Image

സ്വാതന്ത്ര്യം ഇനിയും അകലെ ! (ചാരുംമൂട് ജോസ്)

Published on 15 August, 2017
സ്വാതന്ത്ര്യം ഇനിയും അകലെ ! (ചാരുംമൂട് ജോസ്)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വര്‍ഷമായി. രാജ്യത്ത് നാല്‍പ്പതു ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അത്രയും തന്നെ ജനങ്ങള്‍ തല ചായ്ക്കാനിടമില്ലാതെ വലയുന്നു.

ജനക്ഷേമത്തിനു മുന്നോക്കംകൊടുക്കും എന്നു പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ഈ അവസ്ഥ തീര്‍ത്തും അവഗണിച്ച് സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ സ്വന്തം കൈപ്പിടിയിലൊതുക്കാനും ചരടുവലി നടത്തി മുന്നേറുകയാണ്.

ഹിന്ദു രാഷ്ട്രം:

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തനശൈലിക്കാണ് മോദി നേതൃത്വം കൊടുക്കുന്നത്. ആയിരക്കണക്കിന് ചെറുപ്പക്കാരെ ജോലി നല്‍കി സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി മോദി തരംഗം സൃഷ്ടിക്കാനും ന്യൂനപക്ഷത്തിനെതിരേയും, മറ്റു സമുദായക്കാരേയും പീഡിപ്പിക്കാനും, മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള "ഹൈന്ദവ ഇന്ത്യ' എന്ന അജണ്ട നടപ്പാക്കാനുമുള്ള ശ്രമം തീവ്രമായ രീതിയില്‍ മുന്നേറുകയാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനും, ഇന്ത്യ ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പോയി പാര്‍ക്കണമെന്നുമുള്ള നിബന്ധനകള്‍ ആര്‍.എസ്.എസ് നേതാക്കന്മാര്‍ മുന്നോട്ടുവച്ചു കഴിഞ്ഞു. ഈ അപകടാവസ്ഥ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

ശിശുക്ഷേമവും പശുക്ഷേമവും:

74 കുട്ടികള്‍ ഒരാഴ്ചകൊണ്ട് മരണപ്പെട്ട സാഹചര്യം ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുമ്പോള്‍, ഒരു ശവം കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ഇല്ലാത്ത സാഹചര്യത്തില്‍, പശുക്കള്‍ക്കുവേണ്ടി ആംബുലന്‍സ്, പ്രത്യേക വകുപ്പ് മന്ത്രിയേയും തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നു.

വൃത്തിഹീനമായ ആശുപത്രികളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി പശുക്കളും പട്ടികളും വാര്‍ഡുകളില്‍ സ്വതന്ത്രരായി നടക്കുന്ന കാഴ്ച ഭാരതീയര്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ ആര്‍ക്കാണ് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്?, ഇരുകാലികള്‍ക്കോ, നാലുകാലി പശുക്കള്‍ക്കോ?

എങ്ങനെ വസ്ത്രം ധരിക്കണം, എന്തു വസ്ത്രം ധരിക്കണം, എന്തു കഴിക്കണം...നിബന്ധനകള്‍ പലതായി. ലംഘിക്കുന്നവരെ അടിച്ചു മൃഗീയമായി കൊലചെയ്യുന്നു. ഇത് ആധുനിക സ്വതന്ത്ര ഇന്ത്യയിലാണ് നടക്കുന്നത്. ഇതൊന്നും കാണാനും കേള്‍ക്കാനും പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നില്ല എന്നതു തന്നെ പ്രധാനം. നികുതിദായകരുടെ പണം ഉപയോഗിച്ച് സ്വന്തം അജണ്ട നടപ്പാക്കാന്‍ പ്രോട്ടോക്കോളുകള്‍ മുഴുവന്‍ ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ പറന്നു നടന്ന് ഡിജിറ്റല്‍ ഇന്ത്യയും, മോദി വത്കരണവും നടത്തുന്നതാണ് ലോകം കാണുന്നത്. ഈ സ്ഥിതി മുന്നോട്ടു പോയാല്‍ ഇന്ത്യ സമീപ ഭാവിയില്‍ ഹിന്ദു രാഷ്ട്രവും, ഹിന്ദുത്വ അജണ്ടകളുടേയും നാടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കുക. മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ രാഷ്ട്രീയ പാര്‍ട്ടിക്കാരും നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജയ്ഹിന്ദ്.

സ്വാതന്ത്ര്യം ഇനിയും അകലെ ! (ചാരുംമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക