Image

ന്യൂനപക്ഷ ഭൂരിപക്ഷം (തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 14 August, 2017
ന്യൂനപക്ഷ ഭൂരിപക്ഷം (തോമസ് കളത്തൂര്‍)
സമൂഹത്തിലെ നീതിയുടേയും നിയമത്തിന്റേയും ജൈവസ്വഭാവത്തിന്റെ പുറന്തോട് തൊട്ടുനോക്കാനാണ് ഈ സംരംഭം. ജീവന്റെ അടയാളം ചലനമാണല്ലോ. ജീവിതത്തെ പലരും പലരീതിയില്‍ നേരിടുന്നതിനാല്‍ സമൂഹത്തില്‍ പല സ്വഭാവക്കാരും, പല കാഴ്ചപ്പാടുള്ളവരും സൃഷ്ടിക്കപ്പെടുന്നു. സ്വന്തം പ്രവര്‍ത്തിയിലൂടെ അവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു, അതിന്റെ ഭാരത്തെ തോളിലേറ്റുന്നു. ചരിത്രത്തില്‍ എന്നും, എവിടേയും, ഭരിക്കുന്നവരുടെ ന്യൂനപക്ഷത്തേയും, അവരുടെ സഹായികളുടെ മറ്റൊരു വലിയ ന്യൂനപക്ഷത്തേയും, ഭരിക്കപ്പെടുന്നവരുടെ വലിയ ഭൂരിപക്ഷത്തേയും കാണാവുന്നതാണ്. ഫ്യൂഡലിസത്തിലും ക്യാപ്പിറ്റലിസത്തിലും കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലുമെല്ലാം ഈ തട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
    സമൂഹത്തന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഉടലെടുത്ത രാഷ്ട്രീയത്തിലും മതത്തിലും പിന്നീടുയര്‍ന്നു വന്ന സംഘടനകളിലുമെല്ലാം ഈ ''മൂന്നു നില ചട്ടക്കൂട്'' ദര്‍ശിക്കാന്‍ കഴിയും. ഭരിച്ചു സുഖിക്കുന്ന ചൂഷകരുടെ ന്യൂനപക്ഷവും, അവരുടെ പാദസേവകരും ഗുണ്ടകളും ആജ്ഞാനുവര്‍ത്തികളുമായ മറ്റൊരു ന്യൂനപക്ഷവും, ഈ ന്യൂനപക്ഷങ്ങളുടെ ഒക്കെ അടിമകളായി അവരെയെല്ലാം തീറ്റിപോറ്റുന്ന മഠയരും പേടിത്തൊണ്ടന്മാരുമായ വലിയ ഭൂരിപക്ഷവും. എന്നാല്‍, വലിയ ഭൂരിപക്ഷത്തിന്റെ വിശ്വാസം, ഈ ന്യൂനപക്ഷങ്ങളാണ് തങ്ങളെ പോറ്റുന്നതെന്നും, അവരുടെ കരുണയിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നുമാണ്.

    സാധാരണക്കാരായ പാവം ഭൂരിപക്ഷത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെപ്പറ്റിയും ചിന്തിക്കണം. അവരുടെ അനുഭവ പാഠങ്ങളും കണക്കിലെടുക്കേണ്ടതായുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും അവ നടപ്പാക്കി എടുക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാമെന്ന ചിന്തയും ഇന്നും നിലനില്‍ക്കുന്നു. മൂല്യാധിഷ്ഠിതമല്ലാത്ത പ്രവര്‍ത്തനക്ഷമത അക്രമത്തിലേക്കും അനീതിയിലേക്കും വഴി നടത്തും. ചാണക്യന്റെ അര്‍ത്ഥശാസ്ത്രവും നീതിശാസ്ത്രവും രാജ്യതന്ത്രങ്ങളെ മെനഞ്ഞെടുക്കാന്‍ സഹായിച്ചിരുന്നു. നേര്‍വഴിയില്‍ നിന്നും വ്യതിചലിച്ചും, എന്നാല്‍ രാജ്യത്തിന്റെ അഥവാ ഭൂരിപക്ഷത്തിന്റെ നന്മയ്ക്കുവേണ്ടി എന്ന ന്യായീകരണത്തോടെയും പല പാതകങ്ങളും നടത്തിയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടേയും തിരുവിതാംകൂറിന്റേയും ചരിത്രത്തിലും സമാന രീതികള്‍ കാണാവുന്നതാണ്. എങ്കിലും ഭരണവര്‍ഗ്ഗം എന്ന കൊച്ചു ന്യൂനപക്ഷത്തിന്റെ കൈകളില്‍ കറപുരണ്ടു കാണാതിരിക്കാന്‍ ആജ്ഞാനുവര്‍ത്തികളായ ന്യൂനപക്ഷം പരിശ്രമിച്ചിരുന്നു.
    മതവിശ്വാസങ്ങള്‍ മറ്റൊരു ഘടകമായി ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്നു. ചില വിശ്വാസങ്ങളോടുള്ള ''അഭിപ്രായം അഥവാ മനോഭാവം'' എന്നുള്ള അര്‍ത്ഥത്തിനുപരിയായി, ഒരു ലഹരിയായി മതം മാറുന്നതോടെ, അവിടെ മേല്‍പ്പറഞ്ഞ മൂന്നു തട്ടുകളും വളര്‍ന്നു വരികയായ്. മനുഷ്യന്‍ മനനം ചെയ്യേണ്ടവനാണ്. എന്നാല്‍ മതം പലപ്പോഴും അവന്റെ ചിന്താശക്തിയെ നിരോധിക്കുകയാണ്; ''വിശ്വസിക്കുക'' മാത്രം ചെയ്യുക എന്ന കല്പനയിലൂടെ. സ്ത്രീകള്‍ക്കെതിരെ എല്ലാ മതങ്ങളും ഗൂഢാലോചന നടത്തിയതായും മനുഷ്യരുടെ ഇടയില്‍ വിഭജനങ്ങള്‍ ഉണ്ടാക്കിയതായും കാണാം. വിശ്വാസം അടിച്ചേല്‍പ്പിക്കലും വിശ്വസിക്കാത്തവരെ ബോധപൂര്‍വ്വം ഒഴിവാക്കലും മതത്തിന്റെ നയമാണ്. ഒരു പ്രശ്‌നം, മതപരമാണെങ്കില്‍ പരിഹാരം ഉണ്ടാവാന്‍ പ്രയാസമാണ്. കാരണം, തങ്ങള്‍ വിശ്വസിച്ചാരാധിക്കുന്ന, ഐതീഹ്യ-ചരിത്ര-സാങ്കല്പിക-വിശ്വാസ സാഹിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളെ വിവേചിച്ചറിയാനോ അപഗ്രഥിക്കാനോ ആവാത്ത വിധത്തിലുള്ള, അന്ധമായ കാഴ്ചപ്പാടായിരിക്കും 'മതങ്ങള്‍ക്ക്'. തങ്ങളുടെ മതം മാത്രം സത്യവും, മറ്റെല്ലാ മതങ്ങളും തെറ്റ് ആണെന്ന്, എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. അത് അവരുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. മതഭരണം നടത്തുന്ന ന്യൂനപക്ഷം, നിര്‍വ്വഹകരായ അല്പംകൂടി വലിയ ന്യൂനപക്ഷത്തെ ഉപയോഗിച്ച്, ഭൂരിപക്ഷം വരുന്ന വിശ്വാസവര്‍ഗ്ഗത്തെ, സ്വര്‍ഗ്ഗസുഖ വാഗ്ദാനങ്ങളും നരകത്തെക്കുറിച്ചുള്ള ഭയവും നല്‍കി ആജ്ഞാനുവര്‍ത്തികളാക്കുന്നു. കാര്യകാരണ സംബന്ധമായ അന്വേഷണം നടത്തുന്നവരെ, ദൈവനിക്ഷേധികളായി മുദ്രയടിക്കുന്നു.

    ഭരണവും അധികാരങ്ങളും കൈയ്യാളാന്‍ രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷം, ഒരു നല്ല നാളെയുടെ ചിത്രം വരച്ചുകാട്ടും. സന്തോഷവും സൗഭാഗ്യവും നിറഞ്ഞ നല്ല നാളെയെ ലഭിക്കാനായി, തങ്ങളെ ചുമന്ന് ഉയരത്തിലെത്തിക്കുകയേ വേണ്ടു എന്ന് പ്രഖ്യാപിക്കും. സാധാരണക്കാരില്‍ ഈ സ്വപ്നം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എത്തിക്കുവാനായി ഇടനിലക്കാരുടെ മറ്റൊരു ന്യൂനപക്ഷത്തെ കണ്ടുപിടിക്കും. അവര്‍ക്കും പുതിയ സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കും, ഒരു പ്രോത്സാഹനത്തിന്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ സാദ്ധ്യതകളെപ്പറ്റി ചിന്തിക്കാന്‍ മടി കാണിക്കുന്ന മടിയന്മാരായ ഭൂരിപക്ഷം ''സ്വപ്നങ്ങളുടെ സാക്ഷാത്കാരം'' സ്വപ്നം കണ്ട് എത്രനാളുകള്‍ വേണമെങ്കിലും തള്ളിനീക്കും, എത്ര ദൂരം വേണമെങ്കിലും പിന്നാലെ സഞ്ചരിക്കും. ഈ ചൂഷണ ദൃശ്യങ്ങളെ എടുത്തുകാണിക്കുന്നു, പി.കേശവദേവിന്റെ ''കണ്ണട കച്ചവടക്കാര്‍'', ''നാളേക്കുവേണ്ടി'' എന്നീ ചെറുകഥകള്‍.

    മതങ്ങളും സ്വപ്നവില്പനക്കാരാണ്. സ്വര്‍ഗ്ഗവും ആത്മാവും നിത്യതയും ഐശ്വര്യവുമൊക്കെയാണ് അവരുടെ വില്പനച്ചരക്കുകള്‍. ആചാര അനുഷ്ഠാനങ്ങളെ ഗംഭീര ''ഈവന്റു''കളാക്കി, വിശ്വാസം അരക്കിട്ടുറപ്പിക്കുന്നു. മതത്തെ സ്ഥാപനവത്ക്കരിക്കുക എന്ന ലൗകീകതയ്ക്കാണ് മുന്‍തൂക്കം കൊടുക്കുക. സ്ഥാപനവല്‍ക്കരണംകൊണ്ട് അധികാരവും സമ്പത്തും സുഖസൗകര്യങ്ങളും ആര്‍ഭാടങ്ങളും വര്‍ദ്ധിക്കാനിടയാക്കും. അങ്ങനെ ആത്മീകതയില്‍ നിന്ന് ലൗകീകതയിലേക്ക് തെന്നി മാറുന്നതായി കാണാം. ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന സത്യാന്വേഷികളില്‍ അധിക പങ്കും, ശരിയായ സത്യത്തെ കണ്ടെത്താനല്ല ശ്രമിക്കുന്നത്. തങ്ങള്‍ വിശ്വസിക്കുന്നത് സത്യമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള അന്വേഷണങ്ങളാണ് നടത്തുന്നത്. പുതിയതായ ഒരന്വേഷണത്തെപ്പറ്റി കേള്‍ക്കുന്നതുപോലും അജീര്‍ണ്ണമാണവര്‍ക്ക്. അത് ദൈവനിഷേധമായി അവര്‍ മുദ്രകുത്തും. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാതിരിപ്പാന്‍ അവര്‍ ക്രിസ്തുവിനെ ക്രൂശിക്കും. സോക്രട്ടീസിന് വിഷം കൊടുക്കും. ഗലീലിയോയെ ഭയപ്പാടില്‍ നിര്‍ത്തി. പ്രപഞ്ചസത്യത്തെ തന്നെ തള്ളിപ്പറയിക്കും. എന്നാല്‍ ഇന്ന് അറിവുകള്‍ വര്‍ദ്ധിച്ചു. സത്യത്തെ മൂടിവയ്ക്കാനാവില്ല എന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. ഈ അറിവിനെ മതത്തിന്റെ മേലേക്കിടയില്‍ നിന്ന് സ്വാഗതം ചെയ്യണം. മനുഷ്യരെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റുമതി ചെയ്യുന്നതോടൊപ്പം, ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ സ്വര്‍ഗ്ഗം സംജാതമാക്കാന്‍ ശ്രമിക്കേണ്ടതാണ്.
    സത്യത്തിലും നീതിയിലും അധിഷ്ഠിതമായി പൊതുനന്മയ്ക്കായി ഭരണന്യൂനപക്ഷങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ താഴെക്കിടയിലും വ്യതിയാനങ്ങള്‍ സംഭവിക്കും. ചൂഷണവും അഴിമതിയും ഉച്ചനീചത്വങ്ങളും അവസാനിക്കും. സമാധാനവും സമൃദ്ധിയും ഉണ്ടാകും. സമൂഹം പുരോഗമിക്കും. രാജവാഴ്ചയാണെങ്കിലും ജനാധിപത്യമാണെങ്കിലും ഈ മൂന്നു തലങ്ങളും നിലനില്‍ക്കും. എന്നാല്‍ സൃഷ്ടിപരവും പ്രയോജനപ്രദവുമാകുകയാണ് ആവശ്യം. ''വിദ്യകൊണ്ട് പ്രബുദ്ധരാകണം'' എന്ന പ്രബോധനം മറക്കാനാവില്ല. അഴിമതിക്കും നിരുത്തരവാദത്തിനുമെതിരെ, പ്രബുദ്ധരും പ്രതികരണശേഷിയുമുള്ള ''നാട്ടുകൂട്ടങ്ങള്‍'' ഉടലെടുക്കണം. സദാചാര പോലീസെന്ന സ്വാതന്ത്ര്യ ധംസകരെ അല്ല ഉദ്ദേശിക്കുന്നത്. സത്യത്തെ മാനിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവണം.

    ചിന്തിക്കാന്‍ മനുഷ്യനെ സഹായിക്കുന്നതാവണം ''മതം''. മനുഷ്യന്‍ അന്ധവിശ്വാസിയും അന്ധഅവിശ്വാസിയും ആകരുത്. സ്‌നേഹം, കരുണ, കരുതല്‍ ഇതൊക്കെ പ്രചരിപ്പിക്കാന്‍ മതത്തിന് ശക്തിയുണ്ട്. നിയമങ്ങള്‍ വഴി, ഇതൊന്നും നടപ്പാക്കാനാവില്ല. ദൈവം ജ്ഞാനവും സത്യവും, സൗന്ദര്യവും സ്‌നേഹവുമാകുന്നു. അന്ധത ''നീക്കാനാണ്'' മതം ശ്രമിക്കേണ്ടത്. അങ്ങനെ മാറുമ്പോള്‍ ഈ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും അതിരുകളില്ലാതെ പ്രവര്‍ത്തനോന്മുഖമാകും. പരപൂരകങ്ങളായി ഭവിക്കും.

    കര്‍മ്മ മണ്ഡലത്തേയും വിചാരവികാര മണ്ഡലത്തേയും കാര്യമായി സ്വാധീനിക്കുന്നതിന് ആത്മീയ മണ്ഡലത്തിന് സാധിക്കുന്നു. അതിനാല്‍ മതം, ശരിയായ ആത്മീയതയെ ലക്ഷ്യമാക്കി പ്രവര്‍ത്തനം നടത്തണം. നിരപേക്ഷതയും സൗഹാര്‍ദ്ദവും നിലനിര്‍ത്തണം. പിശകുകള്‍ തിരുത്താന്‍ മഹാമനസ്‌കതയും ഹൃദയവിശാലതയും ആവശ്യമാണ്. പുതിയ അറിവുകളെ സ്വാഗതം ചെയ്യണം.

ന്യൂനപക്ഷ ഭൂരിപക്ഷം (തോമസ് കളത്തൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക