Image

അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അമ്മ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്

Published on 09 August, 2017
അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അമ്മ ആത്മഹത്യ ചെയ്തതാണെന്ന്  പൊലീസ്
മുംബൈ
അമേരിക്കയില്‍ നിന്നെത്തിയ മകന്‍ അന്ധേരി ലോഖണ്ഡ്വാലയിലെ ഫ്ളാറ്റില്‍ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അമ്മ ആത്മഹത്യ ചെയ്തതാണെന്ന്  പൊലീസ് . അറുപത്തിമൂന്നുകാരിയായ ആഷാ സഹാനിയുടെ കട്ടിലിനു സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പും 50,000 രൂപയും പൊലീസ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പാണ് പൊലീസിനു ലഭിച്ചത്. മുറിയില്‍നിന്ന് ഒഴിഞ്ഞ കുപ്പിയും സ്പ്രേ കാനും കണ്ടെത്തി. 

ആഡംബര സമുച്ചയമായ ബെല്‍സ്‌കോട് ഹൗസിങ് സൊസൈറ്റിയില്‍ പത്താംനിലയിലെ ഫ്ളാറ്റിലാണ് ഋതുരാജ് സഹാനിയുടെ അമ്മ ആഷ സഹാനി(63)യുടെ അസ്ഥികൂടം ഞായറാഴ്ച കണ്ടെത്തിയത്. പൂട്ടിയിരുന്ന ഫ്ളാറ്റ് ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഉപയോഗിച്ചു തുറക്കുകയായിരുന്നു. ആഷ സഹാനിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഋതുരാജ്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും ഭാര്യയും 20 വര്‍ഷമായി യുഎസിലാണ്. വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മയെ കാണാന്‍ മുംബൈയില്‍ എത്തിയിരുന്നത്. 

ഭര്‍ത്താവ് 2013ല്‍ മരിച്ചശേഷം ഡ്രൈവറെയും വീട്ടുജോലിക്കാരിയെയും ഒഴിവാക്കി ഒറ്റയ്ക്കായിരുന്നു ആഷ സഹാനിയുടെ താമസം.  ബില്‍ അടയ്ക്കാതിരുന്നതിനാല്‍ മൂന്നു മാസം മുമ്പ് ഫ്ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നതായി ഒഷിവാര പൊലീസ് അറിയിച്ചു.

അമ്മയെക്കുറിച്ച് വിവരം കിട്ടുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 24ന് ഓഷിവാര പൊലീസിന് ഓണ്‍ലൈന്‍ പരാതി നല്‍കിയിരുന്നതായി ഋതുരാജ് പറയുന്നു. പൊലീസെത്തിയെങ്കിലും പത്താം നിലയിലെ ഫ്ളാറ്റിന്റെ താക്കോല്‍ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ വിവരം ഋതുരാജിനെ അറിയിച്ചിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. 

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇയാള്‍ നേരിട്ടെത്തിയോ മുംബൈയിലെ ബന്ധുക്കളോ പരിചയക്കാരോ മുഖേനയോ അമ്മയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് ദുരൂഹതയുണര്‍ത്തുന്നു.  

അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഭാര്യയില്‍നിന്നു വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നതിനാലാണ് ഋതുരാജിനു പെട്ടെന്നു നാട്ടിലേക്കു വരാന്‍ കഴിയാതിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്തു വയസുള്ള മകന്‍ ഋതുരാജിനൊപ്പമാണ് അമേരിക്കയില്‍ താമസിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആഷ ഹൗസിങ് സൊസൈറ്റിയിലെ പ്രതിമാസത്തുക അവസാനമായി അടച്ചത്. അതു മുടങ്ങിയപ്പോള്‍ പലവട്ടം അന്വേഷിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നു പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് സൊസൈറ്റി അധികൃതര്‍ പറയുന്നു. എന്നാല്‍ പൊലീസ് ഇതു നിഷേധിക്കുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക