Image

തൊണ്ടിമുതല്‍ കണ്ട ഋഷിരാജ് സിംഗിന് അലന്‍സിയറോട് പറയാനുള്ളത്

Published on 07 August, 2017
തൊണ്ടിമുതല്‍ കണ്ട ഋഷിരാജ് സിംഗിന് അലന്‍സിയറോട് പറയാനുള്ളത്

ദിലീഷ് പോത്തന്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വന്‍ ഹിറ്റായിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തി. ചിത്രം കണ്ട എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്? നടന്‍ അലന്‍സിയറോട് ചോദിച്ചത് എന്തേ ഇത്രയും കാലം സിനിമയില്‍ വരാന്‍ വൈകിയത് എന്നായിരുന്നു. അതിന് അലന്‍സിയറുടെ മറുപടി ഇതായിരുന്നു:

‘സര്‍ മലയാളത്തിലിറങ്ങിയ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു ഞാന്‍. പുരസ്‌കാരങ്ങള്‍ ഏറെ നേടിയവ, മലയാളി പ്രേക്ഷകന്‍ മനപൂര്‍വമോ അല്ലാതെയോ തിരസ്‌കരിച്ച സിനിമകള്‍. അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റില്ല. അതാണ് സര്‍ സിനിമയുടെ മാജിക്ക്’.

അലന്‍സിയര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അര്‍ത്ഥവത്തായ ഒരു കലാ പ്രവര്‍ത്തനത്തില്‍ കൂട്ടാളിയാകുമ്‌ബോള്‍ ഒരു നടനെന്ന നിലയില്‍ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു നടനെന്ന നിലയില്‍ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങള്‍…. അര്‍ത്ഥവത്തായ ഒരു കലാ പ്രവര്‍ത്തനത്തില്‍ കൂട്ടാളിയാകുമ്‌ബോള്‍…. ആ അര്‍ത്ഥം പ്രേക്ഷകന്‍ തിരിച്ചറിയുകയും അതിനു അംഗീകാരവും അനുമോദനവും കിട്ടുമ്‌ബോള്‍….. അതെ, ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയോടൊത്ത് ഞാന്‍ ഈ ആനന്ദം അനുഭവിക്കുന്നു. അര്‍ത്ഥമറിയാതെ തിരസ്‌കരിക്കപ്പെട്ട സിനിമകള്‍, പുരസ്‌കാരങ്ങള്‍ നേടിയ സിനിമകള്‍.. പത്തൊമ്ബതു വര്‍ഷം ഞാന്‍ ഈ സിനിമകളുടെ ഭാഗമായിരുന്നു. ഇന്ന് മലയാളികള്‍ ഏറെ ആദരിക്കുന്ന ഋഷി രാജ്‌സിങ് എന്ന പൊലീസ് ഓഫീസര്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട ശേഷം ഫോണ്‍ സംഭാഷണത്തില്‍ എന്നോട് ചോദിച്ചു, മഹേഷിന്റെ പ്രതികാരം എന്ന സിനിമ വരുന്നത് വരെ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു, എന്തേ ഇത്രയും കാലം സിനിമയില്‍ വരാന്‍ വൈകിയത്. ഞാന്‍ ആദരവോടേയും സ്‌നേഹത്തോടേയും സിനിമയെ സ്‌നേഹിക്കുന്ന ആ പൊലീസ് ഓഫീസറോട് പറഞ്ഞു, ‘സര്‍ മലയാളത്തിലിറങ്ങിയ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു ഞാന്‍. പുരസ്‌കാരങ്ങള്‍ ഏറെ നേടിയവ, മലയാളി പ്രേക്ഷകന്‍ മനപൂര്‍വമോ അല്ലാതേയോ തിരസ്‌കരിച്ച സിനിമകള്‍. അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റില്ല. അതാണ് സര്‍ സിനിമയുടെ മാജിക്ക്’. അദ്ദേഹം ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം എനിക്കൂഹിക്കാനാകും. ഒരു സിനിമാപ്രേമിയായ അദ്ദേഹത്തിനു പോലും എത്രയോ നല്ല സിനിമകള്‍ മിസ്സായിരിക്കുന്നു.

നന്ദി സര്‍, നല്ല സിനിമകളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നതിനും തീരെ പരിചിതമല്ലാത്ത എന്നെപ്പോലുള്ള കലാകാരന്മാരെ തുറന്നു പ്രോത്സാഹിപ്പിക്കുന്നതിനും. എഎസ്‌ഐ ചന്ദ്രന്റെ നൊമ്ബരങ്ങള്‍ കണ്ണീരോടെ സ്വീകരിച്ചതിനും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക