Image

വേദനിയ്ക്കുന്ന കോടീശ്വരന്‍ അഥവാ മന്ത്രി തോമസ് ചാണ്ടി(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 21 August, 2017
വേദനിയ്ക്കുന്ന കോടീശ്വരന്‍  അഥവാ  മന്ത്രി തോമസ് ചാണ്ടി(രാജു മൈലപ്രാ)
നമ്മുടെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിയും, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട പി.ജെ.കുര്യന്‍സാറും ഉച്ചയൂണു കഴിഞ്ഞ്, തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് 'പാലസ് റിസോര്‍ട്ടി'ന്റെ വരാന്തയിലിരുന്നു സൊറ പറയുകയായിരുന്നു. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വല്ലപ്പോഴും ഒന്നു റിലാക്‌സ് ചെയ്യുന്നത് കാര്യന്‍ സാറിനു ഇഷ്ടമുള്ള വിനോദമാണ്.

അപ്പോഴാതാ ദൂരെ നിന്നും ഒരു സാധുസ്ത്രീ ഒരു പിഞ്ചുകുഞ്ഞിനേയും എടുത്തു കരഞ്ഞുകൊണ്ട് ഓടുന്നു- കുഞ്ഞിന് ഏതോ അസുഖമാണ്. അവരുടെ വീട്ടില്‍ ഒരു ഓട്ടോ റിക്ഷാ പോലും എത്തുവാന്‍ വഴിയില്ല. കുഞ്ഞിനേയും എടുത്തു കൊണ്ട് ഓടുന്ന ആ സാധു സ്ത്രീയുടെ നൊമ്പരമോര്‍ത്തപ്പോള്‍ കോടീശ്വരനായ തോമസ് ചാണ്ടിയുടെ മനസു വേദനിച്ചു. ചാണ്ടി സാറിന്റെ വേദന കണ്ടപ്പോള്‍ കുര്യന്‍ സാറിനും വേദനിച്ചു.

ദരിദ്രവാസികളായ വോട്ടര്‍മാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒരു റോഡു അത്യാവശ്യമാണെന്നുള്ള കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഉടന്‍ തന്നെ ചിന്ത എം.എല്‍.എ. ഫണ്ടും പെരുത്ത എം.പി. ഫണ്ടും റോഡു പണിക്കായി അനുവദിച്ചു. യുദ്ധകാലടിസ്ഥാനത്തില്‍ പണി തുടങ്ങി. വിശാലമായ രാജവീഥി. സാധുക്കളുടെ കഷ്ടകാലം അല്ലാതെന്തു പറയുവാന്‍- 'ലേക്ക് പാലസ് റിസോര്‍ട്ടി'ന്റെ അങ്കണത്തിലെത്തയപ്പോഴേക്കും ഫണ്ടു തീര്‍ന്നു.('ഓണം പിറന്നാലും, ഉണ്ണി പിറന്നാലും ഓരോ കുമ്പിളില്‍ കണ്ണീര്'- എന്ന ഗാനം പശ്ചാത്തലത്തില്‍).

തോമസ് ചാണ്ടി ഒരു നല്ല മനുഷ്യസ്‌നേഹിയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും, പ്രത്യേകിച്ച് കുട്ടനാട്ടുകാര്‍ക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ടാണല്ലോ അവര്‍ അദ്ദേഹത്തിനെ തുടര്‍ച്ചയായി തിരഞ്ഞെടുക്കുന്നത്.

യോഗമുള്ളവനു തേടിവെയ്ക്കണ്ടാ എന്നു പറഞ്ഞതുപോലെ, ഏതോ കുരുത്തക്കേടു കാണിച്ചതിന്റെ പേരില്‍ ശശീന്ദ്രന്‍ സാറിന്റെ മന്ത്രിസ്ഥാനം തെറിച്ചപ്പോള്‍, പകരം വെയ്ക്കാന്‍ തോമസ് ചാണ്ടിയല്ലാതെ മറ്റൊരു എം.എല്‍.എ- എന്‍സിപി എന്ന പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. അതുവരെ തമാശ പറഞ്ഞ് പാട്ടും പാടി നടന്നിരുന്ന ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി. പാടിപ്പാടി ഉഴവൂര്‍ വിജയന്‍ ചങ്കു പൊട്ടിമരിച്ചു.

കുവൈറ്റിലെ വലിയ ബിസിനസ് സാമ്രാജ്യം ബന്ധുക്കളെ ഏല്‍പിച്ചിട്ടാണ്, ബഹു. തോമസ്ചാണ്ടി കേരള ജനതയെ ഉദ്ധരിക്കാനായി ഇങ്ങോട്ടു വെച്ചു പിടിച്ചത്. കേരള ടൂറിസം, പ്രത്യേകിച്ച് ആലപ്പുഴയിലെ ടൂറിസ വികസനത്തിനാണ്, അദ്ദേഹം കഴിഞ്ഞ പത്തു നാല്‍പതു കൊല്ലം മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ടു സമ്പാദിച്ച 150 കോടി ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി മുടക്കിയത്. അതു താന്‍ കാണിച്ച ഒരു മണ്ടത്തരമാണെന്നാണ് അദ്ദേഹം നിയമസഭയില്‍ പ്രസ്താവിച്ചത്.

ദോഷം പറയരുതല്ലോ, 'ലേക്ക് പാലസ് റിസോര്‍ട്ട്'  ആലപ്പുഴക്കു മാത്രമല്ല, കേരളത്തിനു മൊത്തം അഭിമാനിക്കാവുന്ന ഒരു സ്ഥാപനമാണ്. പല അമേരിക്കന്‍ ദേശീയ സംഘടനകളുടേയും സമ്മേളനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ചാണ്ടിസാറു കൂടെക്കൂടെ പല കാര്യങ്ങള്‍ക്കായി, പ്രത്യേകിച്ച് മെഡിക്കല്‍ ട്രീറ്റുമെന്റിനായി അമേരിക്ക സന്ദര്‍ശിക്കാറുണ്ട്. അവസരമൊത്തു വരുമ്പോഴൊക്കെ അദ്ദേഹം ഫോമാ, ഫൊക്കാനാ, പ്രസ്‌ക്ലബ് തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന സദസ്സുകളില്‍ പ്രസംഗിക്കാറുമുണ്ട്. കേള്‍വിക്കാരില്‍ ഒരു ബോറടിയും ഉണ്ടാക്കാത്ത നല്ല പ്രസംഗം. പിന്നെ പ്രസംഗ വേദിയിലും, അസംബ്ലിയിലും മറ്റുമിരുന്നു ഉറങ്ങുന്നത് ക്ഷീണം കൊണ്ടായിരിക്കാം.

പക്ഷേ ഇതിനിടയ്ക്കു ചില കുബുദ്ധികള്‍ വിവരാവകാശ നിയമമനുസരിച്ച് അദ്ദേഹത്തിനെതിരായ ചില രേഖകള്‍ സമ്പാദിച്ചു. അനധികൃത സ്വത്തു സമ്പാദനം, ഭൂമി കൈയേറ്റം- കായല്‍ നികത്തല്‍- കായല്‍ മാന്തിയെടുത്ത ചെളിമണ്ണു തന്റെ പാടശേഖരത്തില്‍ ഇടുവാന്‍ അനുവദിച്ചതാണു അദ്ദേഹം ചെയ്ത വലിയ തെറ്റ്. ചെളിയവിടെ കിടന്നുറച്ച് കരയായി. അതിന് ആരാണുത്തരവാദി?
അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ ചെറിയൊരു മിസ്‌റ്റേക്കുണ്ടായി. റിസോര്‍ട്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. അതു കൂടാതെ മറ്റു പതിമൂന്നു കെട്ടിടങ്ങളുടെ കാര്യവും. അതിത്ര വലിയ ആനക്കാര്യമാക്കണമോ?
മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി സുധാകരനുമെല്ലാം അദ്ദേഹത്തിനു സപ്പോര്‍ട്ടായി രംഗത്തുണ്ട്. എന്‍സിപി പാര്‍ട്ടി നേതാവ് ശരത് യാദവ് ഇപ്പോള്‍ ചാണ്ടിച്ചായന്റെ വലിയ കീശയിലാണു അന്തിയുറങ്ങുന്നത്.

അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തിയ ബി.കെ.വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍സിപി യുടെ കേരളഘടകം പിരിച്ചു വിട്ടു പുനഃസംഘടിപ്പിക്കുവാനൊരുങ്ങുകയാണ് വേദനിയ്ക്കുന്ന ആ കോടീശ്വരനേ ഇനിയും വേദനിപ്പിക്കരുതേ!

ചിന്താവിഷയം: ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതാണ്(ബൈബിള്‍)

Join WhatsApp News
American Malayalee 2017-08-21 09:40:48
അമേരിക്കൻ മലയാളികൾക്കും മറ്റു പ്രവാസികൾക്കും ഒരുപാടു ഉപകാരം ചെയുന്ന ഒരാളാണ് മന്ത്രി തോമസ് ചാണ്ടി. കേരളത്തിൽ വെച്ച് നടത്തുന്ന അമേരിക്കൻ സംഘടനകളുടെ കൺവെൻഷന് വളെരെ കുറഞ്ഞ നിരക്കിലാണ് അദ്ദേഹം ലേക്ക് റിസോർട് നൽകുന്നത്. ഒരു സെന്റ്‌ ഭൂമിയെങ്കിലും താൻ കൈയേറിയിട്ടുണ്ടന്നു തെളിയിക്കാമെങ്കിൽ തന്റെ സ്വത്തു മുഴുവൻ എഴുതി കൊടുക്കാമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുവാൻ ആർകെങ്കിലും ധൈര്യമുണ്ടോ? വെറുതെ ആരോപണം ഉന്നയിച്ചത് കൊണ്ട് കാര്യമില്ല.
ജിജ്ഞാസു 2017-08-21 11:05:32
ഞാൻ വിചാരിച്ചു കുരിയൻ സാറിനെ കണ്ടോണ്ട് സ്ത്രീ കുഞ്ഞിനെ എടുത്തോണ്ട് ഓടിയതാണെന്ന്!
Varughese V 2017-08-21 10:25:02
അഴിക്കോടൻ മാഷിനെപ്പോലെ ഉള്ള ഒരാളുടെ അഭാവം മനസിലാക്കുന്നത് ഇത് പോലുള്ള അവസരങ്ങളിലാണ്. ഇന്ന് സത്യം വിളിച്ചു പറയുവാൻ ചക്കുറ്റം ഉള്ള ആരെങ്കിലുമുണ്ടോ?
Johny 2017-08-21 10:27:33
സ്വന്തം ചികിത്സക്ക് ഏഴു കോടി ചിലവായി പക്ഷെ പാവപ്പെട്ട ജനത്തിന്റെ നികുതി പണം അല്ലെ എന്ന് കരുതി രണ്ടരക്കോടി മാത്രമേ കൈപ്പറ്റിയുള്ളു. നമ്മൾ ഇപ്പോഴും അഞ്ചു കോടി അദ്ദേഹത്തിന് കൊടുക്കാൻ കടപ്പെട്ടവരാണ്. അത് കൊടുത്തില്ലെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തിരുന്നു കൂടെ. 1992 ലെ കുവൈറ്റ് യുദ്ധത്തിന് ശേഷം ഇന്ത്യൻ സ്കൂളിന്റെ പണം നഷ്ടപ്പെടാതെ സ്വന്തം പണം പോലെ കാത്തു പരിപാലിച്ചതും  ഈ ചാണ്ടി സാറും കെ പി മോഹനൻ സാറും ആണെന്ന കാര്യം കുവൈറ്റിൽ അന്നുണ്ടായിരുന്നവർക്കു അറിവുള്ളതാണു. നന്ദി വേണം നന്ദി  
Pissed-off 2017-08-21 10:33:31
വയലാർ രവി ഉപകാരം ചെയ്യുത് മതി ഇനി ആരും ഉപകാരം ചെയ്യണ്ട നേതാവേ
ഏതെങ്കിലും രാഷ്ട്രീയക്കാർ അവനവല്ലാതെ ആർക്കെങ്കിലും ഉപകാരം ചെയ്യിതിട്ടുണ്ടോ മലയാളി നേതാവേ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക