Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 21 August, 2017
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
 പാരീസ്/തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളില്‍ മൂന്നു ദിവസങ്ങളായിട്ടാണ് സമ്മേളനം നടക്കുക. തൃശൂരില്‍ ഓഗസ്റ്റ് 21, 22 തീയതികളിലായി നടക്കുന്ന ആദ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിത്തുടങ്ങി. 

തൃശൂര്‍ നഗരത്തില്‍ തന്നെ വിവിധ ഹോട്ടലുകളിലായി ഇവര്‍ക്ക് താമസ സൗകര്യം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പൊതു സമ്മേളനം, ജനറല്‍ ബോഡി, കലാപരിപാടികള്‍, പുതിയ പദ്ധതികളുടെ ഉദ്ഘാടനം, അവാര്‍ഡ് ദാനം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അഗതി മന്ദിരങ്ങളിലെ അമ്മമാര്‍ക്കുള്ള ഓണക്കോടി നല്‍കുന്ന പരിപാടിയായ 'അമ്മയ്‌ക്കൊരു മുണ്ട് ' പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും.

തൃശൂരില്‍ നടക്കുന്ന പരിപാടികളോടനുബന്ധിച്ചു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്നസെന്റ് എംപി, സി എന്‍ ജയദേവന്‍ എംപി, എഡിജിപി കെ.പത്മകുമാര്‍, ഡോ.വി പി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

തിരുവന്തപുരത്തു ഓഗസ്റ്റ് മുപ്പതിന് നടക്കുന്ന സമ്മേളനത്തില്‍ മിസോറാം ഗവര്‍ണര്‍ നിര്‍ഭായ് ശര്‍മ്മ മുഖ്യാതിഥിയായിരിക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ പിഎംഎഫ് നടപ്പാക്കാന്‍ പോകുന്ന വിവിധ ജനക്ഷേമ പദ്ധതികളെ സംബന്ധിച്ച ബിസിനസ് മീറ്റും ഇതോടനുബന്ധിച്ചു നടക്കും. പിഎംഎഫ് കുടുംബശ്രീ, സ്വയം തൊഴില്‍ പദ്ധതികളുടെ പ്രഖ്യാപനവും, പിഎംഎഫ് ആഭിമുഖ്യത്തിലുള്ള എന്‍ജിഓ പ്രവര്‍ത്തന പരിപാടിയെക്കുറിച്ചു ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ വിശദീകരിക്കുമെന്ന് പിഎംഎഫ് പിആര്‍ഒ ഡോ. അനസ് കെ.കെ. അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക