Image

ക്രിസ്തു ആരുടെയും സ്വകാര്യസ്വത്തല്ല: സിപിഎം

Published on 05 March, 2012
ക്രിസ്തു ആരുടെയും സ്വകാര്യസ്വത്തല്ല: സിപിഎം
കോഴിക്കോട്* സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രപ്രദര്‍ശനത്തില്‍ വീണ്ടും ക്രൈസ്തവ വിപ്ലവം. ഉദയംപേരൂര്‍ സൂനഹദോസും കൂനന്‍കുരിശു സത്യവുമാണ് ഇത്തവണ വിപ്ലവ സംഭവങ്ങളായി പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചത്. കുരിശിന്റെ വഴി എന്ന പേരില്‍ തയാറാക്കിയ ചരിത്ര പോസ്റ്ററില്‍ കല്‍ദായ സഭയിലെ കാലംചെയ്ത ബിഷപ് പൗലോസ് മാര്‍ പൗലോസിന്റെ വാക്കുകളും ആലേഖനം ചെയ്തിരിക്കുന്നു.

'ക്രിസ്തു ആരുടെയും സ്വകാര്യസ്വത്തല്ല, മനുഷ്യരാശിയുടെ മുഴുവന്‍ സ്വത്താണ്. ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ക്രിസ്തു സാംസ്‌കാരിക പ്രതീകം എന്ന നിലയിലും മഹാസംഭവം എന്ന നിലയിലും പാരമ്പര്യം എന്ന നിലയിലും ക്രൈസ്തവരുടേതു മാത്രമല്ല. ഏതൊരു മനുഷ്യനും അവന്റെ പൈതൃകത്തെ, സംസ്‌കാരത്തിന്റെ സത്തയെ അന്വേഷിക്കാനും കണ്ടെത്താനും വ്യാഖ്യാനിക്കാനും അവകാശമുണ്ട്. തന്നെ നിഷേധിക്കുന്നവന്റെ കൂടി കര്‍ത്താവാണ് യേശു. ക്രിസ്തു നമുക്ക് അന്യനായ ഒരു വ്യക്തിയല്ല, നമുക്കുള്ളില്‍ നമ്മോടൊപ്പം ജീവിക്കുന്ന സത്യമാണ് എന്ന പൗലോസ് മാര്‍ പൗലോസിന്റെ വാക്കുകളാണ് പോസ്റ്ററിലെ ഏറ്റവും പ്രധാന ഭാഗം.

മതപരമായ അടിച്ചേല്‍പിക്കലുകള്‍ക്കെതിരെ ഉയര്‍ന്ന കലാപം എന്നാണ് ഉദയംപേരൂര്‍ സൂനഹദോസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ആധുനിക കേരളത്തില്‍ ക്രിസ്ത്യന്‍ നവോഥാനത്തിലെ ആദ്യ സംരംഭമാണ് 1653ലെ കൂനന്‍കുരിശു സത്യമെന്നും പോസ്റ്റര്‍ പറയുന്നു. മലങ്കര സഭയിലെ യാഥാസ്ഥിതികത്വത്തിനും അനാചാരങ്ങള്‍ക്കും എതിരെ കലാപമുയര്‍ത്തിയ പാലക്കുന്നത്ത് ഏബ്രഹാം മല്‍പാനെയും പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിനെയും പോസ്റ്റര്‍ അനുസ്മരിക്കുന്നു.

മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്കും ബിഷപ് പൗലോസ് മാര്‍ പൗലോസിനും നവോഥാന ചിന്തകളെ മുന്നോട്ടു നയിച്ച സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ആദ്യകാല ക്രിസ്തുമതവും ആധുനിക തൊഴിലാളി പ്രസ്ഥാനവും ഒന്നാണെന്ന ഫ്രെഡറിക് എംഗല്‍സിന്റെ വാക്കുകള്‍ പ്രദര്‍ശനത്തിന്റെ തുടക്കത്തില്‍ത്തന്നെയുണ്ട്. ക്രിസ്തുമതം മര്‍ദിത ജനങ്ങളുടെ പ്രസ്ഥാനമാണെന്നും പോസ്റ്റര്‍ വിവരിക്കുന്നു. ചാവറ അച്ചനും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും അയ്യാവൈകുണ്ഠനും ചരിത്രപ്രദര്‍ശനത്തില്‍ മുഖ്യസ്ഥാനം പിടിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക