Image

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നില്‍: ആര്‍.എസ് ബാബു

ഫ്രാന്‍സീസ് തടത്തില്‍ Published on 27 August, 2017
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നില്‍: ആര്‍.എസ് ബാബു
ചിക്കാഗോ: ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ഒരു വന്‍ വെല്ലുവിളിയെ നേരിടുകയാണെന്നു കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ആഭിമുഖ്യത്തില്‍ ചിക്കാഗോയിലെ ഹോളിഡേ ഇന്‍ ഇന്റര്‍നാഷണലില്‍ നടന്നുവരുന്ന ഏഴാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വാക്കിന്റെ സദാചാരം മാധ്യമങ്ങളില്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു അന്താരാഷ്ട്ര ഏജന്‍സി അടുത്തകാലത്ത് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പഠന റിപ്പോര്‍ട്ടില്‍ ലോകത്തെ 150 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 136 ആയിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ മൂന്നു സ്ഥാനങ്ങള്‍കൂടി കയറി 139 ആയി. അഫ്ഗാനിസ്ഥാനാണ് തൊട്ടുപിന്നിലുള്ളത്.

ദേശഭക്തി, കപടഹിന്ദുത്വം തുടങ്ങിയവയുടെ പേരിലാണ് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ പട്ടിണി സമരത്തെ അനുകൂലിച്ചെഴുതിയതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ വളഞ്ഞിട്ട് പിടിച്ച് ജയ്‌റാം മന്ത്രം ബലമായി ചൊല്ലിക്കുകയുണ്ടായി. പട്ടിണിക്കെതിരേയും, ജാതി- അടിമത്വങ്ങള്‍ക്കെതിരേയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹം ആരോപിച്ചാണ് ജയിലിലടച്ചത്. അവര്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചുവെന്ന അസത്യ പ്രചാരണമാണ് ടിവി ചാനലുകളില്‍ വന്നത്. രാജ്യത്തെ പ്രധാന ചാനലുകളായ സി.എന്‍.എന്‍ - ഐ.ബി.എന്‍, ടൈംസ് നൗ, സി ടിവി എന്നീ ദേശീയ ചാനലുകളിലാണ് ഇത്തരം അസത്യ പ്രചാരണങ്ങളുണ്ടായത്. ഇന്ന് മാധ്യമ പ്രവര്‍ത്തനം നേരിടുന്നതിനെതിരേയുള്ള കണ്ണാടിയായി മാറുകയാണെന്ന് പറഞ്ഞ ആര്‍.എസ് ബാബു ഇതിനായി വ്യാജ വീഡിയോ വരെ സൃഷ്ടിക്കുന്നതായും ആരോപിച്ചു.

ഇന്ത്യന്‍ മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ വിഴുങ്ങുന്നതാണ്   മാധ്യമ അധാര്‍മികതയ്ക്ക് പ്രധാന കാരണം. അവര്‍ക്ക് കൂട്ടായി ചില അര്‍ണോബ് ഗോസ്വാമിമാര്‍ ഉള്ളപ്പോള്‍ തന്നെ ഇതിനെതിരേ പ്രതിരോധിക്കാന്‍ പ്രണവ് റോയ്, ബര്‍ക്കാ ദത്ത് തുടങ്ങിയ ചുണക്കുട്ടികളുണ്ട്. പ്രണവ് റോയിയേയും ബര്‍ക്കാ ദത്തിനേയുമൊക്കെ ഏതെല്ലാം രീതിയിലാണ് വളഞ്ഞാക്രമിക്കുന്നത്. എന്‍.ഡി ടിവിയിലെ സ്ഥാപക എഡിറ്ററാണ് പ്രണവ് റോയ്. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തിയാണ് പീഡിപ്പിക്കുന്നത്. ഒരു ഭയത്തിന്റെ അന്തരീക്ഷം ഇന്ത്യന്‍ മാധ്യമ രംഗത്ത് കട്ടപിടിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യം എന്ന വാക്കിന്റെ സദാചാരം ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ 31 മാധ്യമ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇതിന് ഉത്തരവാദികളായ 90 ശതമാനം പേരും ശിക്ഷക്കപ്പെടുന്നില്ല എന്നതാണ് ഏറ്റവും ലജ്ജാകരമായ വസ്തുത. മാധ്യമശക്തി എത്രത്തോളം വലുതാണെന്ന് തെളിയിച്ച രാജ്യമാണ് അമേരിക്ക. ഒരു പ്രസിഡന്റിനെ തന്നെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ കഴിഞ്ഞ ശക്തിയാണ് അമേരിക്കയിലെ മാധ്യമങ്ങള്‍. വാട്ടര്‍ഗേറ്റ് സംഭവം. അത് അന്വേഷിക്കാന്‍ എത്ര കോടി രൂപ ചെലവായി എന്നുള്ളതല്ല കാര്യം. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പോരാടിയേ മതിയാകൂ- അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തനത്തിലെ മാധ്യമ സദാചാരം എന്നു പറയുമ്പോള്‍ വാക്കുകള്‍ എവിടെനിന്നു വരുന്നു എന്നു നോക്കണം. വ്യവസ്ഥിതിയിലെ ശബ്ദകോശത്തില്‍ നിന്നാണ് വാക്കുകള്‍ വരുന്നത്. ഓരോ ഭാഷയിലേയും ഓരോ വാക്കുകള്‍, ഓരോ വ്യവസ്ഥിതിയുടെ ചരിത്രപരമായ ഉത്പന്നമാണ്. തമ്പ്രാന്‍, അടിയാന്‍ എന്നിവ ഉദാഹരണങ്ങളാണ്. പുരസ്കാരദാനം എന്ന വാചകം പണ്ട് രാജഭരണ കാലത്ത് രാജാവ് നല്‍കിയിരുന്ന ദാനമായിരുന്നു. ആ വാക്കുകളുടെ പുനരാവിഷ്കാരമാണ് ഇന്നും പത്രങ്ങളില്‍ വരുന്ന പുരസ്കാര ദാ
മെന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ അടുത്തകാലത്തെ കടക്ക് പുറത്ത് എന്ന പദപ്രയോഗം ഒരു ദേശത്തിന്റെ ഗ്രാമീണ ഭാഷയെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ച സഹ യാത്രികനായ ബാബുവിന്റെ ശ്രമത്തെ കാണികള്‍ ശബ്‌ദാരവത്തോടെയാണ് എതിര്‍ത്ത് തോല്‍പിച്ചത്. അതാത് മുഖ്യമന്ത്രിമാരും നേതാക്കന്മാരും അവരവരുടേതായ ശൈലികളില്‍ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞ ബാബു, പിണറായി വിജയനാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോഗങ്ങള്‍ നടത്തിയിട്ടുള്ളതെന്നും അവകാശപ്പെട്ടു. പിണറായി ഉപയോഗിച്ച് ശൈലിയാക്കി മാറ്റിയ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പിണറായിയോട് മാധ്യമങ്ങള്‍ ക്ഷമ പറയാത്തത് നിര്‍ഭാഗ്യകരമാണെന്നു ആര്‍.എസ് ബാബുവിന്റെ അഭിപ്രായത്തെ പാനല്‍ അംഗങ്ങള്‍ പോലും നിശിതമായി വിമര്‍ശിച്ചു.

പ്രസ്ക്ലബ് നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര മോഡറേറ്ററായിരുന്നു. ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, മാധ്യമ പ്രവര്‍ത്തകരായ ഫ്രാന്‍സീസ് തടത്തില്‍, ജയിംസ് വര്‍ഗീസ് എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു. മനു തുരുത്തിക്കാടന്‍ നന്ദി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നില്‍: ആര്‍.എസ് ബാബുമാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നില്‍: ആര്‍.എസ് ബാബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക