Image

എഴുപത് വര്‍ഷം, അറുപത്തൊമ്പത് മാര്‍ക്ക് (ഡി. ബാബു പോള്‍)

Published on 14 August, 2017
എഴുപത് വര്‍ഷം, അറുപത്തൊമ്പത് മാര്‍ക്ക് (ഡി. ബാബു പോള്‍)
ഭാരതം സ്വതന്ത്രമായിട്ട് എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. നമ്മെ ഉത്കണ്ഠാകുലരാക്കാന്‍ പോന്ന പല സംഗതികളും ഇന്ന് നമുക്ക് ചുറ്റും ഉണ്ട് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ നമുക്ക് അഭിമാനം പകരുന്ന സംഗതികളാണ് അതിനൊപ്പം കാണാനുള്ളത് എന്ന് തിരിച്ചറിയുകയും വേണം.#ാ

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ ഓര്‍മ്മ പറഞ്ഞുകൊണ്ട് തുടങ്ങാം. 1947 ആഗസ്റ്റ് 15 രാവിലെ ഉണര്‍ന്നുവന്നപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞുതന്നു : നീ ഉറങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. നിന്റെ അമ്മയും ഞാനും ആ നേരത്ത് വിളക്ക് കത്തിച്ച് രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു.'

അന്ന് ആറ് വയസാണ് പ്രായം. സ്വാതന്ത്ര്യം കിട്ടിയത് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് ആണ്. ഞാന്‍ തിരുവിതാംകൂര്‍ പ്രജയാണ്, ഞങ്ങള്‍ പള്ളിക്കൂടത്തില്‍ പാടിയിരുന്നത് വഞ്ചീശമംഗളമാണ്. ബ്രിട്ടീഷുകാര്‍ പോയതിന്റെ ഗുണം തല്‍ക്കാലം മഹാരാജാവിനാണ് എന്നൊന്നും ആ പ്രായത്തില്‍ അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അറിയുന്നുണ്ട് അന്ന് സംഭവിച്ചത് എന്താണെന്ന്.

വടക്കന്‍ തിരുവിതാംകൂര്‍.

പെരിയാറിന്റെ തെക്കേ കര. കുന്നത്തുനാട് താലൂക്ക്. പെരുമ്പാവൂര്‍ ''ടൗണി'ല്‍ മാത്രം ആണ് വൈദ്യുതി. പഞ്ചായത്താഫീസില്‍ ഒരു വലിയ പെട്ടി ഉണ്ടായിരുന്നു. കുന്നത്തുനാട് താലൂക്കിലെ ഒരേയൊരു റേഡിയോ. അങ്ങനെ ഒരു വാര്‍ത്താവിനിമയോപാധി ഉണ്ടായിരുന്ന കാര്യം ആ ആറുവയസുകാരന് അറിവുണ്ടായിരുന്നില്ല. ഫോണ്‍. അതെന്താണ്? പൊടി പറക്കാത്ത ടാറിട്ട റോഡ്. അങ്ങനെയൊന്നുണ്ടോ? വീടുകളില്‍ മണ്ണെണ്ണ വേണ്ടാത്ത വിളക്ക്. അസാദ്ധ്യം.

ആദ്യം ഗതാഗതസൗകര്യങ്ങളുടെ കഥ പറയാം. പെരുമ്പാവൂരിലെ നാല്‍ക്കവലയില്‍ നിന്ന് തെക്കോട്ട് കിടക്കുന്ന മണ്‍പാതയാണ് കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും പോകുന്നത്. എം.സി റോഡ്. വടക്കോട്ട് പാത താന്നിപ്പുഴ വരെ. ശേഷം പെരിയാറാണ്. എന്നും നിറഞ്ഞൊഴുകിയിരുന്ന നദി. കടത്തുവള്ളമാണ് പിന്നെ ശരണം. മറുകരയാണ് കാലടി. പടിഞ്ഞാറോട്ടും കിഴക്കോട്ടും ആയി ആലുവാ മൂന്നാര്‍ റോഡ്. ആ വഴിയിലാണ് ഗതാഗതം കൂടുതല്‍. സര്‍ സി.പിയുടെ ബുദ്ധിയാണ്. തിരുവിതാംകൂറിന് പുറത്ത് തിരുവിതാംകൂറിന് തടയാനാവാതിരുന്നതിനാല്‍ നിലവില്‍ വന്ന കൊച്ചി തുറമുഖം. തിരുവിതാംകൂറിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ സി.പി നിശ്ചയിച്ചതിനാലാണ് ഉദ്യോഗമണ്ഡല്‍ ഉണ്ടായത്. അതുപോലെ ഒരു ബുദ്ധി ആയിരുന്നു സര്‍ക്കാരിന്റെ ലോറി സര്‍വീസ്. അടച്ചുപൂട്ടിയ ലോറികള്‍. പെലാലയ്ക്ക് തുടങ്ങും കിഴക്കോട്ട്. പെലാല ഞങ്ങളുടെ വടക്കന്‍ ഭാഷയാണ്. പുലര്‍കാലം. രണ്ടരമണി മുതല്‍ ഏതാണ്ട് ഏഴരവരെ. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആദ്യത്തെ ലോറി പടിഞ്ഞാറോട്ട് പോകും. സന്ധ്യയ്ക്ക് മുമ്പ് അവസാനത്തേതും പോകും. കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി നിറച്ച പെട്ടികളാണ് ലോറിയില്‍. ഇരുവശവും ആനച്ചിത്രം. സര്‍ക്കാര്‍ മുദ്ര. ലോറികള്‍ ഞങ്ങള്‍ക്ക് കാട്ടാന'യായിരുന്നു. ഞങ്ങള്‍ അനുഭവിച്ചിരുന്നത് ലോറികള്‍ ഉയര്‍ത്തിയ പൊടിപടലങ്ങളാണ്. മഴക്കാലത്ത് കുഴപ്പമില്ല. വേനല്‍ക്കാലത്ത് പീടികകളുടെ മുന്‍വശം തിരശീല കൊണ്ട് മറയ്ക്കും. ചാക്കുകള്‍ കൂട്ടിത്തുന്നിയാണ് തിരശീല നിര്‍മ്മിച്ചിരുന്നത്. പിന്നെ ഒരു വലിയ വീപ്പക്കുറ്റി. അതിന് ധാരാളം ദ്വാരങ്ങള്‍. വീപ്പ നിറയെ വെള്ളം. പിരാന്തന്‍ പൗലോസും വടക്കന്‍ കുഞ്ഞിപ്പൈലിയും ഒക്കെ ആ വീപ്പ റോഡിലൂടെ ഉരുട്ടും. വെള്ളം നനഞ്ഞാല്‍ പൊടി പറക്കുകയില്ല. ബസ്? ആലുവയില്‍ നിന്ന് മൂന്നാറിലേക്ക് ഒരു ബസ് ഉണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ്. മടക്കം സന്ധ്യകഴിഞ്ഞ് ആയിരുന്നിരിക്കാം. കണ്ടവരില്ല കുട്ടികള്‍ക്കിടയില്‍. പെരുമ്പാവൂരില്‍ നിന്ന് തെക്കോട്ട് സ്വരാജിന്റെ ബസ് ഉണ്ടായിരുന്നു.

ഒപ്പം മൂന്നാറിന് പോകുന്ന തരം ഒരു പച്ചവണ്ടിയും. അത് സര്‍ക്കാര്‍ വക. പച്ചവണ്ടിക്ക് പ്രത്യേകം പേരാണ്. എക്‌സ്പ്രസ്. ബസില്‍ കയറുന്ന സ്ത്രീകള്‍ കശുമാവിന്റെ ഇല കരുതിയിരിക്കും. മനം മറിക്കുമ്പോള്‍ അത് ഞെരടി മണത്താല്‍ ഛര്‍ദ്ദിക്കയില്ലത്രേ.

അവിടെ നിന്ന് നാം ഇന്ന് ആറുവരിപ്പാതയിലും ഇലക്ട്രിക് ട്രെയിനിലും കൊച്ചി മെട്രോയിലും എത്തിയിരിക്കുന്നു. താന്നിപ്പുഴ കടത്തിന് പകരം ശ്രീശങ്കരപ്പാലം. കാലടി, മറ്റൂര്‍, നെടുമ്പാശേരി വിമാനത്താവളം. പുലയനെന്നും മുളയനെന്നും ആരും പറയുന്നില്ല ഇന്ന്.

വിദ്യാഭ്യാസം.

സ്കൂളില്‍ എനിക്ക് ഒരു സഹപാഠി ഉണ്ടായിരുന്നു. കെ.കെ. മാധവന്‍, നിത്യവും ഒരു ചോറ്റുപാത്രവും പുസ്തകങ്ങളുമായി ഏഴും ഏഴും പതിന്നാല് മൈല്‍ ഇരുപതിലേറെ കിലോമീറ്റര്‍ നടന്നാണ് മാധവന്‍ ഫസ്റ്റ് ക്‌ളാസ് നേടി ജയിച്ചത്. പില്‍ക്കാലത്ത് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ചീഫ് എന്‍ജിനിയര്‍ ആയത്. ഇന്ന് മാധവന്റെ വീടിനും ഞങ്ങള്‍ പഠിച്ച പള്ളിക്കൂടത്തിനും ഇടയ്ക്ക് നാലാണ് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍. കഴുത്തില്‍ കോണകം കെട്ടുന്ന കുട്ടികള്‍ പഠിക്കുന്ന സി.ബി.എസ്.ഇ വേറെയും.

ആരോഗ്യം. കുന്നത്തുനാട് താലൂക്കില്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് എല്ലെമ്പി ഡോക്ടര്‍മാര്‍. എല്ലെമ്പി എന്നുവച്ചാല്‍ എന്‍ജിനിയറിംഗില്‍ ഇക്കാലത്തെ ഐ.ടി.ഐ കണക്കെ ഒരു പ്രയോഗം. ദാമോദരന്‍പിള്ള ഡാക്കിട്ടര്‍ സര്‍ക്കാരാശുപത്രിയില്‍. തോമ്പ്ര ഡോക്ടറും കോച്ചേരി ഡോക്ടറും സ്വന്തം ആശുപത്രികളില്‍. ഇന്നോ?

ഇങ്ങനെ നോക്കിയാല്‍ ജീവിതത്തിന്റെ എല്ലാ മുഖങ്ങളിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. സ്വതന്ത്രഭാരതം പരാജയപ്പെട്ടിട്ടില്ല.

ഇക്കാലത്ത് നെഹ്‌റുവിനെക്കുറിച്ച് വലിയ അഭിപ്രായം ഇല്ല, കോണ്‍ഗ്രസുകാര്‍ക്കൊഴികെ. എന്നാല്‍ അദ്ദേഹത്തിന്റെ സോവിയറ്റ് ആഭിമുഖ്യം നമുക്ക് ഘന വ്യവസായങ്ങളുടെ അടിത്തറ ഉണ്ടാക്കി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ റാഫി അഹമ്മദ് കിദ്വായി മുതല്‍ ഇങ്ങോട്ട് കൃഷി വകുപ്പ് നയിച്ചവര്‍ നമുക്ക് ഭക്ഷ്യ സ്വയംപര്യാപ്തത ഉണ്ടാക്കാന്‍ വഴിയൊരുക്കി. സാരാഭായിയും അമുല്‍കുര്യനും എം.എസ്. സ്വാമിനാഥനും നമ്മെ വളര്‍ത്തി. സര്‍ദാര്‍പട്ടേലും വി.പി. മേനോനും ഇല്ലായിരുന്നുവെങ്കില്‍ ആഫ്രിക്കയെപ്പോലെ കൊച്ചുറിപ്പബ്‌ളിക്കുകള്‍ കൊണ്ട് ഈ ഉപഭൂഖണ്ഡം നിറയുമായിരുന്നു. റുവാണ്ട ഉറുണ്ടി, ബുര്‍ക്കീനോ ഫാസോ. തിരുവിതാംകൂര്‍, മൈസൂര്‍, ഹൈദരാബാദ്, പട്യാല ,. ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശവല്‍ക്കരിച്ചത് മൊറാര്‍ജിദേശാശിയെ വെട്ടിലാക്കാനാവാം. എന്നാല്‍ ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ അമേരിക്കന്‍ സമ്പദ്&്വംിഷ;വ്യവസ്ഥ കുലുങ്ങിയപ്പോഴും നാം പിടിച്ചുനിന്നു.

ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് അഭിമാനിക്കാന്‍ ഏറെ ഉണ്ട്. ഒന്നാമത് നമ്മുടെ ജനാധിപത്യം വിശേഷണങ്ങള്‍ കൂടാതെ ഇന്നും നിലനില്‍ക്കുന്നു. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ കോളനികള്‍ പട്ടാളഭരണത്തിലും സിവിലിയന്‍ ഏകാധിപത്യത്തിലും ബേസിക്' തുടങ്ങിയ വിശേഷണങ്ങള്‍ ശോഭ കെടുത്തുന്ന തരം നിയന്ത്രിത ജനാധിപത്യങ്ങളിലും അകപ്പെട്ടപ്പോഴാണ് നമുക്ക് ഈ സൗഭാഗ്യം. ഈശ്വരന്റെ സവിശേഷകരുണ ഭാരതത്തിന് ലഭ്യമാണ്. ഇന്ദിരയല്ലാതെ മറ്റാരാണ് ഏകാധിപത്യത്തിന്റെ രുചി അറിഞ്ഞിട്ടും സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതായി ചരിത്രത്തില്‍ ഉള്ളത്? അത് അവരുടെ കാരുണ്യം ഒന്നും ആയിരുന്നില്ല. ഇന്റലിജന്‍സുകാര്‍ അവരെ പറഞ്ഞുപറ്റിച്ചതാണ് എന്നൊക്കെ പലരും പറയാറുണ്ട്. ദൈവം ഇടപെട്ടു എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത്.

രണ്ടാമത്, ഈ എഴുപത് വര്‍ഷം നമ്മുടെ പ്രകടനം മോശമായില്ല. നമ്മുടെ ഘടനകളും ചട്ടക്കൂടും സുസ്ഥിരമായി തുടരുന്നു. സുപ്രീംകോടതി അടക്കം ഉള്ള നീതിന്യായസംവിധാനം, ഭരണഘടനാധിഷ്ഠിതമായ സിവില്‍ സര്‍വീസ്, യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ ഇത്യാദി. പോരായ്മകളുണ്ടെങ്കിലും ഒരു പോരായ്മയും ടെര്‍മിനേറ്റര്‍ അല്ല. കാര്‍ഷിക വ്യാവസായിക സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലൊക്കെ എടുത്തുപറയാവുന്ന നേട്ടങ്ങള്‍. ഒട്ടാകെ സംക്ഷേപിച്ചുപറഞ്ഞാല്‍ മോദിയെ കണ്ടാല്‍പോലും പുടിനും നെതന്യാഹുവും എഴുന്നേറ്റ് നില്‍ക്കുന്ന അഭിമാനകരമായ അവസ്ഥ. നമോസ്തുതേ മമജന്മഭൂമി. വന്ദേ മാതരം

എന്നാല്‍ എല്ലാം ശുഭമാണോ? അല്ലേയല്ല.

ഒന്നാമത് അഴിമതി തന്നെ. അഴിമതി നമ്മുടെ ഒരു നേതാവ് പറഞ്ഞത് പോലെ ആഗോളപ്രതിഭാസം ആണ് എന്ന് സമ്മതിക്കാം. എന്നാല്‍ ഭാരതത്തില്‍ അതിന്റെ തോത് വര്‍ദ്ധിച്ചിരിക്കുന്നു സ്വാതന്ത്ര്യാനന്തരം.

കേരളത്തില്‍ ഒരു ഈട്ടിമരം ലേലം ചെയ്തതിലെ ക്രമക്കേട് ആയിരുന്നു ആദ്യം ഉന്നയിക്കപ്പെട്ട ആരോപണം. മന്ത്രി അറിയാതെ നടന്നതാണ് സംഭവം. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചതും. എന്നിട്ടും ആ ലേലം മന്ത്രി കാന്‍സല്‍ ചെയ്തു. രണ്ടാമത്തെ കേസില്‍ മന്ത്രി രാജിവച്ച് മാനനഷ്ടക്കേസ് കൊടുത്ത് ജയിച്ച് നിരപരാധിത്വം തെളിയിച്ചശേഷം രാഷ്ട്രീയം വിട്ടു. ഇപ്പോള്‍ കേള്‍ക്കുന്ന കഥകള്‍വച്ച് നോക്കിയാല്‍ അന്ന് ആരോപിക്കപ്പെട്ടതൊന്നും അഴിമതിയേ ആയിരുന്നില്ല.

മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇതിനെക്കാള്‍ മോശമാണ് സ്ഥിതി. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതി എന്നൊക്കെയല്ലേ പറയുന്നത്? എത്ര പൂജ്യം വേണം ഈ തുക അക്കത്തിലെഴുതാന്‍ എന്നറിയാത്തതുകൊണ്ടാണ് ഇത് എത്ര വലിയ തുകയാണ് എന്ന് നാം തിരിച്ചറിയാത്തത്. അങ്കഗണിതം പഠിച്ചവര്‍ക്കറിയാം

ആകെയുള്ള ഒരു രജതരേഖ മോദി അധികാരത്തില്‍ എത്തിയതിനുശേഷം കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല എന്നതാണ്. എന്നാല്‍ മോദിയുടെ കക്ഷിയുടെ പേരില്‍ അധികാരമില്ലാത്ത ഈ കേരളത്തില്‍ പോലും കഥകള്‍ കേള്‍ക്കുന്നു എന്നത് രോഗം വ്യാപകമാണ് എന്നതിന്റെ തെളിവാണ്.

അഴിമതി പെരുകി എന്നതിനെക്കാള്‍ സീരീയസായി ഞാന്‍ കാണുന്നത് അഴിമതി നാട്ടുനടപ്പാണ് എന്ന ചിന്താഗതിക്ക് സമൂഹത്തില്‍ കിട്ടുന്ന അംഗീകാരമാണ്. കൈക്കൂലി കൊടുക്കാന്‍ ആളുണ്ടാവുമ്പോഴാണ് അത് വാങ്ങാന്‍ സന്ദര്‍ഭം ഉണ്ടാകുന്നത് എന്ന് നാം ഓര്‍ക്കാറില്ല. കാര്യം നടന്നുകിട്ടുമെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ നമുക്ക് വിരോധവുമില്ല.

അതായത് അഴിമതി കൂടുതല്‍ വ്യാപകമായിരിക്കുന്നു, അതിന്റെ തോത് വര്‍ദ്ധിച്ചിരിക്കുന്നു, അതിനോട് പൊതുജനം കാണിക്കുന്ന സഹിഷ്ണുതയും വര്‍ദ്ധിച്ചിരിക്കുന്നു. മാദ്ധ്യമങ്ങള്‍ ഇടയ്ക്കിടെ അഴിമതിക്കെതിരെ ചില നിലപാടുകള്‍ എടുക്കാറുണ്ട് എന്നത് ശരിതന്നെ. അവ കെ.ഇ.മാമ്മന്റെ പ്രഖ്യാപനങ്ങള്‍ പോലെ അന്തരീക്ഷത്തില്‍ ലയിച്ചുപോവുന്നു. ഈയിടെ ആരോപണവിധേയനായ ഒരുദ്യോഗസ്ഥന്‍ പണി അറിയാത്ത തന്നെ ആ പണി ഏല്പിച്ച മുഖ്യമന്ത്രിയാണ് തെറ്റിന് ഉത്തരവാദി എന്നുപറഞ്ഞതും വായിക്കാന്‍ നാം നിര്‍ബന്ധിതരായല്ലോ. ഏത് മുട്ടാപ്പോക്കും ഉത്തരമാവുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല.

വര്‍ഗീയതയും ജാതിചിന്തയും വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ന്യൂനത. വര്‍ണ്ണാശ്രമത്തിന് മാന്യത ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. അത് ഒട്ടൊക്കെ മാറി. എങ്കിലും ജാതിചിന്ത വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ പഴയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഭാരതത്തിലെ മുസ്‌ളിമുകളുടെ ദുരവസ്ഥയെക്കുറിച്ച് വാചാലനായതായി വായിച്ചത്. യു.പി.എയും എന്‍.ഡി.എയും യോജിച്ച ഒരു കാര്യം അന്‍സാരി രാഷ്ട്രപതിയാവാന്‍ യോഗ്യനല്ല എന്നതായിരുന്നു. ആ നിലപാട് സാധൂകരിക്കുന്നതായി ഈ പ്രസ്താവന. പാകിസ്ഥാനില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ലഭിക്കുന്ന പരിരക്ഷയെക്കാള്‍ എത്രയോ മേലെയാണ് ഭാരതത്തില്‍ മുസ്‌ളിമിന് ലഭിക്കുന്നത് എന്ന് പത്തുവര്‍ഷം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി തിരിച്ചറിയാതിരിക്കുന്നത്. കടുത്ത ഏതോ രോഗത്തിന്റെ ലക്ഷണമാണ്. മുസ്‌ളിമുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല. അതിന് മതം അല്ല പ്രധാനകാരണം. ജുനൈദിന്റെ ദാരുണാനുഭവം പോലെ പലപ്പോഴും മറ്റ് ചെറിയ കാരണങ്ങളില്‍ തുടങ്ങി മതത്തിന്റെ പേരിലേക്ക് മാറി വഷളാവുന്ന സ്ഥിതിഗതികളാണ് ഉള്ളത്. അത് മുസ്‌ളിമുകള്‍ക്ക് മാത്രം അല്ല അനുഭവിക്കേണ്ടിവരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ ജോലിക്ക് വന്നവര്‍ പലായനം ചെയ്യേണ്ടിവന്ന സന്ദര്‍ഭം നമുക്ക് മറന്നുകൂടാ. ദളിതരും ആദിവാസികളും ആയവര്‍ക്ക് തിക്താനുഭവങ്ങള്‍ ഉണ്ടാകാറില്ലേ? ഇവയൊക്കെ സാമാന്യവല്‍ക്കരിച്ച് ഭൂരിപക്ഷവും പ്രബലവിഭാഗങ്ങളും ന്യൂനപക്ഷങ്ങളെയും ദുര്‍ബലവിഭാഗങ്ങളെയും സദാ പീഡിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൂടാ. അതേസമയം ജുനൈദിന്റെ അനുഭവം പൊതുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. ഗോഭക്തന്മാര്‍ നിയമം കൈയിലെടുത്ത് അപരന്റെ അടുക്കളയില്‍ ഒളിഞ്ഞുനോക്കരുത് എന്ന് പ്രധാനമന്ത്രി ഒന്നിലധികം തവണ പറഞ്ഞുകഴിഞ്ഞതാണ്. അത് താഴെ തലത്തില്‍ നടപ്പാകാതിരിക്കുന്നത് ഖേദകരമാണ്.

സ്ത്രീകളോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റം ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും താണ്ടാന്‍ ദൂരം ബാക്കിയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഭൗതിക പുരോഗതി തൃപ്തികരമാണെങ്കിലും സാംസ്കാരികമായി അപരനെ കരുതുന്ന മനസ് നമുക്ക് ശുഷ്കതരമായിരിക്കുകയാണ് എന്നതാണ് ഏഴ് പതിറ്റാണ്ടിന്റെ ബാക്കിപത്രം. ഇതിന് ഏതെങ്കിലും വ്യക്തിയെയോ മതത്തെയോ പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നാം ഓരോരുത്തരും കണ്ണാടിയില്‍ നോക്കി അവരവരുടെ വൈരൂപ്യം തിരിച്ചറിഞ്ഞ് പ്‌ളാസ്റ്റിക് സര്‍ജിക്ക് തയ്യാറാവുകയാണ് വേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക