Image

തെരഞ്ഞെടുപ്പ്‌ ഹര്‍ജിയില്‍ കെ. സുരേന്ദ്രന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 10 August, 2017
 തെരഞ്ഞെടുപ്പ്‌ ഹര്‍ജിയില്‍ കെ. സുരേന്ദ്രന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ വിമര്‍ശനങ്ങള്‍. കളളവോട്ട്‌ ചെയ്‌തെന്ന്‌ സുരേന്ദ്രന്‍ ആരോപിച്ച 75 ആളുകളുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്ന്‌ കോടതി പറഞ്ഞു.

ഇത്രയും പേരെ വിസ്‌തരിക്കുന്നത്‌ നിസാരകാര്യമല്ല. ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.കേസുമായി ബന്ധപ്പെട്ട്‌ 250 ഓളം പേരെയാണ്‌ കോടതി വിസ്‌തരിക്കേണ്ടത്‌. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ്‌ കൈപ്പറ്റിയാല്‍ അവര്‍ ബന്ധുക്കളെ അറിയിക്കുമെന്ന്‌ എന്താണ്‌ ഉറപ്പ്‌.

വിദേശത്തുളളവര്‍ ആരൊക്കെയാണെന്ന കാര്യം ഹര്‍ജിക്കാരന്‌ അറിയില്ലേ. കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.
കേസ്‌ 22നായിരിക്കും തുടര്‍ന്ന്‌ പരിഗണിക്കുക. നിലവില്‍ 175 പേരെയാണ്‌ കോടതി വിസ്‌തരിച്ചത്‌.

സമന്‍സ്‌ അയച്ച്‌ വിളിച്ചുവരുത്തിയ രണ്ടുപേരുടെ മൊഴി ഇന്ന്‌ കോടതി രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നെന്ന്‌ കാട്ടി നല്‍കിയ ഹര്‍ജിയിലാണ്‌ തുടര്‍നടപടികള്‍ അതിവേഗം നീങ്ങുന്നത്‌.

മണ്ഡലത്തില്‍ 259 പേര്‍ കളളവോട്ട്‌ ചെയ്‌തെന്ന്‌ സുരേന്ദ്രന്‍ നേരത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന്‌ ഇവര്‍ക്ക്‌ സമന്‍സ്‌ അയക്കാനും വിചാരണക്കായി കോടതിയില്‍ എത്താനും നിര്‍ദേശിച്ചിരുന്നു.

സുരേന്ദ്രന്റെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന്‌ തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ്‌ അംഗം അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ്‌ കോടതി റദ്ദാക്കാനോ, സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക