Image

ഫോക്കസ് സൗദി റിയാദ് ചാപ്റ്റര്‍ 'ഹിന്ദുസ്ഥാന്‍ ഹമാരാ' ടോക്ക് ഷോ

Published on 17 August, 2017
ഫോക്കസ് സൗദി റിയാദ് ചാപ്റ്റര്‍ 'ഹിന്ദുസ്ഥാന്‍ ഹമാരാ' ടോക്ക് ഷോ

റിയാദ് : ഫോക്കസ് സൗദി ദേശീയ തലത്തില്‍ ' ഹിന്ദുസ്ഥാന്‍ ഹമാരാ'എന്ന ടൈറ്റില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമയി റിയാദ് ചാപ്റ്റര്‍ ടോക്ക് ഷോ സംഘടിപ്പിച്ചു . 

അത്യന്തം കലുഷിതവും ആപത്കരവുമായ വര്‍ത്തമാന കാല ഇന്ത്യയിലെ അവസ്ഥയില്‍ നിന്നും രാജ്യത്തിന്റെ ശില്‍പികളായ ഗാന്ധിജിയും നെഹ്‌റുവും അംബേദ്ക്കറും ഒക്കെ സ്വപ്നം കണ്ട വളര്‍ത്തിയെടുത്ത ജനാധിപത്യ മതേതരത്വ ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിനായുള്ള ശ്രമങ്ങള്‍ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വസികളും ഒറ്റക്കെട്ടായി നടത്തണമെന്ന് ടോക്ക് ഷോയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പ്രാണവായു പോലും നിഷേധിക്കുന്ന അവസ്ഥയിലെത്തിയ ഫാഷിസത്തിന്റെ തേര്‍വാഴ്ചക്ക് മുന്നില്‍ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ പകച്ചു നില്‍ക്കുന്നതിനു പകരം രാജ്യത്തെ ബഹുജനങ്ങളെ അണിനിരത്തി ജനാധിപത്യ മതേതര മാര്‍ഗ്ഗത്തില്‍ സമരം നയിക്കണമെന്നും രാജ്യമെങ്ങും വേരുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതിനു നേതൃത്വം നല്‍കണമെന്നും ഇടതുപക്ഷം അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഈ മൂവ്‌മെന്റിനെ ശക്തിപ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജനവിധിയെ പണവും മസില്‍ പവറും കേന്ദ്ര ഭരണവും ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന സംഘപരിവാറിനു കിട്ടിയ വലിയ തിരിച്ചടിയാണു ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേല്‍ അര്‍ദ്ധരാത്രി നേടിയ വിജയെമെന്നും അഭിപ്രായമുയര്‍ന്നു .

രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുക സമൂഹത്തിലെ ദളിതരും ന്യൂനപക്ഷങ്ങളും അടക്കമുള്ളവര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച ജീവിക്കാനുള്ള അവകാശം ഭരണകൂടം ഉണ്ടാക്കി കൊടുത്താല്‍ മാത്രമാണെന്നും നിര്‍ഭാഗ്യവശാല്‍ രാജ്യത്ത് ഇന്ന് ദളിതരും ന്യൂനപക്ഷങ്ങളും വലിയ ഭീതിയില്‍ ആണു കഴിഞ്ഞു കൂടുന്നതെന്നും ടോക്ക് ഷോയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു .

നൗഷാദ് കുനിയില്‍ മോഡറേറ്ററായ ടോക്ക് ഷോയില്‍ സുബ്രഹ്മണ്യം ടി ആര്‍ , ഡോ. മുഹമ്മദ് ഫൈസി , ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി , റഫീക്ക് തിരുവിഴാം കുന്ന് , ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു .

സാജിദ് പാലത്ത് , ഷംസീര്‍ ചെറുവാടി , മുനീര്‍ അരീക്കോട് , ഷിജാസ് , യൂനുസ് , സഹദ് കൊട്ടപ്പുറം , നിസാറലി , മാസിന്‍ , നയീം
എന്നിവര്‍ നേതൃത്വം നല്‍കി . ഷഫീക്ക് കൂടാളി സ്വാഗതവും ഐ എം കെ അഹമ്മദ് നന്ദിയും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക