Image

എല്ലാം നേരത്തേ അറിയിച്ചിരുന്നു'; ഡി.ജി.പി ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യഹരജി

Published on 10 August, 2017
 എല്ലാം  നേരത്തേ അറിയിച്ചിരുന്നു';  ഡി.ജി.പി ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യഹരജി


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യഹരജി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചെന്നും ഫോണ്‍ സംഭാഷണം ബെഹ്റയ്ക്ക് വാട്സാപ്പ് വഴി അയച്ചുകൊടുത്തെന്നും ജാമ്യഹരജിയിലുണ്ട്.

സുനിയുടെ കത്ത് വന്ന ശേഷമാണ് ദിലീപ് പരാതിപ്പെട്ടതെന്ന് പൊലീസ് അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഇന്ന്് സമര്‍പ്പിച്ചിരുന്നു. താന്‍ ഇതുവരെ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും തനിക്കെതിരെ പ്രബലരായ പലരുടെയും ഗൂഢാലോചന ഉണ്ടെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.

രാമലീല ഉള്‍പ്പടെയുള്ള പല സിനിമകളും പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ചിത്രങ്ങള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ദിലീപിന്റെ രോഗാവസ്ഥ

ജോസ് തോമസിന്റെ കുറിപ്പ്

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെര്‍ട്ടിഗോ എന്ന അസുഖം -ബാലന്‍സിങ് പ്രോബ്ലം -ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍ മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്.

സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല. എന്ത് സുരക്ഷ. അയാള്‍ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ. കാക്കി ദേഹത്ത് കയറിയാല്‍ മനുഷത്വം മരിക്കുമോ.. കോടതി കുറ്റവാളി എന്ന് പറയും വരെ കുറ്റവാളിയല്ലാത്ത അയാള്‍ക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ ?കുറ്റവാളികള്‍ക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ. ഇത് പ്രതി പട്ടികയില്‍ പൊലീസ് പേര് ചേര്‍ത്ത ആളെ സപ്പോര്‍ട്ട് ചെയ്തതല്ല. മനുഷത്വം തൊട്ടു തീണ്ടിയവര്‍ ചിന്തിക്കാന്‍ വേണ്ടി മാത്രം.- ജോസ് തോമസ് പറഞ്ഞു.

ദിലീപിനെ നായകനാക്കി രണ്ടു സിനിമ ചെയ്ത സമയത്തും അദ്ദേഹത്തിന് ആ അസുഖത്തിന്റെ ആരംഭം ഉണ്ടായിരുന്നുവെന്ന് ജോസ് തോമസ് പറയുന്നു. തെറ്റിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അനുഭവിക്കുന്ന രോഗത്തിന് ചികിത്സ കൊടുക്കണമെന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജോസ് തോമസ് പറഞ്ഞു.

ദിലീപിനെ നായകനാക്കി ശൃംഗാരവേലന്‍, മായാമോഹിനി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ജോസ് തോമസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക