Image

പള്ളിപ്പാട്‌ കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു

ജോര്‍ജ്‌ തുമ്പയില്‍ Published on 17 August, 2017
പള്ളിപ്പാട്‌ കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു
ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ താമസിക്കുന്ന പള്ളിപ്പാട്‌ സ്വദേശികളുടെ കുടുംബസംഗമം  ഓഗസ്റ്റ്‌ 12ന്‌ ന്യൂയോര്‍ക്കില്‍ നടന്നു. ദൈവത്തിന്റെ സ്വന്തം ഗ്രാമമായ പള്ളിപ്പാട്‌ നിന്നും അമേരിക്കന്‍ മണ്ണില്‍ കുടിയേറിയവര്‍ തങ്ങളുടെ പ്രിയപ്പെട്ട ഗ്രാമത്തെയും പൂര്‍വികരെയും പ്രിയപ്പെട്ടവരെയും തങ്ങളുടെ ബാല്യ, യൗവന കാലത്തെയും കുറിച്ച്‌ ഓര്‍മകള്‍ പങ്കുവച്ചു. പാസ്റ്റര്‍ പി.വി മാത്യുവിന്റെ പ്രാര്‍ഥനയോടെ പൊതുസമ്മേളനത്തിന്‌ തുടക്കമായി. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ അംഗം മാത്യു ഏബ്രഹാം കാട്ടില്‍ (രാജു) സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്‌ കുര്യന്‍ കോശി കടയ്‌ക്കല്‍ അധ്യക്ഷ പ്രസംഗം നടത്തി.

രമേശ്‌ ചെന്നിത്തല, പള്ളിപ്പാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ രാജേന്ദ്രകുറുപ്പ്‌, പള്ളിപ്പാട്‌ ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്‌ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ പ്രസിഡന്റ്‌ വായിച്ചു. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ മുതിര്‍ന്ന വൈദികനും അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ്‌ ഓഫിസിലെ സീനിയര്‍ എക്‌സിക്യൂട്ടീവുമായ ഫാ. അലക്‌സാണ്ടര്‍ കുര്യ (ജയിംസ്‌ അച്ചന്‍)നൊപ്പം പടനിലത്ത്‌ അമ്മച്ചിയും കോശി കുര്യന്‍, ടൈറ്റസ്‌ ജോര്‍ജ്‌, കുഞ്ഞുമോള്‍ ചെറിയാന്‍, എന്നിവരും ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിയിച്ച്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ട്രഷറര്‍ റജി കെ സാമുവല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ കുറിച്ച ഓര്‍മകള്‍ പങ്കുവച്ചു. പ്രസാദ്‌ സാമുവല്‍ വേര്‍പിരിഞ്ഞ പ്രിയപ്പെട്ടവരുടെ സ്‌മരണകള്‍ പങ്കുവച്ചു. തങ്കച്ചന്‍ ഗീവര്‍ഗീസ്‌, ദീപക്‌ മാത്യു, കുര്യന്‍ കെ. മാത്തന്‍, മജോജ്‌, ബിജു ജോണ്‍, കോശി വലിയ കോയിക്കല്‍, തോമസ്‌കുട്ടി, ബാബു പൊവനാലില്‍, ജോസ്‌ മാത്തുണ്ണി തുടങ്ങിയവര്‍ പള്ളിപ്പാട്‌ ഗ്രാമത്തെക്കുറിച്ച്‌ ഗൃഹാതുരത്വമുയര്‍ത്തുന്ന ഓര്‍മകള്‍ പങ്കുവച്ചു. വിവിധ കലാപരിപാടികളും പള്ളിപ്പാടന്‍ ഫീസ്റ്റും ഹൃദ്യമായി.

എക്‌സിക്യൂട്ടീവ്‌ അംഗം ടൈറ്റസ്‌ ജോര്‍ജ്‌ കളീക്കല്‍ കൃതജ്ഞത പറഞ്ഞു. അച്ചന്‍ കോവിലാറും കൊച്ചു തടാകങ്ങളും അതിരിടുന്ന പള്ളിപ്പാട്‌ ഗ്രാമം ആലപ്പുഴ ജില്ലയിലെ പ്രകൃതി മനോഹരിയായ ഗ്രാമമാണ്‌. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നെല്ലറയായിരുന്നു പള്ളിപ്പാട്‌. വിവിധ ദേവാലയങ്ങളും ക്ഷേത്രങ്ങളും അവയുടെ മഹത്തായ പാരമ്പര്യങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും സമ്പന്നമാക്കുന്ന പള്ളിപ്പാട്‌ ഗ്രാമം എന്നും മതമൈത്രിക്ക്‌ പേരുകേട്ടതാണ്‌.

പള്ളിപ്പാടിന്റെ നെല്‍പാടങ്ങളും തെങ്ങിന്‍തോട്ടങ്ങളും നദികളും മനോഹരമായ കാഴ്‌ചയാണ്‌. സമ്പന്നതയുടെ നാടായ അമേരിക്കയിലേക്കുള്ള മലയാളികുടിയേറ്റവും ഇവിടെയെത്താന്‍ തലമുറകള്‍ ചെയ്‌ത ത്യാഗവും ഈ നാടിന്റെ വളര്‍ച്ചയില്‍ കുടിയേറ്റ സമൂഹത്തിന്റെ സംഭാവനകളും ഏറെ പ്രസക്തമാണ്‌. മികച്ച ജീവിതം തേടിയുള്ള യാത്രയിലാണ്‌ കുടിയേറ്റസമൂഹം ഈ നാട്ടിലെത്തിയതെന്നത്‌ പൊതുവായ സത്യമാണ്‌. കുടിയേറ്റ ജനതയെന്ന നിലയിലും തങ്ങളുടെ ആശയങ്ങളും അധ്വാനവും രക്തവും അമേരിക്കയെ ലോകത്തെ ഏറ്റവും സമ്പന്നവും കരുത്താര്‍ന്നതുമായ രാജ്യമെന്ന നിലയിലേക്ക്‌ വളര്‍ത്തി എന്നതിലും അഭിമാനം പങ്കിടുന്നവരാണ്‌ ഇവിടുത്ത ഓരോ മലയാളിയും. പള്ളിപ്പാടില്‍ നിന്നെന്നതുപോലെ മറ്റു പലയിടങ്ങളിലും നിന്ന്‌ വന്നവരാണ്‌ അമേരിക്കയെ മഹദ്‌ രാജ്യമാക്കിയത്‌. കുടിയേറ്റക്കാരാണ്‌ അമേരിക്കയെ സൃഷ്‌ടിച്ചതെന്നു പറയാം. അവരിന്ന്‌ അഭിമാനികളായ യു.എസ്‌ പൗരന്‍മാരാണെങ്കിലും തങ്ങളുടെ ജന്മനാടിനെ നെഞ്ചോട്‌ ചേര്‍ക്കുന്നു ജന്‍മനാട്‌ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു.
പള്ളിപ്പാട്‌ കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു
പള്ളിപ്പാട്‌ കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു
പള്ളിപ്പാട്‌ കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു
പള്ളിപ്പാട്‌ കുടുംബയോഗം ന്യൂയോര്‍ക്കില്‍ സമ്മേളിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക