Image

ദിലീപിനെ ജയിലിലിട്ട്‌ പീഡിപ്പിക്കുന്നത്‌ വേദനയുണ്ടാക്കുന്നു നിരപരാധിയെങ്കില്‍ ചരിത്രം മാപ്പുതരില്ല

Published on 09 August, 2017
 ദിലീപിനെ ജയിലിലിട്ട്‌ പീഡിപ്പിക്കുന്നത്‌ വേദനയുണ്ടാക്കുന്നു നിരപരാധിയെങ്കില്‍ ചരിത്രം മാപ്പുതരില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനു പിന്തുണയുമായി പ്രമുഖ തിരക്കഥാകൃത്ത്‌ ഇഖ്‌ബാല്‍ കുറ്റിപ്പുറം. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ അദ്ദേഹം ദിലീപിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌.

എല്ലാവരെയും പോലെ ദിലീപിന്റെ അറസ്റ്റില്‍ താനും പകച്ചുപോയതായി ഇഖ്‌ബാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ആരോപിക്കപ്പെടുന്നതുപോലെ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നുകരുതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവും തെളിവുശേഖരണവും ഏറെ മുന്നോട്ട്‌ പോയിക്കഴിഞ്ഞു. എന്നിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ട്‌ പീഡിപ്പിക്കുന്നത്‌ വേദനയുണ്ടാക്കുന്നുവെന്ന്‌ ഇഖ്‌ബാല്‍ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു.

പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്‌ലാമോ അല്ല ദിലീപ്‌. മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയിട്ടുള്ള കലാകാരനാണ്‌.

ദിലീപിനുള്ള ഈ സ്വീകരാത്യയെ ചാനലുകള്‍ വിറ്റു തിന്നുകയാണെന്ന്‌ ഇഖ്‌ബാല്‍ തന്റെ പേജിലൂടെ ആരോപിച്ചു.

തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ദിലീപിന്‌ കടുത്ത ശിക്ഷ തന്നെ ലഭിക്കട്ടെ. എന്നാല്‍ മറിച്ചാണ്‌ സത്യമെങ്കില്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന്‌ ചരിത്രം മാപ്പുതരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ജയിലിലുള്ള ദിലീപിന്‌ സിനിമാമേഖലയില്‍ നിന്ന്‌ പിന്തുണ വര്‍ധിക്കുന്നതിന്റെ സൂചനകളാണ്‌ കുറച്ചു ദിവസമായി പുറത്തുവരുന്നത്‌. നിര്‍മാതാവ്‌ ജി സുരേഷ്‌ കുമാര്‍, നടന്‍ സുധീര്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തുവന്നിരുന്നു.

ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ഒരു വര്‍ഷത്തോളം ഫെയ്‌സ്ബുക്കില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പലതരം കോലാഹലങ്ങളില്‍ നിന്നും. ദിലീപ് അറസ്‌റിലായപ്പോള്‍ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്തിട്ടുണ്ടെകില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.

പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു. ദിലീപ് പള്‍സര്‍ സുനിയോ , നിഷാമോ , ഗോവിന്ദച്ചാമിയോ ,അമീറുല്‍ ഇസ്ലാമോ അല്ല. മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകള്‍ വിറ്റുതിന്നത്.

തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ അയാള്‍ക്ക് കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല.'




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക