Image

ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ് സത്യന്‍ അന്തിക്കാടിന്

Published on 04 August, 2017
ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ് സത്യന്‍ അന്തിക്കാടിന്
 
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം നല്‍കി വരുന്ന സാംസ്‌കാരിക അവാര്‍ഡിന് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായന്‍ സത്യന്‍ അന്തിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. തിരക്കഥാകൃത്ത്, ഗാന രചയിതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മലയാള വിഭാഗം കണ്‍വീനര്‍ ടി.ഭാസ്‌കരന്‍ പറഞ്ഞു. 

സെപ്റ്റംബര്‍ 21, 23 തീയതികളില്‍ അല്‍ഫലാജ് ഹോട്ടലില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ അവാര്‍ഡ് സമ്മാനിക്കും. ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഒമാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക ക്ഷണിതാവുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

ഇത്തവണ മൂവായിരം പേര്‍ക്കുള്ള ഓണസദ്യയാണ് ഒരുക്കുന്നത്. ഒമാനിലെ വിവിധ ലേബര്‍ ക്യാന്പുകളില്‍ നിന്നുള്ളവരെ പരമാവധി പങ്കെടുപ്പിക്കുമെന്നുള്ളത് ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകത ആയിരിക്കുമെന്ന് കണ്‍വീനര്‍ പറഞ്ഞു.

പുതിയ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം അംഗത്വ ഫീസില്‍ വരുത്തിയ കുറവും കണ്‍വീനര്‍ ഭാസ്‌കരന്‍ പ്രഖ്യാപിച്ചു. ഫാമിലി മെംബര്‍ഷിപ്പിന് ഈടാക്കിയിരുന്ന 30 ഒമാനി റിയാല്‍ 20 ആയി കുറച്ചു. ഭര്‍ത്താവിനും ഭാര്യക്കും പുറമെ 19 വയസിനു താഴെയുള്ള മക്കളെയാണ് ഫാമിലി മെംബര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തുന്നത്. 19 വയസിനു മുകളിലുള്ള മക്കള്‍ക്ക് വ്യക്തിഗത അംഗത്വം എടുക്കണം. പുതിയ നേതൃത്വം ചുമതലയേറ്റത്തിനുശേഷം 150 പേര്‍ക്ക് അംഗത്വം നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ കോകണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സംഗീത നാടക വിഭാഗം സെക്രട്ടറി ജയന്‍ജി, കള്‍ച്ചറല്‍ സെക്രട്ടറി പി.എം.മുരളീധരന്‍, വനിതാ വിഭാഗം സെക്രട്ടറി സിന്ധു സുരേഷ്, രഘു പ്രസാദ് കാരണവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക