Image

മാധ്യമ രംഗത്തെ വെല്ലുവിളികളും സാധ്യതകളും വിലയിരുത്തി ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം സമാപിച്ചു

ഫ്രാന്‍സീസ് തടത്തില്‍ Published on 27 August, 2017
മാധ്യമ രംഗത്തെ വെല്ലുവിളികളും സാധ്യതകളും വിലയിരുത്തി ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം സമാപിച്ചു
ചിക്കാഗോ: കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു നവ മാധ്യമ സംസ്കാരം രൂപപ്പെടുത്തുമെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ ചരിത്ര നഗരമായ ചിക്കാഗോയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ ഏഴാമത് ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ചു. സ്വാമി വിവേകാനന്ദന്റെ ചരിത്രപരമായ ലോക മത സമ്മേളനത്തിലെ പ്രസംഗത്തിന്റെ സ്മരണകളുണരുന്ന ചിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇന്‍ ഇന്റര്‍നാഷണലില്‍ നടന്നുവന്ന കണ്‍വന്‍ഷനില്‍ കേരള കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.

ലോക തൊഴിലാളി ദിനമായ മെയ് 1 ആചരിക്കുന്നതിനു സാക്ഷ്യംവഹിച്ച ചരിത്രപരമായ ലോക തൊഴിലാളി സമരം നടന്ന ചിക്കാഗോയിലെ ചരിത്രഭൂമിയില്‍ വിപ്ലവ പ്രസ്ഥാനങ്ങളിലെ കേരളത്തിലെ അമരക്കാരായ സുനില്‍കുമാറിനു പുറമെ കേരളത്തില്‍ നിന്നുള്ള യുവ കമ്യൂണിസ്റ്റ് നേതാക്കളായ എം.ബി രാജേഷ് എം.പി, എം. സ്വരാജ് എം.എല്‍.എ എന്നിവരും, മലയാള മാധ്യമ പ്രവര്‍ത്തന രംഗത്തെ പ്രഗത്ഭരായ ഡോ. എം.പി ചന്ദ്രശേഖരന്‍ (മാതൃഭൂമി ന്യൂസ് ഡയറക്ടര്‍), മലയാള മനോരമ ചാനലിന്റെ ഗര്‍ജിക്കുന്ന പെണ്‍ സിംഹം ഷാനി പ്രഭാകര്‍, ഏഷ്യാനെറ്റിലെ അളകനന്ദ എന്നിവര്‍ക്കു പുറമെ ഡല്‍ഹിയിലെ ഏറ്റവും സീനിയറായ ഇംഗ്ലീഷ് ഭാഷാ പത്രപ്രവര്‍ത്തക
ന്‍   പി.വി തോമസ് എന്നിവരും മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ ആനുകാലിക മാധ്യമ സംബന്ധമായ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളെ സജീവമാക്കി.

ചിക്കാഗോയില്‍ നിന്നുള്ള കോണ്‍ഗ്രസ്മാനും ഇന്ത്യക്കാരനുമായ രാജാ കൃഷ്ണമൂര്‍ത്തിയാണ് മുഖ്യ പ്രഭാഷണം നടത്തിയത്.

രണ്ടു ദിവസമായി നടന്നുവന്ന സെമിനാറുകളിലെ ചര്‍ച്ചകളിലെ പങ്കാളിത്തവും ചോദ്യോത്തര വേളകളും കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളേയും മാധ്യമ പ്രവര്‍ത്തകരേയും അക്ഷരാര്‍ത്ഥത്തില അത്ഭുത സ്തബ്ദരാക്കി. കേരളത്തില്‍ നിന്നെത്തിയവരില്‍ എല്ലാവരും തന്നെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും ദൃശ്യമാധ്യമ പ്രവര്‍ത്തകരും മാത്രമായിരുന്നിട്ടുകൂടി ചര്‍ച്ചകള്‍ രാഷ്ട്രീയത്തിനതീതമായി തന്നെ നടന്നു വെന്നതാണ് സത്യം.

കേരളത്തിന്റെ സമകാലിക പ്രശ്‌നങ്ങളും വികസനപരമായ കാര്യങ്ങളിലും ഒരു നല്ല മാധ്യമ സംസ്കാരം രൂപപ്പെടുത്തുന്നതിലും മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. കേരളത്തിലെ വികസനത്തിലും രാഷ്ട്രീയ- സാമൂഹ്യ രംഗത്ത് വന്നിരിക്കുന്ന മൂല്യച്യുതികളിലും അമേരിക്കന്‍ പ്രവാസി മലയാളികളുടെ ആശങ്കകള്‍ പങ്കുവെയ്ക്കപ്പെട്ട സെമിനാറില്‍ സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച കൃഷിവകുപ്പ് മന്ത്രിക്ക് ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നതാണ് ഈ കണ്‍വന്‍ഷന്റെ പ്രത്യേകത. ഇടതുപക്ഷ രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കില്‍പോലും അതിലെ ഏറ്റവും മികച്ച യുവരക്തത്തിനുടമകളായ പാര്‍ലമെന്റിലേയും നിയമസഭിയിലേയും എല്‍ഡിഎഫ് സര്‍ക്കാരിലേയും മികച്ച പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്ത് അറിവുകള്‍ പങ്കുവെച്ചത്.

രാജ്യത്തെ നിലവിലുള്ള മാധ്യമങ്ങളുടെ അവസ്ഥയും വെല്ലുവിളികളും സംജാതമായിട്ടുള്ള അവസങ്ങളും അനിവാര്യമായ തിരുത്തലുകളെക്കുറിച്ചും ഏറ്റവും യോഗ്യമായ രീതിയില്‍ അവതരണം നടത്താന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഡല്‍ഹിയിലെ രാഷ്ട്രീയ ചൂതാട്ടങ്ങളെക്കുറിച്ചും രാഷ്ട്രീയ-സാമ്പത്തിക- സാമുദായിക- മാധ്യമ മേഖലകളിലെ മാറി മാറി വരുന്ന സംസ്കാരങ്ങളെ സുസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാളിയുമായ പി.വി. തോമസിന്റെ വിഷയാവതരണത്തോടെയാണ് സെമിനാറിനു തുടക്കംകുറിച്ചത്. മാധ്യമ രംഗത്ത് കോര്‍പറേറ്റ് ലോബികളുടെ കടന്നുകയറ്റംമൂലം രാജ്യത്തെ ഭീതിജനകമായ ദുരന്തത്തിലേക്ക് നയിക്കുന്ന മാധ്യമ സംസ്കാരത്തിന്റെ അനന്തരഫലങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. പുതിയ അര്‍ണോബ് ഗോസ്വാമിമാരെ സൃഷ്ടിക്കാന്‍ ഭരണകര്‍ത്താക്കള്‍ നടത്തുന്ന വിധേയത്വ  പത്രവര്‍ത്തനം അടിയന്തരാവസ്ഥയിലെ മാധ്യമ നിയന്ത്രണങ്ങളേക്കാള്‍ ഭീകരത സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വിലയിരുത്തി.

കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ഇപ്പോഴത്തെ അപചയങ്ങള്‍ക്കു  കാരണം സമൂഹത്തിലുണ്ടായ മ്യൂല്യച്യുതി മൂലമാണെന്നു ഉത്തരവാദിത്വ ബോധമുള്ള മാധ്യമങ്ങളും സമൂഹവും എന്ന വിഷയത്തില്‍ പ്രസംഗിച്ച മാതൃഭൂമി ന്യൂസിന്റെ വാര്‍ത്താവിഭാഗം മേധാവി ഉണ്ണി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ എന്തുകൊണ്ടും ആശങ്കാജനകമാണ്. അതില്‍ സ്വയം വിമര്‍ശനം ഏറ്റെടുത്തുകൊണ്ടുതന്നെ വിഷയം അവതരിപ്പിച്ച ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ റേറ്റിംഗ് കടാതെ ഒരു മാധ്യമത്തിനും നിലനില്‍ക്കാന്‍ പറ്റില്ലെന്ന പരമാര്‍ത്ഥം ചൂണ്ടിക്കാട്ടി. നല്ല വാര്‍ത്തകള്‍ക്ക് മുന്‍ഗണന കൊടുത്താല്‍ നിമിഷങ്ങള്‍കൊണ്ട് റേറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. സെക്‌സ്, ബലാത്സംഗം, അടിപിടി, പെണ്‍വാണിഭം, സ്ത്രീപീഡനം, ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയ ന്യൂസ് ബുള്ളറ്റിനുകളും പാനല്‍ ചര്‍ച്ചകളും ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്നതാണെന്നു സ്വയം വിമര്‍ശനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ക്ക് അപ്രധാന്യം കൊടുത്താല്‍ അടുത്ത ചാനലിലേക്ക് റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുകയും അതിവഴി ചാനല്‍ റേറ്റിംഗ് താഴുകയും ചെയ്യുന്നു. അപ്പോള്‍ മറ്റുള്ള ചാനലുകള്‍ക്ക് പിന്നാലെ പോവുകയല്ലാതെ മാര്‍ഗ്ഗമില്ല. ഇത് നമ്മുടെ കേരളീയ സംസ്കാരത്തിന്റെ ഏറ്റവും വലിയ അപചയമായി ചര്‍ച്ചകള്‍ വിലയിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രോശിച്ചുകൊണ്ട് കടക്ക് പുറത്ത് എന്നു പറഞ്ഞ വാക്കിലെ ധിക്കാരം വാക്കിന്റെ സദാചാരം മാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വന്‍ പ്രതികരണങ്ങളാണ് പ്രവാസി മാധ്യമ പ്രവര്‍ത്തകരും മറ്റു സംഘടനാ നേതാക്കളും പ്രകടിപ്പിച്ചത്. ഈവിഷയത്തില്‍ അവതരണം നടത്തിയ കേരളാ മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു മുഖ്യമന്ത്രിയുടെ ആ പദപ്രയോഗത്തെ പ്രാദേശിക തലത്തിലുള്ള ഭാഷാ പ്രയോഗം എന്നു പറഞ്ഞ് ലളിതവത്കരിക്കാന്‍ ശ്രമിച്ചുവെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അതിനെ നിശിതമായ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ നാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ വിഷയാവതാരകനൊപ്പം നിന്നപ്പോള്‍ നാട്ടിലേയും അമേരിക്കയിലേയും മാധ്യമപ്രവര്‍ത്തകര്‍ അതിനെ അത്ര നിസാരമായി കാണാന്‍ പറ്റില്ലെന്ന വാദത്തില്‍ തന്നെ ഉറച്ചുനിന്നു. വാക്കിന്റെ സദാചാരം ഭരണ സിരാകേന്ദ്രത്തില്‍ നിന്നുതന്നെ ലംഘിക്കപ്പെടുമ്പോള്‍ എന്തു മാധ്യമ സംസ്കാരമാണ് ഉയര്‍ത്തിക്കാട്ടാനുള്ളത് എന്ന ചോദ്യചിഹ്നം അവശേഷിക്കുന്നു.

അമേരിക്കന്‍ മലയാളികളിലെ ഒരു വ്യത്യസ്ത വിഭാഗത്തെത്തന്നെയാണ് ഈ സെമിനാറുകളില്‍ കാണാന്‍ കഴിഞ്ഞത്. വിവിധ മേഖലകളില്‍ ഒന്നും രണ്ടും ഡോക്ടറേറ്റുകള്‍ നേടിയ ശാസ്ത്രജ്ഞര്‍, അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ മലയാളി അധ്യാപകര്‍ എന്തിനേറെ അമേരിക്കയില്‍ ഓറഞ്ചു കൃഷിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന മലയാളിയും അദ്ദേഹം വിഭാവനം ചെയ്ത കൃഷിരീതികളും മൂല്യാധിഷ്ഠിത ഉത്പന്നങ്ങളും കൃഷി മന്ത്രിയെപ്പോലും വിസ്മയിപ്പിച്ചു. ഡോ.മാണി സ്കറിയ എന്ന മുന്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്റെ ഗവേഷണങ്ങളും അദ്ദേഹം അമേരിക്കയില്‍ നടത്തിവരുന്ന ഓറഞ്ച് വിപ്ലവം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കൃഷി മന്ത്രി ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ സംസ്ഥാനത്തിന്റെ അതിഥിയായി ക്ഷണിക്കുകയും ചെയ്തു.

മനോരമ ന്യൂസിലെ  ഷാനി പ്രഭാകര്‍ തുറന്നു കാട്ടിയതാകട്ടെ പുതിയ ലോകത്ത് പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തിയെക്കുറിച്ചായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് എല്ലാ മേഖലകളിലും കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നു പറഞ്ഞ ഷാനി കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ അടുത്തിടെ ഉണ്ടായിരുന്ന വിലക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ നാലാംതൂണായ വിശേഷിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ജോലി ചെയ്യാനുള്ള അവകാശം വിലക്കാന്‍ മൂന്നാംതൂണായ നീതിന്യായ വ്യവസ്ഥയ്ക്ക് എങ്ങനെ കഴിഞ്ഞു. അടിയന്തരാവസ്ഥയെക്കാള്‍ ഹീനമായ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ഒന്നാംതൂണായ നിയമനിര്‍മ്മാണ പ്രവര്‍ത്തകരും, രണ്ടാംതൂണായ സർക്കാരും  മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരേ സംസാരിക്കാനോ ഇടപെടാനോ മുഖ്യമന്ത്രി പോലും തയാറാകുന്നില്ലെന്ന് ഷാനി പറഞ്ഞു.

അമേരിക്കയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും സെമിനാറില്‍ സജീവ ചര്‍ച്ചാവിഷയമായി. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായ എം.ബി രാജേഷ് വിഭാവനം ചെയ്ത കേരളം ഒരു ബദല്‍ മാതൃക എന്ന സെമിനാറില്‍ നടത്തിയ വിഷയാവതരണം കേരളത്തിന്റെ വികസന പ്രതീക്ഷ നല്‍കുന്ന വസ്തുതകളായിരുന്നു. ആധീകാരികമായ കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം താന്‍ വിഭാവനം ചെയ്ത കേരളത്തിന്റെ വികസന ബദല്‍രേഖ അവതരിപ്പിച്ചത്. പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന രാജേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കേരളം ലോകത്തിന് മാതൃകയാകുമെന്നു ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു.

തുടര്‍ച്ചയായ ചര്‍ച്ചകള്‍ മൂലം പലരുടേയും മനസ്സുകളില്‍ ക്ഷീണം അലട്ടിയപ്പോള്‍ ചുള്ളിക്കാട്ടിന്റെയും  ഒ.എന്‍.വിയുടേയും അക്കിത്തത്തിന്റേയുമൊക്കെ മനംകുളിര്‍പ്പിക്കുന്ന ആലാപനങ്ങള്‍ വരണ്ടുണങ്ങിയ ഭൂമിയില്‍ കുളിര്‍മഴ പെയ്തിറങ്ങിയ അനുഭൂതിയായി. 

വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്‍വന്‍ഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സമയനിഷ്ഠയോടെ വലുപ്പച്ചെറുപ്പമില്ലാതെ വിഷയാവതാരകരും മന്ത്രി മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ ആത്മാര്‍ത്ഥമായി സഹകരിച്ച കാഴ്ച നാട്ടില്‍ നിന്നെത്തിയ അതിഥികളെ വിസ്മയഭരിതരാക്കി. പാര്‍ട്ടി ചര്‍ച്ചാ യോഗങ്ങളില്‍ മാത്രം സമ്പൂര്‍ണ്ണ സെഷനുകളില്‍ പങ്കെടുത്തു ശീലിച്ച രാഷ്ട്രീയ പ്രതിനിധികള്‍ മുഴുവന്‍ സമയ ചര്‍ച്ചകളില്‍ പങ്കെടുത്തതും അവിസ്മരണീയമായി.

ദൃശ്യമാധ്യമങ്ങളില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ കടന്നുവന്നതോടെ മാധ്യമ സംസ്കാരത്തിലുണ്ടായ മാറ്റങ്ങളും ദൃശ്യമാധ്യമ രംഗത്തെ സ്ത്രീ സമൂഹം നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെക്കുറിച്ചും ഏഷ്യാനെറ്റിന്റെ അവതാരക കൂടിയായ അളകനന്ദ നടത്തിയ വിഷയാവതരണവും ഹൃദ്യമായി. മലയാളത്തില്‍ അടുത്തകാലത്ത് ഒട്ടനേകം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കാളിത്തം ലഭിച്ചത് ശുഭസൂചനയായും വിലയിരുത്തപ്പെട്ടു.

കേരളാ നിയമസഭയിലെ ഏറ്റവും വലിയ വാഗ്മിയും എന്നാല്‍ ഏറ്റവും പ്രായംകുറഞ്ഞ സാമാജികനുമായ എം. സ്വരാജ് എം.എല്‍.എ മാധ്യമം, രാഷ്ട്രീയം, സമൂഹം എന്ന വിഷയത്തില്‍ നടത്തിയ അവതരണം ചര്‍ച്ചയില്‍ പങ്കെടുത്തവരെ ആവേശഭരിതരാക്കി. മാധ്യമങ്ങളാല്‍ എന്നും തെറ്റിദ്ധരിക്കപ്പെടുകയും ഇനിയും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയും നല്‍കിയ സ്വരാജിന് അമേരിക്കയിലെ പ്രവാസി മലയാളി മാധ്യമങ്ങള്‍ നല്‍കിയ സ്വീകരണം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ആളുമാറി ക്ഷണിക്കപ്പെട്ടെന്ന ധാരണയോടെ ചിക്കാഗോയിലെത്തിയ അദ്ദേഹത്തിന് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹോപഹാരങ്ങളും അവിശ്വസനീയമായിരുന്നു.

അമേരിക്കയിലെ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്ക് പ്രസ്ക്ലബ് അവാര്‍ഡ് നല്കി ആദരിച്ചു. അമേരിക്കയിലെ മികച്ച ഫ്രീലാന്‍സ് 
  പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇ-മലയാളി ന്യൂസ് എഡിറ്റര്‍ ഫ്രാന്‍സീസ് തടത്തിലിനും, ജീമോന്‍ റാന്നിക്ക് പ്രത്യേക പുരസ്കാരവും നല്‍കി. സാഹിത്യമേഖലയിലെ സംഭാവനയ്ക്ക് രതീദേവി, സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടനും, ദൃശ്യമാധ്യമ സാങ്കേതിക മികവിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് കാമറാമാന്‍ ഷിജോ പൗലോസ്, കൈരളി ടിവി കാമറാമാന്‍ ബിനു തോമസ്, എന്നിവർക്ക് കൃഷി മന്ത്രി സമ്മാനിച്ചു 

കൊല്ലപ്പെട്ട പുത്രന്‍ പ്രവീണ്‍ വര്‍ഗീസിനു നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ഒറ്റയാള്‍ പോരാട്ടം നടത്തി വിജയം കണ്ട ലവ്‌ലി വര്‍ഗീസിനെ ആദരിച്ചത് വികാര നിരഭരമായിരുന്നു. ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ ആയാണു പ്രസ് ക്ലബ് അവരെ വിശേഷിപ്പിച്ചത്.

ചടങ്ങില്‍ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ് മധു കൊട്ടാരക്കര സ്ഥാനമേറ്റു

പ്രസ്ക്ലബ് ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മ അധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ എം.ബി രാജേഷ് എം.പി, എം. സ്വരാജ് എം.എല്‍.എ, ഡോ. എന്‍.പി ചന്ദ്രശേഖരന്‍, ഉണ്ണി ബാലകൃഷ്ണന്‍, അളകനന്ദ, ഷാനി പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതവും, ബിജു സഖറിയ നന്ദിയും പറഞ്ഞു. ജോസ് കണിയാലി, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരായിരുന്നു സമാപന ചടങ്ങിലെ എം.സിമാര്‍.
മാധ്യമ രംഗത്തെ വെല്ലുവിളികളും സാധ്യതകളും വിലയിരുത്തി ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക