Image

ദിലീപിന്റെ ഡി സിനിമാസ്‌ അടച്ചുപൂട്ടാന്‍ തീരുമാനം

Published on 03 August, 2017
ദിലീപിന്റെ ഡി സിനിമാസ്‌ അടച്ചുപൂട്ടാന്‍ തീരുമാനം

ദിലീപിന്റെ ഡി സിനിമാസ്‌ അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭാ തീരുമാനം. കയ്യേറ്റ ആരോപണം നേരിടുന്ന ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ്‌ തിയേറ്റര്‍ ഡി സിനിമാസിന്റെ നിര്‍മാണ അനുമതികള്‍ പുനഃപരിശേധിക്കാന്‍ ചാലക്കുടി നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നിരുന്നു. 

നിര്‍മ്മാണ അനുമതി നല്‍കിയതില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നഗരസഭ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്‌. ഡി സിനിമാസിന്‌ ഉടന്‍ തന്നെ ഇത്‌ സംബന്ധിച്ച്‌ നോട്ടീസ്‌ കൈമാറാനും തീരുമാനമെടുത്തു. വിജിലന്‍സ്‌ അന്വേഷണം തീരുന്നത്‌ വരെ തിയറ്റര്‍ അടച്ചിടണമെന്നാണ്‌ നഗരസഭ നിര്‍ദ്ദേശിച്ചത്‌.

കയ്യേറ്റം സംബന്ധിച്ചും നിര്‍മ്മാണ അനുമതി സംബന്ധിച്ചും ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രമക്കേടിന്‌ നഗരസഭയില്‍ നിന്ന്‌ വഴിവിട്ട സഹായം ലഭിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജരേഖ ചമച്ച്‌ നഗരസഭയെ കബളിപ്പിച്ചതായും ആരോപണമുണ്ട്‌. ഡി സിനിമാസ്‌ നിര്‍മ്മാണ അനുമതിക്കായ്‌ നല്‍കിയ മൂന്ന്‌ പ്രധാന രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

താലൂക്ക്‌ സര്‍വേയറുടെ സ്‌കെച്ച്‌ ഇല്ലാതെ സിനിമാ തിയേറ്റര്‍ നിര്‍മാണത്തിന്‌ അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്നാണു ആരോപണം. ഡി സിനിമാസിനു നിര്‍മാണാനുമതി കൊടുത്തതിനെച്ചൊല്ലി ചാലക്കുടി നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തമ്മിലടി രൂക്ഷമായിരുന്നു. എന്നാല്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഇരുപക്ഷവും അംഗീകരിച്ചു. 

 ഇടതുമുന്നണിയാണു നഗരസഭ ഭരിക്കുന്നത്‌. നിലവിലെ പ്രതിപക്ഷമായ യുഡിഎഫിന്റെ കാലത്താണെന്നു നിര്‍മാണ അനുമതി നല്‍കിയതെന്ന്‌ ഭരണപക്ഷം ആരോപിച്ചിരുന്നു. ചട്ടലംഘനമുണ്ടെങ്കില്‍ തിയേറ്റര്‍ എന്തുകൊണ്ടു നഗരസഭ പൂട്ടിക്കുന്നില്ലെന്നായിരുന്നു യുഡിഎഫിന്റെ മറുചോദ്യം.

അതേസമയം, ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക്‌ ഇല്ലെന്നാണ്‌ സ്ഥിരീകരണം. പല തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്‌. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ പറയുന്നു.

ഡി സിനിമാസ്‌ തിയറ്റര്‍ സമുച്ചയം പുറമ്പോക്ക്‌ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക