Image

'ബ്ലുവെയില്‍: മധ്യപ്രദേശില്‍ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

Published on 11 August, 2017
'ബ്ലുവെയില്‍: മധ്യപ്രദേശില്‍ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

ഇന്‍ഡോര്‍: ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്‌റ്റേജ്‌ പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ അധ്യാപകന്റെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടു രക്ഷപ്പെടുത്തി.

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ചമേലി ദേവി പബ്ലിക്‌ സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണു ഗെയിമിന്റെ 50ാം ലെവല്‍ പൂര്‍ത്തികരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടാനൊരുങ്ങിയത്‌. വിദ്യാര്‍ഥി മൂന്നാം നിലയിലെ ജനലിലൂടെ പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു കായികാധ്യാപകന്‍ ഫാറൂഖ്‌ ജാഗ്രത പുലര്‍ത്തിയത്‌. രണ്ടു സഹപാഠികളും വിദ്യാര്‍ഥിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഗെയിം പൂര്‍ത്തിയാക്കിയാല്‍ രണ്ടു കോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു കുട്ടിക്കു ലഭിച്ച വാഗ്‌ദാനം. പിതാവിന്റെ മൊബൈലിലാണു കുട്ടി ഗെയിം കളിച്ചത്‌. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ കുട്ടി ബ്ലൂ വെയില്‍ ഗെയിം ആണ്‌ കളിച്ചതെന്നുള്ള വിദ്യാര്‍ഥിയുടെയും സഹപാഠികളുടെയും വാദം പോലീസ്‌ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

ഓരോ ലെവല്‍ കഴിയുമ്പോഴും കയ്യില്‍ മുറിവേല്‍പ്പിക്കണമെന്നതാണു ഗെയിമിന്റെ നിയമങ്ങളിലൊന്ന്‌. അങ്ങനെയെങ്കില്‍ 50 ലെവല്‍ ആകുമ്പോള്‍ തിമിംഗലത്തിന്റെ രൂപത്തില്‍ 50 മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടാകണം. ഇതു കാണാത്തതിനാലാണു പോലീസ്‌ സംശയിക്കുന്നത്‌.

ബ്ലൂവെയില്‍ ഗെയിമിന്‌ അടിമപ്പെട്ട്‌ ആഴ്‌ചകള്‍ക്കു മുമ്പ്‌ മുംബൈയില്‍ മന്‍പ്രീത്‌ എന്ന വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തിരുന്നു. മന്‍പ്രീത്‌ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി വ്യക്തമായിരുന്നു. മരണഗെയിമുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌ത ആത്മഹത്യയായിരുന്നു ഇത്‌.

കേരളത്തില്‍ ഇതിനകം തന്നെ 2000 പേര്‍ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ പൊലീസ്‌ മോധാവി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക