Image

ഇന്ത്യയില്‍ സംശുദ്ധ മാധ്യമ പ്രവര്‍ത്തനം അസാധ്യമായി: പി.വി തോമസ്

ഫ്രാന്‍സീസ് തടത്തില്‍ Published on 25 August, 2017
ഇന്ത്യയില്‍ സംശുദ്ധ മാധ്യമ പ്രവര്‍ത്തനം അസാധ്യമായി: പി.വി തോമസ്
ചിക്കാഗോ: ഇന്ത്യയില്‍ സംശുദ്ധ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.വി. തോമസ്. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ചിക്കാഗോയിലെ ഹോളിഡേ ഇന്‍ ഇറ്റാസ്കാ ഇന്റര്‍നാഷണല്‍ നടന്ന "ഇന്ത്യയിലെ മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ, വെല്ലുവിളികള്‍, അവസരങ്ങള്‍, ആവശ്യമായ തിരുത്തല്‍ നിര്‍ദേശങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ചാനലുകള്‍ കുരിശുയുദ്ധം നടത്തേണ്ട അവസ്ഥയാണിപ്പോള്‍. അഴിമതികളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കിയും, അല്ലാത്തവരെ ദേശസ്‌നേഹികളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പെയ്ഡ് ജേര്‍ണലിസം അഥവാ കൂലിയെഴുത്ത് എന്ന നിലവാരത്തിലേക്ക് പല മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അധ:പ്പതിച്ചുകഴിഞ്ഞു. ദേശവത്കരണത്തിന്റേയും ദേശസ്‌നേഹത്തിന്റേയും പേരുപറഞ്ഞ് ജനങ്ങളില്‍ ഒരു വിഭാഗീയത തന്നെ സൃഷ്ടിക്കുന്ന അപകട സന്ദേശമാണ് നല്‍കുന്നത്. ജനാധിപത്യരാജ്യത്ത് ഒട്ടും അഭികാമ്യമല്ലാത്ത അവസ്ഥയാണിത്. ഇതിനെതിരേ ചാനലുകള്‍ കുരിശുയുദ്ധം നടത്തിയേ പറ്റൂ. അദ്ദേഹം പറഞ്ഞു.

ഇന്നത്തെ പ്രമുഖ ചാനലുകളിലെ പാനല്‍ ചര്‍ച്ചകളില്‍ "അവതാരകര്‍' ഭരണാധികാരികളുടെ പ്രതിച്ഛായ മിനുക്കാനും അവരുടെ ശബ്ദമായി മാറുന്ന കാഴ്ചയാണുള്ളത്. ഇന്നത്തെ മാധ്യമ സ്വാതന്ത്ര്യം പത്ര ഉടമകളുടെ സ്വാതന്ത്ര്യമാണ്. ഇന്നത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളുടേയും ഉടമകള്‍ കുത്തക മുതലാളിമാരും ഭരണപക്ഷത്തിന്റെ അനുഭാവികളുമാണ്. മാധ്യമങ്ങളില്‍ എന്തു വരണമെന്നു തീരുമാനിക്കുന്നത് മാധ്യമ മുതലാളിമാരാണ്. അതുകൊണ്ടാണ് കൂലിയെഴുത്തിന്റെ അതിപ്രസരം ഏറുന്നതെന്നും തോമസ് ചൂണ്ടിക്കാട്ടി.

വെസ്റ്റ്‌ലാന്റ് ചോപ്പര്‍ ഇടപാടില്‍ മാധ്യമങ്ങള്‍ എടുത്ത നിലപാട് നിര്‍ഭാഗ്യകരമാണ്. ഇന്ത്യയില്‍ ഒരൊറ്റ ഹെലികോപ്റ്റര്‍ പോലും എത്തിക്കുന്നതിനു മുമ്പ് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്ന വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ പണം മുഴുവന്‍ ഇംഗ്ലണ്ടിലെത്തിച്ചേര്‍ന്നു. സംഭവം വിവാദമായപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കൈകൂപ്പി രക്ഷിക്കണമെന്നപേക്ഷിച്ചു.

ബോഫോഴ്‌സ് ഇടപാടില്‍ നടന്ന 65 കോടി രൂപയുടെ അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐ ചെലവാക്കിയത് 260 കോടി രൂപയാണ്. എന്നിട്ട് എന്താണുണ്ടായത്. കേസിലെ മുഖ്യ പ്രതി കട്രോച്ചി രക്ഷപെടുകയും മുഴുവന്‍ പണം കൈപ്പറ്റുകയും ചെയ്തു. ഇക്കാര്യത്തിലൊക്കെ മാധ്യമങ്ങള്‍ കണ്ണടച്ചുവെന്നത് പെയ്ഡ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണെന്നദ്ദേഹം പറഞ്ഞു. സ്ട്രിംഗ് ഓപ്പറേഷന്‍ നടത്തുന്നത് അധാര്‍മ്മികമാണെന്നു പറഞ്ഞ തോമസ് ഏറ്റവും ആവശ്യമായ ഘട്ടങ്ങളില്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും അവകാശപ്പെട്ടു. തെഹല്‍ക നടത്തി സ്ട്രിംഗ് ഓപ്പറേഷന്‍ ഒരു അനാവശ്യമായ കാര്യമായിരുന്നുവെന്നും തോമസ് അനുസ്മരിച്ചു. പണമിടപാട് പോലെ സെക്‌സ് ബീറ്റ് നടത്തുന്ന ഏര്‍പ്പാട് മ്ലേച്ഛകരമാണ്. അതിനായി മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിക്കുക ഒരിക്കലും അംഗീകരിക്കാനാവില്ല.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ ഉപദേശം നല്‍കുകയല്ല മാധ്യമ പ്രവര്‍ത്തകരുടെ ജോലി. മാധ്യമ പ്രവര്‍ത്തകര്‍ കൂലിയെഴുത്തുകാരായാല്‍ മാധ്യമ ധാര്‍മ്മികതയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളത്? അതിലും ഭേദം അവര്‍ വല്ല ഗുമസ്തപ്പണിക്കും പോകുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഒരു പരിധിവരെ മാധ്യമ മുതലാളിമാരാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കള്‍ പുറത്തുനിന്നും അകത്തുനിന്നുമുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ സാമ്പത്തിക പ്രശ്‌നമാണ് മറ്റൊന്ന്. നിലനില്‍പിന്റെ പ്രശ്‌നമാണത്. ഇതില്‍ നിന്നു കരകയറിയാലേ ഇത്തരം പെയ്ഡ് വാര്‍ത്തകള്‍ എഴുതുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കഴിയൂ.

60-കളില്‍ ഇടതുപക്ഷ ചായ്‌വ് കാണിച്ച മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിന്റെ പക്ഷം ചേരുകയായിരുന്നു. പിന്നീട് നക്‌സല്‍ പ്രസ്ഥാനങ്ങളും മറ്റും തെറ്റായ പാതയിലേക്ക് പോകുന്നു എന്നു തോന്നിയപ്പോള്‍ നയം മാറ്റി. ഇപ്പോള്‍ വലതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് അവരുടെ വക്താക്കളായി മാറുകയാണ് മാധ്യമങ്ങള്‍. വാര്‍ത്തകളേയും സത്യങ്ങളേയും സത്യമായ രീതിയില്‍ അപഗ്രഥിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാകണം. വസ്തുതകള്‍ തിരിച്ചറിഞ്ഞ് വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നു ഇ-മലയാളിയുടെ ഡല്‍ഹി ഡയറി എന്ന കോളമിസ്റ്റുകൂടിയായ പി.വി. തോമസ് പറഞ്ഞു.

സുനില്‍ തൈമറ്റം മോഡറേറ്ററായിരുന്നു. ഡോ. റോയ് പി. തോമസ്, ജയിംസ് വര്‍ഗീസ്, ജോണ്‍ ഇലയ്ക്കാട്ട് തുടങ്ങിയവര്‍ പാനല്‍ അംഗങ്ങളായിരുന്നു. വിഷയാവതരണത്തിനുശേഷം പാനല്‍ ചര്‍ച്ചകളും നടന്നു.
ഇന്ത്യയില്‍ സംശുദ്ധ മാധ്യമ പ്രവര്‍ത്തനം അസാധ്യമായി: പി.വി തോമസ്
Join WhatsApp News
andrew 2017-08-28 21:30:01

Fool was always smarter than the wise.

Fool remained to be a fool but was smart to lure the wise to the foolishness.

We can see the fool dominating the wise ever throughout the history of mankind and that is what we are experiencing in everywhere in the World.

Can you imagine the consequences when the fools unite. 

benoy 2017-09-01 19:47:11
കഴിയും എങ്കിൽ ശ്രീ പി. വി തോമസ് തന്നെ ആദ്യം സംശുദ്ധനാകുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക