Image

ജര്‍മനിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു; പുതിയ സോഫ്റ്റ് വെയറുമായി കാര്‍ നിര്‍മാതാക്കള്‍

Published on 03 August, 2017
ജര്‍മനിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു; പുതിയ സോഫ്റ്റ് വെയറുമായി കാര്‍ നിര്‍മാതാക്കള്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വിജയിച്ചു. സര്‍ക്കാരും ജര്‍മനിയിലെ പ്രമുഖ കാര്‍ നിര്‍മാണ കന്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായം ഉരുത്തിരിഞ്ഞത്. ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതിനു പകരം ഡീസല്‍ കാറുകളില്‍ പുകബഹിര്‍ഗമനം കുറയ്ക്കുന്നതിനുപകരിക്കുന്ന സോഫ്‌റ്റ്വെയര്‍ കാറുകളില്‍ പുതുതായി ഘടിപ്പിച്ചു നല്‍കാമെന്നുള്ള വ്യവസ്ഥ കാര്‍ നിര്‍മാതാക്കള്‍ മുന്നോട്ടുവച്ചത് ജര്‍മന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതുമാത്രമല്ല പുതിയ പദ്ധതികളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി അലക്‌സാണ്ടര്‍ ഡോബ്രിന്റ് അറിയിച്ചു. 

ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പരിസ്ഥിതി മന്ത്രി ബാര്‍ബെറാ ഹെന്‍ഡ്രിക്, ബവേറിയ മുഖ്യമന്ത്രി ഹോര്‍സ്റ്റ് സീഹോഫര്‍, നീഡര്‍സാക്‌സണ്‍ മുഖ്യമന്ത്രി സ്‌റ്റെഫാന്‍ വൈല്‍, ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് മുഖ്യമന്ത്രി വിന്‍ഫ്രീഡ് ക്രെറ്റ്ഷ്മാന്‍, കാര്‍ നിര്‍മാണ കന്പനികളുടെ ഉന്നതര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്നാല്‍, മലിനീകരണത്തിനെതിരായ നടപടികളുടെ ആദ്യ ഘട്ടം മാത്രമാണിതെന്നും പിന്നോട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നിരോധിക്കാന്‍ തന്നെയാണ് പ്രമുഖ നഗരങ്ങളിലെ ഭരണകൂടങ്ങളുടെ തീരുമാനം. ഫോക്‌സ് വാഗന്‍, ഡെയിംലര്‍, ബിഎംഡബ്ല്യു, ഓപ്പല്‍ എന്നീ സ്ഥാപനങ്ങളെല്ലാം നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചു നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒന്പതു വര്‍ഷത്തിനുള്ളില്‍ നിരത്തിലിറങ്ങിയ കാറുകളില്‍ പുതിയ സോഫ്‌റ്റ്വെയര്‍ കന്പനി ചെലവില്‍ ഘടിപ്പിച്ചുകൊടുക്കുമെന്നാണ് കന്പനികളുടെ വാഗ്ദാനം. 

ജര്‍മനിയിലെ വിവിധ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ മലിനീകരണം കുറച്ചു കാണിക്കാന്‍ ഡീസല്‍ വാഹനങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നു വ്യക്തമായ സാഹചര്യത്തില്‍ ജര്‍മനിയിലെ പല നഗരങ്ങളും ഡീസല്‍ വാഹന നിരോധനം സജീവമായി പരിഗണിക്കുന്നുണ്ട്. ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതു മറികടക്കാന്‍ 53 ലക്ഷത്തോളം ഡീസല്‍ കാറുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച് അപ്‌ഡേഷന്‍ ചെയ്തു കൊടുക്കാമെന്ന് നിര്‍മാതാക്കളുടെ ഇപ്പോഴത്തെ വാഗ്ദാനം.

കാര്‍ നിര്‍മാണ മേഖലയില്‍ ജര്‍മനിയില്‍ മാത്രമായി എട്ടുലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട് ഇവരുടെ ജോലിയെ ബാധിക്കുന്ന ഒരു കാര്യവും ഉണ്ടാകില്ലെന്നും കന്പനികള്‍ വ്യക്തമാക്കി. അതുമാത്രമല്ല ഒരു നിശ്ചിത കാലം കഴിഞ്ഞുള്ള ഡീസല്‍ കാറുകള്‍ക്ക് 8,000 യൂറോ വരെ സര്‍ക്കാര്‍ പ്രീമിയം നല്‍കി പുതിയതു വാങ്ങാനുള്ള അബ്‌റാക്ക് മോഡല്‍ പദ്ധതിയും ഉടന്‍ പ്രഖ്യാപിക്കും. ജര്‍മനിയിലെ ഓരോ മൂന്നു കാറുകളിലും ഒരെണ്ണം ഡീസല്‍ കാറാണ്. നിലവില്‍ ഓടുന്ന കാറുകള്‍ പുറന്തള്ളുന്നത് 60 മൈക്രോ ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡാണ് (നൈട്രജന്‍ ഓക്‌സൈഡ്). മേലില്‍ ഇത് 25 മുതല്‍ 30 ശതമാനമാക്കി കുറയ്ക്കാനാണ് പുതിയ സോഫ്‌റ്റ്വെയര്‍ ഘടിപ്പിക്കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക