Image

ഫ്രീഡം അറ്റ് മിഡ് നൈറ്റ് (കഥ: തമ്പി ആന്റണി)

Published on 27 August, 2017
 ഫ്രീഡം അറ്റ് മിഡ് നൈറ്റ് (കഥ: തമ്പി ആന്റണി)
We don t meet people by accident. They are meant to cross our path for a reason
Rubyanne.

ശിശിരകാലത്തിലെ കുളിരുള്ള ഒരു സായാഹ്നം. മങ്ങിനിന്ന പോക്കുവെയില്‍ കറുത്ത മേഘങ്ങള്‍ക്കുമുകളില്‍ അങ്ങിങ്ങായി ചിതറിക്കിടന്നു .ദൂരെ മലനിരകളില്‍നിന്നും എത്തിനോക്കുന്ന ചുവന്ന സൂര്യന്‍ പതിവിലും വേഗത്തില്‍ താഴുന്നതുപോലെ തോന്നി . ഇരുട്ട് എവിടെയൊക്കെയോ പാത്തും പതുങ്ങിയും പടര്‍പ്പുകളിലും പൂച്ചെടികളിലും നീണ്ട നിഴല്‍ വിരിച്ചു തുടങ്ങിയിരുന്നു. പൊക്കം കുറഞ്ഞ മേപ്പിള്‍മരങ്ങള്‍ തലയാട്ടിനില്‍ക്കുന്ന ഗ്രീന്‍വാലി പാര്‍ക്കിലൂടെ അന്നവര്‍ ഒന്നിച്ചാണ് നടക്കാനിറങ്ങിയത് . കുറെ നടന്നപ്പോള്‍ ഒഴിഞ്ഞുകിടന്ന ഒരു ചാരുബെഞ്ചില്‍ ഇരിക്കണമെന്ന് അയാളാണ് പറഞ്ഞത്. അവള്‍ എതിരൊന്നും പറഞ്ഞില്ല . അവള്‍ ഇപ്പോള്‍ അങ്ങനെയാണ് ഒന്നിനും പ്രതികരിക്കാതെ പറയുന്നതെന്തും കേള്‍ക്കും. നടപ്പാതകളില്‍ അത്രക്കു തിരക്കൊന്നുമില്ലായിരുന്നു. ഒരു തടിച്ച സ്ത്രീ രണ്ടു അനുസരണയില്ലാത്ത പട്ടികുട്ടികളെയുംകൊണ്ട് തിടുക്കത്തില്‍ നടന്നുപോകുന്നു . ഇടെക്കിടെ പുല്ലുതിന്നാന്‍ നില്‍ക്കുന്ന ആ പട്ടികുട്ടികളെ അവര്‍ ശകാരിക്കുന്നുമുണ്ട് . പിന്നെയുള്ളത് മൂന്നു കുട്ടികളെയും കൂട്ടി നടക്കാനിറങ്ങിയ ഒരു വെള്ളക്കാരനും കുടുബവുമാണ് . നടപ്പാതക്കരികില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള തടാകത്തിലൂടെ താറാവിന്‍ കൂട്ടങ്ങള്‍ നീന്തുന്നുണ്ട് . സന്ധ്യക്ക് കരപറ്റാനുള്ള തിടുക്കത്തിലായിരിക്കണം. പതിവായി കാണാറുള്ള ഒരു വൃദ്ധന്‍ ഒറ്റക്ക് അങ്ങേക്കരയിലിരുന്നു ചൂണ്ടയിടുന്നത് അവ്യക്തമായി കാണാം. കരിയിലച്ചാര്‍ത്തുകള്‍ ഇളംകാറ്റില്‍ അവരുടെ മനസുകള്‍പോലെ ലക്ഷ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പറന്നുകൊണ്ടിരുന്നു. അല്പനേരത്തേക്ക് ആരും ഒന്നും മിണ്ടിയതേയില്ല.ആകാശം കൂടുതല്‍ ഇരുണ്ടുതുടങ്ങിയപ്പോള്‍ അയാള്‍ ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത് .

ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എനിക്കിനി ഏതാനും മാസങ്ങളേയുള്ളു . ഇനിയിപ്പം നീ പറയുന്നതുമാത്രം അനുസരിച്ചു ജീവിച്ചിട്ടും എന്‍റെ ജീവിത സൂചികക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകാന്‍പോകുന്നില്ല . എല്ലാവരുടെയും ജീവിതം അങ്ങനെത്തന്നെയല്ലേ ചിലര്‍ക്കൊക്കെ ജീവിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നു . എനിക്കതില്ല എന്ന് ഞാന്‍ അംഗീകരിച്ചുകഴിഞ്ഞു. അപകടപരമായ ലങ് ക്യാന്‍സര്‍ , അതും മൂന്നാമത്തെ സ്‌റ്റേജ് എന്നല്ലേ റിസള്‍ട്ട് . ഒരു ഡോക്ടറായ നിനക്കറിയാമെല്ലോ അവന്‍ കേറിപിടിച്ചാല്‍പ്പിന്നെ വിടില്ലായെന്ന് . ഇനിയിപ്പം നീ എത്ര കര്‍ക്കശമായ നിയന്ത്രണങ്ങളള്‍ കൊണ്ടുവന്നാലും എന്‍റെ ശീലങ്ങളൊന്നുംതന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഇനിയുള്ളകാലം പ്രണയോപനിഷത്തുപോലെയാ. പരസ്പ്പരം ഹൃദയം തുറക്കാം, പ്രണയിക്കാം . ഞാനും നീയും മമ്മുടെ അടുത്ത സുഹൃത്തുക്കളും മാത്രമൊതുങ്ങുന്ന ആ പഴെയ ലോകത്തിലേക്ക് തിരിച്ചുപോകാം . നീ ഓര്‍ക്കുന്നില്ലേ നമ്മളുടെ ആ ആദ്യകാലങ്ങള്‍ . നമ്മളും നമ്മുടെ കൂട്ടുകാരും ചേര്‍ന്നുള്ള ആ മാരീഡ് ബട്ട് സിംഗിള്‍ ലൈഫ്. . ആദിവസങ്ങളിലെ ചീട്ടുകളി മിതമായ മദ്യപാനം, തമാശകള്‍ ഡിന്നര്‍ ക്രൂസ് ,ക്ലബ്ബ് ഡാന്‍സ് ഒക്കെ എങ്ങനെ മറക്കും. ഇപ്പോള്‍ കുട്ടികളുണ്ടെങ്കിലും ആരും കൂടെയില്ലല്ലോ. സിംഗിള്‍ എഗൈന്‍ എന്നല്ലേ ഇതിനൊക്കെ അമേരിക്കക്കാര്‍ പറയുന്നത്. അപ്പോള്‍ പിന്നെ നമ്മുടെ ക്ലോക്ക് ഒന്നുകൂടെ പിറകോട്ടു തിരിച്ചുവെക്കാന്‍ സമയമായി. നമുക്കാ മധുരമുള്ള മധുവിധുകാല തിരക്കുകളില്‍ വീണ്ടുമൊന്നെത്തിപിടിക്കാം . അങ്ങനെ രോഗവും ആകുലതകളും മറന്നൊന്ന് അടിച്ചുപൊളിക്കാം . ഇടെക്കിടെ മരുന്നുകഴിക്കുന്ന കാര്യം മാത്രം നീ ഒന്നോര്‍മ്മിപ്പിച്ചാല്‍ മതി . എന്നാലും നാളെ കടയില്‍ പോകുബോള്‍ സിഗററ്റിന്റെയും വിസ്ക്കിയുടെയും കാര്യം മറക്കേണ്ട . എനിക്കറിയാം അതുമാത്രം നീ മറക്കുമെന്ന്. പിന്നെ നിനക്കിഷ്ടമുള്ള മധുരമുള്ള വൈനില്ലേ മസ്കാറ്റ് അതുകൂടി ആവാം.

ഒരു ഡോക്ട്രേറ്റ് ഉള്ളത്തിന്‍റെ അഹങ്കാരമാകാം ടോം റോബര്‍ട്ട് കൂടുതല്‍ വാചാലനായതുപോലെ . ഈയിടെയായി അയാള്‍ അങ്ങനെയാണ്. ഞാന്‍ ശ്രെദ്ധിച്ചാലും ഇല്ലെങ്കിലും അറിയാവുന്ന തത്വശാസ്ത്രമെല്ലാം ചുമ്മാ തട്ടിവിടും . പ്രിയ മിക്കവാറും പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നു . അല്ലെങ്കിലും ഇനിയിപ്പം എന്തുപദേശം അതൊന്നും വിവരമുള്ളവര്‍ക്കാവശ്യമില്ലാത്ത കാര്യമാണല്ലോ . .കൃഷ്ണപ്രിയ കുറേനേരം മൗനം അവലംബിച്ചു. അപ്പോഴാണ് അയാള്‍ ഒരു പ്രധാന കാര്യം പറഞ്ഞത്.

നിനക്കറിയാമെല്ലോ കുട്ടികള്‍ ഉണ്ടായശേഷം ഒന്നിച്ചു കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ ഒരിക്കലും മനസുതുറന്ന് ഒന്നു സംസാരിച്ചിട്ടുപോലുമില്ല . ജോലി, ഗവേഷണം ജെയ്മിയുടെയും ജാസ്മിന്‍റെയും പഠിത്തം അങ്ങനെ തിരക്കുകളില്‍ എല്ലാവരെയുംപോലെ നമ്മള്‍ എല്ലാം മറന്നു. കുട്ടികള്‍ക്കുവേണ്ടിയും പണത്തിനുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയുമാണ് ജീവിച്ചതുമുഴുവനും. അങ്ങനെ തിരക്കുകള്‍ കഴിയുബോഴേക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ സമയമില്ലാത്ത ഒരവസ്ഥ. ആ ഒരു ദുരവസ്ഥയിലാണ് ഞാനിപ്പോള്‍ . ഇനി എനിക്കൊരപേക്ഷയേയുള്ളു . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നിനക്കായി വെറുതെ കുത്തിക്കുറിച്ച ഒരു കത്തുണ്ട്. നമ്മുടെ ലൈബ്രറിയിലെ താഴത്തെ ഷെല്‍ഫില്‍ ഇരിക്കുന്ന ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തില്‍ ഭദ്രമായി വെച്ചിട്ടുണ്ട് . ഹിസ്റ്ററിയില്‍ ഒട്ടും താല്പര്യമില്ലാത്ത നീ ഒരിക്കലും അതൊന്നും തുറന്നു നോക്കുകയില്ലാ എന്നനിക്കുറപ്പായിരുന്നു. ആ ഷെല്‍ഫിന്‍റെ താക്കോല്‍ എവിടെയാണെന്ന് ഞാന്‍ കൃത്യമായി പറയാം . എന്‍റെ മരണശേഷംമാത്രമേ വായിക്കൂ എന്ന് നീ എനിക്കു കൈയില്‍ പിടിച്ചു സത്യം ചെയ്യണം. ഒരു അര്‍ദ്ധരാത്രിയില്‍ എനിക്കും അങ്ങനെ ഫ്രീഡം കിട്ടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അപ്പോഴാണ് പ്രിയ അയാളുടെ കൈയില്‍ പിടിച്ചമര്‍ത്തിയത്. അവള്‍ ഒന്ന് വിതുബിയെങ്കിലും കണ്ണുനീര്‍ താഴേക്ക് പതിച്ചത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. ആ കാത്തു വായിക്കുന്നതിലേക്കുള്ള ദൂരം അതാണല്ലോ അയാളുടെ ആയുസ്സിന്റെ അളവ് എന്നവള്‍ അപ്പോഴാണ് ഓര്‍ത്തത്. ആ ദൂരം കുറക്കുന്നതിനുള്ള തത്രപ്പാടിലാണ് ടോം ഇപ്പോള്‍. മരണത്തോടുകൂടി ഒരു സ്വാതന്ത്ര്യമാണ് ടോം ആഗ്രഹിക്കുന്നത്. തന്നിലിനിന്നുമാത്രമല്ല ഈ ലോകത്തില്‍നിന്നുതന്നെ. എത്ര ആവേശത്തോടെയാണ് മരണത്തെ പുണരാന്‍ ഒരുങ്ങുന്നത്. ഏതോ ബ്രിട്ടീഷ് സായിപ്പിന്‍റെ നാലാമത്തെ തലമുറയായി കൊല്ലത്തു തങ്കശ്ശേരിയിലാണ് ജനിച്ചതെങ്കിലും ഒരു ക്രിസ്ത്യന്‍ വിശ്വാസിയായിട്ടൊന്നുമല്ല വളര്‍ന്നതും പഠിച്ചതും. പഠിത്തത്തിലും ഡി എന്‍ .എ ഗവേഷണത്തിലുമുള്ള താല്പര്യത്തിലാണ് അമേരിക്കയിലേക്കു ചേക്കേറിയത് . മനുഷ്യശരീരത്തെപ്പറ്റിയും ജീനുകളെപ്പറ്റിയുമൊക്കെ നന്നായി മനസ്സിലാക്കുന്നവര്‍ മരണത്തെയും മനസ്സിലാക്കുന്നുണ്ടാവും. ജീവനുള്ള ജീനുകള്‍ ജീവനില്ലാത്തതാകുന്നു. അതില്‍ കൂടുതല്‍ എന്തിരിക്കുന്നു എന്ന് എത്ര തവണ എന്നോടുതന്നെ പറഞ്ഞിരിക്കുന്നു . ഒന്നും അറിയാത്ത ആ അവസ്ഥയെപ്പറ്റി ഓര്‍ത്ത് വ്യാകുലപ്പെടേണ്ട ആവശ്യമില്ലന്നുമറിയാം. അല്ലെങ്കില്‍ ഇത്ര സന്തോഷത്തോടെ മരണത്തെ നേരിടാന്‍ കഴിയുമോ. ഒരു ദിവസം മക്കളെ വിളിച്ച് ഒരുപാടുനേരം കളിതമാശകള്‍ പറഞ്ഞു. ഇളയമകള്‍ ജാസ്മിനോടാണ് അച്ഛന് കൂടുതല്‍ അടുപ്പം എന്നാണ് അവള്‍ക്കു തോന്നിയിട്ടുള്ളത്. അവളെ ഇത്തിരി കൂടുതല്‍ കൊഞ്ചിച്ചതും ടോം തന്നെ. ജോലിത്തിരക്കുകള്‍ക്കിടയിലുംപെണ്‍കുട്ടികള്‍ വിളിക്കാത്ത ദിവസങ്ങള്‍ വിരളമാണ്. ആ രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഇടതുകവിളില്‍ മൃതുലമായി ചുബിച്ചു. പതിവുപോലെ ശുഭരാത്രി പറഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് . അത് ഒരിക്കലും ഉണരാത്ത ഒരു നീണ്ട ഉറക്കമായിരുന്നുവെന്ന് ഒരിക്കലും കരുതിയില്ല . ടോമിന്‍റെ പ്രിയപ്പെട്ട ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തിന്‍റെ പേരുപോലെ ഒരു നിമിത്തമായി. ആ അര്‍ദ്ധരാത്രിയില്‍ ഈ ലോകത്തുനിന്നുതന്നെ സ്വതന്ത്രമായി. കരയരുതെന്ന് ടോം പറഞ്ഞിരുന്നെങ്കിലും അവള്‍ക്കതിനു കഴിഞ്ഞില്ല .

ഡാളസിലെ സ്‌കൈലൈന്‍ സെമിത്തേരിയില്‍ ഫ്യൂണറലിന് വളരെ കുറച്ചാളുകളെയുണ്ടായിരുന്നുള്ളു. മക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രം . അച്ഛന്‍റെ പുന്നാരമോള്‍ ജാസ്മിന്‍ വിതുമ്പിക്കരയുന്നത് കണ്ടുനില്‍ക്കാന്‍ ത്രാണിയില്ലാതെ പ്രിയ തളര്‍ന്നുവീണു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടോം റോബര്‍ട്ട് ഇല്ലാത്ത ഒരു അവസ്ഥയെപ്പറ്റി അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ കഴിഞ്ഞാണ് കൃഷ്ണപ്രിയ ലൈബ്രറിയില്‍ സൂക്ഷിച്ചുവെച്ച ആ കത്തു കണ്ടെടുത്തത് . അയാള്‍ പറഞ്ഞതുപോലെ കത്ത് അതെ സ്വാതന്ത്ര്യത്തിന്‍റെ പുസ്തകത്തില്‍ത്തന്നെ ഭദ്രമായി സൂക്ഷിച്ചിരുന്നു. വിറകൈയോടെയാണ് അവള്‍ വായിച്ചുതുടങ്ങായത് .

പ്രിയ കൃഷ്ണപ്രിയ,

നമ്മളുടെ ചില ദിവസങ്ങളില്‍ വിരസത ഒരു മൂടല്‍ മഞ്ഞുപോലെ നമുക്കുമുകളില്‍ മൂടികെട്ടി നിക്കുന്നതുപോലെ തോന്നിയിരുന്നു . അന്ന് നീ എന്നോട് ഒന്നും കാര്യമായി സംസാരിക്കാറുപോലുമില്ല. അതൊക്കെ എല്ലാവരുടെയും സഹവാസത്തില്‍ ഉണ്ടാകാറുള്ളതാണ് എന്നറിയാം. എന്നാലും നിനക്ക് ആ ദിവസം വര്‍ഷത്തില്‍ ഒരിക്കലേയുള്ളു, ഒന്നും മിണ്ടാതെ ഒരുങ്ങാതെ അലസമായി വീട്ടിനുള്ളില്‍പോലും വെറുതെ അലഞ്ഞുനടക്കും. ആദ്യമൊക്കെ ഞാന്‍ അതൊന്നും അത്ര കാര്യമായി കരുതിയില്ല. പിന്നെപിന്നെയാണ് നീ എപ്പോഴും പറയാറുള്ള ഒരു സന്തോഷിനെപ്പറ്റി ഞാനോര്‍ത്തത് . കോളേജില്‍ പഠിക്കുന്ന കാലത്തു നിനക്ക് ഒരുപാടു കത്തുകള്‍ എഴുതിയിരുന്നു . ഒക്കെ വെറും സൗഹൃദം മാത്രമായിരുന്നു എന്നും അറിയാം . എന്നാലും ഒരിക്കല്‍പോലും നീങ്ങള്‍ കണ്ടിരുന്നില്ല എന്നുപറഞ്ഞത് അവിശ്വസനീയമായി തോന്നിയിരുന്നു . പലകുറി ചോദിച്ചിട്ടും നീ ഒന്നും പറയാതെ ഒഴിഞ്ഞുമാറിയതും ഞാനോര്‍ക്കുന്നു.

ഒരു ദിവസം ചണ്ഡിഗറില്‍കൂടി സിംലക്കു പോകുന്ന ട്രെയിനില്‍ സന്തോഷ് ഉണ്ടെന്നും കാണണമെന്നും നിനക്കെഴുതിയതനുസരിച്ചു നീ കാണാനായി പോയിരുന്നു . പക്ഷെ എന്തുകൊണ്ടോ നീ അല്‍പ്പം താമസിച്ചാണ് സ്‌റ്റേഷനില്‍ എത്തിയത് .ഇന്ത്യന്‍ റെയില്‍വേ നമ്മളൊക്കെ പ്രതീക്ഷിച്ചതുപോലെ അന്നുമാത്രം ലേറ്റ് ആയില്ല. എനിക്കിപ്പോള്‍ നിന്നെ നല്ലതുപോലെ അറിയാം നീ ഒരിക്കലും ഒരിടത്തും സമയത്തെത്താറില്ലല്ലോ .നിന്നെപോലെയുള്ള ലേറ്റ് കാമേഴ്‌സ് സെല്‍ഫിഷ് ആയിരിക്കില്ല, ഒരു നല്ല മനസിന്‍റെ ഉടമയായിരിക്കുമെന്ന് ഏതോ മനഃശാസ്ത്രഞ്ജന്റെ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. നീ താമസിച്ചെത്തിയതുകൊണ്ടു ഞാനും അങ്ങനെതന്നെ വിചാരിച്ചു . അതുകൊണ്ടുമാത്രമാണ് നമ്മള്‍ അതെ സ്‌റ്റേഷനില്വെച്ചു പരിചയപ്പെടുന്നതും. അന്ന് നീ എന്നോട് വെറുതെയല്ലെങ്കിലും ഒരു കള്ളം പറഞ്ഞു. സിംലക്കു പോകുന്ന ഒരു കൂട്ടുകാരിയെ കാണാന്‍ ഓടി വന്നതാണ് എന്ന് . ആദ്യമായി കാണുന്ന ഒരപരിചിതനോട് സത്യം പറയണമെന്നൊന്നുമല്ല ഞാന്‍ ഞാന്‍ ഉദ്ദേശിച്ചത് . അതൊക്കെ എന്തെങ്കിലും പറയാന്‍വേണ്ടിയോ അല്ലെങ്കില്‍ ഒരു പക്ഷെ എന്നോടൊരു ഇഷ്ടവും അടുപ്പവുമൊക്കെ ആദ്യകാഴ്ചയില്‍ തോന്നിയതുകൊണ്ടായിരിക്കണം . അതെന്‍റെ വെറും ഒരൂഹം മാത്രമാണുകേട്ടോ. നീ സമയം പാലിച്ചെങ്കില്‍ നമ്മള്‍ ഒരിക്കലും കണ്ടുമുട്ടുമായിരുന്നില്ല . തീര്‍ച്ചയായും നിന്നോടൊപ്പം ഇപ്പോഴും ഈ ഞാനുണ്ടാകുമായിരുന്നില്ല. നമ്മള്‍ ഒരിക്കലും കാണാത്തവരായി ഈ ഭൂഗോളത്തില്‍ മറ്റെവിടെയെങ്കിലും ജീവിക്കുമായിരുന്നില്ലേ . അന്ന് നിങ്ങള്‍ കണ്ടിരുന്നെങ്കില്‍ ആ സുഹൃത്ത് അങ്ങനെയൊരാപകടത്തില്‍ മരിക്കില്ലായിരുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അതുകൊണ്ടുതന്നെ അയാളുടെ അപകടമരണത്തില്‍ പരോക്ഷമായ ഉത്തരവാദിത്വം നിനക്കാണ് . കാരണം നീ എല്ലാ കാത്തുകളിലും അയാളുടെ ബൈക്ക് യാത്രാളോട് ഒരു സന്ധിയില്ലാസമരംതന്നെ പ്രഖ്യാപിച്ചിരുന്നല്ലോ. നീ പലതവണ നിന്‍റെ കത്തുകളില്‍കൂടിത്തന്നെ അതൊക്കെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിന്‍റെ പേരിലാണ് നിങ്ങള്‍ ആദ്യമായി പിണങ്ങുന്നതും കുറേക്കാലം മിണ്ടാതിരുന്നതും. ഇതൊക്കെ ഇപ്പോള്‍ ഞാനെങ്ങനെ അറിഞ്ഞു എന്നായിരിക്കും . ഇനി നിന്നെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താതെ സംഭവിച്ചതെന്താണെന്നുകൂടി പറയാം. നീ ഷിക്കാഗോയില്‍ അന്നൊരു ഡോക്ക്ടര്‍മാരുടെ സമ്മേളനത്തിനു പോയതോര്‍മ്മയുണ്ടോ. അന്ന് ഞാനും കുട്ടികളും ഡാളസിലെ പുതിയ വീട്ടില്‍ തനിച്ചായിരുന്നല്ലോ . അവര്‍ ഉറങ്ങിയപ്പോള്‍ പതിവുപോലെ ഞാന്‍ എന്‍റെ മുറിയില്‍കയറി എഴുത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാന്‍ എന്‍റെ ഗവേഷണത്തിന്‍റെ ഭാഗമായി എഴുതിക്കൊണ്ടിരുന്ന സ്വപ്നവും ജീവിതവും എന്ന പുസ്തകത്തിന്‍റെ പണിപ്പുരയിലായിരുന്നു. എന്തോ ഒരു റെഫറെന്‍സിനുവേണ്ടി നമ്മുടെ ഹോം ലൈബ്രറിയിലെ ഷെല്‍ഫില്‍ ഇരുന്നതോമസ് ഫ്രീമാന്‍റെ വേള്‍ഡ് ഈസ് ഫഌറ്റ് എന്ന പുസ്തകം തിരയുകയായിരുന്നു . ആ രാത്രിയിലാണ് ഞാന്‍ വീഴാന്‍ പോയതും ഷെല്‍ഫില്‍ കയറിപ്പിടിച്ചതും മുകളിലത്തെ ഷെല്‍ഫില്‍ ഇരുന്ന ബൈബിള്‍ പെട്ടന്ന് താ ഴേക്കുവീണതും .അപ്പോള്‍ മാത്രമാണ് ആ പഴെയ ബൈബിളില്‍നിന്നും ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകളും കത്തുകളും തെറിച്ചുവീണത് . ആദ്യം കണ്ട ഫോട്ടോ നീ അയച്ച ഒരു വലിയ കാക്കയുടെ പടമാണ്, പിന്നെ ഒരു കുറുക്കന്‍റെ പടവും . നീ ഒരിക്കല്‍ ഏതോ സുഹൃത്ത് ഫോട്ടോ ചോദിച്ചപ്പോള്‍ ഒരു കാക്കയുടെ പടം അയച്ചിരുന്നതായി എന്നോട് പറഞ്ഞിരുന്നല്ലോ. ചാണ്ഡിഗറിലെ ആദ്യസാഗമത്തിനുശേഷം ഞാനും ഒരു ഫോട്ടോ ചോദിച്ചപ്പോള്‍ അയച്ചത് ഒരു കുറുക്കന്‍റെ പടമായിരുന്നല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. നിന്‍റെ അങ്ങനെയുള്ള കൊച്ചു കൊച്ചു കുസൃതികളൊക്കെ എനിക്കിഷ്ടമായിരുന്നെന്നും നിനക്കറിയാമെല്ലോ. അതിനുശേഷമാണ് സന്തോഷ് ജോസ് എന്നെഴുതിയ കാത്തുകള്‍ കണ്ടത്. അതില്‍നിന്നാണ് ആ ബൈബിള്‍ എങ്ങനെ നിന്‍റെ ബുക്ക് ഷെല്‍ഫില്‍ എത്തിയന്നുപോലും മനസിലായത് . മരിക്കാന്‍നേരം നിന്നെ കാണണമെന്ന് ഇളയ സഹോദരി ജിന്‍സിയോടു പറഞ്ഞുവെങ്കിലും ആ ആഗ്രഹം സാധിക്കാതെയാണ് സുഹൃത്ത് കണ്ണടച്ചത്. നിനക്കു പരീക്ഷയായിരുന്നതുകൊണ്ടു സന്തോഷ് അത്ര അപകടകരമായ നിലയിലാണെന്നൊന്നും ആരും നിന്നോടു പറഞ്ഞതുമില്ല . നീ കോളേജില്‍ വെച്ച് ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്നെന്നു നീ എന്നോടു പറഞ്ഞരുന്നു. പക്ഷെ നിന്നെ പ്രേമിക്കാനും കല്യാണം കഴിക്കാനും പിറകെനടന്ന പഞ്ചാബി ഡോക്ട്ടറുടെ കാര്യം മാത്രം നീ പറഞ്ഞതുമില്ല . ജിന്‍സി എന്നൊരു കൂട്ടുകാരിയുടെ കാര്യം എന്നോട് എപ്പോഴോ പറഞ്ഞതോര്‍ക്കുന്നു. ഈ ബൈബിളും അവസാനത്തെ കത്തും സഹോദരിയായ ജിന്‍സിയുടെ കൈയില്‍ കൊടുത്തുവിട്ടതായിരിക്കും എന്ന് ഞാന്‍ ഊഹിക്കുന്നു . കത്തിന്‍റെ അവസാനം സ്‌നേഹപൂര്‍വം നിന്‍റെ മാത്രമാകുമായിരുന്ന സന്തോഷ് എന്നും എഴുതിയിരുന്നു.

ഇനി ഞാന്‍ പറയാതെതന്നെ നിനക്ക് കാര്യങ്ങള്‍ ഒക്കെ മനസിലായിക്കാണുമെല്ലോ. എനിക്കറിയാം നീ എന്തിനാണ് ആ ബൈബിളില്‍ത്തന്നെ കത്തകളും ഫോട്ടോയും സൂക്ഷിച്ചതെന്ന് . ഒരു അവിശ്വാസിയായ ഞാന്‍ ഒരിക്കലും ബൈബിള്‍ ഒന്ന് തുറന്നുനോക്കാനുള്ള സാധ്യതയൊന്നും നീ പ്രതീക്ഷിച്ചു കാണില്ല . സത്യത്തില്‍ ഞാന്‍ തുറന്നുനോക്കിയതല്ല എന്‍റെ മുമ്പിലേക്ക് തുറക്കപെടുകയാണ് ചെയ്തത് . സന്തോഷിന്‍റെ അപകട മരണവും നീ ട്രെയിന്‍ മിസ് ചെയ്തതും എന്നെക്കണ്ടതും ഒക്കെ ഒരു നിമിത്തമാണ് എന്നാണല്ലോ നീ ഇപ്പോഴും വിശ്വസക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ബൈബിള്‍ എന്‍റെ മുന്നില്‍ മലര്‍ക്കെ തുറന്നുവീണതും ഒരു നിമിത്തമായിക്കൂടെന്നില്ലല്ലോ .ഒന്നാലോചിച്ചാല്‍ നിന്‍റെ പ്രീയപ്പെട്ട സന്തോഷ് അല്ലേ നമ്മുടെ സംഗമത്തിന് ഒരു നിമിത്തമായത് . ഒന്നും യാദൃച്ഛികമല്ല എല്ലാം സംഭവിക്കുന്നതിനു ഒരു കാരണമുണ്ടാകും എന്ന് ഇപ്പോള്‍ ഞാനും വിശ്വസിക്കുന്നു. അപകടത്തില്‍പ്പെട്ട സന്തോഷ് ഒരാഴ്ചയോളം മരണവുമായി മല്ലടിച്ചു കിടന്നു എന്നാണ് കത്തില്‍നിന്നും മനസിലായത് . അബോധാവസ്ഥയിലായിരുന്നെങ്കിലും ഇടക്കുണരുബോഴൊക്കെ നിന്നെ കാണണം എന്നും പറഞ്ഞിരുന്നു. അതറിഞ്ഞപ്പോള്‍മാത്രമാണ് നിങ്ങള്‍പോലുമറിയാതെ ഇതൊരു സൗഹൃതത്തിനപ്പുറം വളര്‍ന്നതുപോലും നീ അറിഞ്ഞത്. അല്ലെങ്കില്‍ നീ ഒരിക്കലും മരണശേഷം അയാളുടെ സെമിത്തേരിയില്‍ പോയി പ്രാര്‍ഥിക്കുകയും ആ നാട്ടിലെ കുരിശൂപള്ളിയില്‍ മെഴുകുതിരി കത്തിക്കുകയുമില്ലായിരുന്നു. വര്‍ഷത്തില്‍ ഒരുദിവസം നീ ഉപവസിക്കുന്നതും എന്നോട് മിണ്ടാത്തതും സന്തോഷിന്‍റെ മരണദിവസമായിരുന്നുവെല്ലോ . ഇപ്പോള്‍ എല്ലാത്തിനും. ഒരു വ്യക്തത വന്നതുപോലെ . എന്നാലും ഒരിക്കലും തിരിച്ചുവരാത്ത ഒരാള്‍ക്കുവേണ്ടി ഒരുദിവസമാണെങ്കില്‍പോലും എന്നില്‍നിന്ന് നീ എങ്ങോട്ടോ പറന്നുപോകുന്നതുപോലെ തോന്നിയിരുന്നു . ആ അകല്‍ച്ച നിനക്കുനല്‍കുന്ന ഓര്‍മ്മകള്‍ സാന്ത്വനങ്ങള്‍ എല്ലാം നമുക്കുവേണ്ടിയാണന്നു ഇപ്പോള്‍ ഞാനും വിശ്വസിക്കുന്നു. നിങ്ങള്‍ ഒന്നിച്ചു സിംലയില്‍പോയി പലദിവസങ്ങള്‍ താമസിച്ച കാര്യം മാത്രമാണ് നീ എന്നില്‍നിന്നും ന്നൊളിപ്പിച്ചു വെച്ചത്. അതൊന്നും ഇപ്പോള്‍ എനിക്ക് ഒരു മാനസികാഘാതമൊന്നുമല്ല എന്നുകൂടി പറയട്ടെ. അതുകൊണ്ട് നിനക്ക് കുറ്റബോധമൊന്നും തോന്നേണ്ട കാര്യവുമില്ല. കാരണം അതൊക്കെ നമ്മള്‍ ഒന്നിക്കുന്നതിനുമുന്‍പ് കഴിഞ്ഞകാര്യങ്ങളല്ലേ. ബിഫോര്‍ െ്രെകസ്റ്റ് എന്നൊക്കെപ്പറയുന്നതുപോലെ ബിഫോര്‍ ടോം റോബര്‍ട്ട് . നമ്മള്‍ സുഖമായും സന്തോഷമായും എത്രയോനാളുകള്‍ ജീവിച്ചു. എനിക്കറിയാം നമ്മുടെ ജെയ്മിയും ജാസ്മിനും ആദ്യം എന്‍റെ ഫോട്ടോ ഫ്രെയിം ചെയ്തുവെക്കും . ഒരുദിവസം നിന്‍റെയും പിന്നെ മകളായി കൊച്ചുമക്കളായി അവരും തിരക്കുകളില്‍ എല്ലാം മറക്കും. അതല്ലേ ജീവിതം എല്ലാവര്‍ക്കും അവരവരുടേതായ സമയവും സ്ഥലവും കുറെ നാളത്തേയ്ക്കു മാത്രമേയുണ്ടാവൂ. നീ സമ്മതിച്ചാലും ഇല്ലെങ്കിലും നിനക്ക് വേണ്ടതെല്ലാം ഞാന്‍ തന്നിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . ഇപ്പോള്‍ നമ്മളല്ല ആരും പിടിച്ചാല്‍കിട്ടാത്ത ഈ സമയമൊഴിച്ച് . നിനക്കറിയാമോ മരണത്തിന് ഒരു പ്രത്യക മണമുണ്ട് . ജീവിതത്തില്‍ ആദ്യമായി ഞാന്‍ ആ മണം വളരെ അടുത്തറിയുന്നതുപോലെ. എന്‍റെ ഇങ്ങനെയുള്ള ഭ്രാന്തന്‍ ചിന്തകളൊക്കെ നീനക്കിപ്പോള്‍ പരിചയമായിരുന്നിരിക്കണം . ഞാന്‍ ഇപ്പോള്‍ ആ പ്രത്യക മാണത്തെപ്പറ്റിമാത്രമാണ് ചിന്തിക്കുന്നത് . ഇനിയിപ്പം മറ്റൊരു ലോകത്ത് ഡോക്ട്ടര്‍ ടോം റോബര്‍ട്ട് എന്ന എന്‍റെ എല്ലാ ഗവേഷണങ്ങളും ആ വിശാലമായ ലോകത്തായിരിക്കും .ആ ലോകം ആരുടേതുമല്ലാത്ത കുറെ അശരീരികളുടെ ആള്‍കൂട്ടമായിരിക്കും. ശരീരമില്ലാത്തതുകൊണ്ടു സ്ഥലപരിധിയൊന്നുമില്ല. ലോകത്തിലുള്ള സകല ചാരാചരങ്ങള്‍ വന്നാലും വുശാലമായ സ്ഥലം പിന്നെയും ബാക്കിയാകും. നീയും ജെയ്മിയും ജാസ്മിനും ഞാന്‍ കാണാന്‍ സാസാധ്യതയില്ലാത്ത പേരക്കുട്ടികളും ഒക്കെ ഒരിക്കല്‍ ആ വലിയ ലോകത്തില്‍ത്തന്നെ എത്തുമെന്നെനിക്കറിയാം . അങ്ങനെ നമ്മള്‍ എല്ലാവരും അശരീരിയായി ഒരിക്കല്‍ വീണ്ടുമൊന്നിക്കുമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്. അതല്ലേ ദൈവങ്ങളും മതങ്ങളും നമ്മളെ പഠിപ്പിക്കുന്നത് . അത് തെറ്റാണെങ്കിലും ശെരിയാണങ്കിലും അങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു സുഖമൊക്കെയില്ലേ . ആ സുഖമുള്ള ഓര്‍മ്മകളോടുകൂടി ഞാന്‍ യാത്രപറയുന്നു. എല്ലാ സ്‌നേഹത്തിനും പരിചരണങ്ങള്‍ക്കും തീര്‍ത്താല്‍ ത്രീരാത്ത സ്‌നേഹവും നന്ദിയുമുണ്ട് .

സ്‌നേഹപൂര്‍വ്വം
എന്നുമെന്നും നിന്‍റെ മാത്രമായിരുന്ന
ടോം റോബര്‍ട്ട്

ശരിയാണ് ആരൊക്കെയായാലും എന്തൊക്കെ ചെയ്താലും എല്ലാവരും അവസാനം എവിടെയോ കണ്ടുമുട്ടുമെന്നൊക്കെ വിശ്വസിക്കുന്നതില്‍ ഒരു സുഖമൊക്കെയുണ്ട് അതോര്‍ത്തുകൊണ്ടുതന്നെയാണ് കൃഷ്ണപ്രിയ അന്ന് ഒന്നുറങ്ങാന്‍ കിടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക