Image

മുന്‍ പൊലീസ്‌ മേധാവി സെന്‍കുമാറിനെ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചു

Published on 06 August, 2017
 മുന്‍ പൊലീസ്‌ മേധാവി  സെന്‍കുമാറിനെ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചു


മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ്‌ മേധാവി ടി.പി സെന്‍കുമാറിനെ അറസ്റ്റ്‌ രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ്‌ സെന്‍കുമാറിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചത്‌. 

വിവാദമായ അഭിമുഖം റെക്കോര്‍ഡ്‌ ചെയ്‌തിന്റെ സിഡി വാരിക ലേഖകന്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമത്വം നടന്നെന്നു ഫൊറന്‍സിക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന്‌ കോടതി വ്യക്തമാക്കിയതിനു തുടര്‍ന്നാണ്‌ നടപടി. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ്‌ സെന്‍കുമാറിനെ അറസ്റ്റ്‌ ചെയ്‌തത്‌. ജൂലൈ 29 നാണ്‌ സൈബര്‍സെല്ലിനു മുമ്പാകെ സെന്‍കുമാര്‍ ഹാജറായത്‌.

 രണ്ട്‌ ജാമ്യക്കാരെ ഹാജരാക്കിയ ശേഷം അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍ സെന്‍കുമാറിനെ വിട്ടയക്കുകയായിരുന്നു. അഭിമുഖം സംബന്ധിച്ച രേഖകള്‍ വാരിക കോടതിയില്‍സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘം ഈ രേഖകള്‍ കോടതിയില്‍ നിന്ന്‌ സ്വീകരിക്കും.

മുന്‍ പൊലീസ്‌ മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേരള പൊലീസ്‌ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ്‌ സെന്‍കുമാറിന്‌ മേല്‍ ചാര്‍ത്തിയിരിക്കുന്നത്‌. സമകാലിക മലയാളം വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഡിജിപി വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്‌. അഭിമുഖം പ്രസിദ്ധീകരിച്ചതിന്‌ വാരികയ്‌ക്ക്‌ എതിരെയും കേസെടുത്തിട്ടുണ്ട്‌.

മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന്‌ സെന്‍കുമാറിനെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖാപിക്കുകയും ചെയ്‌തു. 

ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ ലഭിച്ച എട്ടു പരാതികള്‍ ക്രൈംബ്രാഞ്ച്‌ എഡിജിപി നിതിന്‍ അഗര്‍വാളിന്‌ കൈമാറുകയും ചെയ്‌തു. നിതിന്‍ അഗര്‍വാളിനാണ്‌ അന്വേഷണ ചുമതല. ആര്‍എസ്‌എസിന്‌ അനുകൂലമായിട്ടും മുസ്ലിം സമൂഹത്തിനെതിരെയുമായിരുന്നു മുന്‍ പൊലീസ്‌ മേധാവി ടിപി സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക