Image

റോഡിന് ശ്വാസംമുട്ടുന്ന വാഹനപ്പെരുപ്പവും ഇടിത്തീയാവുന്ന ഇന്ധന വിലയും(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 11 August, 2017
റോഡിന് ശ്വാസംമുട്ടുന്ന വാഹനപ്പെരുപ്പവും ഇടിത്തീയാവുന്ന ഇന്ധന വിലയും(എ.എസ് ശ്രീകുമാര്‍)
ഇന്നത്തെ (ഓഗസ്റ്റ് 11) കേരള മാധ്യമങ്ങളില്‍ വന്ന രണ്ട് തലക്കെട്ട് വാര്‍ത്തകളെപ്പറ്റി പരാമര്‍ശിക്കുകയാണ്. രണ്ടും ഗൗരവമുള്ള വിഷയങ്ങള്‍ തന്നെ. ഒന്ന് അടിക്കടിയുണ്ടാവുന്ന ഇന്ധവ വിലക്കയറ്റവും മറ്റൊന്ന് സംസ്ഥാനത്തെ റോഡുകള്‍ക്ക് താങ്ങാന്‍ പറ്റാത്ത വാഹനപ്പെരുപ്പവുമാണ്. രണ്ടും തമ്മില്‍ പരസാപരം ബന്ധപ്പെട്ടിരിക്കുന്നു. കാരണം വാഹനം പെരുകുമ്പോള്‍ ഇന്ധന ഉപഭോഗവും കൂടുന്നു. നേട്ടം എണ്ണക്കമ്പനികള്‍ക്കും. ഒരു കോടി പത്തുലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലുള്ളത് 2.05 ലക്ഷം കിലോമീറ്റര്‍ റോഡ് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഗതാഗതക്കുരുക്കില്‍ പാതകളെ നിശ്ചലമാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ പെരുകുകയാണ്. റോഡുകള്‍ക്ക് വീതിയും നീളവും കൂടുന്നില്ലെങ്കിലും വര്‍ഷംതോറും എട്ടരലക്ഷം വാഹനങ്ങള്‍ പുതിയതായി നിരത്തിലിറങ്ങുന്നുവത്രേ.

ഇനി ഇന്ധന വിലക്കയറ്റം സംബന്ധിച്ച വാര്‍ത്ത വായിക്കാം...ദിവസംതോറും വില പുനക്രമീകരണം വന്നതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്. പെട്രോള്‍, ഡീസല്‍ വില ഓരോദിവസവും പുനക്രമീകരിക്കുന്നത് ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കൈയടി നേടി. 2014 ഒക്ടോബറില്‍ ഡീസല്‍ വില നിയന്ത്രണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയപ്പോള്‍ ഉടന്‍തന്നെ ലിറ്ററിന് 3.37 രൂപ കുറഞ്ഞിരുന്നു. എണ്ണവില വിപണിക്കുവിടുന്നത് നല്ലതാണെന്ന ധാരണയുണ്ടാക്കാനും ഇതുപകരിച്ചു. ആഗോള എണ്ണവില ബാരലിന് നൂറു ഡോളറിനുമേലെയുണ്ടായിരുന്നത് വന്‍തോതില്‍  ഇടിയാന്‍ തുടങ്ങിയപ്പോഴായിരുന്നു ഈ പരീക്ഷണം.
***
പെട്രോളിയം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആധുനിക മനുഷ്യന് ചിന്തിക്കുക പ്രയാസം. ജീവവായു പോലെതന്നെയാണ്   അവനത്. എണ്ണയുടെ വില ഇന്ത്യയില്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നു. പെട്രോളിയം കമ്പനികളെ കയറഴിച്ചുവിട്ടിരിക്കുകയാണ് കാലാകാലങ്ങളില്‍ അധികാരത്തിലേറുന്ന കേന്ദ്ര സര്‍ക്കാരുകള്‍. നാഴികയ്ക്കു നാല്പതു വട്ടം അവര്‍ ഡീസലിനും പെട്രോളിനും പാചക ഗ്യാസിനു പോലും വില ഉയര്‍ത്തിക്കൊണ്ട് സഞ്ചാര സ്വാതന്ത്ര്യത്തിനും, നമ്മുടെ ഭക്ഷണ ആവശ്യങ്ങള്‍ക്കും മേല്‍ മൂക്കുകയര്‍ ഇടുകയാണ്. ഈ അവസ്ഥയില്‍ ഇന്ധനം ഇല്ലാതെ വരുന്ന ലോകത്തിന്റെ മറ്റൊരു മുഖത്തേയ്ക്ക് കണ്ണാടി തിരിക്കുകയാണ്. സുഭിക്ഷമായി ലഭിക്കുന്ന ഇന്ധനത്തെ കോടികള്‍ കൊയ്യുന്ന ഉത്പന്നമാക്കി, എണ്ണക്കമ്പനികള്‍ക്ക് വിടുവേല ചെയ്യുന്നവരാണ് ഭരണ കൂടങ്ങളും...ഇവര്‍ പരസ്പര പൂരകങ്ങള്‍...

ചില ഇന്ധന ചിന്തകള്‍...മനുഷ്യന്‍ എണ്ണ ഉപയോഗിച്ചു തുടങ്ങുന്ന കാലഘട്ടത്തില്‍ രണ്ട് ലക്ഷം കോടി ബാരല്‍ എണ്ണയാണ് ഭൂമിയില്‍ ഭൂമിയില്‍ മൊത്തമായുണ്ടായിരുന്നത്. ഇന്നതിന്റെ പകുതിയോളം ഭാഗം ഉപയോഗിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും 31 ദശലക്ഷം ബാരല്‍ എണ്ണയാണ് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ രീതിയില്‍ മുന്നോട്ടുനീങ്ങുകയാണെങ്കില്‍ 30 വര്‍ഷത്തേക്കു കൂടി മാത്രമേ ഇനി ഭൂമിയില്‍ എണ്ണ ബാക്കിയുണ്ടാവുകയുള്ളുവത്രേ. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കണ്ടെടുത്ത എണ്ണ വളരെ കുറവാണ്. ഇതിലും കൂടുതല്‍ ഘനനം ചെയ്‌തെടുക്കാനുള്ള സാധ്യതയും വിരളമാണ്. ഇതിനര്‍ഥം 30 വര്‍ഷം കഴിഞ്ഞാല്‍ എണ്ണയുടെ വരവ് നിലച്ചുപോകും എന്നല്ല. വരും വര്‍ഷങ്ങളില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും ഉത്പാദിപ്പിക്കുന്ന എണ്ണയില്‍ കുത്തനെ ഇടിവുണ്ടാകും. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മാത്രമേ അന്ന് കൃത്യമായ അളവില്‍ എണ്ണ ലഭ്യമാകൂ. ഇത് പ്രതിസന്ധി രൂക്ഷമാക്കാനേ ഉപകരിക്കൂ.

എത്രത്തോളം എണ്ണ ഈ ഭൂമിയില്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്നത് അറിയേണ്ട കാര്യമാണ്. എന്നാല്‍ എത്രത്തോളം എണ്ണ ഉത്പാദിപ്പിക്കാമെന്നതും അതിനു തുല്യമായി പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എണ്ണ ഉത്പാദനത്തിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ത്തന്നെയാണ് ഇപ്പോള്‍ ലോകത്തെ എണ്ണ ഉത്പാദന രാജ്യങ്ങളെല്ലാം ഉത്പാദനം നടത്തിക്കൊണ്ടിരിക്കുന്നത്. 2003 ലെ കണക്കനുസരിച്ചുതന്നെ സൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളെല്ലാം ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുന്നു. ഉത്പാദനവും സംഭരണവും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണയുടെ കണക്കുകള്‍ എടുക്കുന്നത്. എണ്ണ ഇനി എത്രകാലത്തേക്കു കൂടി എന്നതിന് ഉത്തരം നല്‍കുന്നത് ഈ കണക്കുകളാണ്. സൗദി അറേബ്യയേക്കാള്‍ ഇന്ന് റഷ്യയാണ് ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം. 2030 ആവുമ്പോഴേക്ക് ഇപ്പോഴുള്ളതിന്റെ 50 ശതമാനത്തിലധികം ആവശ്യക്കാര്‍ വര്‍ധിക്കുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എണ്ണ ഉത്പാദനത്തിന്റെ തോത് കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവില വര്‍ഷം തോറും കുതിച്ചുയരുന്ന കാഴ്ചയാണ് നമ്മള്‍ക്കുമുമ്പിലുള്ളത്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഖനനം കൂടുതലാക്കാനുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ല. കൂടാതെ ആഗോള എണ്ണക്കമ്പനികളിലെ ഭീമന്മാര്‍ എണ്ണവില കൂട്ടുന്നതിനായി കഠിനശ്രമം നടത്തുകയാണ്.

ലോകം മൊത്തത്തില്‍ പീക് ഓയില്‍ പോയന്റിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്ന തത്ത്വം അംഗീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. എര്‍ത്ത് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1984 മുതല്‍ എല്ലാ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും പിറകിലായാണ് ലോക എണ്ണ ഖനനത്തിന്റെ സ്ഥാനം. എണ്ണപ്പാടത്തിന്റെ പ്രായമാണ് മറ്റൊരു പ്രധാനവിഷയം. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ 20 എണ്ണവും കണ്ടെത്തിയത് 1917 നും 1979നും ഇടയ്ക്കാണ്. ഇത്രയും പാടങ്ങളില്‍ നിന്നുള്ള വാര്‍ഷിക ഉത്പാദനം ദിവസം നാല് ദശലക്ഷം ബാരല്‍ എന്നതോതില്‍ കുറയുന്നു. ഭൗമശാസ്ത്രപരമായ അറിവും സാങ്കേതിക വിദ്യയും കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ വളരെ മുന്നോട്ടുപോയിട്ടുണ്ട്. ഇനിയും പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളില്‍ ചിലത് കണ്ടെടുക്കാനുണ്ടെന്നാണ് കരുതുന്നത്. കടലിനടിയിലെ പാറക്കൂട്ടങ്ങളില്‍ നിന്നും മരുഭൂമികളില്‍ നിന്നും അഗാധങ്ങളായ കടല്‍ത്തിട്ടകളില്‍ നിന്നും ഇനിയും എണ്ണ ഉത്പാദിപ്പിക്കാനുണ്ടെങ്കില്‍ തന്നെ അവ വളരെ ഉയര്‍ന്ന വിലയിലേ ലഭ്യമാവുകയുള്ളു.

എണ്ണഖനനം ഒരു നിശ്ചിതസ്ഥാനത്തെത്തുമ്പോള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തും. ആ പോയന്റാണ് പീക് ഓയില്‍ പോയന്റ് എന്നറിയപ്പെടുന്നത്. അവിടെ നിന്നും പിന്നീട് കുത്തനെയുള്ള ഇടിവാണ് എണ്ണ സംഭരണത്തില്‍ രേഖപ്പെടുത്തുക. ഭൂമിക്കടിയിലുള്ള എണ്ണ ഒന്നിച്ചു കുഴിച്ചെടുത്ത് അതിനെ എണ്ണ ശേഖരം എന്നു വിളിക്കാനാവില്ല. പ്രധാനമായും മൂന്നായി ഇതിനെ തരം തിരിക്കാം. ആദ്യത്തേത് തെളിയിക്കപ്പെട്ട ശേഖരം. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യത്തില്‍ ഇന്നത്തെ നിലയനുസരിച്ച് നിലവിലുള്ള ഖനികളില്‍നിന്ന് ഖനനം ചെയ്‌തെടുക്കാന്‍ കഴിയുമെന്നുറപ്പുള്ള ശേഖരമാണിത്. എഞ്ചിനീയറിംഗ്, ജിയോളജി കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയിരിക്കുന്നത്. ഇ.യു.ആര്‍. എന്ന എസ്റ്റിമേറ്റഡ് അള്‍ട്ടിമേറ്റ്‌ലി റിക്കവറബിള്‍ വിഭാഗത്തില്‍ പെട്ട ശേഖരമാണ് ഈ വിഭാഗത്തിലുള്‍പ്പെട്ടത്. സംഭരണത്തിന്റെ സാധ്യത കണക്കിലെടുത്താണ് ഇത് കണക്കാക്കകുന്നത്. അവസാനത്തേയും മൂന്നാമത്തെയും വിഭാഗം നോണ്‍ കണ്‍വന്‍ഷനല്‍ എന്നറിയപ്പെടുന്നു. കല്‍ക്കരി ഖനി, എണ്ണപ്പാറ, എണ്ണപ്പാടം, ടാര്‍, ബിറ്റുമെന്‍, ഖര ഓയില്‍, ദ്രുവപ്രദേശങ്ങളിലെ എണ്ണ, പ്രകൃതി വാതക സംക്ഷേപം തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട വിഭാഗമാണിത്.

ഒപെക് രാജ്യങ്ങളിലെ അറബ് അംഗങ്ങളും ഈജിപ്തും സിറിയയും അടങ്ങിയ ഓര്‍ഗനൈസേഷന്‍ ഓഫ് അറബ് പെട്രോളിയം  എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് അംഗരാജ്യങ്ങള്‍ യോം കിപ്പൂര്‍ (റമദാന്‍) യുദ്ധത്തില്‍ ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യില്ലെന്ന തീരുമാനത്തിലെത്തിയതാണ് 1973ലെ എണ്ണ പ്രതിസന്ധിക്കിടയാക്കിയത്. സിറിയയും ഈജിപ്തുമായി ഇസ്രായേല്‍ നടത്തിയ യുദ്ധത്തിനാണ് ഈ രാജ്യങ്ങള്‍ ഇങ്ങനെയൊരു തീരുമാനം കൈ കൊണ്ടത്. ലോക എണ്ണ വില കുത്തനെ ഉയര്‍ത്തുന്നതിനായി ഒപെക് രാജ്യങ്ങളും സമ്മര്‍ദം ചെലുത്താന്‍ സമ്മതിച്ചു. സെവന്‍ സിസ്റ്റേഴ്‌സ് എന്ന ആഗോള എണ്ണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനു ശേഷമായിരുന്നു അത്. 1973 ഒക്‌ടോബര്‍ 16ന് ഒപെക് രാഷ്ട്രങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തലാക്കി. അമേരിക്കയെയും നെതര്‍ലാന്‍ഡ്‌സിനെയുമാണ് പ്രധാനമായും അവര്‍ ലക്ഷ്യം വെച്ചിരുന്നത്.

ഇറാനിലുണ്ടായ വിപ്ലവമാണ് 1979ലെ എണ്ണ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഇറാന്റെ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് ഇറാനില്‍ എണ്ണ ഉത്പാദനം നിര്‍ത്തിവയ്ക്കുകയും ഇറാഖിലെ എണ്ണ കയറ്റുമതിക്ക് തടയിടുകയും ചെയ്തു. ഇതെത്തുടര്‍ന്നുണ്ടായ ആഗോള പണപ്പെരുപ്പം 1980കളുടെ തുടക്കം വരെ നിന്നു. പിന്നീട് 1986 വരെ എണ്ണവിലയില്‍ സാരമായ കുറവുണ്ടായിരുന്നു. ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്നാണ് ആഗോള എണ്ണവിപണിയില്‍ 1990ല്‍ വിലക്കയറ്റമുണ്ടായത്. കുവൈറ്റിലെ എണ്ണപ്പാടങ്ങള്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് ഭരണകൂടം തീയിട്ടു നശിപ്പിച്ചതോടെയാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. മൂന്നാം ഊര്‍ജപ്രതിസന്ധിയായിരുന്നു അത്. ഒപെക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ആറുമാസങ്ങള്‍ക്കകം വിപണി വീണ്ടും പഴയപോലെയായത്. ആ സമയത്ത് എണ്ണവില ബാരലിന് 50.50 ഡോളര്‍ എന്ന നിലയില്‍ റെക്കോഡിലെത്തിയിരുന്നു.

അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്. പെട്രോളിന് 2010 ജൂണിലും ഡീസലിന് 2014 ഒക്ടോബറിലും വിലനിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും 15 ദിവസം കൂടുമ്പോഴാണ് വില പരിഷ്‌കരിച്ചിരുന്നത്. വില പുനക്രമീകരിക്കാന്‍ സാങ്കേതികമായി എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെങ്കിലും രാഷ്ട്രീയപരിഗണനകള്‍കൂടി വെച്ചാണ് അവരത് ചെയ്തിരുന്നത്. അതിനാല്‍ വിലക്കയറ്റമുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും അവസരമുണ്ടായിരുന്നു. പ്രതിദിന വിലപരിഷ്‌കരണം വന്നതോടെ ഈ സാധ്യത കുറഞ്ഞു. 2013-14 കാലയളവില്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് ഏതാണ്ട് 110 ഡോളറുണ്ടായിരുന്നപ്പോള്‍ ഡീസലിന് 50 രൂപയില്‍ താഴെയും പെട്രോളിന് 70 രൂപയുമായിരുന്നു ഇന്ത്യയിലെ വില. ഇപ്പോള്‍ അസംസ്‌കൃത എണ്ണയ്ക്ക് വില അതിന്റെ പകുതിയിലേറെ കുറഞ്ഞ് 51.60 ഡോളര്‍ മാത്രമായെങ്കിലും ഒരു ലിറ്റര്‍ പെട്രോളിന് 67 രൂപയോളവും ഒരു ലിറ്റര്‍ ഡീസലിന് 57 രൂപയോളവും ഈടാക്കുന്നു. ഇന്ത്യയിലെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരുമാസത്തിനിടെ മൂന്നരരൂപ കൂടിയത് അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല. ചെലവേറുന്ന ഓണമിങ്ങടുക്കുകയും ചെയ്യുന്നു.

റോഡിന് ശ്വാസംമുട്ടുന്ന വാഹനപ്പെരുപ്പവും ഇടിത്തീയാവുന്ന ഇന്ധന വിലയും(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക