Image

നന്മകള്‍ വിളയുന്ന ഭൂമി, നമ്മുടെ നല്ല ഭൂമി ! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 23 August, 2017
നന്മകള്‍ വിളയുന്ന ഭൂമി, നമ്മുടെ നല്ല ഭൂമി ! (ലേഖനം: ജയന്‍ വര്‍ഗീസ്)
(ആഗോള സംഘര്‍ഷങ്ങളുടെ ആകാശങ്ങളില്‍ ആണവ യുദ്ധങ്ങളുടെ അഗ്‌നിമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍, ഇനിയെത്രകാലം ഈ ഭൂമി ഇങ്ങിനെയുണ്ടാവും എന്ന ആശങ്കയില്‍ എഴുതിപ്പോകുന്നു?)

എത്ര മനോഹരമാണീ ഭൂമി ! എത്രമാത്രം സങ്കീര്‍ണ്ണമാണ് ഇതിന്റെ ഡിസൈന്‍? അനന്ത വിസ്തൃതമായ ആകാശം എന്ന സാധ്യതയില്‍, അനുപമമായ ആകാര സൗഷ്ഠവത്തോടെ പറന്നു നില്‍ക്കുന്ന ഒരരിപ്രാവ്. ഇരുപത്തി അയ്യായിരം മൈല്‍ ചുറ്റളവ്. എണ്ണായിരം മൈല്‍ വ്യാസം. അകത്ത് അനന്യമായ അതി താപത്തില്‍ ഉരുകിത്തിളക്കുന്ന ലാവ. അതിനു മുകളില്‍ അത്യതിശയകരമായി തണുത്തുറഞ്ഞ മണ്ണ് എന്ന പുറംതോട്. പുറം തോടിന്റെ മൂന്നില്‍ രണ്ടും പൊതിഞ്ഞു നില്‍ക്കുന്ന സര്‍വവ്യാപിയായ ജലം. ഉപരിതലത്തെ തഴുകിയുണര്‍ത്തുന്ന തലോടല്‍ പോലെ എങ്ങും, എവിടെയും വായു. കടലിലും, കരയിലും അല ഞൊറിയാനെത്തുന്ന സുഗന്ധവാഹിയായ കാറ്റ്. ആവശ്യമെങ്കില്‍ അവതരിക്കാന്‍ റെഡിയായി അകളങ്കിതയായ അഗ്‌നി. ഊര്‍ജ്ജത്തിനും, വെളിച്ചത്തിനായി സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും. ആക്രമണകാരികളായ അള്‍ട്രാ വയലറ്റ് രശ്മികളെ അരിച്ചു കടത്തി വിടാന്‍ ഒരിഞ്ചിന്റെ പത്തിലൊന്ന് കനത്തില്‍ ഒരു ഓസോണ്‍ പാട. എല്ലാറ്റിനെയും പൊതിഞ്ഞു നില്‍ക്കുന്ന നീല മേലാപ്പ് പോലെ അയഥാര്‍ഥ്യമായ ആകാശം. അത്ഭുതം!....അത്ഭുതം തന്നെ ഈ കണ്‍സ്ട്രക്ക്ഷന്‍ !

സ്വന്തം കുഞ്ഞിന് വേണ്ടി ദൈവം പണിതുവച്ച ഈ കൊച്ചു വീടിന്റെ മനോഹാരിത വര്‍ണ്ണിക്കുവാന്‍ മനുഷ്യന്റെ ഭാഷയില്‍ വാക്കുകളില്ല.ഉപരിതലത്തിലെ പച്ചപ്പരവതാനിയില്‍ അവനുള്ള വായുവും, ഭക്ഷണവും നിര്‍മ്മിക്കുന്ന ഫാക്ടറി. തന്റെ ഓമനയുടെ ഇളം തൊലിക്ക് പരമ സുഖം അനുഭവിക്കുന്നതിനായി സെന്‍സര്‍ ചെയ്തു വച്ച എയര്‍ കണ്ടീഷണറുകള്‍. പക്ഷികളുടെ പാട്ടും, മിന്നാമിനുങ്ങുകളുടെ നൃത്തവും അരങ്ങേറുന്ന ദിനരാത്രങ്ങള്‍. മഞ്ഞും, മഴയും, മഴവില്ലും, കുളിരും നിറഞ്ഞ ഋതുഭേദങ്ങള്‍. മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും സുഗമമായ നിലനില്‍പ്പിനായി പ്രത്യേകം ചാര്‍ട്ട് ചെയ്തുവച്ച എത്രയെത്ര പ്രോഗ്രാമുകള്‍! ഓരോ കണ്ണിനും പുളകമായി വിരിയുകയാണ് പൂക്കള്‍. ഓരോ പുല്ലിന്റെ കരളും പിടയുകയാണ്, ഒരു പൂവിനെ പുറത്തു വിടാന്‍! ഓരോ മണ്‍ തരിയുടെയും ഹര്‍ഷ പുളകമാണ് ഒരു പുല്ല്. ഈ പവര്‍ഫുള്‍ കലാരൂപം സംവിധാനം ചെയ്ത്, സൃഷ്ടിച്ചു നില നിര്‍ത്തുന്ന സര്‍വ്വേശ്വരാ, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, ഇവിടെ ജീവിക്കാനവസരം തന്ന അവിടുത്തെ മഹാ കരുണക്ക് മുന്പില്‍ ഇതാ അടിയന്റെ ഹൃദയ തര്‍പ്പണങ്ങള്‍ അര്‍പ്പിച്ചു കൊള്ളട്ടെ

' ദൈവ കൃപയുടെ തണലില്‍, ആ സുരക്ഷിത ബോധത്തിന്റെ ചൂടില്‍ ജീവിക്കുന്നതാണ്, ഒരു മനുഷ്യനെ സംബന്ധിച്ച ഏറ്റവും വലിയ ധന്യത ' എന്നെഴുതിയ ശ്രീ തോമസ് ഫിലിപ്പ് റാന്നിയെ ഇവിടെ സ്മരിക്കുന്നു. ഈ സുരക്ഷിത ബോധം നമുക്ക് മനസിലാവണമെങ്കില്‍, നമ്മുടെ അരുമക്കുഞ്ഞിന് ഒരപകടം വരുന്‌പോള്‍, ഒരു രോഗം വരുന്‌പോള്‍, നാമനുഭവിക്കുന്ന വേദനയുടെ ആഴം സ്വയം വിലയിരുത്തണം.

അഞ്ചോ, ആറോ വയസുള്ള തങ്ങളുടെ ഏക മകന്റെ ചികിത്സക്കായി ജീവിത സന്പാദ്യം മുഴുവന്‍ തുലച്ചു കളയുകയും, അവസാനം അവന്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ സഹിക്കാനാവാതെ ആല്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്ത, കേരളത്തില്‍ നിന്നുള്ള യുവ ദെന്പതികളുടെ കഥ ചിലരെങ്കിലും വായിച്ചിരിക്കുമല്ലോ? ഇവരെ ' ഭീരുക്കള്‍ ' എന്ന് വിളിച്ചാക്ഷേപിക്കുന്ന അടിപൊളി ആചാര്യന്മാരുണ്ടാകാം. അവരോട് എനിക്ക് മറുപടിയില്ല. അന്യാദര്‍ശ്യമായ ആ ആല്മ സമര്‍പ്പണത്തിന്റെ, അനുപമമായ ആ സ്‌നേഹത്തിന്റെ, അദമ്യമായ ആ വാത്സല്യത്തിന്റെ മുന്പില്‍, ഇതെഴുതുന്‌പോള്‍ കണ്‍കോണുകളില്‍ ഉരുണ്ടു കൂടുന്ന ഈ കണ്ണീര്‍ മുത്തുകള്‍ കൊണ്ട് എന്റെ എളിയ ബാഷ്പ്പാഞ്ജലികള്‍!

അഗാധമായ ദൈവ സ്‌നേഹത്തിന്റെ അത്യതിശയകരമായ സാക്ഷാല്‍ക്കാരമാണ് മനുഷ്യന്‍. അവന് വേണ്ടിയാണ് ഭൂമി. ആകര്‍ഷണ-വികര്‍ഷണങ്ങളില്‍ സുസജ്ജമാക്കപ്പെട്ട സൗരയൂഥത്തിന്റെ ഈ ഓമന! ഉപരിതലത്തില്‍ ഉറപ്പിച്ചു വച്ച വായു കുമിളയില്‍ മനുഷ്യനെ കിടത്തിക്കൊണ്ട്, ആകാശ സാധ്യതയുടെ അനന്ത നീലിമയില്‍ ആരെയും കൊതിപ്പിക്കുന്ന അംഗ സൗഷ്ഠവത്തോടെ പറന്ന് നില്‍ക്കുന്ന ഈ നീലപ്പക്ഷി! തന്റെ അമ്മത്തൊട്ടിലില്‍ മനുഷ്യപ്പയ്തലിനെ ഉള്‍ക്കൊള്ളുന്നു എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ , ഇവിടെ നിന്ന് തുടങ്ങുകയാണ് പ്രപഞ്ചം; സൗര യൂഥമായി, നക്ഷത്ര പടലങ്ങളായി, അണ്ഡ കടാഹമായി....

ദൈവത്തിന്റെ ആദ്യസൃഷ്ടി മനുഷ്യനാണ് എന്ന് പറഞ്ഞാല്‍ അതിന് ശാസ്ത്രീയമായ ഒരടിത്തറ ഇല്ലായിരിക്കാം. പക്ഷേ, അതിശക്തമായ ഒരു ദാര്‍ശനിക അടിത്തറ അതിനുണ്ട്. നാം ഒരു ചിത്രം വരക്കാന്‍ ആശിക്കുന്നു എന്ന് കരുതുക. അതിനു വേണ്ടി ചായവും, ബ്രഷും, കാന്‍വാസും ഉണ്ടാവുന്നതിനു മുന്‍പേ ചിത്രം ഉണ്ടായിക്കഴിഞ്ഞു; നമ്മുടെ മനസ്സില്‍? നമ്മുടെ മനസ്സില്‍ നാം വരച്ച ചിത്രമാണ്, പെയിന്റിന്റെയും, ബ്രഷിന്റെയും, മറ്റു പലതിന്റെയും സഹായത്തോടെ നാം കാന്‍വാസിലേക്ക് പകര്‍ത്തുന്നത്. നമ്മുടെ മനസ്സ് നാം കാന്‍വാസില്‍ പറിച്ചു നടുകയാണ് ചെയ്യുന്നത്. ഈ പറിച്ചു നടലിനെ ഇവിടെ നാം ചിത്രം എന്ന് വിളിക്കുന്നു!?

ഇത് തന്നെയാണ് ദൈവവും ചെയ്തത്. തന്റെ മനസിലെ സജീവമായ മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തെ ദൈവം മണ്ണില്‍ പറിച്ചു നടുകയായിരുന്നു!

ചിത്രത്തിന്‍റെ സംരക്ഷണത്തിനായി നാം അതിന്മേല്‍ പ്രൊട്ടക്ടീവ് മെറ്റീരിയല്‍സ് പൂശുന്നു, ചില്ലിട്ട ഒരു ഫ്രയിമിനുള്ളില്‍ അതിനെ വയ്ക്കുന്നു, താഴെ വീണ് കേടുവരാത്ത സുരക്ഷിതമായ ഒരു സ്ഥാനത്ത് അതുറപ്പിക്കുന്നു. ഇടക്കൊക്കെ അതില്‍ നോക്കി നാം അഭിമാനം കൊള്ളുന്നു- നമ്മുടെ മനസ്സാണല്ലോ ആ ചിത്രം എന്നോര്‍ത്ത് ഹര്ഷപുളകമണിയുന്നു !?

മനുഷ്യന്‍ എന്ന ഈ മനോഹര കലാരൂപത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഇടമായിട്ടാണ്, ഭൂമി ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ വര്‍ഗ്ഗത്തിന് അനന്തമായി നില നില്‍ക്കുന്നതിനുള്ള സര്‍വ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചിത്രകാരന്‍ തന്റെ ചിത്രപ്പുരയില്‍ നിന്ന് പുറത്തു കടന്നിട്ടാണ്, ചായവും, ബ്രഷും, കാന്‍വാസും, മറ്റുപലതും കണ്ടെത്തിയത് എന്നതുപോലെ , മനുഷ്യന് വണ്ടി ഭൂമിയും, ഭൂമിക്കുവേണ്ടി സൗര യൂഥവും, സൗരയൂഥത്തിനു വേണ്ടി ക്ഷീരപഥവും, ക്ഷീരപഥത്തിനു വേണ്ടി പ്രപഞ്ചവും, ദൈവം സൃഷ്ടിച്ചെടുക്കുകയായിരുന്നു!?

ഇത് മറിച്ചു പറയുകയാണെങ്കില്‍, കാലഗണനാ ക്രമത്തില്‍ ശാസ്ത്രത്തിന് കുറേക്കൂടി സമ്മതമാവും എന്ന് കരുതുന്നു. പ്രപഞ്ചവും, ക്ഷീരപഥവും, സൗരയൂഥവും, ഭൂമിയും, മനുഷ്യനും എന്നിങ്ങനെ? രണ്ടു മാര്‍ഗ്ഗങ്ങളിലൂടെയും ചെന്നെത്താവുന്ന കേന്ദ്രബിന്ദു മനുഷ്യനാണ് എന്നത് ഒരു ദാര്‍ശനികന് അനായാസം കണ്ടെത്താവുന്നതേയുള്ളു!?

മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം. ഇതിലെല്ലാം അമൂല്യങ്ങളായ ശക്തി സ്രോതസുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഇവകള്‍ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്‌പോള്‍ ഇന്ന് നാമറിയുന്ന വര്‍ത്തമാനാവസ്ഥ രൂപം കൊള്ളുന്നു.വിത്തില്‍ പ്രോഗ്രാം ചെയ്തുവച്ച ചെടി മുളച്ചുവളര്‍ന്ന് അനേകം വിത്തുകളാവുന്നു! ഭ്രൂണത്തില്‍ പ്രോഗ്രാം ചെയ്തുവച്ച ജീവി ജനിച്ചുവളര്‍ന്ന് മറ്റനേകം ജീവികളായിത്തീരുന്നു! എല്ലാം മനുഷ്യന് വേണ്ടി. ഓരോ മനുഷ്യന്റെയും ആത്മാവില്‍ ഒരു വിത്തായി ദൈവം തന്നെത്തന്നെ പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട്.അത് മുളക്കണം, വളര്‍ന്ന് തന്നോളമെത്തണം എന്ന് ദൈവം ആഗ്രഹിക്കുന്നു.തന്നിലെ അനന്തമായ നന്മയുടെ നറും തിരികള്‍ പ്രകാശിപ്പിച്ചു കൊണ്ട് മനുഷ്യന്‍ ഭൂമിയില്‍ നിറയണം. ആ നറും വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമി സ്വര്‍ഗ്ഗമായി മാറണം. ഈ സ്വര്‍ഗ്ഗത്തിന്റെ അധിപനായി, മനുഷ്യമനസ്സില്‍ കെടാതെ കത്തിനില്‍ക്കുന്ന നിറദീപമായി ഈ മണ്ണില്‍ ദൈവത്തിനു വസിക്കണം. പ്രപഞ്ച ഭാഗമായ മനുഷ്യനും, പ്രപഞ്ച ശക്തിയായ ദൈവവും ദൈ്വതത്തിന്റെ ക്ഷയത്തില്‍ നിന്ന്, അദൈ്വതത്തിന്റെ അക്ഷയത്തിലേക്ക്, സന്പൂര്‍ണ്ണ നിറവിലേക്ക് വരണം. രണ്ടല്ലാതെ ഒന്നാവണം. ആദി ശങ്കരന്‍ സഞ്ചരിച്ച അദൈ്വത സിദ്ധാന്തത്തിന്റെ ഊടുവഴികള്‍ ഇത് തന്നെയായിരുന്നു!

കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ നില്‍ക്കുന്ന ഒരു നക്ഷത്ര വ്യൂഹത്തിന് ഭൂമിയിലെ മനുഷ്യനുമായി എന്ത് ബന്ധം എന്ന് തോന്നിയേക്കാം. നിങ്ങളുടെ കയ്യിലിരിക്കുന്ന സെല്‍ഫോണിന്, ബഹിരാകാശത്ത് എവിടെയോ മറഞ്ഞു നില്‍ക്കുന്ന ഒരുപഗ്രഹം (സാറ്റലൈറ്റ് ) എങ്ങിനെ പ്രയോജനപ്പെടുന്നു എന്നത് പോലെയേ അതുള്ളൂ. നിങ്ങളത് കാണുന്നില്ല, കേള്‍ക്കുന്നില്ലാ, അറിയുന്നില്ലാ. പക്ഷെ, നിങ്ങളുടെ ഫോണിലേക്ക് അത് നിരന്തരം സിഗ്‌നലുകള്‍ എത്തിക്കുന്നു! ശരിക്കും പറഞ്ഞാല്‍, നിങ്ങളുടെ ഫോണിന്റെ നിലനില്‍പ്പിന് അത് കൂടിയേ തീരൂ എന്ന് കാണാം. ഇവിടെ ഫോണും, ഉപഗ്രഹവും രണ്ടായിരിക്കാം. പക്ഷെ, അടിസ്ഥാനപരമായി അത് ഒന്ന് തന്നെയാണ്; അദൈ്വതമാണ്!

മനുഷ്യ മനസ്സില്‍ വീണു കിടക്കുന്ന ഈ നിലാവെളിച്ചം കണ്ടെത്തയവര്‍ അത് വിശദീകരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ളതായി നമുക്ക് കാണാം. അടിസ്ഥാന സത്യം ഒന്നേയുള്ളു; ദൈവം! ഹിന്ദൂയിസത്തില്‍ ഇത് ബ്രഹ്മം. ബ്രഹ്മത്തിന് മൂന്ന് സജീവ ഭാവങ്ങള്‍.ഈശ്വരന്‍, പ്രകൃതി, മനുഷ്യന്‍. ഇന്ത്യന്‍ ചിന്ത ഇതിന് ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്ന് പേരിട്ടപ്പോള്‍, മദ്ധ്യ പൗരസ്ത്യ ചിന്ത ഇതിനെ പിതാ, പുത്ര, പരിശുദ്ധാല്മ എന്ന് വിളിച്ചു, അത്രേയുള്ളു!

ഗോത്ര സംസ്ക്കാരം ദൈവത്തെ ക്ഷേത്രങ്ങളിലും, പള്ളികളിലും, മോസ്ക്കുകളിലുമാക്കി താഴിട്ടുപൂട്ടി. ദൈവത്തിനും, മനുഷ്യനുമിടയില്‍ മതിലുകള്‍ പണിതുവച്ചു. സര്‍വ നന്മകളുടെയും സന്പൂര്‍ണ്ണ സാക്ഷാല്‍ക്കാരമായ ദൈവത്തെ ഇവര്‍ ക്രൂരനും, സ്വാര്‍ത്ഥമതിയുമായി ചിത്രീകരിച്ചു. തനിക്കിഷ്ടമില്ലാത്തവരെ കാലില്‍പ്പിടിച്ചു തൂക്കി നരകത്തിലേക്ക് വലിച്ചെറിയുന്ന സാഡിസ്റ്റാണ് ദൈവം എന്ന് പഠിപ്പിച്ചു. ഈ ഏറിന്റെ ആയം കുറപ്പിക്കുന്നതിനുള്ള ഏജന്റുമാരായി പൂജാരികളും, പുരോഹിതന്മാരും നിലവില്‍ വന്നു. ഭക്തന്റെ കയ്യില്‍ നിന്ന് വന്‍ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് അവര്‍ ദൈവത്തെ വിറ്റു, വിറ്റുകൊണ്ടിരിക്കുന്നു. കൂടുതല്‍ ധനം ലക്ഷ്യം വച്ചുകൊണ്ട് കൂടുതല്‍ പേരെ അവര്‍ തങ്ങളുടെ സംഘത്തിലാക്കുന്നു. മതങ്ങളും, ജാതികളും,ഉപജാതികളുമായി അവര്‍ വളരുകയാണ്, അപകടകരമായി.

അനുയായികളുടെ തിരുനെറ്റിയില്‍ അറവു മാടുകളെപ്പോലെ അവര്‍ ചാപ്പയടിച്ചു. ദൈവത്തിന്റ സ്വന്തം പുത്രനായ മനുഷ്യനെ അവര്‍ ക്രൂരമായി വര്‍ഗീകരിച്ചു. ഹിന്ദുവായും, മുസ്‌ളീമായും, ക്രിസ്ത്യാനിയായും അവന്‍ ലേബലുകള്‍ ഏറ്റുവാങ്ങി. പരസ്പരം ഏറ്റുമുട്ടിക്കുവാനും, കൊല്ലിക്കുവാനുമായി അവനെ അവര്‍
ദുരുപയോഗപ്പെടുത്തി. അവരൊഴുക്കിയ ചോരപ്പുഴകളുടെ തീരങ്ങളില്‍ അവര്‍ തങ്ങളുടെ സംസ്ക്കാരത്തിന്റെ വിത്തുകള്‍ നട്ടുവളര്‍ത്തി.

നാം മാറേണ്ടിയിരിക്കുന്നു.ഈ ചതിക്കുഴികളില്‍ നിന്ന് രക്ഷപെട്ടേ മതിയാവൂ. ഒരു മതവും മറ്റേതിനേക്കാള്‍ ശ്രേഷ്ഠമല്ലാ എന്നും, ഒരു മനുഷ്യനും മറ്റവനെക്കാള്‍ ശ്രേഷ്ടനല്ലാ എന്നും നാം മനസിലാക്കണം. നാം ദൈവം കൊളുത്തി വച്ച വിളക്കുകള്‍. പ്രകാശം പരത്തലാണ് നമ്മുടെ ജോലി. അതിന് നമ്മെ അനുവദിക്കാത്തവരെ നാം തിരിച്ചറിയണം. വിളക്ക് കെടുത്താന്‍ വരുന്ന ഈ രാപ്പാറ്റകളെ നാം ഒഴിവാക്കിയേ തീരൂ. നമുക്ക് പരിഗണിക്കാനുള്ളത് ഒന്ന് മാത്രം. നമ്മെ നാമാക്കിയ, നമുക്ക് വേണ്ടി ഈ മനോഹര ഭവനത്തെ പണിതുവച്ച, നമ്മുടെ പിതാവായ, സര്‍വ ശക്തനും, സര്‍വ വ്യാപിയുമായ സാക്ഷാല്‍ ദൈവത്തെ. അനാദ്യന്തനും, അനിഷേധ്യനുമായ ആ നിതാന്ത സത്യത്തെ മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക