Image

'വിധിയുമായി മുഖാമുഖം...' പ്രതിജ്ഞ പുതുക്കേണ്ട സ്വാതന്ത്ര്യ ദിന വേള: നെഹ്രുവിന്റെ പ്രസംഗം

പരിഭാഷ: എ.എസ് ശ്രീകുമാര്‍ Published on 12 August, 2017
 'വിധിയുമായി മുഖാമുഖം...' പ്രതിജ്ഞ പുതുക്കേണ്ട സ്വാതന്ത്ര്യ ദിന വേള: നെഹ്രുവിന്റെ പ്രസംഗം
ഏത് സമരങ്ങളുടെയും ആവേശത്തിന്റെ ചാലകശക്തികളാണ് പ്രസംഗങ്ങള്‍. അവിടെ വാക്കുകളാണ് വഴി നടത്തുന്നത്. പ്രസംഗത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ചില ഏടുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 1947 ആഗസ്റ്റ് 14ന്റെ അര്‍ധരാത്രി ഘടികാരമണി മുഴങ്ങിയപ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയായിരുന്നു. അധികാരം കൈമാറപ്പെട്ട ഭരണഘടനാ നിര്‍മാണസഭ ശ്രീമതി സുചേതാ കൃപലാനിയുടെ വന്ദേമാതര ഗാനത്തോടെ രാത്രി 11 മണിക്ക് യോഗനടപടികള്‍ ആരംഭിച്ചു. ഭരണഘടനാ നിര്‍മാണസഭയുടെ ജീവിതത്തില്‍ ആതൊരു ചരിത്രപ്രധാനവും സ്മരണീയവുമായ മുഹൂര്‍ത്തമായിരുന്നു. അധ്യക്ഷ പ്രസംഗത്തിനു ശേഷം ജവാഹര്‍ ലാര്‍ നെഹ്‌റു, വിഖ്യാതമായിത്തീര്‍ന്ന അദ്ദേഹത്തിന്റെ 'വിധിയുടെ മുന്നില്‍...' എന്ന പ്രസംഗം ചെയ്തു. ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും സേവിക്കുമെന്ന പ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം അംഗങ്ങളെ ആഹ്വാനം ചെയ്തു. മറ്റൊരു സ്വാതതന്ത്ര്യ ദിനം സമാഗതമാവുമ്പോള്‍ ആ ചരിത്ര പ്രസംഗം ഒരിക്കല്‍ കൂടി സ്മൃതിപഥത്തിലെത്തുന്നു...ഇനിയും പാലിക്കാത്ത പ്രതിജ്ഞകള്‍ പുതുക്കേണ്ട സമയമാണിത്...

'നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മള്‍ വിധിക്ക് സമാഗമ സങ്കേതമൊരുക്കി. ഇപ്പോഴിതാ പൂര്‍ണമായും പൂര്‍ണതോതിലുമല്ലെങ്കിലും ഗണ്യമായിത്തന്നെ നമ്മള്‍ നമ്മുടെ പ്രതിജ്ഞ നിറവേറ്റുകയാണ്. അര്‍ധരാത്രി ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായി. നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് ചുവടു വെക്കുമ്പോള്‍ ഒരു യുഗം അവസാനിക്കുകയും നീണ്ടകാലം അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയും ചെയ്യുന്ന, ചരിത്രത്തില്‍ വിരളമായി മാത്രം വരുന്ന ആ നിമിഷം വരവായി. ഈ ഉദാത്ത നിമിഷത്തിന് യോജ്യമായ വിധത്തില്‍ ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും സേവനത്തിനും മാനവരാശിയുടെ വിശാല താത്പര്യത്തിനുമായി അര്‍പ്പണബോധത്തോടെ സേവനം ചെയ്യുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്...'

'ചരിത്രത്തിന്റെ ഉദയം മുതല്‍ക്കു തന്നെ ഇന്ത്യ അവിരാമമായ അവളുടെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പിന്നിട്ട നൂറ്റാണ്ടുകള്‍ അവളുടെ ഉദ്യമങ്ങളാലും വിജയവൈഭവങ്ങളാലും പരാജയങ്ങളാലും ഭരിതമാണ്. ഭാഗ്യ-വിപര്യയങ്ങളിലൊരുപോലെ അവള്‍ അന്വേഷണത്വരയോ തനിച്ച് കരുത്തു പകര്‍ന്ന ആദര്‍ശങ്ങളോ വിസ്മരിച്ചില്ല. നമ്മളിന്ന് ഒരു നിര്‍ഭാഗ്യദശ പിന്നിട്ട് ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുന്ന മുഹൂര്‍ത്തത്തിലാണ്. നമ്മളിന്ന് ആഘോഷിക്കുന്ന നേട്ടങ്ങള്‍ നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള ചവിട്ടുപടിയും അവസരങ്ങളുടെ ആരംഭവുമാണ്. ഈ അവസരം മനസ്സിലാക്കാനും ഭാവിയുടെ വെല്ലുവിളി സ്വീകരിക്കാനും മതിയായ വിവേകവും ധൈര്യവും നമുക്കുണ്ടോ..?'

'സ്വാതന്ത്ര്യവും അധികാരവും ഉത്തരവാദിത്വത്തെ കൊണ്ടുവരുന്നു. ഇന്ത്യയിലെ പരമാധികാരികളായ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പരമാധികാര വേദിയായ ഈ സഭയിലാണ് ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത്. സ്വാതന്ത്ര്യപ്പിറവിക്കുമുമ്പ് നാം അനുഭവിച്ച വേദനകളുടെയും യാതനകളുടെയും ദുഖസ്മൃതികള്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയില്‍ ചില വേദനകള്‍ ഇന്നും തുടരുന്നുണ്ട്. എങ്കിലും പഴയതെല്ലാം കഴിഞ്ഞു. ഭാവി നമ്മെ മാടിവിളിക്കുകയാണ്. ഭാവി അലസ വിശ്രമങ്ങള്‍ക്കുള്ളതല്ല. നമ്മള്‍ പലപ്പോഴായി എടുത്തതും ഇന്ന് എടുക്കുന്നതുമായ പ്രതിജ്ഞകള്‍ നിറവേറ്റാനുള്ള നിരന്തര ശ്രമങ്ങളുടേതാണ്. ഇന്ത്യയെ സേവിക്കുക എന്നതിന്റെ അര്‍ഥം ദുരിതമനുഭവിക്കുന്ന ദശലക്ഷങ്ങളെ സേവിക്കുക എന്നതാണ്. ദാരിദ്ര്യം, അജ്ഞത, രോഗങ്ങള്‍, അവസരങ്ങളുടെ സമത്വം എന്നിവയ്ക്ക് അവസാനം കാണുക എന്നതാണ് അതിനര്‍ഥം. എല്ലാ കണ്ണുകളില്‍ നിന്നും കണ്ണീരൊപ്പുക എന്നതാണ് നമ്മുടെ തലമുറയിലെ മഹാനായ മനുഷ്യന്റെ അഭിലാഷം. അത് നമ്മുടെ കഴിവിന് അപ്പുറത്തായിരിക്കുമെങ്കിലും കണ്ണീരും ദുരിതങ്ങളും ഉള്ളിടത്തോളം കാലം നമ്മുടെ ദൗത്യം പൂര്‍ണമാവുകയില്ല...'

'അതിനാല്‍ നാം നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിക്കുകയും കഠിനമായി പ്രയത്‌നിക്കുകയും വേണം. ആ സ്വപ്നങ്ങള്‍ ഇന്ത്യയെക്കുറിച്ചുള്ളതാണെങ്കിലും അവ ലോകത്തെ സംബന്ധിക്കുന്നതുമാണ്. വേറിട്ട് ജീവിക്കാമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിധത്തില്‍ രാജ്യങ്ങളും ജനതകളും ഇന്ന് ഏറെ കൂട്ടിച്ചേര്‍ത്ത അവസ്ഥയിലാണ്...'

'മേലില്‍ ഒറ്റതിരിഞ്ഞ കഷണങ്ങളായി ഭിന്നിച്ച് കഴിയാനാവാത്ത ഈ ലോകത്ത് സമാധാനവും സ്വാതന്ത്ര്യവും അഭിവൃദ്ധിയും നാശവും അവിച്ഛിന്നമത്രേ. ഈ മഹാ സാഹസത്തില്‍ വിശ്വാസത്തോടെയും ഉള്ളുറപ്പോടെയും നമ്മോട് സഹകരിക്കുവാന്‍ നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ജനതയോട് നാം അഭ്യര്‍ത്ഥിക്കുകയാണ്. നിസ്സാരവും വിനാശകാരിയുമായ വിമര്‍ശനത്തിനുള്ള സമയമല്ലിത്. അസൂയയ്ക്കും ആക്ഷേപത്തിനുമുള്ള സന്ദര്‍ഭമല്ലിത്. സ്വതന്ത്ര ഇന്ത്യയുടെ എല്ലാ സന്താനങ്ങള്‍ക്കുമായി നമുക്ക് മഹനീയായ സൗധം പണിയേണ്ടതുണ്ട്...'

'ഞാന്‍ അഭ്യര്‍ത്തിക്കുകയാണ്... അര്‍ധരാത്രി മണി മുഴങ്ങിയാല്‍, ഇവിടെ സന്നിഹിതരായ ഭരണഘടനാ നിര്‍മാണ സമിതിയംഗങ്ങള്‍ ഈ പ്രതിജ്ഞ സ്വീകരിക്കണം. ഇന്ത്യന്‍ ജനത, ദുരിതങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും സ്വാതന്ത്ര്യം നേടിയ ഈ പാവനമുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയിലെ അംഗമെന്ന നിലയ്ക്ക് ഞാന്‍ ഈ പുരാതന രാജ്യത്തിന് ലോകത്തെ അര്‍ഹമായ സ്ഥാനം ലഭ്യമാവുന്നതിനും ഈ രാജ്യത്തെ ലോകസമാധാനവും മാനവരാശിയുടെ ക്ഷേമവും വളര്‍ത്തുവാനുള്ള അവളുടെ പൂര്‍ണ സംഭാവനകള്‍ അര്‍പ്പിക്കുന്നതിന് പ്രാപ്തമാക്കുവാനും വിനയാദരപൂര്‍വം സ്വയം സമര്‍പ്പിക്കുന്നു. ഈ അവസരത്തില്‍ ഇവിടെ സന്നിഹിതരല്ലാത്ത അംഗങ്ങള്‍ അടുത്ത തവണ സഭയില്‍ ഹാജരാകുമ്പോള്‍ ഈ പ്രതിജ്ഞ (അദ്ധ്യക്ഷന്‍ നിര്‍ദേശിക്കുന്ന ഭേദഗതികളോടെ) സ്വീകരിക്കേണ്ടതാണ്...'

 'വിധിയുമായി മുഖാമുഖം...' പ്രതിജ്ഞ പുതുക്കേണ്ട സ്വാതന്ത്ര്യ ദിന വേള: നെഹ്രുവിന്റെ പ്രസംഗം  'വിധിയുമായി മുഖാമുഖം...' പ്രതിജ്ഞ പുതുക്കേണ്ട സ്വാതന്ത്ര്യ ദിന വേള: നെഹ്രുവിന്റെ പ്രസംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക