Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 2- ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 06 August, 2017
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 2- ആന്‍ഡ്രൂ പാപ്പച്ചന്‍)
ചിന്തിച്ചാല്‍ ഈ ജീവിതമാകുന്ന യാത്രയിലേതെല്ലാം വേഷങ്ങള്‍.......അതിനേതെല്ലാം നിറങ്ങള്‍. ജീവിതം നേരായവഴിയേ നീങ്ങിയാല്‍ അവിടെ പ്രസരിപ്പിന്റെ പച്ചപ്പുണ്ടാവും. പാപത്തിന്റെ ലോകത്ത് ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് ചുറ്റും ഇരുട്ടിന്റെ കറുപ്പ് വീണുകിടക്കും, തനിക്ക് സംഭവിച്ചതുപോലെ.
സന്ധ്യയുടെ ചുവപ്പ് ഇലകളുടെ പച്ചപ്പിലേക്ക് പടര്‍ന്നു തുടങ്ങി. അപ്പോഴും ചിന്തകളില്‍ നിന്ന് മനസ് മോചിക്കപ്പെട്ടിരുന്നില്ല. തെറ്റുകളുടെ പഴയകാലം, തുറന്നുവച്ച പുസ്തകത്തിലെ അക്ഷരക്കൂട്ടംപോലെ മനസില്‍ തെളിഞ്ഞു.

റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴൊക്കെ ജൂഡിയെ വീണ്ടും വീണ്ടും കണ്ടിരുന്നു. അവളുടെ വിനയവും സങ്കോചവും നിറഞ്ഞ പെരുമാറ്റം തന്നെ കീഴ്‌പ്പെടുത്തിയെന്നതാണ് ശരി. അവളോട് നല്ല സൗഹൃദമായി. ടൗണില്‍ തനിച്ചായിരുന്നു ജൂഡിയുടെ താമസം. അടുപ്പമേറിയതോടെ ജോലിസമയം കഴിഞ്ഞ് അവള്‍ക്കൊപ്പം പുറത്തുപോകാന്‍ സമയം കണ്ടെത്തി. ഇടയ്ക്ക് ജൂഡിയെതേടി അവളുടെ വീട്ടിലുമെത്തും. അവിടെ അവള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിക്കും. പിന്നെ ഏറെനേരം സംസാരിച്ചിരിക്കും. ജൂഡിയുടെ പപ്പയും മമ്മിയും മരിച്ചുപോയിരുന്നു. ഒരു സഹോദരിയുള്ളത് വിവാഹിതയായി ടൗണില്‍തന്നെ താമസിക്കുന്നു. ജൂഡിക്ക് സഹോദരിയുമായൊന്നും അത്ര അടുപ്പമുണ്ടായിരുന്നില്ല. ഒരുതരം ഏകാന്തതയെ പ്രണയിക്കുന്ന പ്രകൃതം.

"" നീ വിവാഹം കഴിക്കാനായി ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തിയോ ആല്‍ഫ്രഡ്?'' മമ്മി കാണുമ്പോഴൊക്കെയും തിരക്കും. ""ഇനിയുമൊരു പെണ്ണിനെയും ഞാന്‍ കണ്ണുമടച്ച് വിശ്വസിക്കില്ല ...ജാനറ്റിന്റെ കാര്യം കൊണ്ടുതന്നെ മനസ് മടുത്തു.'' എന്നായിരിക്കും തന്റെ മറുപടി. ജൂഡിയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മനസില്‍ പെണ്ണുങ്ങളോടുള്ള ദേഷ്യം മാറിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു പരിധിയില്‍ കൂടുതല്‍ ജൂഡിയോടടുക്കാന്‍ ഇഷ്ടപ്പെട്ടില്ല. സൗഹൃദത്തിനപ്പുറത്തേക്ക് ബന്ധം വളരാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. മദ്യപിച്ചു കഴിഞ്ഞാല്‍ പിന്നെ ജൂഡിയോട് വാക്ക് കൊണ്ട് കോര്‍ക്കുക പതിവാണ്. നിസാരകാര്യങ്ങളെ കുറിച്ചാവും പലപ്പോഴും തര്‍ക്കം. ജൂഡിയും വിട്ടുതരില്ല. തക്കതായ മറുപടി അവളും നല്‍കും. സംസാരം സ്ത്രീകളെകുറിച്ചാവുമ്പോള്‍ തന്റെ വാക്കുകളില്‍ ദേഷ്യം നുരഞ്ഞുവരും. ""എനിക്കൊരു പെണ്ണിനേം കണ്ടൂടാ..''

""ഓ അങ്ങനെയോ? പിന്നെന്തിനാ ഇയാളെന്റടുത്ത് വന്നിരിക്കുന്നേ'' ദേഷ്യത്തോടെ ചോദിക്കുമ്പോള്‍ അവളിലെ പരിഭവം മുഴുവന്‍ ആ മിഴികളിലുണ്ടാവും. മയക്കുമരുന്ന് ഉപയോഗം വല്ലപ്പോഴുമാവാമെങ്കിലും അതിന് അടിമയാകരുതെന്ന് ജൂഡി തന്നെ വിലക്കിക്കൊണ്ടിരുന്നു. അവളുടെ ഉപദേശങ്ങള്‍, തനിക്കിഷ്ടമായിരുന്നില്ല. ഒരുദിവസം ജൂഡി തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് വളരെ സന്തോഷത്തിലായിരുന്നവള്‍. അന്നേറെ നേരം ഇരുവരും സംസാരിച്ചിരുന്നു. അവളിലെ പ്രണയിനിയെ തിരിച്ചറിഞ്ഞതും അന്നായിരുന്നു. അവളുടെ മിഴികള്‍ തന്നോടെന്തൊക്കെയോ പറയാന്‍ വെമ്പുന്നതുപോലെ തോന്നി. പക്ഷേ ......സംസാരത്തിനിടെ മയക്കുമരുന്ന് കുത്തിവെക്കാന്‍ സൂചിയെടുത്ത തന്നോടവള്‍ കലിപൂണ്ടലറി. "" അരുതാല്‍ഫ്രഡ് ...അരുത്..........തനിക്കെന്നോടിത്തിരി സ്‌നേഹമെങ്കിലുമുണ്ടെങ്കില്‍ ...അതെടുത്ത് ദൂരെകള...........അല്ലെങ്കീ ഞാനിപ്പോ.....''. വിട്ടുകൊടുക്കാന്‍ താനും ഒരുക്കമല്ലായിരുന്നു. പറഞ്ഞ് പറഞ്ഞ് തര്‍ക്കമായി.. അവസാനം വാക്കുകള്‍ കൈയേറ്റത്തിലെത്തി. മരുന്നിന്റെ ലഹരിയിലമരണമെന്നുള്ള ആഗ്രഹം തന്നെ കീഴ്‌പ്പെടുത്തിയിരുന്നു. ദേഷ്യത്തിന് കൈചുരുട്ടി അവളുടെ നേരെ ചെന്നപ്പോള്‍ ജൂഡി തടഞ്ഞു. സമയം കഴിഞ്ഞതോടെ മയക്കുമരുന്നിന്റെ ലഹരി ലഭിക്കാതെ തനിക്ക് ഭ്രാന്തുപിടിച്ചു. അവള്‍ക്ക് പിന്നാലെ കലിപൂണ്ട് നടന്നു. ""ഉടനിവിടുന്നിറങ്ങിക്കോണം'' അവള്‍ പറഞ്ഞതുകേട്ട് വീണ്ടും ദേഷ്യം വന്നു. അവളെ തള്ളി നിലത്തിട്ടു. തന്റെ കൈയില്‍ നീട്ടിപ്പിടിച്ച സിറിഞ്ച്. ചാടിയെഴുന്നേറ്റവളോടി അടുക്കളയില്‍ നിന്നൊരു കത്തിയെടുത്ത് തന്റെ നേരെ വന്നു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കത്തി വലിച്ചുമേടിച്ചവളെ കുത്തി. അവള്‍ താഴെ വീണു. നെഞ്ചില്‍ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു. പിന്നെയവിടെ നിന്നില്ല. കത്തിയുമായി വേഗത്തില്‍ നടന്നു. വഴിയില്‍വച്ച് കത്തി നദിയിലെറിഞ്ഞു. ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ എന്ന് ഇടക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയതുമാത്രമേ ഓര്‍മയുള്ളൂ...ശ്വാസം നിലച്ചുപോയ അവസ്ഥയാരുന്നു. വെപ്രാളത്തോടെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടി. തിടുക്കത്തില്‍ രക്തക്കറ കൈയില്‍നിന്ന് കഴുകിക്കളഞ്ഞു. വീണ്ടും വീണ്ടും കഴുകിയിട്ടും ആ രക്തക്കറ കൈയില്‍ തന്നെ മായാതെ നില്‍ക്കുന്ന തോന്നല്‍.. ഓരോ മിനിറ്റിലും ആരെങ്കിലും തന്നെ തിരക്കി വരുന്നുണ്ടോയെന്ന് ഭയത്തോടെ നോക്കിക്കൊണ്ടിരുന്നു. അവള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും. ഒരു ഭ്രാന്തനെപോലെ അസ്വസ്ഥനായ മണിക്കൂറുകള്‍. ........ ഏറെ നേരം കഴിഞ്ഞിട്ടും ആരും വരാതായതോടെ ആശ്വാസമായി. അപ്പോഴും കൈയിലെ രക്തക്കറ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. അവളെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു. അവളെ ആശുപത്രിയിലാക്കാന്‍ നിന്ന് താന്‍ പിടിക്കപ്പെട്ടാലോ എന്ന് ഭയന്നാ ഓടിപ്പോന്നത്. മനസ് സ്വയം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അവള്‍ക്കെന്തു സംഭവിച്ചു കാണും.? രാത്രി മുഴുവന്‍ വിഷമിച്ചുകഴിച്ചുകൂട്ടി. ഒരുവിധേന നേരം പുലര്‍ന്നു. പത്രം കൈയിലെടുത്തപ്പോള്‍ കൈകള്‍ വിറച്ചു. വേഗം പത്രത്തിന്റെ കടന്നുപോയി. പേടിച്ചതു തന്നെ സംഭവിച്ചു. അവള്‍ മരിച്ചിരിക്കുന്നു. ജൂഡിയുടെ ചിത്രം സഹിതം വാര്‍ത്തയുണ്ട്. കൊലയാളിക്കുവേണ്ടി അന്വേഷണം നടക്കുന്നുവെന്നും എഴുതിയിരിക്കുന്നു.

പോലിസ് കൊലയാളിയെ തിരയുന്നുണ്ടായിരുന്നു. മനസില്‍ വല്ലാത്ത ഭയം തോന്നി. പക്ഷേ താന്‍ ജൂഡിയുടെ വീട്ടില്‍ പോയ കാര്യം ആര്‍ക്കും അറിയില്ലായിരുന്നു എന്ന സത്യം അയാളെ ആശ്വസിപ്പിച്ചു. അന്ന് ജോലിക്ക് പോകാതെ മമ്മിയെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. യാത്രാ സമയം മുഴുവന്‍ ഭയം വേട്ടയാടിക്കൊണ്ടിരുന്നു. ബസിലിരിക്കുമ്പോള്‍ ആരുടെയും മുഖത്തേക്ക് നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. വിഷാദം നിറഞ്ഞ മുഖത്തോടെ മമ്മിക്കരികിലെത്തിയ താന്‍ വല്ലാതെ അസ്വസ്ഥനാണന്ന് തിരിച്ചറിയാന്‍ മമ്മിക്കധികം സമയം വേണ്ടിവന്നില്ല.
""നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നേ?'' മമ്മി ചോദിച്ചു.

""ഒന്നുമില്ല മമ്മീ. കൂട്ടുകാരിയോട് വഴക്കിട്ടുവന്നതിന്റെ ടെന്‍ഷനാ'' എന്നായിരുന്നു മറുപടിയെങ്കിലും ആല്‍ഫ്രഡ് എന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മമ്മിക്കു തോന്നി. എങ്കിലും അവര്‍ കൂടുതലൊന്നും ചോദിച്ചില്ല.
""നിനക്കവിടെ സുഖമാണോ ആല്‍ഫ്രഡ്?'' അടുത്തുവന്നിരുന്ന് തന്റെ കണ്ണുകളിലേക്കുറ്റു നോക്കി മമ്മി ചോദിച്ചു.
""കുഴപ്പമില്ലാതെ പോകുന്നു '' മമ്മിയുടെ മുഖത്തേക്ക് നോക്കാതെയായിരുന്നു മറുപടി.
മമ്മി അടുത്തിരുന്ന് പ്ലേറ്റിലേക്ക് ബ്രഡും ജാമും എടുത്തുവച്ചു, കപ്പിലേക്ക് ചായ പകര്‍ന്നു. ചായ കുടിച്ചുകഴിഞ്ഞ് കുറച്ചുസമയം മമ്മിക്കരികിലിരുന്നു. മമ്മിയുടെ സാമീപ്യം തന്നെ ആശ്വാസമായിരുന്നു.
"" ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതിയായിരുന്നെനിക്ക്. അപ്പച്ചന്റെ മുഖം കാണണ്ടല്ലോന്ന് കരുതിയാ വീട് വിട്ടുപോയേ. വീട്ടീന്നു പോയില്ലായിരുന്നെങ്കില്‍ .......'' വാക്കുകള്‍ മുറിഞ്ഞതവര്‍ ശ്രദ്ധിച്ചു.
""ആല്‍ഫ്രഡ് നീ വല്ലാതെ ടെന്‍ഷനിലാണല്ലോ......നിനക്കെന്താ പറ്റിയേ?''
""ഒന്നുമില്ല മമ്മീ, എല്ലാം മമ്മീടെ തോന്നലാ..'' മമ്മിയെ സമാധാനിപ്പിക്കാനായി പറയുമ്പോഴും ഉള്ള് വിങ്ങുന്നുണ്ടായിരുന്നു.

്""ജാനറ്റ് നിന്നെ തിരക്കിയിരുന്നു, ഒന്നു പോയി കണ്ടൂടേ?'' ബ്രഡില്‍ ജാം തേച്ചുപിടിപ്പിക്കുന്നതിനിടെ മമ്മിയുടെ ചോദ്യം.
്""അവളുടെ പിണക്കമൊക്കെ മാറിയോ?''
""അവളിപ്പോ വല്യ സന്തോഷത്തിലാ...പിണക്കമൊന്നുമില്ലാന്നു തോന്നുന്നു. നിന്നെ കാര്യമായന്വേഷിച്ചിരുന്നു കഴിഞ്ഞതവണ കണ്ടപ്പോള്‍.'' മമ്മി പറഞ്ഞു
്""ഇനി നാളെ പോകാം. ഇന്നൊന്നിനുമൊരു മൂഡില്ല.''
"" നന്നായൊന്നുറങ്ങ്. എല്ലാം ശരിയാകും.'' മമ്മി ആശ്വസിപ്പിച്ചു. ഉറങ്ങാന്‍ കിടക്കുമ്പോഴും ചിന്തകളുടെ ചൂടേറ്റ് വിയര്‍ത്തുകൊണ്ടിരുന്നു. അപ്പുറത്തെ റോഡില്‍ ഏതെങ്കിലും വാഹനത്തിന്റെ സ്വരം കേള്‍ക്കുമ്പോഴേ ഭയംകൊണ്ട് വിറച്ചു. വിഷാദം നിറഞ്ഞ തന്റെ മുഖം മമ്മിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ നന്നേ പണിപ്പെട്ടു. പേടിച്ചും വിഷമിച്ചും രാത്രി കടന്നുപോയി. പിറ്റേന്ന് രാവിലെതന്നെ ജാനറ്റിനെ കാണാന്‍ പുറപ്പെട്ടു. പരിഭവം നിറഞ്ഞ മുഖമാണ് പ്രതീക്ഷിച്ചതെങ്കിലും ദൂരെ നിന്ന് കണ്ടതേ ജാനറ്റ് ഓടിവന്നു. വയലറ്റ് നിറത്തിലെ ഫ്രോക്കില്‍ അവള്‍ കൂടുതല്‍ സുന്ദരിയായതുപോലെ തോന്നി. മുടി റിബണ്‍ബാന്‍ഡുകൊണ്ട് മുകളിലേക്ക് കെട്ടിവച്ചിരുന്നു.

""ഹായ് ആല്‍ഫ്രഡ്...നീയെത്ര നാളായിതിലേ വന്നിട്ട്...'' അവള്‍ ചോദിച്ചു.
""സമയം തീരെ കിട്ടുന്നില്ല ജാനറ്റ്. നിന്റെ ജോലിയൊക്കെ എങ്ങനെ ?''
""എല്ലാം നന്നായി പോകുന്നു. വരൂ, നമുക്ക് മുറിയിലേക്കിരിക്കാം''. അടഞ്ഞുകിടന്ന വാതില്‍ മെല്ലെ തുറന്ന് അവള്‍ അകത്തേക്ക് ക്ഷണിച്ചു. നീലകുഷ്യനുകള്‍ വിരിച്ചിട്ട സോഫമേലിരുന്ന് ചുറ്റും നോക്കി.
""നിന്റെ മമ്മിയെവിടെ ജാനറ്റ്?.'' തന്റെ മുഖത്തെ ഭയം അവളുടെ കണ്ണില്‍പെടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ചോദ്യം.
""ഇവിടടുത്ത ഡിപ്പാര്‍ട്ടമെന്റല്‍ സ്റ്റോര്‍ വരെ പോയതാ, ഉടനെത്തും.''
""ജാനറ്റ്, നീയിവിടുത്തെ ജോലിവിട്ട്, എനിക്കൊപ്പം ടൗണിലേക്ക് വരുമോ? ഞങ്ങളുടെ ഫാക്ടറിയില്‍ ഞാന്‍ നിനക്ക് ജോലി ശരിയാക്കാം, നിനക്കിഷ്ടമാണെങ്കില്‍ നമുക്കൊരുമിച്ച് ജീവിക്കാം....മുമ്പ് പറഞ്ഞതുപോലെ നമുക്കിനി വിവാഹത്തെ കുറിച്ചും ചിന്തിക്കാമല്ലോ .''
തന്റെ വാക്കുകള്‍ ജാനറ്റില്‍ വലിയ സന്തോഷമൊന്നും ഉണ്ടാക്കിയില്ലന്നത് ശ്രദ്ധിച്ചു. തന്റെ അരികിലേക്ക് നീങ്ങിനിന്നവള്‍ പറഞ്ഞു.
""നീയെന്നോട് കാട്ടുന്ന ഇഷ്ടവും,കരുതലും... അതെനിക്ക് മനസിലാകുന്നുണ്ടാല്‍ഫ്രഡ്, പക്ഷേ ഈ ജോലി വിട്ട് വരാനെനിക്ക് മനസ് വരുന്നില്ല. ഇവിടെയെനിക്ക് നല്ല ശമ്പളമുണ്ട്,വീടും ഇവിടെയടുത്താണല്ലോ.''
""ഇതിലും ശമ്പളം തരപ്പെടുത്താമെന്നേ. വീട്ടുകാരുടെ അനുവാദത്തോടെ നമുക്കൊരുമിച്ച് താമസിക്കുകയും ചെയ്യാം.''

""പുതിയ ജോലിയൊക്കെ പരിചയപ്പെട്ടുവരാന്‍ സമയമെടുക്കും. ഞായറാഴ്ചകളില്‍ ആല്‍ഫ്രഡ് ഇവിടേക്ക് വന്നാ മതി, നമുക്ക് തമ്മില്‍കാണാമല്ലോ. ഞാനും ഇടയ്ക്ക് ടൗണീവരാം, സത്യംപറഞ്ഞാ എനിക്കീ പട്ടണത്തിലെ ബഹളമൊന്നും ഇഷ്ടമല്ലാല്‍ഫ്രഡ്.'' ജാനറ്റിന്റെ മറുപടി നിരാശപ്പെടുത്തി. എങ്കിലും അത് പ്രകടിപ്പിക്കാതെ പറഞ്ഞു.

""ജാനറ്റിന്റിഷ്ടം പോലെ നടക്കട്ടെ, എനിക്ക് പറ്റുമ്പോഴൊക്കെ ഞാന്‍ വരാം. തന്റെ തീരുമാനം മാറ്റി എപ്പോള്‍ വരണമെന്ന് തോന്നിയാലും എന്റെ വീടിന്റെ വാതിലുകള്‍ തനിക്കായി തുറന്നിട്ടിരിക്കും.''
""ശരി ആല്‍ഫ്രഡ്, പക്ഷേ ഒരു കാര്യം കൂടി. നീ മയക്കുമരുന്നുപയോഗം നിര്‍ത്തണം. അല്ലാതെ ഞാന്‍ നിന്നെ തേടിവരില്ല. മരുന്നുപയോഗിച്ചാല്‍ പിന്നെ നിനക്ക് സ്വയം നിയന്ത്രിക്കാനാകുന്നില്ല, വെറുതേ ഉടക്കാന്‍ വേണ്ടി ഞാനെന്തിനാ നിന്നെ തേടി വരുന്നേ. നീയിപ്പോ മയക്കുമരുന്നുമായി അഡിക്ടായതുപോലെ തോന്നുന്നു. '' ജാനറ്റ് പറഞ്ഞു. മരുന്നെന്ന് കേട്ടപ്പോള്‍ അയാള്‍ ഞെട്ടി. അയാള്‍ ചുറ്രിനും നോക്കി പരിസരത്തെങ്ങും ആരും വന്നിട്ടില്ലന്നുറപ്പുവരുത്തി. എന്നിട്ടു പറഞ്ഞു.
""ഞാന്‍ നിനക്ക് വാക്ക് തരുന്നു ജാനറ്റ്, നിനക്കെന്നെ വിശ്വസിക്കാം. ഞാനിനി മരുന്നുപയോഗിക്കില്ല.
നിന്റെ വാക്കിനെ ഞാനത്രക്കിഷ്ടപ്പെടുന്നു. ഞാനെന്റെ വാക്ക് മറക്കില്ല. '' അവളുടെ കൈകളില്‍ പിടിച്ച് കണ്ണുകളിലേക്കുറ്റുനോക്കി വീണ്ടും ഉറപ്പ് നല്‍കുമ്പോഴും ജൂഡിയെയോര്‍ത്ത് മനസ് തേങ്ങുന്നുണ്ടായിരുന്നു.
""ഞാനിന്ന് സംസാരിക്കാന്‍ പറ്റിയ മൂഡിലല്ല ജാനറ്റ്. മമ്മിയിപ്പോഴെന്നെ പ്രതീക്ഷിക്കുന്നുണ്ടാകും, ഞാന്‍ ചെല്ലട്ടേ'', തിടുക്കത്തില്‍ യാത്ര പറഞ്ഞ് വേഗം നടന്നു.
വീടിനോടടുക്കുംതോറും നെഞ്ചിടിപ്പ് കൂടിവന്നു. ആരെങ്കിലും തന്നെതിരിച്ചറിഞ്ഞെങ്കിലോ? വഴിയില്‍ അറിയുന്നവരാരെങ്കിലുമുണ്ടോയെന്ന് പകപ്പോടെ നോക്കിക്കൊണ്ടിരുന്നു. ഭയംകൊണ്ട് കണ്ണുകള്‍ തുറിച്ചുനിന്നു. പോലിസെങ്ങാനും വഴിയില്‍ നില്‍ക്കുന്നുണ്ടാകുമോ? ഭയം കൂടിയപ്പോള്‍ നിശ്വാസത്തിനും ശക്തികൂടി. ഒരുവിധേന വീടെത്തി. മമ്മി കാത്തിരിക്കുന്നുണ്ടായിരുന്നു. ജാനറ്റിനെ കുറിച്ച് മമ്മിയോട് പറഞ്ഞ ശേഷം, തിടുക്കത്തില്‍ ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞിറങ്ങി. മരിച്ച പെണ്‍കുട്ടിയുമായി തനിക്കടുപ്പമുള്ള വിവരം ആര്‍ക്കുമറിയില്ലന്നോര്‍ത്തപ്പോള്‍ മനസൊന്നു തണുത്തു. അവള്‍ മരിക്കാനിടയായ കത്തിയും നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസിനെ സമാധാനിപ്പിച്ചു.
ഒരുവിധേന താമസസ്ഥലത്തെത്തി. പിറ്റേന്ന് ഫാക്ടറിയിലെത്തിയിട്ടും സംശയത്തിന്റെ കണ്ണുകളൊന്നും തനിക്കുനേരെയില്ലന്നറിഞ്ഞതോടെ ആശ്വസിച്ചു. ടൗണിലെ കൊലപാതകത്തെകുറിച്ചായിരുന്നു ഫാക്ടറിയിലെ സംസാരം. അന്വേഷണം എവിടെവരെയെത്തിയെന്നറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും ആരോട് ചോദിച്ച് കാര്യങ്ങള്‍ ഉറപ്പാക്കും.?'' ഉള്ളിലെ വേവലാതി പുറത്തറിയിക്കാതിരിക്കാന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്നു.

""കൊലയാളിയെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലിതുവരെയും. ബന്ധുക്കളില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ എന്തെങ്കിലും വിവരം ലഭിക്കുമോയെന്നന്വേഷിക്കുകയാ പോലിസ്.'' ഡിസൂസ തന്നെ നോക്കി പറഞ്ഞപ്പോള്‍ ഞെട്ടി.
""മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണത്രേ മരണം .പാവം പെണ്ണ്, കൊലപാതകിയെ പോലിസ് കണ്ടെത്തുമായിരിക്കും'' സ്ഥലകാലബോധം വീണ്ടെടുത്ത് താന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല. ദിവസങ്ങള്‍ കടന്നുപോയിട്ടും ആരും തന്നെ ചോദ്യം ചെയ്യാന്‍ വന്നില്ല. മനസിലെ ഭയം മെല്ലെ ഇല്ലാതായിക്കൊണ്ടിരുന്നു. ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുന്നത്ര ശ്രദ്ധിച്ചുകൊണ്ടിരുന്നു. എല്ലാ ശനിയാഴ്ചയും വീട്ടില്‍ ചെന്ന് മമ്മിയെയും ജാനറ്റിനെയും സന്ദര്‍ശിച്ചു. ജീവിതം വീണ്ടും സാധാരണനിലയിലായി.
ഒരു വൈകുന്നേരം. തെരുവിലൂടെ നടന്നുപോകുന്ന ആളുകളെ നോക്കി ന്യൂജേഴ്‌സിയിലെ താമസസ്ഥലത്ത് ജനാലയ്ക്കരികിലിരിക്കുമ്പോഴായിരുന്നു തന്റെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു യുവതിയെ കണ്ടുമുട്ടിയത്. വഴിയരികില്‍ ഏകയായി എന്തോ ആലോചിച്ചുനില്‍ക്കുന്നു ഒരു യുവതി അവള്‍ കുറേനേരം അങ്ങനെ നിന്നു. പിന്നെ കുറച്ചുദൂരം നടന്ന് തിരിച്ചുവന്നു. അവളുടെ മുഖത്ത് വിഷാദവും ഉത്കണ്ഠയും . അവളെന്താണ് ചെയ്യുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ജനാലക്കരികിലേക്ക് നീങ്ങിനിന്നു. പെട്ടെന്ന് അവളുടെ ദൃഷ്ടി തന്നില്‍ പതിഞ്ഞു. അവളുടെ മുഖംവിടര്‍ന്നു. അവളെന്തോ ചോദിക്കാന്‍ ഭാവിച്ചു. അവളോടവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് പുറത്തേക്ക് ചെന്നു.
""നീയവിടെന്തെടുക്ക്വാ, കുറച്ചുനേരമായല്ലോ ഇവിടെ നിന്നു കറങ്ങാന്‍ തുടങ്ങീട്ട്''. അവളുടെ നോട്ടത്തില്‍ തന്നെ ഉപേക്ഷിക്കരുതേയെന്ന ഭാവം.
""നീയാരാ? എന്താ ഇവിടെ? നീ വല്ലാതെ അസ്വസ്ഥയാണല്ലോ? എന്താ പ്രശ്‌നം?'' വീണ്ടും ചോദിക്കുമ്പോള്‍ ശബ്ദം ഉയര്‍ന്നിരുന്നു.
""ഞാന്‍ ആലീസ്.'' അവള്‍ തെല്ലു മടിയോടെ പറഞ്ഞു.
""നീയെന്താ ഇവിടെ നിന്നു പരുങ്ങുന്നത്?'' വീണ്ടും ചോദിച്ചു.
""ഞാനെന്തെങ്കിലുമൊരു ജോലി തേടിവന്നതാ. തേടി നടന്നിട്ട് ജോലിയെന്നും കിട്ടിയില്ല. താമസിക്കാനിടവും ....കൈയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. അതുകൊണ്ട് വിഷമിച്ചുനിന്നുപോയതാ'' പറഞ്ഞിട്ടവള്‍ പെട്ടന്നു നിര്‍ത്തി.
""എന്തു ജോലിയാ തേടുന്നേ,''
""എന്തു ജോലി വേണമെങ്കിലും ചെയ്യാം. എങ്ങനെയും കുറച്ചുപണമുണ്ടാക്കിയേ പറ്റൂ....താങ്കള്‍ പേരു പറഞ്ഞില്ലാ,'' അവള്‍ ആല്‍ഫ്രഡിനെ നോക്കി പറഞ്ഞു.
""ഞാന്‍ ആല്‍ഫ്രഡ്'' മുഖത്തൊരു ചെറുചിരി വരുത്തി പരിചയപ്പെടുത്തി.
""ആല്‍ഫ്രഡ് .......ഇവിടെവിടെങ്കിലും എനിക്കൊരു ജോലി തരപ്പെടുത്തി തരുമോ?'' പറഞ്ഞിട്ട് ആലീസ് പ്രതീക്ഷയോടെ നോക്കി.
""ജോലിക്കാര്യത്തെകുറിച്ചിപ്പോഴൊന്നും പറയാന്‍ പറ്റില്ല. അല്ലെങ്കിലും നമ്മള്‍ തമ്മില്‍ ആദ്യമായല്ലേ കാണുന്നതു തന്നെ. കണ്ടയുടനേ ജോലി തരപ്പെടുത്തിത്തരാനുള്ള ബന്ധമൊന്നും നമ്മള്‍ തമ്മിലില്ലല്ലോ. '' അല്‍പം ഗൗരവം നടിച്ച് പറഞ്ഞു. അവള്‍ വീണ്ടും അസ്വസ്ഥയാകുന്നതുകണ്ട് വിഷമം തോന്നി.
""തനിക്കിപ്പോ താമസിക്കാനൊരിടമല്ലേ വേണ്ടത്. അത് ഞാന്‍ തരാം, ബാക്കിയൊക്കെ പിന്നീടാലോചിക്കാം. വന്ന് ഫ്രഷായി വിശ്രമിച്ചോളൂ.'' അവളെ അകത്തേക്ക് വിളിച്ചു. ആലീസൊരുനിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്നു. അപരിചിതനായൊരാള്‍ക്കൊപ്പം എങ്ങനെ കഴിയുമെന്നവള്‍ ഒരുനിമിഷം ചിന്തിച്ചുകാണും. എന്തായാലും തെരുവില്‍ അലയുന്നതിലും ഭേദമാണല്ലോയെന്നവളുടെ മനസ് അവളെ സാന്ത്വനിപ്പിച്ചിരിക്കും. ആലീസ് തനിക്കൊപ്പം അകത്തേക്ക് കടന്നു.

അപ്രതീക്ഷിതമായി വന്നെത്തിയ വിരുന്നുകാരിയെ എങ്ങനെ സ്വീകരിക്കുമെന്നറിയാതെ വിഷമിച്ചു. കുറച്ചു ബ്രഡും ജാമുമായിരുന്നു ആകെയുണ്ടായിരുന്നത്. ബ്രഡില്‍ ജാം തേച്ച് ആലീസിനു കൊടുത്തു, അവളത് രുചിയോടെ കഴിച്ചു, അന്നേ ദിവസം അവള്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. കുറച്ച് പാലെടുത്ത് തിളപ്പിച്ച് ചായപ്പൊടിയിട്ടെടുത്ത് ഗ്ലാസില്‍ പകര്‍ന്നവള്‍ക്ക് കൊടുത്തു. അവളുടെ മുഖത്ത് നന്ദിയുടെ തെളിച്ചം. ആകെയുള്ള രണ്ട് മുറികളിലൊന്ന് അവള്‍ക്കായി നല്‍കി. വസ്ത്രങ്ങളും മറ്റും കരുതിയിരുന്ന ബാഗെടുത്തവള്‍ മേശയില്‍ വച്ചു.
"" എനിക്കൊരു ജോലിയാ അത്യാവശ്യം. '' പറഞ്ഞിട്ടവള്‍ പ്രതീക്ഷയോടെ തന്നെ നോക്കി.
""അതൊക്കെ പിന്നീടാവാം, ഇപ്പോള്‍ താന്‍ വിശ്രമിക്ക്'' എന്നു പറഞ്ഞ് മുറിയിലേക്ക് പോയി. കുറേ നേരം എന്തൊക്കെയോ ആലോചിച്ചിരുന്ന് എപ്പോഴോ ഉറങ്ങി.

പിറ്റേന്ന് താനുണര്‍ന്നപ്പോഴേക്കും ആലീസ് സ്റ്റൗവില്‍ കാപ്പി തിളപ്പിക്കാന്‍ വച്ചിരുന്നു. കുറച്ചേത്തപ്പഴം അടുക്കളയില്‍ കണ്ടത് ആലീസെടുത്ത് പുഴുങ്ങി, ചായയും ഉണ്ടാക്കി. രണ്ടുപേരും കൂടിയിരുന്നത് കഴിച്ചു. ജോലിക്ക് പോകാനിറങ്ങുമ്പോള്‍ ആലീസിനോടായി പറഞ്ഞു.
""താനിന്ന് തിരിച്ചുപോകാനൊന്നും നോക്കണ്ട... നമുക്കൊന്ന് ശ്രമിക്കാം....ജോലി വല്ലതും കിട്ടുമോന്ന്.'' ആലീസ് കുറച്ചുനേരം വിശ്വാസം വരാതെ തന്നെ നോക്കി നിന്നു. അവളുടെ മുഖത്ത് പ്രകാശം നിറഞ്ഞൊരു പുഞ്ചിരി വിടര്‍ന്നു. മടങ്ങിയെത്തുമ്പോള്‍ ആലീസ് മുറിയാകെ അടുക്കിപ്പെറുക്കി വീടെല്ലാം അടിച്ചുവൃത്തിയാക്കിയിരുന്നു. അകത്തേക്ക് കയറിയയുടന്‍ അത് തനിക്ക് തിരിച്ചറിയാനായി.
""ആലീസെന്തിനാ ഇവിടുത്തെ പണിയൊക്കെ ചെയ്തത്?'' വീട്ടിനുള്ളിലേക്ക് കയറിയയുടന്‍ ചോദിച്ചു. അപ്പോഴേക്കും കൈയിലൊരു കപ്പ് കാപ്പിയുമായി ആലീസ് മുന്നിലെത്തി. അതിശയത്തോടെയുള്ള തന്റെ നോട്ടം കണ്ടവള്‍ പറഞ്ഞു.
""എല്ലാറ്റിലുമൊരടുക്കും ചിട്ടയും വേണമെന്നെനിക്ക് നിര്‍ബന്ധമുണ്ട്. എല്ലായിടവും വൃത്തിയാക്കിയിടണം. എന്തായാലും ആല്‍ഫ്രഡെനിക്കിവിടെ താമസിക്കാനിടം തന്നതല്ലേ. '' കൈയിലേക്ക് കാപ്പിക്കപ്പ് തന്നുകൊണ്ടാലീസ് പറഞ്ഞു. കൈയും മുഖവും കഴുകിവന്ന് ചൂട് കാപ്പി ഊതിക്കുടിച്ചുകൊണ്ടിരുന്ന തന്നെ നോക്കി വീണ്ടും ആലീസ് ചോദിച്ചു. ""എന്റെ ജോലിക്കാര്യം വല്ലതും തിരക്കിയോ ആല്‍ഫ്രഡ്?''
""എന്തു ജോലിചെയ്യാനാ ആലീസിന് താല്‍പര്യം? തന്റെ നാടെവിടെയാ? നമ്മള്‍ ഇന്നലെ കൂടുതലൊന്നും സംസാരിച്ചിരുന്നില്ലല്ലോ? താനിന്നലെ വല്ലാതെ അപ്‌സെറ്റാണന്നെനിക്ക് തോന്നി. അതുകൊണ്ടാ ഞാന്‍ കൂടുതലൊന്നും ചോദിക്കാഞ്ഞത്. '' അറിയാനുള്ള തിടുക്കം വാക്കുകളിലുണ്ടായിരുന്നു.
""അതൊരു നീണ്ട കഥയാ ആല്‍ഫ്രഡ്.'' അടുത്തുകിടന്ന സോഫമേലിരുന്നവള്‍ പറഞ്ഞുതുടങ്ങി.
""കോളജ് പഠനം തീരും മുമ്പേ എന്റെ വിവാഹം കഴിഞ്ഞിരുന്നു. ടൗണീതന്നെയുള്ളൊരു ബിസിനസുകാരനെ എന്റെ മാതാപിതാക്കള്‍ തന്നെയാ എനിക്കായി കണ്ടെത്തിയത്. രണ്ടുവര്‍ഷത്തിലേറെ ഞാനയാള്‍ക്കൊപ്പം കഴിഞ്ഞു. അയാളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നു. തിരക്ക് കഴിഞ്ഞെനിക്കൊപ്പം ചെലവിടാന്‍ അയാള്‍ക്ക് സമയമില്ലാരുന്നു. അല്ലാത്തപ്പോ കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചും പാര്‍ട്ടികള്‍ നടത്തിയും സമയം കളയുന്നതിലായിരുന്നു അയാള്‍ക്ക് ത്രില്‍. വീട്ടിലുണ്ടെങ്കില്‍ ഒരുബോട്ടില്‍ മദ്യമെങ്കിലും അകത്താക്കിയിരിക്കും. ബീഫുലര്‍ത്തിയതോ പോര്‍ക്കോ മേശയിലെത്തിച്ച് ഞാനവിടിരിക്കുകയും വേണം. ഒരുദിവസം അദ്ദേഹം വീട്ടിലില്ലാത്തപ്പോ അയാളുടെയൊരു കൂട്ടുകാരന്‍ വന്നു. ബിസിനസ് സംബന്ധമായ ഏതോ അത്യാവശ്യരേഖകള്‍ തരാനെന്നു പറഞ്ഞ്. ആദ്യം തന്നെ അയാളുടെ നോട്ടവും സംസാരവും എനിക്കത്ര പിടിച്ചില്ല. അദ്ദേഹത്തിന്റെ കൂട്ടുകാരനല്ലേന്ന് കരുതി ക്ഷമിച്ചു. ഒടുവിലയാള്‍ മാന്യതവിട്ടെന്നോട് പെരുമാറാന്‍ തുടങ്ങിയപ്പം അയാളെ തള്ളിയിട്ട് ഞാന്‍ പുറത്തേക്കോടി. അയാള്‍ തിരിച്ചുപോയി. ഭര്‍ത്താവ് വന്നപ്പോ സംഭവിച്ചതൊക്കെയും ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ വിശ്വസിച്ചില്ല.
""ഞാനില്ലാത്തപ്പോ നീ എന്തിനയാളെ വീട്ടിനകത്തു വിളിച്ചുകയറ്റീ? അയാളുടെ ചോദ്യം കേട്ട്ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് സമനില തെറ്റുമോന്ന് ഞാന്‍ ഭയന്നു. ഞാന്‍ വിവരംധരിപ്പിക്കും മുമ്പേ തന്നെ കൂട്ടുകാരന്‍ എന്തൊക്കെയോ നുണകള്‍ അയാളെ ധരിപ്പിച്ചിരുന്നു. അതായിരുന്നയാളുടെ ദേഷ്യത്തിന് കാരണം. ഭര്‍ത്താവിന്റെ മനസിലയാള്‍ സംശയത്തിന്റെ വിത്തിട്ടു. എന്നും മദ്യപിച്ചായി പിന്നീടയാളുടെ വരവ്. എന്നും ചീത്തപറച്ചിലും മര്‍ദനവും. സഹിക്കാതായതോടെ ഞാനും വിട്ടുകൊടുത്തില്ല. ഒരുദിവസം ഓരോന്നുപറഞ്ഞെന്നെ അടിക്കാന്‍ വന്നതേ കറിക്കത്തിയെടുത്ത് അയാളെ കുത്തിയിട്ട് ഞാനോടിരക്ഷപ്പെട്ടു. അങ്ങനാ ഇവിടെത്തിയത്. ഇനി എന്തായാലും ഞാനങ്ങോട്ടില്ല.''
""അയാള്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടുണ്ടാകുമോ? മുറിവ് ഗുരുതരമാകുമോ?''
""ഏയ് അതിനൊന്നും വഴിയില്ല.'' അവള്‍ നിസാരമായി പറഞ്ഞു. ""വയറില്‍ കുത്തണമെന്ന് കരുതിയാ കത്തിയെടുത്തത്. അയാള്‍ കൈ കൊണ്ട് തടുത്തപ്പോ മുറിവ് കൈയിലായി. അതിനപ്പുറമൊന്നും പറ്റീട്ടുണ്ടാവില്ല. ''
""അയാള്‍ പകരം തീര്‍ക്കാന്‍ ആലീസിനെ തേടിയെത്തിയാല്‍?'' അല്‍പം പകപ്പോടെയായിരുന്നു തന്റെ ചോദ്യം.
""അയാള്‍ വീട്ടിപോയപ്പച്ചനെ കണ്ടുകാണും. ഞാനിനിയെന്തായാലും ഉടനെയൊന്നും എന്റെ വീട്ടീപ്പോകാനും ഉദ്ദേശിക്കുന്നില്ല. വീട്ടില്‍പറഞ്ഞപ്പോ എങ്ങനെങ്കിലും അയാള്‍ക്കൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാ പപ്പയും മമ്മയും പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ മടുത്തു. ഇനിയെനിക്കയാളെ കാണണ്ടാ. ഒരുജോലി തേടിപ്പിടിക്കുംവരെ ഞാനിവിടെ കഴിയുന്നത് ആല്‍ഫ്രഡിന് ബുദ്ധിമുട്ടാകുമോ?'' സോഫയില്‍നിന്നെണീറ്റുകൊണ്ടവള്‍ ചോദിച്ചു. ഈയവസ്ഥയില്‍ ആലീസിനെ പറഞ്ഞുവിടുന്നത് ശരിയല്ലന്ന് മനസ് പറഞ്ഞു.
""ആലീസ് വിഷമിക്കണ്ട. തനിക്കെത്രനാള്‍ വേണമെങ്കിലുമിവിടെക്കഴിയാം. പക്ഷേ തന്റെ ഭര്‍ത്താവ് തന്നെ തേടിവന്നാലെന്തുചെയ്യുമെന്നാ ......'' വാക്കുകള്‍ ഇടക്കുവച്ച് മുറിഞ്ഞു.
""അതോര്‍ത്ത് വിഷമിക്കണ്ട. ഞാനിനി നടപ്പിലും പേരിലും രൂപത്തിലുമൊക്കെ മാറ്റം വരുത്തുകയാ. എന്നെയിനി ജന്നീന്ന് വിളിച്ചാ മതി. എനിക്കൊന്ന് സ്വസ്ഥമായി ജീവിക്കണം. കഴിഞ്ഞതൊക്കെ മറന്ന്...പുതിയൊരാളായി. ''
""ഓ അങ്ങനെയോ? ഓ കെ ജന്നീ.. തന്റിഷ്ടം പോലെ നടക്കട്ടെ. എനിക്ക് പ്രശ്‌നമൊന്നുമില്ല. താനിവിടെയുണ്ടെങ്കീ എന്റെ ജീവിതത്തിലുമൊരടുക്കും ചിട്ടയുമാകും. '' പറഞ്ഞുകൊണ്ട് വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. ദൂരെ, ഉണങ്ങിയ മേപ്പിള്‍മരക്കൊമ്പുകള്‍ക്ക് മേലേ പഞ്ഞിക്കെട്ടുകള്‍മാതിരി തെന്നിനീങ്ങുന്ന മേഘശകലങ്ങള്‍. അന്തരീക്ഷത്തില്‍ നിറയെ പുകപടലം മാതിരി മഞ്ഞിന്‍കണങ്ങള്‍. തണുപ്പ് ശരീരത്തിലേക്ക് തുളച്ചുകയറുന്നു. ഇത്തവണ സ്‌നോ നേരത്തേയുണ്ടെന്നു തോന്നുന്നുവെന്ന് മനസില്‍ പറഞ്ഞു. പതിവിലും ഉന്‍മേഷത്തിലാണ് പിറ്റേന്ന് ഉറക്കമുണര്‍ന്നത്. ജോലിക്ക് പോകാന്‍ റെഡിയാകുമ്പോള്‍ ജന്നിയും റെഡിയായി.
""ആല്‍ഫ്രഡ് ഞാനും കൂടി സിറ്റിയിലേക്കുണ്ട്. എന്നെയേതെങ്കിലുമൊരു ബ്യൂട്ടീപാര്‍ലറിനുമുന്നിലെത്തിച്ചിട്ടാല്‍ഫ്രഡ് പൊക്കോളൂ, ഞാന്‍ കുറെ കഴിഞ്ഞ് വീട്ടിലേക്ക് പൊക്കോളാം. '' ജന്നി പറഞ്ഞു. ടൗണിലെ ക്യൂന്‍സ് ബ്യൂട്ടീപാര്‍ലറിനുമുന്നില്‍ ജന്നിയെ വിട്ടിട്ട് ജോലിസ്ഥലത്തേക്ക് പോയി. ജെന്നി മുടി ചെവിക്കൊപ്പം മുറിച്ചിട്ട് സ്‌ട്രെയിറ്റന്‍ ചെയ്തു. അടുത്തുള്ളൊരു കണ്ണാടിക്കടയില്‍ കയറിയൊരു ഗ്ലാസും ഫിറ്റ് ചെയ്തു. വൈകിട്ട് താന്‍ കാണുമ്പോള്‍ ഭാവത്തിലും രൂപത്തിലും പുതിയൊരാളായവള്‍ മാറിയിരുന്നു.
അടുത്തദിവസം തന്നെ ടൗണില്‍തന്നെയുള്ളൊരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ ജന്നിക്ക് ജോലി തരപ്പെടുത്തി. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാല്‍ ജന്നിക്കൊപ്പം പാര്‍ക്കിലോ ബീച്ചിലോ പോകും. ചിലദിവസങ്ങളില്‍ സിനിമയ്ക്കും. തിരിച്ചുപോരുമ്പോള്‍ തിയേറ്ററിനടുത്തു തന്നെയുള്ള ഏതെങ്കിലും റസ്റ്റോറന്റില്‍ കയറി ഭക്ഷണവും കഴിക്കും. മമ്മിയെയും ജാനറ്റിനെയും കാണാന്‍ ഇടയ്ക്ക് വീട്ടില്‍പോകുന്ന പതിവൊക്കെ ജന്നിയുടെ വരവോടെ മുടങ്ങി. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്താന്‍ അന്നൊക്കെ തിടുക്കമായിരുന്നു. ജീവിതത്തില്‍ സന്തോഷം വിരുന്നെത്തിയതുപോലെ തോന്നി. ഈ സന്തോഷം നിറഞ്ഞദിവസങ്ങള്‍ക്കായാണോ താനിത്രനാള്‍ കാത്തിരുന്നതെന്ന് പോലും ചിന്തിച്ചുകൂട്ടി. ജന്നിയെ കല്യാണം കഴിക്കണം, അവള്‍ തന്റെ മനസിനിണങ്ങിയ പെണ്ണാണ്. അവളോടിനി മനസ് തുറക്കണം, അവളെ ഇഷ്ടമാണന്ന്. ജാനറ്റിനിയെന്ന് വരാന്‍. ഇനിയവള്‍ വന്നില്ലെങ്കില്‍തന്നെ കുഴപ്പമില്ല. മനസ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയുകയായിരുന്നു. പക്ഷേ.....

""ആല്‍ഫ്രഡ്.... ഞാന്‍ താമസിക്കാനൊരിടം കണ്ടുപിടിച്ചു. ജോലിസ്ഥലത്തിനടുത്തുതന്നെ. എന്റെകൂടെ ജോലിചെയ്യുന്നൊരു പെണ്‍കുട്ടി ഒരു വീടെടുത്തിട്ടുണ്ട്, അവള്‍ക്കൊപ്പം താമസിക്കാനാ...''പിറ്റേന്ന് ജോലി കഴിഞ്ഞു വന്ന ജന്നി പറഞ്ഞു. തന്റെ മുഖം വാടുന്നതവള്‍ തിരിച്ചറിഞ്ഞെങ്കിലും കണ്ടില്ലെന്ന് നടിച്ചു.
""ജന്നീ ഞാന്‍ കരുതീ, തനിക്കിവിടെ സന്തോഷമാണന്ന്. താനിവിടെ എനിക്കൊപ്പം തന്നെ കഴിയുമെന്ന് ..... എനിക്കതായിരുന്നിഷ്ടം.''
""അതാല്‍ഫ്രഡിന് ബുദ്ധിമുട്ടാകും. ഇവിടെ കുറച്ച് സ്ഥലമല്ലേയുള്ളൂ, ഇത്രനാളും ഞാനിവിടെ താമസിച്ചില്ലേ, എനിക്കിവിടെയിടം നല്‍കിയതില്‍ വളരെ നന്ദിയുണ്ടാല്‍ഫ്രഡ്. ഞാനിവിടുന്ന് പോയാലും നമുക്കീ സൗഹൃദം തുടരാമല്ലോ? നമുക്കിനിയും കാണാം, ഒരുമിച്ച് പുറത്തുപോകാം, എന്റെ സന്തോഷത്തിനായിതുവാങ്ങൂ..'' അവള്‍ പേഴ്‌സെടുത്ത് കുറച്ചു പണം നീട്ടി.

""എന്തായിത് ജന്നീ, ഞാന്‍ തന്നില്‍ നിന്ന് പണംവാങ്ങാനോ? താനെന്നെക്കുറിച്ചിങ്ങനെയാ കരുതീത്? തന്നെപ്പോലൊരു സ്മാര്‍ട്ടായ പെണ്ണിനെ ഞാനിതുവരെയും കണ്ടിട്ടില്ല. ഞാന്‍ തന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നതാ നേര്..''
""ആല്‍ഫ്രഡ് എന്റെ ഭാഗം കൂടിയൊന്ന് മനസിലാക്ക്. ഞാന്‍ പറഞ്ഞിരുന്നില്ലേ, എനിക്കൊരു ജോലി കിട്ടിയാ ഞാനിവിടുന്ന് പോകുമെന്ന്. അതുതന്നെയാ അതിന്റെ ശരിയും. .'' അവളുടെ വാക്കുകളില്‍ തിടുക്കം.
""താനൊരാളുടെ ഭാര്യയാണന്ന കാര്യം മറന്ന ഞാന്‍ തന്നെയാ കുറ്റക്കാരന്‍. തനിക്കൊരുപക്ഷേ തന്റെ ഭര്‍ത്താവിനെ കാണണമന്നുണ്ടാകും. പെണ്ണുങ്ങളുടെ സ്വഭാവം അങ്ങനെയല്ലേ, അവരെല്ലാം പെട്ടന്ന് മറക്കും, ക്ഷമിക്കും.''
""ഇല്ലാല്‍ഫ്രഡ്, എനിക്കിനിയെന്റെ ഭര്‍ത്താവിനൊപ്പം കഴിയാനിഷ്ടമില്ല. പപ്പയേം മമ്മയേം കണി#്ടാല്‍കൊള്ളാമെന്നുണ്ടെന്നുമാത്രം. ''
""ഓ.കെ ജന്നീ, ഞാന്‍ നിര്‍ബന്ധിക്കുന്നില്ലാ, നിന്റിഷ്ടം പോലെ നടക്കട്ടെ, നിര്‍ബന്ധിക്കാന്‍ ഞാനാര്?''
""ആല്‍ഫ്രഡ് അങ്ങനെ പറയരുത്, നമുക്കിനിയും നല്ല കൂട്ടുകാരായി തുടരാം. ഞാനേതാവശ്യത്തിനും ഒപ്പമുണ്ടാകും. ''
""ഓ.കെ ജന്നീ, ''.അവള്‍ ബാഗുമെടുത്ത് യാത്ര പറഞ്ഞുപോകുന്നത് നിസംഗനായി നോക്കി നിന്നു. മഹാഉല്‍സവം കഴിഞ്ഞ ഉല്‍സവപ്പറമ്പുപോലെ മനസ് ശൂന്യമായി. താന്‍ വീണ്ടും തനിയെയായിരിക്കുന്നു. കൂട്ടിവച്ച മോഹങ്ങളെല്ലാം വെറുതെയായി. മനസ് മൂകമായി കേണു.

(തുടരും......)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക