Image

കണ്ണൂര്‍ ജില്ലയില്‍ നാളെ ബസ് പണിമുടക്ക്

Published on 05 March, 2012
കണ്ണൂര്‍ ജില്ലയില്‍ നാളെ ബസ് പണിമുടക്ക്
കണ്ണൂര്‍: കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡില്‍ ബസുകള്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. ഇന്നലെ അര്‍ധരാത്രിയാണ് കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിനു സമീപത്തെ ഷാറോണ്‍ ബോഡി വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട രണ്ടു ബസുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കമ്പിലില്‍ ബസുകള്‍ക്കു നേരെ നടന്ന അക്രമത്തിന് പിന്നാലെയാണ് ഇന്നലെയുണ്ടായ സംഭവം.

കണ്ണൂര്‍-മയ്യില്‍ റൂട്ടിലോടുന്ന കെഎല്‍59 99 സഫാരി ബസും പള്ളിക്കുളം ജേബീസ് കോളജിന്റെ കെഎല്‍ 05 പി 5216 ബസുമാണ് തീവച്ചു നശിപ്പിച്ചത്. ഇതില്‍ സഫാരി ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമന സേന ഇന്നു പുലര്‍ച്ചെ രണേ്ടാടെയാണ് തീയണച്ചത്. കത്തിനശിച്ച ബസുകള്‍ ഇന്നു രാവിലെ ഫോന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സംഭവത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമ അശോകന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മയ്യില്‍ പോലീസ് അറിയിച്ചു.

കമ്പിലില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബസുകള്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്് ശനിയാഴ്ച കണ്ണൂര്‍-മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. ബുധനാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ബസുടമകള്‍ അറിയിച്ചിരുന്നു. എന്നാല്‍ എഡിഎം എന്‍.ടി. മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗ തീരുമാന പ്രകാരം സമരം പിന്‍വലിക്കുകയായിരുന്നു. സര്‍വകക്ഷി യോഗത്തിനു ശേഷവും നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളത്തെ സമരമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റിയന്‍ അറിയിച്ചു. ബസുകള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമത്തിന് ഉത്തരവാദി ജില്ലാ ഭരണകൂടവും സര്‍ക്കാരുമാണെന്നു വി.ജെ. സെബാസ്റ്റിയന്‍ പറഞ്ഞു.

എഡിഎം വിളിച്ച സര്‍വകക്ഷി യോഗവും പ്രഹസനമായതിന്റെ തെളിവാണ് ഇന്നലത്തെ അക്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു ഉച്ചകഴിഞ്ഞു മൂന്നിന് കണ്ണൂരില്‍ ബസുടമകളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹാളിലാണു യോഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക