Image

വിവാഹവേദിയില്‍നിന്നും ഇറങ്ങിപോയ യുവതിക്കെതിരെ നടക്കുന്നത്‌ സ്‌ത്രീവിരുദ്ധ ആക്രമണമെന്ന്‌ ഗുരുവായൂര്‍ എം എല്‍ എ

Published on 04 August, 2017
വിവാഹവേദിയില്‍നിന്നും ഇറങ്ങിപോയ യുവതിക്കെതിരെ നടക്കുന്നത്‌ സ്‌ത്രീവിരുദ്ധ ആക്രമണമെന്ന്‌ ഗുരുവായൂര്‍ എം എല്‍ എ



ഗുരുവായൂര്‍: ഗുരുവായൂരില്‍ വിവാഹം മുടങ്ങിയ സംഭവത്തില്‍ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടുക്കുന്നത്‌ സംഘടിത ആക്രമണമാണെന്ന്‌ ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍.

 സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചരണം നിര്‍ത്തുകയാണ്‌ വേണ്ടത്‌. സ്‌ത്രീവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും കെ വി അബ്ദുള്‍ഖാദര്‍ ആവശ്യപ്പെട്ടു.മുരളി പെരുനെല്ലി എം എല്‍ എക്കൊപ്പം യുവതിയുടെ വീട്‌ സന്ദര്‍ശിച്ച ശേഷമാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

സംഭവത്തില്‍ യുവതിയുടെ ചിത്രം ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ വസ്‌തുതകള്‍ മനസ്സിലാക്കാതെയാണ്‌ പ്രതികരിക്കുന്നത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക്‌ ശേഷം യുവതി വരനെ ഉപേക്ഷിച്ച്‌ സ്‌നേഹിതനൊപ്പം പോയി എന്ന തരത്തിലാണ്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്‌. ഇത്‌ ശരിയല്ല.

യുവതി ഇപ്പോഴും അവരുടെ വീട്ടില്‍തന്നെയാണ്‌. യുവതിയുടെ ചിത്രങ്ങള്‍ സഹിതം അപകീര്‍ത്തികരമായ പോസ്റ്റുകളാണ്‌ വരുന്നത്‌. സ്‌നേഹബന്ധത്തെ കുറിച്ച്‌ വരനോടും കുടുംബത്തോടും വ്യക്തമാക്കാതെ യുവതി വരനെ ഉപേക്ഷിച്ചു മടങ്ങി എന്ന പ്രചാരണം തെറ്റാണെന്നും സംഭവത്തിലെ യാഥ്യാര്‍ത്ഥ്യം മറ്റൊന്നാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

അപവാദ പ്രചാരണം ആ വീട്ടുകാരെ പൂര്‍ണമായും തകര്‍ത്തിരിക്കയാണ്‌.സമൂഹ മാധ്യമങ്ങളിലെ ആക്രമണം മൂലം ഒറ്റപ്പെട്ട്‌ കഴിയുകയാണ്‌ ഈ കുടുബം.വസ്‌തുതകള്‍ മനസ്സിലാക്കാതെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതു വഴി വ്യക്തികള്‍ക്ക്‌ ഉണ്ടാകുന്ന മാനഹാനിയെ കുറിച്ചും സാമൂഹിക സമ്മര്‍ദ്ദങ്ങളെ കുറിച്ചും ആലോചിക്കണമെന്നും അബ്ദുള്‍ഖാദര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക