Image

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട്‌ മാപ്പ്‌ ചോദിച്ച്‌ മുഖ്യമന്ത്രി

Published on 10 August, 2017
ചികിത്സ കിട്ടാതെ മരിച്ച  മുരുകന്റെ കുടുംബത്തോട്‌ മാപ്പ്‌ ചോദിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലത്ത്‌ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ യഥാസമയം ചികിത്സ കിട്ടാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ്‌ ചോദിച്ചു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും താന്‍ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുരുകന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണ്‌. ആശുപത്രികളില്‍ മുരുകന്‌ ചികിത്സ ലഭിക്കാതെ പോയത്‌ ക്രൂരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സക്ക്‌ വേണ്ടി ആശുപത്രികളുടെ പടി വാതില്‍ക്കല്‍ കാത്ത്‌ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്‌. അഞ്ച്‌ ആശുപത്രികളില്‍ നിന്ന്‌ ചികിത്സ ലഭിക്കാത്തത്‌ അതിക്രൂരമായ സംഭവമാണ്‌. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്‌. ഇങ്ങനെയൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ പോലീസ്‌ അന്വേഷണം നടക്കുന്നുണ്ട്‌. ഇതിന്‌ പുറമെ ആരോഗ്യവകുപ്പും ഇതേക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സഭയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക