Image

സന്ദര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും

Published on 03 August, 2017
സന്ദര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും

സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സെപ്റ്റംബര്‍ 30ന് (ശനി) സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കും. 

രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും. രൂപതയിലെ പത്തോളം വൈദികര്‍ സഹാകാര്‍മികരാകും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും. 

ഉച്ചകഴിഞ്ഞ് സെന്റ് ഐടന്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാതിഥിയായിരിക്കും. ന്യൂ കാസില്‍ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, ഇടവക വികാരി ഫാ. മൈക്കിള്‍ മക്കോയ് തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ശതാബ്ദി സുവനീര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് മലയാളി കാത്തലിക് കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. 

സെപ്റ്റംബര്‍ 21ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുനാളിന് ഒരുക്കമായി ഒന്പത് ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യൂണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. 

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക