Image

ശകാരമേറ്റപ്പോള്‍ മഅ്‌ദനിയുടെ സുരക്ഷാ ചെലവ്‌ കര്‍ണാടക കുറച്ചു; സന്ദര്‍ശന ദിവസങ്ങള്‍ കൂട്ടി നല്‍കി സുപ്രീം കോടതി

Published on 04 August, 2017
ശകാരമേറ്റപ്പോള്‍ മഅ്‌ദനിയുടെ സുരക്ഷാ ചെലവ്‌  കര്‍ണാടക കുറച്ചു; സന്ദര്‍ശന  ദിവസങ്ങള്‍ കൂട്ടി നല്‍കി സുപ്രീം കോടതി

അബ്ദുള്‍ നാസര്‍ മഅ്‌ദനിയുടെ സുരക്ഷാ ചെലവ്‌ 1,18,000 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. 15 ലക്ഷം രൂപ യാത്രാചെലവ്‌ വേണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം കേട്ട സുപ്രീം കോടതി രൂക്ഷമായി ശകാരിച്ചതോടെയാണ്‌ സര്‍ക്കാര്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്‌ ചുരുക്കിയത്‌.

 ഭീമമായ തുക ഈടാക്കാനുള്ള ശ്രമം തടഞ്ഞ സുപ്രീം കോടതി മഅ്‌ദനിക്ക്‌ നാല്‌ ദിവസം കൂടി കേരളത്തില്‍ തുടരാനും അനുമതി നല്‍കി. യാത്ര അനിശ്ചിതത്വത്തിലായതോടെ നഷ്ടപ്പെട്ട നാല്‌ ദിവസത്തിന്‌ പകരമായാണ്‌ അധിക ദിവസം അനുവദിച്ചത്‌. ആഗസ്‌ത്‌ ആറ്‌ മുതല്‍ 19 വരെ മഅ്‌ദനിക്ക്‌ കേരളത്തില്‍ തുടരാം.

ആഗസ്‌ത്‌ 1 മുതല്‍ 14 വരെയാണ്‌ നേരത്തെ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ നല്‍കിയിരുന്നത്‌. ഈ സമയത്തെ സുരക്ഷാ ചെലവ്‌ മഅ്‌ദനി വഹിക്കാമെന്ന്‌ ഏറ്റിരുന്നു. എന്നാല്‍ 14,80,000 രൂപയാണ്‌ കര്‍ണാടക പൊലീസ്‌ ആവശ്യപ്പെട്ടത്‌. ഭീമമായ തുക ചോദിച്ച നടപടി സുപ്രീം കോടതിയില്‍ മഅ്‌ദനി ചോദ്യം ചെയ്യുകയായിരുന്നു.

കര്‍ണാടക പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ ടിഎയും ഡിഎയും മാത്രമേ വാങ്ങാനാവൂ എന്ന്‌ ഇതോടെ സുപ്രീം കോടതി പറഞ്ഞു. തുക പുനഃനിശ്ചയിക്കാന്‍ ശകാരിച്ച ശേഷം സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ്‌ ഇന്ന്‌ വീണ്ടും കര്‍ണാടക സര്‍ക്കാര്‍ തുക അറിയിച്ചത്‌. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കണമെന്ന മഅ്‌ദനിയുടെ ആവശ്യം കോടതി തള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക