Image

പ്രസ്‌ക്ലബ് കണ്‍വന്‍ഷനു ഭാവുകങ്ങള്‍!- (വീക്ഷണം : രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 22 August, 2017
പ്രസ്‌ക്ലബ് കണ്‍വന്‍ഷനു ഭാവുകങ്ങള്‍!-  (വീക്ഷണം : രാജു മൈലപ്രാ)
അങ്ങിനെ പ്രസ്‌ക്ലബും നമ്മുടെ ദേശീയ സംഘടനകളായ ഫൊക്കാനാ, ഫോമാ എന്നിവരുടെ നിലവാരത്തിലേക്കുയര്‍ന്നു. സന്തോഷം-ഇനി ആര്‍ക്കും ഒരു ഗുണവുമില്ലാത്ത ഒരു മെഡിക്കല്‍ ക്യാമ്പ് കേരളത്തിലെ മരുന്നു വാങ്ങിയ്ക്കുവാന്‍ നിവൃത്തിയില്ലാത്ത സാധുക്കളായ ജനങ്ങള്‍ക്കും വേണ്ടി നടത്തണം. പിന്നെ മുഖ്യമന്ത്രിയെ കണ്ട് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അടങ്ങിയ ഒരു നിവേദനം സമര്‍പ്പിക്കണം. പത്രക്കാരാകുമ്പോള്‍ ഈ ഒരു ചടങ്ങിന്റെ ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ!

ഞാനൊരു സംശയ രോഗിയാണ്- ആരെന്തു നല്ല കാര്യം ചെയ്താലും അതിനൊരു കുറ്റം പിടിക്കുക എന്നുള്ളത് ശീലമായിപ്പോയി.

ചിക്കാഗോയില്‍ നടക്കുന്ന ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളിലോ സംഘാടകരിലോ ഒരൊറ്റ വനിതകള്‍ പോലും ഇല്ലാത്തതെന്താണ്? അമേരിക്കയില്‍ പത്രപ്രവര്‍ത്തന രംഗത്തും, സാഹിത്യരംഗത്തുമൊന്നും ഇതുവരെ മലയാളി സ്ത്രീകളാരും സാന്നിദ്ധ്യമറിയിച്ചിട്ടില്ലേ?

പത്രപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ ഈ സംഘടനയുടെ കമ്മിറ്റിയില്‍ കയറി പറ്റുന്നതെങ്ങനെയാണ്? സംശയം കൊണ്ടു ചോദിക്കുന്നതാണേ- പിണങ്ങരുതേ!

നാട്ടില്‍ നിന്നും അച്ചടി/ ദൃശ്യ മാദ്ധ്യമങ്ങളിലെ സമുന്നതരായ പ്രതിഭാശാലികള്‍ എത്തുന്നുണ്ട്. അവര്‍ ഇവിടെയുള്ള മീഡിയ പ്രവര്‍ത്തകര്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കും. ഇവിടെയുള്ളവര്‍ക്ക് ഇല്ലാത്തത് അതാണല്ലോ!

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നയിക്കുന്ന 'കാര്‍ഷിക വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന സെമിനാര്‍ സത്യത്തില്‍ ആര്‍ക്കുവേണ്ടിയാണ്. എത്ര അമേരിക്കന്‍ മലയാളികളാണ് ഇവിടെ നിന്നും കേരളത്തില്‍ പോയി കൃഷി ചെയ്യുന്നത്. വേനല്‍ക്കാലത്ത് ബാക്ക് യാര്‍ഡില്‍ ഒന്നോ രണ്ടോ പാവലും, പടവലും നടുന്നതാണ് ഇവിടെയുള്ള മലയാളികളുടെ കൃഷി- ഇടയ്ക്കിടെ 'മിറക്കിള്‍ ഗ്രോ' ഒഴിച്ചു കൊടുത്താല്‍ അതങ്ങു വളര്‍ന്നു കൊള്ളും. ഉച്ചയ്ക്ക് 12.15 നാണ് സമയം വെച്ചിരിക്കുന്നത്. ബെസ്റ്റു സമയം. പാനലിസ്റ്റുകള്‍ തന്നെ ഇതില്‍ പങ്കെടുക്കുമോ എന്നു കണ്ടറിയണം. ആറന്മുളയില്‍ മന്ത്രി വിതച്ച വിത്ത് പാറമേല്‍ ആയിപ്പോയി. ആര്‍ക്കും ഒരു ഗുണവുമില്ലാത്ത ഈ ഒരു സെമിനാറിനു വേണ്ടി ബഹുമാനപ്പെട്ട മന്ത്രിയുടെ വിലപ്പെട്ട സമയം കളയണമായിരുന്നോ?

എം.ബി.രാജേഷ് എം.പി.സൗമ്യനും പക്വമതിയുമായ ഒരു വ്യക്തിയാണ്. രാഷ്ട്രീയ അഴിമതി ആരോപണങ്ങളൊന്നും ഇതുവരെ നേരിട്ടിട്ടില്ല. അദ്ദേഹവും ഒരു സെമിനാര്‍ നയിക്കുന്നുണ്ട്. 'കേരളം ഒരു ബദല്‍ മാതൃക' എന്നതാണ് വിഷയം- വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സ്ത്രീശാക്തീകരണം എന്നിവയില്‍ കേരളം ലോകത്തിനു തന്നെ മാതൃകയാണ്!' ബെസ്റ്റു കണ്ണാ ബെസ്റ്റ്! അമേരിക്ക ആരോഗ്യകാര്യത്തില്‍ കേരളത്തെ മാതൃകയാക്കണം പോല്‍! ഒരു മറുനാടന്‍ തൊഴിലാളിയേയും കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ മെഡിക്കല്‍ കോളേജുള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ കയറി ഇറങ്ങിയിട്ടും ആരുമൊന്നു തിരിഞ്ഞു നോക്കാതെ ആംബുലന്‍സില്‍ കിടന്നു മരിച്ചിട്ടു അധിക നാളായില്ല- 

അപകടത്തെ തുടര്‍ന്ന് റോഡില്‍ ചോര വാര്‍ന്നു കിടന്ന ഒരാളെ 'പ്രതിപക്ഷ നേതാവിനു അകമ്പടി സേവിക്കണം' എന്ന ന്യായം പറഞ്ഞ് മരണത്തിനു വിട്ടുകൊടുത്തവരാണ് നമ്മുടെ നാട്ടിലെ മാതൃകാ പോലീസുകാര്‍ ലക്ഷക്കണക്കിനു ഫീസു വാങ്ങിക്കുന്നവരാണ് മെഡിക്കല്‍ കോളേജുകള്‍. നിയമനത്തിനു വാങ്ങിക്കുന്ന കൈക്കൂലിയും ആകാശത്തോളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ സാധു വിദ്യാര്‍ത്ഥികളെക്കൊണ്ട് സമരം ചെയ്യിച്ചിട്ട്, സ്വന്തം മക്കളെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്ന രാഷ്ട്രീയക്കാര്‍- രോഗം പരത്തുന്ന മാലിന്യ കൂമ്പാരങ്ങള്‍ എവിടെയും. എം.പി.ഫണ്ടും എംഎല്‍എ ഫണ്ടും സ്വകാര്യ ആവശ്യത്തിനു വേണ്ടി വഴി മാറ്റി ചിലവഴിക്കുന്ന ഭരണാധികാരികള്‍.

ഏതു മേഖലയിലാണു കേരളം ലോകത്തിനു മാതൃകയാകുന്നത് എന്ന് ബഹുമാനപ്പെട്ട രാജേഷ് എം.പി. വിശദീകരിക്കുന്നത് കൗതുകകരമായിരിക്കും.

പ്രസ് ക്ലബിന്റെ ഈ സമ്മേളനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. മൂന്നു ദിവസം, മൂന്നു നേരം ഭക്ഷണ പാനീയങ്ങള്‍ ഇഷ്ടം പോലെ!

പ്രസ്‌ക്ലബിന്റെ കണ്‍വന്‍ഷന്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ സ്‌പോണ്‍സറന്മാരുടെ തള്ളിക്കയറ്റമാണ്. 'ഇനിയും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതല്ല' എന്ന അറിയിപ്പു നല്‍കുവാന്‍ മറ്റൊരു സംഘടനയ്ക്കും സാദ്ധ്യമല്ല.

ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ കണ്‍വന്‍ഷന് ഈ പഴയ പത്രപ്രവര്‍ത്തകന്റെ എല്ലാ ഭാവുകങ്ങളും!

(പ്രസ്‌ക്ലബ് നിലവില്‍ വന്നതിനുശേഷം പത്തു പതിനഞ്ചു അച്ചടി മാദ്ധ്യമങ്ങളുണ്ടായിരുന്നത് മൂന്നോ നാലോ ആയി ചുരുങ്ങിയത് തികച്ചും യാദൃശ്ചികമാവും.)

Join WhatsApp News
Obaervwe 2017-08-23 05:39:20
പ്രെസ്സ്ക്ലബ്ബിൽ ഇത്തവണ അവാര്ഡുകളുടെ പെരുമഴ ആണല്ലോ. തൊട്ടതിനും പിടിച്ചതിനുമോക്കെ അവാർഡ്. രാജു മൈലപ്രയ്ക്കു കൂടി എന്തെങ്കിലും അവാർഡ് കൊടുത്തിരുന്നെകിൽ ഇങ്ങനെ ഒന്നും എഴുതുക ഇല്ലായിരുന്നു.
Johny Walker 2017-08-23 06:14:45
ഇത് പ്രസ്സ് ക്ലബ്ബല്ല നൈറ്റ് ക്ലബ്ബാണെന്നാണ് ജാക്ക് ഡാനിയേൽ പറയുന്നത്. ഇവന്മാര് കണ്ടാമാനം വെള്ളമടിച്ചിരിക്കാൻ സാദ്ധ്യത ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് മൈലപ്ര ശരിക്കൊരന്വേഷണം നടത്തിയിട്ട് എഴുതിയാൽ മതിയായിരുന്നു . ഇതിപ്പോൾ ജനം നിങ്ങളും വെള്ളം അടിച്ചിട്ട് എഴുതുന്നതാണെന്ന് പറയും. വെള്ളം വരുത്തി വയ്ക്കുന്ന ഒരു വിന
!
Mathews 2017-08-23 05:58:47
നേരോടെ, നിരന്തരം, നിർഭയം .... സത്യങ്ങൾ വിളിച്ചു പറയുന്ന രാജൂച്ചയനെ എന്റെ വക ഒരു അവാർഡ്.

vincent emmanuel 2017-08-23 06:22:00
Raju is one of a kind writer. He is not afraid of anybody. Remember , FOMAA convention is Florida? But do you remember what he wrote?He talked about the rubber chicken served during banquet effectively telling what was wrong. He came to Philadelphia, and one of the attendees yelled at him for talking about women. He wrote about that too. He will tell the truth in a satirical way.. All the best Raju.. love your articles.
vincent emmanuel
karshaka sree 2017-08-23 07:11:52
പോപ്പിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കല്ലേ മന്ത്രി സാറെ. ഒന്നര സെൻറ് ബക്കയാർഡിൽ, മൂന്ന് മാസം കൊണ്ട് ഒരു വർഷത്തേക്കുള്ള പച്ചക്കറികൾ ഉണ്ടക്കന്നവരാണ് അമേരിക്കൻ മലയാളികൾ. വേണമെങ്കിൽ കൃഷി മന്ത്രിക്ക് ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. ഈ സെമിനാറിൽ പാനെലിസ്റ്റുകൾ അല്ലാതെ ആരും പങ്കെടുക്കുമെന്ന് തോന്നുന്നില്ല. വെറുതെ നല്ലവനായ മന്ത്രിയെ നാണം കെടുത്താൻ ഒരു സെമിനാർ. ഇവിടെയുള്ള മാത്യമെങ്ങൾക്ക് കൃഷിയുമായി എന്ത് ബന്ധം. ഞങ്ങൾ എല്ലാ വർഷവും കർഷകശ്രീ അവാർഡ് കൊടുക്കുന്നുണ്ട്.
Superstar 2017-08-23 07:50:26
ഒരു സിനിമാതാരത്തിനെ കൂടെ ഉൾപെടുത്താമായിരുന്നു. താരങ്ങൾ ഇല്ലാതെ എന്ത് കൺവെൻഷൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക