Image

കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ പ്രചാരകന്‍

Published on 10 August, 2017
കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ പ്രചാരകന്‍
ദേശീയതയെ അവഹേളിക്കലും ദേശദ്രോഹപ്രവര്‍ത്തികളും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ഒറ്റയാള്‍ പോരാളി. ആ പോരാട്ടം കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴും അയാളുടെ പോരാട്ടവീര്യം കുറയുകയോ പോരാട്ടത്തിന്റെ പ്രസക്തി കുറയുകയോ ചെയ്യുന്നില്ല.

    ദേശീയപതാകയോടും ദേശീയപ്രതീകങ്ങളോടും അനാദരവ് കാട്ടുന്നവര്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ എബി ജെ. ജോസ് നടത്തുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ദേശീയപതാകയുടെ മഹത്വം മറന്ന് ഉപയോഗിക്കുമ്പോള്‍ അതിനെതിരെയുള്ള നിരന്തര പോരാട്ടത്തിനു ഇദ്ദേഹം തയ്യാറാകുന്നു.

    ദേശീയ പതാകയെ ദുരുപയോഗിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് കണ്ടാല്‍ ഒരിക്കലും ഈ ദേശസ്‌നേഹി നോക്കിനില്‍ക്കാറില്ല. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു സംഭവമുണ്ടായി.
    സ്വദേശമായ പാലായിലൂടെ എബി കാറോടിച്ചു പോകുന്നു. തൊട്ടുമുന്നിലുള്ള ഒരു ടാക്‌സി വാഹനത്തിലെ യാത്രക്കാരന്‍ വെയിലു കൊള്ളാതിരിക്കാന്‍ തോര്‍ത്തു കണക്കെ ദേശീയപതാക തൂക്കിയിട്ടിരിക്കുന്നു. മുന്നിലുള്ള കാറിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും ടാക്‌സിക്കാര്‍ വേഗത കൂട്ടി. എബി കാറിനെ തൊടുപുഴ റൂട്ടിലൂടെ പിന്‍തുടര്‍ന്നു. മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെയും വേഗത കൂട്ടുകയോ കാര്‍വെട്ടിച്ച് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നുനാലു കിലോമീറ്റര്‍ പിന്തുടര്‍ന്നപ്പോള്‍ എബിക്ക് ഒരവസരം കിട്ടി. കാര്‍ മുന്നോട്ടെടുത്തു. നോക്കിയപ്പോള്‍ ഒരു വിദേശിയാണ് കാര്‍ ഓടിക്കുന്നത്. ഒരു വിദേശ വനിതയും ഒപ്പമുണ്ട്.  കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്‍ വെട്ടിച്ച് ഇടിപ്പിക്കാന്‍ ശ്രമിച്ചു.  ഇതിനിടെ മൊബൈല്‍ ഫോണില്‍ വിദേശിയുടെ ഫോട്ടോ സാഹസികമായി പകര്‍ത്തി. തുടര്‍ന്നു വികലമാക്കപ്പെട്ട ദേശീപതാകയുടെ ചിത്രങ്ങളും പകര്‍ത്തി.  ഉടനടി വാഹനം കടന്നു പോകാന്‍ സാധ്യതയുള്ള കരിങ്കുന്നം, തൊടുപുഴ പോലീസ് സ്റ്റേഷനുകളില്‍ അറിയിപ്പു നല്‍കി. ഒപ്പം അന്നത്തെ ഡിജിപി ആയിരുന്ന ടി.പി. സെന്‍കുമാറിന് പരാതിയും ഫോട്ടോകളും അയച്ചു നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നു വാഹനം കരിങ്കുന്നം പോലീസ് പിടികൂടുകയായിരുന്നു. അതുപോലെ തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ ദേശീയഗാനം കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ആലപിച്ചതിനെതിരെയും എബി പ്രതിഷേധിച്ചത് ഫലം കണ്ടു.

 കഴിഞ്ഞ 25 വര്‍ഷമായി ദേശീയപതാകയുടെ അന്തസ്സ്, ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലും ബോധവത്കരണത്തിലുമാണിദ്ദേഹത്തിന്റെ ശ്രദ്ധ. ദേശീയപതാകയെ അവഹേളിക്കുന്നവരെ മൂന്നുവര്‍ഷം ശിക്ഷിക്കാനോ പിഴയൊടുക്കാനോ അല്ല എബിയുടെ പോരാട്ടം. ദേശീയപതാകയുടെ മഹത്വം മനസ്സിലാക്കി ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന സന്ദേശം ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് എബി പറയുന്നു.

നമ്മുടെ ദേശീയപതാക പലപ്പോഴും അപമാനിക്കപ്പെടുന്നതിനെക്കുറിച്ചു യാദൃച്ഛികമായാണ് എബി ജെ. ജോസ് ബോധവാനായത്. 1991-ല്‍ അന്നത്തെ മന്ത്രി എ.സി. ഷണ്‍മുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ് കാറില്‍നിന്നിറങ്ങിയപ്പോള്‍ ഡ്രൈവര്‍ കാറിലെ പതാക അഴിച്ചുമാറ്റുന്നതു എബിയുടെ ശ്രദ്ധയില്‍പ്പെട്ടു. അതവിടെത്തന്നെയിരുന്നാല്‍ എന്താണു കുഴപ്പം? സൂര്യന്‍ ഉദിച്ചശേഷവും അസ്തമിക്കുന്നതിനു മുമ്പും മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ, ഉപയോഗിക്കാവൂ എന്നു നമ്മുടെ 'ഫ്‌ളാഗ് കോഡ്' അനുശാസിക്കുന്നതായി ഷണ്‍മുഖദാസ് നല്‍കിയ വിശദീകരണം ത്രിവര്‍ണപതാകയുടെ ഉപയോഗം സംബന്ധിച്ചു കുട്ടിക്കാലത്തു സ്‌കൂളില്‍ പഠിച്ച പാഠത്തിലേക്ക് എബിയുടെ ഓര്‍മയെ കൊണ്ടുപോകുന്നതായിരുന്നു. അന്നുമുതല്‍ എബി ദേശീയപതാകയെക്കുറിച്ചു കൂടുതല്‍ പഠിക്കുകയും അതിനെ കൂടുതലായി ആദരിക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല, തെറ്റായോ അലക്ഷ്യമായോ ദേശീയപതാക ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തുവരുന്നു.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും മറ്റും സര്‍വ്വോന്നതസ്ഥാനം ധര്‍മ്മചക്രാങ്കിതമായ ത്രിവര്‍ണ്ണപതാകയ്ക്കാണ് നല്‍കി വരുന്നത്. ഇത്തരം ദേശീയദിനങ്ങളില്‍ വലിയ നിയന്ത്രണമൊന്നുമില്ലാതെ തന്നെ ദേശീയപതാക ഉപയോഗിക്കാറുണ്ട്. അത് അനുവദനീയമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ ഫലമായിട്ടാണെന്നും കരുതപ്പെടുന്നു ദേശീയപതാക ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ വിസ്മരിക്കപ്പെടുകയാണെന്നു എബി ചൂണ്ടിക്കാട്ടുന്നു. 

രാത്രി പാറിക്കളിക്കുന്ന ദേശീയപതാകകള്‍ എബി മുമ്പ് കണ്ടിട്ടുണ്ട്. ചില സംഘടനകളുടെ രാത്രിയോഗങ്ങളില്‍ ദേശീയപതാകയെ ആ സംഘടനകളുടെ പതാകയ്‌ക്കൊപ്പം മേശപ്പുറത്ത് കുത്തിയിരിക്കുന്നതും എബിയുടെ കണ്ണില്‍ പതിഞ്ഞു. തലകീഴായി കെട്ടിയ പതാക, കീറിപ്പറിഞ്ഞ പതാക, പ്ലാസ്റ്റിക്കിലും മറ്റും അച്ചടിച്ച പതാക, മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത ദേശീയപതാക.... അങ്ങനെയെത്രയെത്ര അപമാനങ്ങള്‍, വ്യക്തമായ തെളിവുകളും രേഖകളും നിരത്തി എബി ഹൈക്കോടതിക്കു കത്തയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് എ.ആര്‍. ലക്ഷ്മണ്‍ പരാതിക്കത്ത് റിട്ട് ഹര്‍ജിയായി (ഛ.ജ. ചീ : 17745 & 17747 ീള 1999) പരിഗണിച്ചു. 1999-ല്‍ ജസ്റ്റീസ് കെ. എസ്. രാധാകൃഷ്ണന്റെ ബഞ്ച് പരാതിക്ക് അനുകൂല വിധി നല്‍കി. അക്കൊല്ലം സ്വാതന്ത്ര്യദിനത്തിനുമുമ്പ് - ഓഗസ്റ്റ് 11ന് - കോടതി ദേശീയപതാകയുടെ മഹത്ത്വം എല്ലാവരെയും ഓര്‍മിപ്പിച്ചു. അതോടൊപ്പം എബിയുടെ ദേശസ്‌നേഹത്തെ ഹൈക്കോടതി പ്രശംസിക്കുകയും ചെയ്തു.

തെറ്റായ രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരേ ആയിരകണക്കിനു പരാതികളാണ് എബിയുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുള്ളത്. ദേശീയപതാക ദുരുപയോഗം ചെയ്യുന്നതായി കണ്ട പലരെയും എബി തെറ്റു ചൂണ്ടിക്കാട്ടി. അതേത്തുടര്‍ന്നു മിക്കവരും അതില്‍നിന്നു പിന്തിരിഞ്ഞു.
കേന്ദ്രആഭ്യന്തരമന്ത്രാലയം, ദേശീയന്യൂനപക്ഷ കമ്മീഷന്‍, കേരളാ ലോകായുക്ത, ലിംക ബുക് ഓഫ് റിക്കാര്‍ഡ്‌സ്, സില്‍ക്ക്മാര്‍ക്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങളും വ്യക്തികളും തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ദേശീയപതാകകള്‍ എബിയുടെ പരാതിയെത്തുടര്‍ന്നു പിന്‍വലിച്ചു.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരചരിത്രത്തെയും അവഹേളിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ എബിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പ്രസ്തുത രംഗം സിനിമയില്‍നിന്നും നീക്കം ചെയ്തു. പിന്നീട് മോസര്‍ബെയര്‍ സിഡികള്‍ പുറത്തിറക്കിയപ്പോള്‍ തിയേറ്ററില്‍ ഒഴിവാക്കിയ ഭാഗം കൂട്ടിച്ചേര്‍ത്ത് പുറത്തിറക്കിയതിനെതിരെ എബി ശക്തമായി പ്രതികരിച്ചു. തുടര്‍ന്നു നടന്‍ ദിലീപും മോസര്‍ബെയറും ഖേദപ്രകടനം നടത്തി സിഡികള്‍ പിന്‍വലിച്ചു.

അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി അശോകചക്രം ഉപയോഗിക്കുന്നത് സംബന്ധിച്ച് എബി നല്‍കിയ പരാതിയെത്തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് രജിസ്‌ട്രേഷന്‍ നല്‍കിയത് ദേശീയചിഹ്നം പാര്‍ട്ടി പരിപാടികള്‍ക്ക് ഉപയോഗിക്കുകയില്ലെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
രാഷ്ട്രപിതാവായ ഗാന്ധിജിയെ അവഹേളിക്കുന്ന പ്രസ്താവന കേരളാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ നടത്തിയ അരുന്ധതി റോയിക്കെതിരെ ആദ്യമായി പ്രതിഷേധമുയര്‍ത്തിയത് എബിയാണ്.  എബിയുടെ നേതൃത്വത്തില്‍ അരുന്ധതി റോയിക്ക് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം അയച്ചു നല്‍കി പ്രതിഷേധിച്ചു.
സിനിമയിലും സീരിയലുകളിലും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെയോ പാര്‍ട്ടികളുടെ കൊടികളെയോ യഥാര്‍ത്ഥമായി ചിത്രീകരിക്കാറില്ല. എന്നാല്‍ അശോകചക്രവും ദേശീയപതാകയും യഥാര്‍ത്ഥമായിത്തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് എബി.

ദേശീയപതാകയെപ്പറ്റി കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രചാരണമാരംഭിച്ചിരിക്കുകയാണ് എബി. 'മിഷന്‍ ഫ്‌ളാഗ്' എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ പതിനായിരം സ്‌കൂളുകളില്‍ സന്ദേശമെത്തിക്കുക എന്നതാണു ലക്ഷ്യം. ദേശീയപതാകയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനായി 'റെസ്‌പെക്ട് നാഷണല്‍ ഫ്‌ളാഗ്' കാമ്പയിനും എബി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇതിനായി 'ഇന്ത്യന്‍ ഫ്‌ലാഗ് ' എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും എബിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപതാകയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ചില നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം പോലെ ദേശീയപതാകദിനം ആചരിക്കുക, ദേശീയപതാകയുടെ മഹത്വം വിവരിക്കുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പി.എസ്.സി. നടത്തുന്ന പൊതുപരീക്ഷകലില്‍ ദേശീയപതാക, ദേശീയഗാനം, ദേശീയചിഹ്നം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കുക, മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കുക, പാഠ്യപുസ്തകങ്ങളുടെ ആമുഖക്കുറിപ്പില്‍ ദേശീയപതാക, ദേശീയഗാനം ഇവയെക്കുറിച്ച് നിര്‍ബന്ധമായും ലഘുവിവരം നല്‍കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

സ്‌കൂള്‍ ഓഫ് റൈറ്റ്‌സ് ആന്റ് ഡ്യൂട്ടീസ് എന്ന സ്ഥാപനത്തിനും എബി തുടക്കം കുറിച്ചു. പൗരന്മാരെ തങ്ങളുടെ കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള പാഠ്യപദ്ധതികള്‍ തയ്യാറാക്കി വരികയാണ്. തികച്ചും സൗജന്യമായിട്ടാവും ഇവയുടെ പ്രവര്‍ത്തനമെന്നും എബി വിശദീകരിക്കുന്നു.

സീ ന്യൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പരിപാടിയുടെ ഭാഗമായി എബി ജെ. ജോസിനെ റെസ്‌പോണ്‍സബിള്‍ സിറ്റിസണ്‍ ആയി തെരഞ്ഞെടുത്തിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന കടമകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു നടത്തുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് എബിയെ തെരഞ്ഞെടുത്തത്. കേന്ദ്ര യുവജനക്ഷേമകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സീ ന്യൂസ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇന്ത്യയിലെ സംഘടനകളും വ്യക്തികളുമായി 23 പേരാണ് ഈ പട്ടികയില്‍ ഉള്ളത്.

പാലായുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ പ്രപൗത്രപുത്രനായ എബി വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന പാലാ കവീക്കുന്ന് മൂലയില്‍ തോട്ടത്തില്‍ ബേബി ജോസഫിന്റെയും അമ്മിണിയുടെയും മൂത്തമകനാണ്. ഭാര്യ സിന്ധു തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉദ്യോസ്ഥ. മക്കള്‍: ലിയ മരിയ, ഡിയ ആന്‍, ഇവാന എലിസബത്ത് , കൊച്ചൗസേപ്പ് , കാതറീന്‍ റബേക്കാ എന്നിവരാണ്.

Contact  to Eby J Jose - Mobile : 9447702117
ഫോട്ടോ അടിക്കുറിപ്പ്
ഫോട്ടോ 1 എബി ജെ. ജോസ് ഫോട്ടോ
2 രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കൊപ്പം
ഫോട്ടോ 3 ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനൊപ്പം


കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ പ്രചാരകന്‍
Eby J Jose
കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ പ്രചാരകന്‍
with Pranab Mukherjee
കാല്‍ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ പ്രചാരകന്‍
Eby with Dr kalam.jpg
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക