Image

മുഷറഫിന്റെ വീട്ടില്‍ കോടതി നോട്ടീസ് പതിക്കാന്‍ ഉത്തരവ്‌

Published on 05 March, 2012
മുഷറഫിന്റെ വീട്ടില്‍ കോടതി നോട്ടീസ് പതിക്കാന്‍ ഉത്തരവ്‌
ഇസ്‌ലാമാബാദ്: വിദേശത്തു കഴിയുന്ന മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്റെ പാകിസ്താനിലെ വീട്ടിനു മുമ്പില്‍ കോടതി നോട്ടീസ് പതിക്കാന്‍ ഉത്തരവ്.

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടമൊരു എഫ്.ഐ.ആര്‍ തയാറാക്കണമെന്ന പരാതി ഹര്‍ജിയില്‍ മുഷറഫിന്റെ വിശദീകരണം തേടുന്ന നോട്ടീസ് പതിക്കാനാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയടങ്ങിയ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്.


ഇതിനിടെ മുഷറഫിനെ അറസ്റ്റുചെയ്ത് വിചാരണയ്ക്കു വിട്ടുകിട്ടുന്നതിനായി പാകിസ്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഭീകരവിരുദ്ധ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.


പാകിസ്താനിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സി (എഫ്.ഐ.എ) രാജ്യത്തെ ഇന്റര്‍പോള്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിലാണ് മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടത്. പാകിസ്താനിലെ ഇന്റര്‍പോള്‍ അധികൃതര്‍ ഈ അപേക്ഷ ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തേക്ക് അയയ്ക്കും. അതിനു ശേഷമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക. ഇന്‍റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് വന്നു കഴിഞ്ഞാല്‍ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും അവിടത്തെ അന്വേഷണ ഏജന്‍സിക്ക് മുഷറഫിനെ അറസ്റ്റു ചെയ്യാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക