Image

ക്ഷുഭിതത്തില്‍നിന്ന്, ഉദാരതയിലേക്ക്, ഉദാത്തതയിലേക്ക് (ഡോ. പി.ഹരികുമാര്‍)

Published on 20 August, 2017
ക്ഷുഭിതത്തില്‍നിന്ന്, ഉദാരതയിലേക്ക്, ഉദാത്തതയിലേക്ക് (ഡോ. പി.ഹരികുമാര്‍)
ഏറെനാളത്തെ മൗനത്തിനു ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിയ "അഭിവാദനം' എന്ന ശ്രേദ്ധേയമായ ചെറു കവിത വായിക്കുകയാണ് ഞാന്‍; ചിക്കാഗോയിലിരുന്ന്.

കഴിഞ്ഞ നാല് മാസമായി, ചിക്കാഗോയിലെ, പബ്ലിക് ലൈബ്രറികളിലും, പാര്‍ക്കുകളിലും, പുസ്തകശാലകളിലും സാഹിത്യോത്സവങ്ങള്‍ ധാരാളമായി നടക്കുന്നു. അവിടങ്ങളിലെല്ലാം, എന്നെയുള്‍പ്പടെ എല്ലാ നിറക്കാരെയും, തരക്കാരെയും ഉള്‍ക്കൊള്ളിക്കാനുള്ള മനസ്സ് വ്യക്തമായി കാണുന്നു. അവിടങ്ങളിലൊക്കെ ഗണ്യമായ തോതില്‍ കേള്‍വിക്കാര്‍ ഉണ്ടാകുന്നു.

ചിക്കാഗോയിലെ അംഗീകൃത ഇംഗ്ലീഷ് കവികളായ കെവിന്‍ കൊവേല്‍, ബ്രിട്ടിനേ, ജമില, മാര്‍ഷല്‍ എന്നീ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ നടന്ന നാല് ദിവസത്തെ കവിതാ ശില്‍പ്പശാലയില്‍ പങ്കെടുത്ത ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. അമേരിക്കയുടെ വിവിധയിടങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എണ്പതിലേറെ യുവകവികളുടെയും, ഈയുള്ളവനുള്‍പ്പടെ ഇരുപതോളം മുതിര്‍ന്നവരുടെയും കവിതകള്‍ കേള്‍ക്കുകയും അവലോകനം ചെയ്യപ്പെടുകയും ചെയ്ത ശില്‍പ്പശാല.

ആധുനിക ലോകത്ത് ഗണ്യമായ സഹിഷ്ണുത നിലനില്‍ക്കുന്ന അമേരിക്കയിലും, യുവതീ യുവാക്കളില്‍നിന്ന്, ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത് അതൃപ്തമായ ക്ഷുഭിത യൗവനത്തിന്റെ പ്രതിരോധ ശബ്ദങ്ങളായിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെ, പീഡനങ്ങള്‍ക്കെതിരെ, അതിരുവല്‍ക്കരണത്തിനെതിരെ, ഇന്ത്യയില്‍ ഇന്ന് പ്രകടിപ്പിക്കാനാവാത്ത തരത്തിലുള്ള ധൈര്യവും, നിശ്ചയ ദാര്‍ഡഡ്യവും, വിട്ടുവീഴ്ച്ചയില്ലായ്മയും അവിടെ കേള്‍ക്കാന്‍ കഴിഞ്ഞു. കവികളില്‍ പകുതിയിലേറെയും കറുത്തവര്‍ഗക്കാര്‍, അവര്‍ക്കിടയില്‍ ഏറെയും പെണ്‍കുട്ടികള്‍.ആവേശമുണര്‍ത്തുന്ന ഊര്‍ജ്ജം.

എക്കാലവും, മലയാളി യുവതയുടെ പ്രതീകമായിരുന്നിട്ടുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദങ്ങളായിരുന്നു അവയെല്ലാം. മലയാള കാവ്യാസ്വാദകര്‍ക്കു എന്നും ചുള്ളിക്കാടായിരുന്നല്ലോ .യുവ പ്രതിരോധത്തിന്റെ സ്വരൂപം. പ്രത്യേകിച്ചും, എന്നെപ്പോലെ വര്‍ഷങ്ങളോളം , മലയാളത്തില്‍നിന്ന് അകന്നു ജീവിക്കേണ്ടി വന്നിട്ടുള്ള സാഹിത്യേതര തൊഴിലുകാര്‍ക്ക്.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കേരളത്തിനു പുറത്ത്, ഇന്ത്യക്കകത്തും പുറത്തുമായി ശാസ്ത്രഗവേഷകനായി കഴിഞ്ഞുപോന്നിട്ടുള്ള എന്നെപ്പോലുള്ളവര്‍ക്ക് ചുള്ളിക്കാടായിരുന്നു മലയാളകവിതയിലെ എക്കാലത്തെയും ഐക്കണ്‍.

ഭാഷയില്‍ നടക്കുന്ന ചലനങ്ങളെ അതാതു കാലത്ത് തൊട്ടറിയാന്‍ സൌകര്യങ്ങളില്ലാതിരുന്ന പ്രവാസികളില്‍, ഒരു വിഭാഗത്തിന് ഓഎന്‍വിയും മറ്റുള്ളവര്‍ക്ക് ചുള്ളിക്കാടുമാണ് പ്രിയപ്പെട്ട കവികള്‍. മറുനാട്ടിലെ ഒട്ടുമിക്ക സാഹിത്യവേദികളിലും "ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടുയര്‍ന്ന ആര്‍ത്തനാദം പോലെ-----' ചുള്ളിക്കാട് മുഴങ്ങുന്നുണ്ട് ഇന്നും.

മുംബൈയിലെ രംഗവേദികളില്‍ ഗസലുകളൊഴുകുമ്പോള്‍, ഹിന്ദുസ്ഥാനി കച്ചേരികള്‍ക്ക് അകമ്പടിയായി തബലയില്‍ മാന്ത്രികവിരലുകള്‍ പെരുക്ക-മലര് പൊരിക്കുമ്പോള്‍, ജോണിനെ ഓര്‍മ്മിപ്പിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍, പ്രവാസിയുടെയുള്ളില്‍ ആദ്യം ഓടിയെത്തുന്നത്, ചുള്ളിക്കാടിന്‍റെ വരികളാണ്. പൊരുത്തപ്പെടാനാവാത്ത പിതാവിന്‍റെ ഓര്‍മ്മകളില്‍ പരിതപിക്കുമ്പോള്‍ ""പട്ടി നക്കിയ പിണ്ഡംപോലെ'' ന്ന വരികളെങ്കില്‍, അമ്മയുടെ നനകണ്ണുകള്‍ കണ്ടു ദുഃഖം പൊറാതെ പടിയിറങ്ങുമ്പോള്‍ "മുടിനാരു കൊണ്ടെന്റെ കഴല് കെട്ടാതെ' എന്ന് പ്രവാസി മന്ത്രിക്കുന്നുണ്ട്. സഫലമാകാത്ത പ്രണയങ്ങളുടെ ഭാരം ഏറെ അനുഭവിക്കാരുള്ള പ്രവാസികള്‍ ഒര്ത്തുവേക്കുന്ന വരികളും ബാലച്ചന്ദ്ര ന്‍റെ "ആനന്ദധാര' യിലെ''ചൂടാതെ പോയ് നീ---------'' എന്ന് തുടങ്ങി ""എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിദ്ധ്യം പകരുന്ന വേദന.'' യിലെത്തുന്ന വരികള്‍തന്നെ.

ചുള്ളിക്കാടിനെ, നേരില്‍ കാണാന്‍ അവസരങ്ങള്‍ കുറവാകയാലാവാം, മറുനാടന്‍ മലയാളികള്‍ക്ക്, ഒരിക്കലും അദ്ദേഹത്തെ പ്രായമാകുന്നൊരു കവിയായി വിഭാവന ചെയ്യാനായിട്ടില്ല. പക്ഷെ, ഇപ്പോഴിതാ, കവിയെ അടുത്തറിയുന്ന സെബാസ്റ്റ്യന്‍ പറയുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന് അറുപതു വയസ്സായെന്ന്. ആധുനികകാലത്ത് അറുപതിലെത്തുകയെന്നത് വയസ്സാകലല്ല. ജീവിതത്തിന്‍റെ പക്വമായ പുത്തന്‍ അദ്ധ്യായത്തിന്‍റെ തുടക്കം മാത്രമാണത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ "അഭിവാദനം' എന്ന കവിത, ഈ പുത്തന്‍ അദ്ധ്യായത്തിന്റെ തുടക്കവരികളാണെന്ന് എനിക്ക് തോന്നുന്നു. ക്ഷുഭിതയൌവനത്തില്‍നിന്ന്, ഉദാര, ഉദാത്ത പക്വതയിലേക്ക് കടക്കുന്ന ഒരു പുത്തന്‍ കാവ്യവ്യക്തിത്വത്തിന്‍റെ പ്രകാശനം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബുദ്ധമതം സ്വീകരിക്കാന്‍ തീരുമാനിച്ച കാലത്ത്തന്നെ ഇത്തരമൊരു പക്വമനസ്സ് ബാലചന്ദ്രനെന്ന വ്യക്തിയില്‍ ഉരുവംകൊണ്ട് തുടങ്ങിയിരിക്കണം.

ഈ കവിതയില്‍ അഭിമാനത്തോടെ, സംതൃപ്തിയോടെ പക്വപ്രായത്തെ (അഏഋകചഏ ഏഞഅഇഋഎഡഘഘഥ) സ്വാഗതം ചെയ്യുന്നു കവി. കവിതയില്‍ പറയുംപോലെ. പുതുവസന്തത്തിന് വളര്‍ന്നു വിടരുവാനുതകുംവണ്ണം സ്വയം അഴുകി മണ്ണില്‍ ചേരുവാന്‍ തയ്യാറാകുന്ന കവിയെ, പുത്തന്‍ വസന്തപ്പൂക്കളെ അനുഗ്രഹാശിസ്സുകള്‍ നേര്‍ന്ന് വിദൂരാഭിവാദനം ചെയ്യുന്ന കവിയെ ഈ കവിതയില്‍ ദര്‍ശിക്കാം.

ഒരുകാലത്ത്,
""-----തുടിയും കൊട്ടി കാലമൂര്‍ത്തിയെത്തോറ്റി-----------
ആര് നില്‍ക്കുന്നൂ പിന്നില്‍,
അഛനൊ ആരാച്ചാരോ?--------
എന്ന മട്ടിലുയര്‍ന്ന ക്ഷോഭശബ്ദം ഇപ്പോള്‍ ഉദാത്തമായ സ്‌നേഹ ആശീര്‍വാദ സ്വരമായി മാറുന്നു ഇവിടെ.
""തീരുകയാണെന്‍റെ ജീവിതത്തിന്‍ ശരല്‍-
ക്കാലവും ഹേമന്തമാവുകയാണിനി----''

എന്ന വരികളില്‍ മനുഷ്യജീവിതത്തിലെ സ്വാഭാവിക വളര്‍ച്ചയുടെ മനംതുറന്ന സ്വീകരിക്കല്‍ കാണാം. വരുംതലമുറയില്‍നിന്ന് കവി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും, തന്‍റെ കാവ്യപ്പാടലുകള്‍ നിഷ്ക്കാമകര്‍മ്മങ്ങളായിരുന്നു എന്നും ""നാളത്തെ തലമുറ തന്‍റെ പേര് തിരിച്ചറിയുകില്ലെങ്കിലും'' തനിക്കു ദുഃഖമില്ലെന്നും കവി സൂചിപ്പിക്കുന്നുണ്ട്. വ്യക്തമായും നിസ്വാര്‍ത്ഥതലത്തിലേക്ക് തന്‍റെ ഭാവി ജീവിതത്തെ, പരിണമിപ്പിക്കുവാന്‍, ഈ ക്ഷുഭിതയൌവന ഐക്കണ്‍, തീരുമാനിക്കുന്നത് ഈ കവിതയില്‍ നമുക്ക് കാണാന്‍ കഴിയും.

വ്യക്തിയെന്ന നിലയില്‍ ഇന്ന് ചുള്ളിക്കാട് നമുക്ക് കുറച്ചുകൂടി പ്രാപ്യനായിരിക്കുന്നു എന്ന് തോന്നിത്തുടങ്ങുന്നു. പൊക്കത്തില്‍, മുഴക്കത്തില്‍, പെരുമാറ്റ അകല്‍ച്ചയില്‍, നിലകൊള്ളാറുള്ള കവി, ഈ കവിതയിലൂടെ അടുപ്പമേറിയവന്‍റെ സ്വരൂപം കൈക്കൊള്ളുന്നത്‌പോലെ.

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്, 1998ല്‍, അമേരിക്കയിലെ, റോച്ചെസ്റ്ററില്‍ നടന്ന ഫൊക്കാനയുടെ കാവ്യസംഗമത്തിലാണ്.

പ്രവാസിമലയാളികള്‍ പൊതുവേ പ്രതീക്ഷിക്കാറുള്ളതിന്, വിപരീതമായി അകല്‍ച്ച പാലിക്കുന്ന ഒരു വ്യക്തിത്വമാണ് ചുള്ളിക്കാടിന്‍റെതെന്ന് അന്നെനിക്ക് തോന്നി. ഇതേ തോന്നല്‍തന്നെ, പില്‍ക്കാലത്ത് മുംബൈയിലെ, പു. ല. ദേശ്പാണ്ഡേ ഹാളില്‍, കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച കാവ്യസംഗമത്തിലും അനുഭവപ്പെട്ടു. പിന്നീട്, കാവാലം നാരായണ പണിക്കരുടെ ജന്മദിനഘോഷവേളയില്‍ തുരുവനന്തപുരത്തെ നിശാഗന്ധിയിലും.

എങ്കിലും, അദ്ദേഹത്തിന്‍റെ രചനകളുടെ, ആലാപനത്തിന്‍റെ, അഭിപ്രായങ്ങളുടെ ഒക്കെ ആരാധകനായി ഒരേ തീവ്രതയോടെ തുടരുകയാണ് ഞാന്‍. ഇതുതന്നെയായിരിക്കാം, മറുനാട്ടില്‍ ജീവിക്കുന്ന മിക്ക കാവ്യാരാധകരുടെയും മനോഭാവമെന്നു തോന്നുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, പ്രവാസി മലയാളികള്‍ക്ക് എക്കാലവും, അവിസ്മരണീയനായ ആദര്‍ശ കവിയാണദ്ദേഹം. മലയാള കവിതയിലെ ഒരു തിളക്കവിളക്കുമരം.
ഇന്ന്, അറുപതില്‍ കാലൂന്നി, ജീവിതത്തിന്‍റെ പുത്തന്‍ചരണത്തിലേക്ക് തലയുയര്‍ത്തി കടക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു ഞാന്‍.
ഇനിയുമേറെനാളത്തെ സഫലകാവ്യജീവിതം ആശംസിക്കുകയും ചെയ്യുന്നു.

-----------------
Dr. P.Harikumar
D-313, Orchid Residency, Behind Jain Temple,
Govandi East, Mumbai 400088
9869060872
CHICAGO 630-472-5903
Join WhatsApp News
അഞ്ചേരി 2017-08-20 08:52:17
താങ്ങളുടെ കവിതയെക്കാൾ  വളരെ  വളരെ  നന്നായിരിക്കുന്നു താങ്ങളുടെ  ലേഖനം......     വളരെ  നന്നായിരിക്കുന്നു ... 
അഭിവാദനം 2017-08-20 19:31:11

അഭിവാദനം
-------------------

തീരുകയാണെന്റെ ജിവിതത്തിൻ ശരൽ-
ക്കാലവും,ഹേമന്തമാവുകയാണിനി.
നാളെവരാനിരിക്കും വസന്തങ്ങളെൻ
പേരു പറഞ്ഞാൽ അറിയുകില്ലെങ്കിലും,
ഞാനഴുകിപ്പോയ മണ്ണിൽവിടരേണ്ട
പൂവേ, നിനക്കെൻ വിദൂരാഭിവാദനം.

-ബാലചന്ദ്രൻ 
ചുള്ളിക്കാട്‌


വിദ്യാധരൻ 2017-08-20 20:29:01
ആധുനിക കവിതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വഴികാട്ടിയായ സച്ചിദാനന്ദനെ വിസ്മരിക്കാനാവില്ല .  'പീഡനാവസ്ഥയെയും അതിൽനിന്നു പിറവി എടുത്ത് അതിനെ അതിജീവിക്കുന്ന വിമോചനമെന്ന സ്വപ്നത്തേയും ചരിത്രവത്ക്കരിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയുടെ ആത്മീയആകുലതകളിൽനിന്ന് സമൂഹത്തിന്റെ വർത്തമാന ദുരിതങ്ങളിലേക്ക് കവിതയെ കൈപിടിച്ച് കൊണ്ടുപോയ കവികളിലൊരാളാണ് സച്ചിദാനന്ദൻ എന്നാണ്" സച്ചിദാനന്ദനെക്കുറിച്ച് അദ്ദേഹത്തിൻറെ കവിത സമാഹരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള കവിതയ്ക്ക് ഒരിക്കലും ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഓരോ കാലഘട്ടത്തിലും അത് മെച്ചപ്പെട്ടിട്ടേയുള്ളു . പക്ഷെ മലയാള കവിതയുടെ ദുരിതം ആരംഭിക്കുന്നത് സച്ചിദാനന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും സമയങ്ങളിലാണെന്ന് തീർത്ത് പറയാൻ ഞാൻ തയാറല്ല. പക്ഷെ ഡോ. ഹരികുമാറിന്റെയും  കവിതകൾ കണ്ടതോടുകൂടി മലയാള കവിത ഒരു വിഷമ സന്ധിയിൽകൂടി കടന്നു പോകുകയാണെന്നുള്ളതിന് സംശയമില്ല.  പക്ഷെ അതിനെക്കുറിച്ചു ആരും ആകുലപ്പെടേണ്ട കാര്യമില്ല .  സച്ചിദാന്ദനും ബാലകൃഷ്ണൻ ചുള്ളിക്കാടും ആധുനിക കവികൾ എങ്കിലും അവരുടെ കവിതകൾ പരിശോധിച്ചാൽ ഡോ. ഹരികുമാറിന്റെ കവിതകളിലെപ്പോലെ അവ്യക്തതകൾ ഇല്ല 

"കേരളത്തിൽ നിന്നു മദിരാശിയിലേക്ക് പോകുന്ന വഴി 
ചില കൂറ്റൻ പാറകളുടെ ഇരുണ്ടു കനത്ത ആകൃതി 
എന്നെ വിവേകി ആക്കിയിട്ടുണ്ട് 
കുന്നിൻ മുകളിൽ അതിന്റെ ധ്യാനസ്ഥമായ അനാസക്തി 
എന്നെ എന്റെ കൊടുംതൃഷ്ണകളെക്കുറിച്ച് 
അസ്വസ്ഥനാക്കിയിട്ടുണ്ട് 
ഒരിക്കൽ അവ സൂര്യന്റെ കണികളായി ജ്വലിച്ചിരുന്നു 
ഇന്ന് ഭൂമിയുടെ ഋതുക്കൾ 
അവയെ ഉരുട്ടി പതം വരുത്തിയിരിക്കുന്നു" (വഴികൾ -സച്ചിദാനന്ദൻ )

"അറിഞ്ഞതിൽ പാതി പറയാതെപോയി 
പറഞ്ഞതിൽ പാതി പതിരായും പോയി 
പകുതി ഹൃത്തിനാൽ പെറുക്കുമ്പോൾ നിങ്ങൾ 
പകുതി ഹൃത്തിനാൽ വെറുത്തുകൊള്ളുക 
ഇതെന്റെ രക്തമാണിതെന്റെ മാംസമാ 
ണെടുത്തുകൊൾക" ( ബാലചന്ദ്രൻ ചുള്ളിക്കാട് )

മേൽപ്പറഞ്ഞ രണ്ടുകവിതകളിലും അവ്യക്തതകൾ ഇല്ല .  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മാർത്ഥതയെ ഞാൻ അഭിനന്ദിക്കുന്നു .  തന്റെ അറിവുകൾ അപൂർണ്ണമാണെന്നും വായനക്കാർ താൻ പറയുന്നതിന്റെ പകുതി മാത്രമേ ഉൾക്കൊള്ളാൻ സാധ്യതയുള്ളുവെന്നും ത്തിനു ശേഷവും അവർ പിച്ചിച്ചീന്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു പക്ഷെ പി എച്ച് ഡി കാണില്ലായിരിക്കും ഉണ്ടെങ്കിൽ തന്നെ ഉൾബോധം ഉണ്ടായിരിക്കും അല്ലെങ്കിൽ ഇത്രയും ആത്മാർത്ഥതയോടെ കഴുകന്മാർക്ക് തൻറെ കവിതകൾ വിട്ടുകൊടുക്കാൻ തയാറാവില്ലായിരുന്നു .

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറ്റു ചില കവിതകൾ 

"ഇടനാഴിയുടെ തണുത്ത നിലത്ത് 
വാർന്നുപോയ ചോരപോലെ 
കവിതകൾ കരുത്തുറഞ്ഞു കിടക്കുന്നു 
കഫവും രക്തവും പുരണ്ട ബിംബങ്ങളെ 
എറുമ്പുകൾ കൂട്ടം കൂട്ടമായ് വന്ന്‌ 
വലിച്ചുകൊണ്ടുപോകുന്നു 
സ്വപനങ്ങൾ കിട്ടാത്ത മഞ്ഞുകാലത്തേക്ക് 
തിന്നാൻ കരുതി വയ്ക്കുന്നു " (ഇടനാഴി )

"ഞാനറിയുന്നു തുറുങ്കു ഭേദിച്ചു നിൻ 
സ്നേഹ പ്രവാഹം സമുദ്രസംഗീതമായി 
മാറുന്നതും വന്ധ്യാകാലങ്ങളിൽത്തണൽ 
വീശുന്ന നിന്റെ ബലിഷ്‌ഠമാം ചില്ലകൾ 
തോറും കൊടുംങ്കാറ്റ് കൂടുവയ്ക്കുന്നതും " (മാപ്പുസാക്ഷി -ഒരു രാഷ്ട്രീയ തടവുകാരന് )

"നിന്റെ ഏറ്റവും നല്ല കവിത ഏതാണ് 
ആ ചോദ്യത്തിന് രണ്ടാഴ്ചമുമ്പ് 
എന്റെ നാലു സുഹൃത്തുക്കൾ ജയിലിലായി 
ആ കവിതയ്ക്ക് മുമ്പ് 
അയൽവീട്ടിലെ ജഡ്ജിയുടെ വേലക്കാരി 
അവളുടെമേൽ വധശിക്ഷ നടപ്പാക്കി 
ആദ്യവരിക്കു മുമ്പേ 
തെരുവിൽ ഒരു കുഞ്ഞിന്റെ ശിരസ്സിൽ 
വൈദുത കമ്പി പൊട്ടി വീണു 
അക്ഷരത്തിനു മുമ്പേ 
ഒരാൾക്കൂട്ടം എന്റെ നെഞ്ചത്തുകൂടി കടന്നുപോയി ( ഏറ്റവും നല്ല കവിതയിൽ നിന്ന് )

ഈ കവിതകളിലൊന്നും അവ്യക്തതകൾ സൃഷ്ട്ടിച്ചു വായനാക്കാരെ ഭ്രാന്തു പിടിപ്പിക്കുന്നില്ല  അല്ലെങ്കിൽ തന്റെ പാണ്ഡ്യത്തിന്റെ വേലികെട്ടി അവരെ അകറ്റി നിറൂത്തിന്നില്ല .  എനിക്കൊരപേക്ഷമാത്രമേ ഉള്ളു ആധുനിക കവിതയുടെ പേരിൽ വായിൽതോന്നുന്നത് എഴുതി വിട്ടിട്ട് നിങ്ങൾ സ്വയം ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഉപമിക്കരുത്. നിങ്ങൾ എഴുതി വിടുന്ന കവിതയുടെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുത്തിട്ട് നിങ്ങൾ നിങ്ങളുടെ കവിത വായനക്കാർക്ക് സമർപ്പിക്കുക എന്നിട്ട് ഉറക്കെ ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ചരമ ഗീതം പാടുക 

"അറിഞ്ഞതിൽ പാതി പറയാതെപോയി 
പറഞ്ഞതിൽ പാതി പതിരായും പോയി 
പകുതി ഹൃത്തിനാൽ പെറുക്കുമ്പോൾ നിങ്ങൾ 
പകുതി ഹൃത്തിനാൽ വെറുത്തുകൊള്ളുക 
ഇതെന്റെ രക്തമാണിതെന്റെ മാംസമാ 
ണെടുത്തുകൊൾക"
Maalayalabhumi Sasisgaran Nair 2017-08-24 15:17:21
Excellent. Congratulations Dr. P. Harikumar
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക