതിയ ദൈവാലയത്തില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരുനാളിനായി ഇടവക മദ്ധ്യസ്ഥതയ്ക്കു നന്ദിപറഞ്ഞു ബഹു വികാരിയായ ഫാ. കുര്യാക്കോസ് കുമ്പക്കീലും ഇടവക സമൂഹവും പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു.

ജെനി ജോയി അറിയിച്ചതാണിത്.
ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചുലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചുലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചുലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചുലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചുലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തിലോക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക