Image

സ്തുതിപാടുക മാധ്യമങ്ങളുടെ ജോലിയല്ല: ഷാനി പ്രഭാകര്‍

Published on 26 August, 2017
സ്തുതിപാടുക മാധ്യമങ്ങളുടെ ജോലിയല്ല: ഷാനി പ്രഭാകര്‍
ചിക്കാഗോ: ഭരണകര്‍ത്താക്കളെപ്പറ്റി സ്തുതിപാടുക മാധ്യമ പ്രവര്‍ത്തകരുടെ ചുമതലയല്ലെന്നു ഏഷ്യാനെറ്റ് ന്യൂസിലെ ഷാനി പ്രഭാകര്‍. അതിനു വലിയ തുക മുടക്കി നടത്തുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുണ്ട്.

ആരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന ചോദ്യവും ഇന്ന് പ്രസക്തം. മാധ്യമ പ്രവര്‍ത്തനം ജീവിതോപാധിയായി സ്വീകരിച്ചയാള്‍ മാത്രമാണോ മാധ്യമ പ്രവര്‍ത്തകര്‍? സോഷ്യല്‍ മീഡിയയും മറ്റും ന്യൂസ് ബ്രേക്ക് ചെയ്യുന്ന സ്ഥിതി ഇപ്പോഴുണ്ട്.

പറയാതെ വയ്യ എന്ന തന്റെ ഷോയിലെ തന്റെ പരാമര്‍ശങ്ങള്‍ക്ക് ടെലിവിഷന്‍ മോണിറ്ററിംഗ് അധികൃതര്‍ വിശദീകരണം ചോദിക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നു നിങ്ങള്‍ പറഞ്ഞു. അതിനു എന്താണ് തെളിവ് എന്നായിരുന്നു ഒരു ചോദ്യം. ഗോവധ നിരോധനത്തെ തുടര്‍ന്ന് അക്രമങ്ങള്‍ക്ക്  കാരണം പ്രധാനമന്ത്രിയെന്ന്  വരെ നിങ്ങള്‍ പറഞ്ഞു. അതിനു തെളിവെന്തെന്ന് തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. മറുപടി തൃപ്തികരമായില്ലെങ്കില്‍ തനിക്കെതിരേയും ചാനലിനെതിരേയും നടപടി എടുക്കാമെന്നും പറഞ്ഞു.

താന്‍ നല്‍കിയ മറുപടിയില്‍ രാഷ്ട്രീയ പശ്ചാത്തലം വിലയിരുത്തിക്കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ് അവയെന്നും ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. കൊച്ചു കേരളത്തില്‍ കുറച്ചുപേര്‍ കാണുന്ന പരിപാടി പോലും അധികൃതര്‍ വീക്ഷിക്കുന്നു എന്ന സ്ഥിതിയാണിത് കാണിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഇന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നു. അമേരിക്കന്‍ എംബസിയില്‍ വിസയ്ക്കു പോകുന്നതിനു മുമ്പ് ഒരു സുഹൃത്ത് ചോദിച്ചത് ട്രമ്പിനെതിരേ പ്രോഗ്രാം വല്ലതും ചെയ്യുന്നുണ്ടോ എന്നാണ്.

പതിനാലു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയമുള്ള താനടക്കമുള്ളവര്‍ തെറ്റു വരുമോ എന്ന ആശങ്കയോടെയാണ് ഓരോ വാര്‍ത്തയേയും സമീപിക്കുന്നത്.

കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളില്ലെന്നു പറയുന്നു. പക്ഷെ കോടതിയില്‍ കയറി റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. ഏതൊരു പൗരനും കോടതിയില്‍ ചെല്ലാം. പക്ഷെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറ്റില്ല. അതെന്തൊരു മാധ്യമ സ്വാതന്ത്ര്യമാണ്. ഒരു തൊഴില്‍ പ്രശ്‌നമാണ്. അതു പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും കഴിവില്ലെന്നു പറയുന്നത് ശരിയല്ല.

ഇഷ്ടമുള്ള പത്രക്കാരെ വിളിച്ച് മുഖ്യമന്ത്രി വികസനം പറയുന്നതും "കടക്കു പുറത്ത്' എന്ന ആക്രോശിക്കുന്നതുമൊന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമ
ല്ല. അതേസമയം വര്‍ഗീയ ശക്തികള്‍ താണ്ഡവമാടിയ തെരുവുകളില്‍ ഈ സര്‍ക്കാര്‍ വന്നശേഷം ശാന്തത കൊണ്ടുവന്നതും മറുക്കുന്നില്ല.

ഇന്നിപ്പോള്‍ മുഖ്യമന്ത്രി പത്രക്കാരെ കാണാറില്ല. പകരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. പ്രധാനമന്ത്രി മൂന്നര വര്‍ഷമായി പത്രസമ്മേളനം വിളിച്ചിട്ടില്ല. ചോദ്യങ്ങള്‍ നേരിടാന്‍ ഭരണ തലവന്‍മാര്‍ക്ക് മടി.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരിതിരിവ് ആഗ്രഹിക്കുന്നവരെ ചോദ്യം ചെയ്യണം. അതുകൊണ്ട് ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ല എന്ന് അര്‍ത്ഥമില്ല. മാധ്യമ സ്വാതന്ത്ര്യം ഭരണകൂടമോ മന്ത്രിമാരോ തന്നതല്ല. അതു ജനം നല്‍കിയതാണ്.

പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതു മാത്രം കൊടുക്കുകയല്ല മാധ്യമ ദൗത്യം. ചര്‍ച്ചകള്‍ ആ വഴിക്കല്ല തിരിയേണ്ടത്. മറിച്ച് ജനത്തെ നയിക്കാനുള്ള ഉത്തരവാദിത്വവും മാധ്യമങ്ങള്‍ക്കുണ്ട്.

ബിജു രാധാകൃഷ്ണന്‍ പറഞ്ഞ പ്രകാരം കോയമ്പത്തൂരില്‍ സി.ഡി കണ്ടെത്താന്‍ പോലീസ് പോയപ്പോള്‍ മാധ്യമങ്ങള്‍ അതു ലൈവ് ആയി കാണിച്ചു. നാലു മണിക്കൂര്‍. ആദ്യം മനോരമ മാറിനിന്നു. പിന്നീടതില്‍ ചേര്‍ന്നു. പക്ഷെ അന്നു മനോരമയ്ക്ക് റേറ്റിംഗ് സീറോ ആയിരുന്നു. ചുരുക്കത്തില്‍ ബോധപൂര്‍വ്വം എടുത്ത നിലപാട് തിരിച്ചടിയായി.

അതുപോലെ ഒമ്പതു ദിവസം ദിലീപിനെപ്പറ്റി ചാനലുകളില്‍ ചര്‍ച്ചകള്‍ നടന്നു. രണ്ടു ദിവസം മനോരമ അതില്‍ നിന്നു വിട്ടുനിന്നു. അപ്പോഴും റേറ്റിംഗ് താണു. ചുരുക്കത്തില്‍ പ്രേക്ഷകനൊപ്പം പോണോ, പ്രേക്ഷകനെ നയിക്കണോ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. പ്രേക്ഷകര്‍ ഉണ്ടായില്ലെങ്കില്‍ നഷ്ടം ഉണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ.

പലരും പറയാറുണ്ട് താന്‍ പഴയ ഉശിര് കാണിക്കുന്നില്ലല്ലോ എന്ന്. അനുഭവങ്ങളിലൂടെയാണ് പക്വമായ ഭാഷയും ശൈലിയും കൈവരിക്കുന്നത്.

ലാവ്‌ലിന്‍ കേസിലും ഗുജറാത്ത് കലാപ കേസിലും അപഹസിച്ച മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും മാപ്പ് പറയേണ്ടതല്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കിയത് ആരാണെന്ന് സി.പി.എം തന്നെ അന്വേഷിക്കണം.

"കടക്ക് പുറത്ത്' എന്നത് സംവാദത്തിന്റെ ഭാഷയല്ല. അതുപോലെ മാധ്യമങ്ങള്‍ക്ക് കോടതിയില്‍ കയാറാനാവില്ലെങ്കില്‍ സര്‍ക്കാര്‍ അതു തുറന്നു പറയണം. കോടതി തന്നെ സ്വയം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്.

അര്‍ധരാത്രി നോട്ട് നിരോധിച്ചശേഷം വര്‍ഷം ഒന്നാകാറായി. ഇനിയും എത്ര നോട്ട് തിരിച്ചുകിട്ടി എന്നു പറയുന്നില്ല. അത്തരം സര്‍ക്കാരുകള്‍ക്ക് സ്തുതി പാടുകയല്ല മാധ്യമ പ്രവര്‍ത്തനം.

ടാജ് മാത്യു മോഡറേറ്ററയിരുന്നു. സണ്ണി മാളിയേക്കല്‍, പി.പി. ചെറിയാന്‍ എന്നിവരായിരുന്നു പാനലിസ്റ്റുകള്‍.
സ്തുതിപാടുക മാധ്യമങ്ങളുടെ ജോലിയല്ല: ഷാനി പ്രഭാകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക