Image

മാര്‍ക്കോപോളോ, നോവലും സഞ്ചാരസാഹിത്യവും (സരോജ വര്‍ഗ്ഗീസ് ,ന്യൂയോര്‍ക്ക്)

Published on 16 August, 2017
മാര്‍ക്കോപോളോ, നോവലും സഞ്ചാരസാഹിത്യവും (സരോജ വര്‍ഗ്ഗീസ് ,ന്യൂയോര്‍ക്ക്)
പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ശ്രീ ജോണ്‍ ഇളമതയുടെ പുതിയനോവലാണ് "മാര്‍ക്കോപോളോ'. ഡി.സി. ബൂക്‌സ്പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആയിരം കോപ്പികള്‍ മൂന്നുമാസം കൊണ്ട ്‌വിറ്റഴിഞ്ഞുവെന്നു ഒരു നിരൂപകന്‍ എഴുതി കണ്ടു. വായനാപ്രിയയായ എനിക്ക് ശ്രീ ഇളമത ആ പുസ്തകം ഇയ്യിടെ എത്തിച്ച് തന്നിരുന്നു. സ്വതവെ സഞ്ചാരസാഹിത്യത്തില്‍ പ്രിയമുള്ള എനിക്ക് ഈ നോവല്‍ ഒരു സഞ്ചാരസാഹിത്യമായിട്ടും തോന്നുകയുണ്ടായി.ഈ ലേഖിക ഒരു വിമര്‍ശകയോ, നിരൂപകയോ അല്ലായെങ്കിലും പുസ്തകം വായിച്ചപ്പോള്‍ ലഭിച്ച ഒരു സന്തോഷം, അതുപങ്കുവയ്ക്കുക മാത്രമാണിവിടെ.

മാര്‍ക്കോപോളോയുടെ സഞ്ചാരവിശേഷങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ശ്രീ ഇളമത രചിച്ച ഈ നോവല്‍വായിക്കുമ്പോള്‍ നമ്മളും മാര്‍ക്കോപോളോക്കൊപ്പം സഞ്ചരിക്കുന്ന ഒരു പ്രതീതിയുളവാക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍, അവിടത്തെ മനുഷ്യരുടെ സംഭാഷണരീതി, സംസ്കാരം, ആതിഥ്യമര്യാദ എന്നിവ ശ്രീ ഇളമത ഭംഗിയായി പുനര്‍സ്രുഷ്ടിച്ചിട്ടുണ്ട്. .മാര്‍ക്കോപോളോ സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചെഴുതിയതില്‍ അതിശയോക്തിയുണ്ടെന്നും ചിലതെല്ലാം അദ്ദേഹത്തിന്റെ ഭാവന മാത്രമാണെന്നും വായനക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശ്രീ ഇളമത അങ്ങനെയുള്ള ചില സംഭവങ്ങള്‍ വിവരിച്ച് അതിന്റെ സത്യാവസ്ഥവെളിപ്പെടുത്തുന്നുണ്ട്. ഉദാഹാരണത്തിനു കറുത്തനിറമുള്ള കല്ലുകള്‍ മനുഷ്യര്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നുവെന്നു മാര്‍ക്കോപോളോ എഴുതിയത് "കല്‍ക്കരി''യെക്കുറിച്ചാണെന്നു ശ്രീ ഇളമത വിശദീകരിക്കുന്നു.

അതേപോലെ ചെങ്കിഷ്ഖാന്റെ കൊച്ചുമകന്‍ കുബ്ലാഖാന്‍ മാര്‍ക്കോപോളോയോട് കാണിച്ച ഔദാര്യങ്ങളും സഹായങ്ങളും വിവരിക്കുമ്പോള്‍ എത്രയോ വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന സംഭവങ്ങളുടെ ഒരു പുനരാവിഷ്ക്കാരമായിട്ടല്ല മറിച്ച് നമ്മുടെ മുന്നില്‍ കാണുന്നപോലെയുള്ള അനുഭവം ഉളവാക്കാന്‍ ഇളമതയുടെ ശൈലിക്കും ഭാഷക്കും കഴിഞ്ഞിട്ടുണ്ടു. ഈ പുസ്തകത്തില്‍ വായനക്കാരനെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണു ഇതിലെ ഭാഷ.ഭാഷ അയത്‌നലളിതവും മനോഹരവുമാണ്. പ്രക്രുതിദ്ര്യ്ശ്യങ്ങളുടെ വര്‍ണ്ണന അതുമൂലം ചേതോഹരമെന്നുപറയേണ്ടിയിരിക്കുന്നു.

ഇതു ചരിത്രത്തിന്റെ ഒരു പുന:രാഖ്യാനമാണ്. മാര്‍ക്കോപോളൊ എഴുതിവച്ചത് അങ്ങനെതന്നെ പരിഭാഷ ചെയ്യാതെ ആ വിവരങ്ങളെ ആസ്പദമാക്കി ഒരു നോവല്‍ രചിക്കുക എന്ന കര്‍മ്മമാണു ശ്രീ ഇളമത നിര്‍വ്വഹിച്ചിരിക്കുന്നത്. അതു അദ്ദേഹം വിജയകരമാക്കിയെന്നു വായനക്കാര്‍ക്കനുഭവപ്പെടും. ചരിത്രപുരുഷന്മാരെകുറിച്ച് ശ്രീ ഇളമത മുമ്പും എഴുതുകയും അതൊക്കെവായനക്കാര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീ ജോണ്‍ ഇളമതക്ക് എല്ലാഭാവുകങ്ങളും നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക