Image

കോട്ടയത്തിന്റെ സ്വന്തം 'നാടന്‍പന്തുകളി'ക്ക് മസ്‌കറ്റില്‍ വെള്ളിയാഴ്ച തുടക്കമാകും

Published on 24 August, 2017
കോട്ടയത്തിന്റെ സ്വന്തം 'നാടന്‍പന്തുകളി'ക്ക് മസ്‌കറ്റില്‍ വെള്ളിയാഴ്ച തുടക്കമാകും

മസ്‌കറ്റ്: കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടന്‍ പന്തുകളി മത്സരങ്ങള്‍ക്ക് മസ്‌കറ്റില്‍ ഓഗസ്റ്റ് 25 വെള്ളിയാഴ്ച തുടക്കം കുറിക്കും. കോട്ടയം ജില്ലയില്‍ നിന്നുള്ള ഒമാനിലെ നാടന്‍ പന്തുകളി പ്രേമികള്‍ ചേര്‍ന്ന് രൂപീകരിച്ച നേറ്റീവ് ബാള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഖുറം ആംഫി തീയറ്ററിന് സമീപമുള്ള ഗ്രൗണ്ടില്‍ ഇതു തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

മോഡേണ്‍ ഒമാന്‍ എക്‌സ്‌ചേഞ്ച് ഒമാന്‍ ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 8 അംഗങ്ങള്‍ വീതമുള്ള അഞ്ച് ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ അഞ്ചേരി, പാന്പാടി, പുതുപ്പള്ളി, മണര്‍കാട്, വാകത്താനം എന്നീ സ്ഥലനാമങ്ങളിലാണ് അറിയപ്പെടുക.

പുതിയ കായിക ഇനങ്ങള്‍ക്ക് താരങ്ങളും വലിയ പ്രസിദ്ധിയും ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ അന്യം നിന്നുപോകുമായിരുന്ന നാടന്‍ പന്തുകളി പോലുള്ള ഒരു കായിക ഇനം പുതിയ തലമുറ ഏറ്റെടുത്ത് നിലനിര്‍ത്തുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മൂന്നുമാസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളാകുന്നവര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും കളിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക