Image

ഫോമാ കേരള കണ്‍വന്‍ഷന് അഭിവാദ്യങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (എ.എസ്.ശ്രീകുമാര്‍ )

Published on 04 August, 2017
ഫോമാ കേരള കണ്‍വന്‍ഷന് അഭിവാദ്യങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (എ.എസ്.ശ്രീകുമാര്‍ )
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ ഐക്യബോധത്തിന്റെ പതാക വഹിക്കുന്ന ഫോമാ എന്ന ബഹുജന സംഘടനയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സമൂഹത്തെ സാക്ഷ്യപ്പെടുത്തി എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ ഒ.എന്‍.വി നഗറില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഫോമായുടെ കേരള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമയ്ക്ക് കേരളവും കേരളത്തിന് ഫോമയും പരസ്പരം കൈത്താങ്ങാവണം. കേരളം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്ന കാലഘട്ടമാണിത്. പ്രസ്തുത പദ്ധതികള്‍ക്ക് അമേരിക്കന്‍ മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫോമയ്ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് നേഴ്‌സുമാര്‍. കേരളത്തിലെ സ്വകാര്യ നേഴ്‌സുമാരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പരിഹരിച്ചു കഴിഞ്ഞു. അമേരിക്കന്‍ മലയാളി നേഴ്‌സ് സമൂഹവും മലയാളികള്‍ ഒന്നാകെയും നാടിനെ നെഞ്ചേറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സമ്മേളനം-പിണറായി വിജയന്‍ പറഞ്ഞു.

ജന്മനാടുമായുള്ള അമേരിക്കന്‍ മലയാളികളുടെ പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം നടന്നത്. മൗന പ്രാര്‍ത്ഥനയ്ക്ക് ശേഷം കലാ പ്രതിഭയും സെലിബ്രിറ്റിയുമായ കുമാരി ദേവികയുടെ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...' എന്ന കേരളത്തിന്റെ കാവ്യ നക്ഷത്രമായ ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ പാടിക്കൊണ്ടാണ് ഒ.എന്‍.വി നഗറില്‍സമ്മേളനത്തിന് തിരിതെളിഞ്ഞത്. ഒ.എന്‍.വി യുടെ സ്മരണകള്‍ തുടിച്ചുനിന്ന വേദിയില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് സ്വാഗതമാശംസിച്ചു. ഈ നിറഞ്ഞ സദസ് ഫോമായുടെ പ്രകാശ വളര്‍ച്ചയുടെ മകുടോദാബരണമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാപരമായി ഫോമാ കേരളത്തില്‍ ഇങ്ങനെ കൂട്ടായ്മയുടെ വിളമ്പരവുമായി വര്‍ഷത്തിലൊരിക്കലെത്തുന്നത് നാട്ടിലുള്ള മലയാളികളുടെ സുഖദുഖങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പങ്കുതേരുവാനാണെന്ന് ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ചടങ്ങില്‍ അദ്ദേഹം ഫോമായുടെ ചാരിറ്റി പദ്ധതികള്‍ പ്രഖ്യാപിച്ചു.

അമേരിക്കയിലും കാനഡയിലുമുള്‍പ്പെടെയുള്ള വിദേശ മലയാളികള്‍ അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ ഐശ്വര്യമെന്നും ഫോമായുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകളും പിന്തുണയും നേരുന്നുവെന്നും ചാരിറ്റി തുകയുടെ ചെക്ക് നല്‍കിക്കൊണ്ട് ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കട കിള്ളിയിലെ പ്രോവിഡന്‍സ് ഹോമിലെ ബുദ്ധിവികാസം പ്രാപിക്കാത്ത 60 കുട്ടികള്‍ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സിസ്റ്റര്‍മാരായ ഷേര്‍ളിയും സ്മിതയും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. നിര്‍ധനരായ കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കോവളം ഫുട്‌ബോള്‍ ക്ലബിലെ കുട്ടികള്‍ക്കുള്ള ഫോമായുടെ ഒരു ലക്ഷം രൂപയുടെ സഹായവും മന്ത്രി വിതരണം ചെയ്തു.

തുടര്‍ന്ന് ആശംസകളര്‍പ്പിച്ച് സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പ്രവാസി വോട്ടവകാശത്തെപ്പറ്റി സംസാരിക്കുകയും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്തു. എം.എല്‍.എ മാരായ രാജു എബ്രഹാം, മോന്‍സ് ജോസഫ്, ബി.ജെ.പി സംസ്ഥാന മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, അഡ്വ. ഷിബു മണല തുടങ്ങിയവര്‍ ഫോമായുടെ ബഹുമുഖ സംരംഭങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നേഴ്‌സിങ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖലയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അമേരിക്കയില്‍ കുറഞ്ഞ ഫീസ് നിരക്കില്‍ പഠനത്തിനുള്ള സംവിധാനം ഒരുക്കിയതായി ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ സമ്മേളനത്തെ അറിയിച്ചു. നാട്ടില്‍ ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് ഫോമാ ജന്‍മനാടിന്റെ മനം കവര്‍ന്നിരിക്കുന്നുവെന്ന് കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ് ബാബു പറഞ്ഞു.

ഫോമാ ബിസിനസ് മെന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മഹാലക്ഷ്മി സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ റ്റി.കെ വിനോദ് കുമാറിനും ഫോമ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫോമ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനും അമേരിക്കന്‍ വ്യവസായിയുമായ ജോണ്‍ ടൈറ്റസിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയ്, ദത്ത ആന്‍ഡ് കണ്ണന്‍ ആര്‍ക്കിടെക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ദ്രനീല്‍ ദത്ത, കേരള കണ്‍വന്‍ഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ് എന്നിവരെ ബിസിനസ് നേട്ടങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചു. കേരള കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. വൈകിട്ട് 5.15 മുതല്‍ പൊളിറ്റിക്കല്‍ ഫോറം, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെമിനാര്‍ നടക്കുകയാണ്.
ഫോമാ കേരള കണ്‍വന്‍ഷന് അഭിവാദ്യങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (എ.എസ്.ശ്രീകുമാര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക