Image

ദിലീപിനെതിരേ തെളിവുകള്‍ ദുര്‍ബലപ്പെടും , സംവിധായകന്‍ സജീവന്‍ അന്തിക്കാട്

Published on 07 August, 2017
ദിലീപിനെതിരേ തെളിവുകള്‍ ദുര്‍ബലപ്പെടും , സംവിധായകന്‍ സജീവന്‍ അന്തിക്കാട്

ദിലീപ് അറസ്റ്റിലായെങ്കിലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്ന പ്രമുഖര്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ സജീവന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പ്രതികരണം വ്യത്യസ്തമാണ്. പോലീസ് ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പ് കുറവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദിലീപ് ജാമ്യം തേടി ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ആണ് സമീപിച്ചത്. പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചു. ജാമ്യം നിഷേധിച്ച് ഹൈക്കോടതി പറഞ്ഞ കാര്യങ്ങളാണ് സജീവനും സൂചിപ്പിക്കുന്നത്.

ഹൈക്കോടതി വിധിയുടെ മൂന്നാം പാരഗ്രാഫില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണം വിശദീകരിക്കുന്നു. അതില്‍ പറയുന്നത് ആദ്യഭാര്യയുമായുള്ള വിവാഹ ബന്ധം തകര്‍ത്തത് ആക്രമണത്തിനിരയായ നടിയാണെന്ന് പ്രതി വിശ്വസിച്ചിരുന്നുവെന്നും അതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിന് കാരണമായതെന്നുമാണ്. ഈ പാരഗ്രാഫിലെ കോടതിയുടെ പരാമര്‍ശങ്ങളില്‍ ഊന്നിയാണ് സജീവന്റെ വിലയിരുത്തല്‍. കേസില്‍ ദിലീപ് എളുപ്പത്തില്‍ ഊരിപ്പോരുമെന്നും കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.

മഞ്ജുവാര്യരുമായുള്ള വിവാഹ ബന്ധം തകര്‍ന്നതില്‍ ദിലീപിന് വേദന തോന്നണം. അപ്പോഴാണ് ഇതിന് കാരണമായി എന്നു പറയുന്ന നടിയോട് ദിലീപിന് വൈരാഗ്യം വരുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെട്ടതില്‍ ദിലീപിന് നിരാശയുണ്ടെങ്കില്‍ അദ്ദേഹം ആദ്യ ഭാര്യയെ ഓര്‍ത്ത് നിരാശഭരിതനായി ജീവിതം തള്ളി നീക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് പൊതുസമൂഹം കണ്ടിട്ടില്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.

മറിച്ച് പൊതുസമൂഹം കണ്ടത് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ്. കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് വിവാഹം ചെയ്തു. കാവ്യയെ വിവാഹം ചയ്യാന്‍ ദിലീപ് കണ്ടെത്തിയ മാര്‍ഗമാണ് വിവാഹമോചനമെന്ന് ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ആളുകള്‍ക്കിടയില്‍ ഇത്തരം വിശ്വാസം വന്നതോടെയാണ് ജനപ്രിയ നടന്റെ ജനപ്രീതി ആദ്യം ഇടിഞ്ഞതെന്നും സജീവന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മഞ്ജുവാര്യര്‍ പോയപ്പോള്‍ ദിലീപിന് വേദനയുണ്ടായില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം മറ്റൊരു വിവാഹത്തിന് തയ്യാറാകില്ലായിരുന്നുവെന്നാണ് പോസ്റ്റിന്റെ സാരാംശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക