ആലുവ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കും മുന്‍പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായി പോലീസ്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടന്നത്.
ഇതു സംബന്ധിച്ച് രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. മിമിക്രി ചലച്ചിത്രതാരം അബിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തത് ഇത് സംബന്ധിച്ച വിവരം തേടാനാണെന്ന് കരുതുന്നത്. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള അവസരം കിട്ടുന്നത്.
തുടര്‍ന്ന് മഞ്ജു വാര്യരുമായി പ്രണയത്തിലാകുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടിയെ ആക്രമിക്കാനുള്ള കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണ് എന്നുള്ളത് കൊണ്ട് നടന്റെ വ്യക്തിജീവിതം പോലീസിന് പരിശോധിക്കേണ്ടതുണ്ട്. മഞ്ജു വാര്യരും ഒരുമിച്ചുള്ള കുടുംബജീവിതം തകര്‍ന്നതിന് പിന്നിലുള്ള കാരണമാണ് കേസില്‍ ദിലീപിനെ പ്രതി ചേര്‍ക്കാന്‍ പോലീസിന് മുന്നിലുള്ളത്. ഈ കാരണത്തിന് ബലം കുറഞ്ഞാല്‍ ദിലീപിനത് പിടിവള്ളിയാകും.
ദിലീപിന്റെ അടുത്ത സുഹൃത്ത് ആയിരുന്ന നടിയെ ക്രൂരമായി ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുക്കാനുള്ള കാരണം കുടുംബ ജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്നു എന്നതാണെന്നാണ് പോലീസ് പറയുന്നത്. ഈ വാദം തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം നിലനില്ക്കുകയുള്ളൂ.
നടിയോട് അത്രയധികം ശത്രുത ദിലീപിന് ഉണ്ടായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയണം. അല്ല എങ്കില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ഊരിപ്പോരാന്‍ എളുപ്പമാണ്.
മഞ്ജു വാര്യര്‍ക്കൊപ്പം കഴിയുന്ന നേരത്ത് ദിലീപിന് കാവ്യ മാധവനുമായി ഉണ്ടായിരുന്ന അടുപ്പം നടിക്ക് അറിയാമായിരുന്നു. ഈ വിവരം നടി തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഞ്ജു വാര്യരെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു
ഇതോടെ ദിലീപിന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം അവസാനിക്കുകയും ചെയ്തിരുന്നു. ഇത് നടിയോട് ദിലീപിന് കടുത്ത ശത്രുതയുണ്ടാക്കുകയും പ്രതികാരമായി ക്വട്ടേഷന്‍ നല്‍കുകയും ചെയ്തുവെന്നാണ് പോലീസിന് തെളിയിക്കേണ്ടത്.
അതിനിടയിലണ് മഞ്ജുവിനും മുന്‍പ് ദിലീപ് വിവാഹം ചെയ്തിരുന്നു എന്ന വിവരം മാധ്യമങ്ങള്‍ പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കേസിനെ എത്തരത്തില്‍ ബാധിക്കും എന്നാണിനി അറിയേണ്ടത്.
ഇപ്പോള്‍ ഗള്‍ഫില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ദിലീപിന്റെ ആദ്യ ഭാര്യ, മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണം ആയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരം അറിഞ്ഞത് കൊണ്ട് കൂടിയാണോ മഞ്ജു വിവാഹമോചനത്തിന് ഒരുങ്ങിയത് എന്ന സംശയമാണ് പോലീസിന് മുന്നിലുള്ളത്.
അങ്ങനെയെങ്കില്‍ ദിലീപിനെതിരെ ഉള്ള പോലീസിന്റെ വാദങ്ങള്‍ക്ക് ബലം പോരാതെ വരും. കാരണം കേസില്‍ ദിലീപിനെ കുടുക്കാനുള്ള ശക്തമായ കണ്ണിയായ വ്യക്തിപരമായ ശത്രുത എന്ന വാദത്തിന് ഉറപ്പ് കുറയും.
വിവാഹം ബന്ധം വേര്‍പ്പെടാന്‍ കാവ്യയുമായുള്ള ബന്ധത്തിന് പുറമേ ആദ്യ വിവാഹവും വില്ലനായിട്ടുണ്ടെങ്കില് നടിയോട് മാത്രമായി ദിലീപിന് ശത്രുത തോന്നേണ്ട കാര്യമില്ല എന്ന വാദം ഉയര്‍ന്ന് വരും. ഇത് കേസില്‍ ദിലീപിന് രക്ഷയാവാനും മതി.